അദ്ധ്യാപക ജീവിതത്തിന്റെ ഇരുപതാണ്ടുകൾ പൂർത്തിയാവുകയാണ്, ഒന്നും നേടിയതായി തോന്നുന്നില്ല

0
307

Praveen Ramachandran

അദ്ധ്യാപക ജീവിതത്തിന്റെ ഇരുപതാണ്ടുകൾ ഇന്ന് പൂർത്തിയാവുകയാണ്.

ഇന്ന് ശ്രീമതി ചോദിച്ചു – എന്ത് നേടി എന്ന്. ഒന്നും നേടിയതായി തോന്നുന്നില്ല. പഠിപ്പിച്ച, അല്ല മലയാളം ക്ലാസിലൂടെ കടന്നുപോയ, കുട്ടികളുടെ സ്നേഹമോ ആദരവോ നേടിയോ? അറിയില്ല. അറിയണമെന്നുമില്ല. സ്വന്തം പ്രയോജനത്തെ മാത്രം മുൻനിർത്തി ജീവിതത്തിൽ അധികമൊന്നും ചെയ്തിട്ടില്ല. അദ്ധ്യാപനവും അങ്ങനെതന്നെ.

അദ്ധ്യാപനം അദ്ധ്യാപകൻ എന്നൊക്കെ പറയാൻ പോലും ഇഷ്ടമില്ലാതെയായിട്ടുണ്ട്. പഠനത്തെ കുട്ടികളുടെ കണ്ണിലൂടെ കാണാൻ തുടങ്ങുമ്പോൾ പഠിപ്പിക്കൽ എന്നൊക്കെ പറയാൻ പോലും മനസ്സ് അനുവദിക്കാതെയാകും. അദ്ധ്യാപകൻ എന്ന അഭിമാനബോധത്തെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ.

നിശ്ചയമുള്ള ഒരു കാര്യം കുറച്ചെങ്കിലും വിദ്യാർത്ഥികൾ വെറുത്തിട്ടുണ്ടാകും എന്ന കാര്യമാണ്. എല്ലാ കുട്ടികൾക്കും നിരക്കുന്ന ഒരു അദ്ധ്യാപകനാകാൻ ഒരിക്കലും സാധിച്ചുണ്ടെന്ന് തോന്നുന്നില്ല. ദുഷ്ട ബുദ്ധിയോടെ വിമർശിച്ചവരുണ്ട്, അപവാദകഥകൾ മെനഞ്ഞവരുണ്ട്, പിന്നിൽ നിന്ന് കുത്തിയവരുണ്ട്. അവരോടൊക്കെ തോന്നിയ ദേഷ്യമോ വെറുപ്പോ അല്പായുസ്സ് ആയിരുന്നു. ആരെയും ശപിക്കാൻ തോന്നിയിട്ടില്ല. ഇത്തരം പ്രശ്നങ്ങളൊക്കെ സ്വന്തം പിഴവുകളായി കാണാൻ ശ്രമിച്ചതിനാൽ ഒരു കുട്ടിയോടു പോലും പ്രതികാരബുദ്ധിയും ഉണ്ടായിട്ടില്ല.നിശ്ചയമുള്ള മറ്റൊരു കാര്യം ഒരു മികച്ച അദ്ധ്യാപകനല്ല എന്ന സ്വയംബോധമാണ്. മഹാന്മാരായ അദ്ധ്യാപകരുടെ മഹത്തായ മാതൃകകളിൽ ചിലതിനെക്കുറിച്ചെങ്കിലും സാമാന്യ ധാരണയുള്ളതിനാലാണ് അത്.

മെച്ചമായി സ്വയം വിലയിരുത്തിയിട്ടുള്ള ഒരു കാര്യം മുൻ വർഷത്തേക്കാൾ മികച്ച അദ്ധ്യാപകനാകണം ഇന്ന് എന്നതിലുള്ള ശ്രദ്ധയാണ്. അടുത്ത വർഷം എല്ലാക്കാര്യത്തിലും ഇതിലും മെച്ചമായിരിക്കും എന്നൊരു വിടാപ്പിടി ഉറച്ചിട്ടുണ്ട്. സ്വന്തം പിഴവുകൾ ഉഴപ്പുകൾ ഉഡായിപ്പുകൾ ഇവയൊക്കെ പിടിച്ച് മുഖാമുഖം നിർത്താറുണ്ട്. ഇങ്ങനെയൊരു കാർക്കശ്യം അവനവനോട് എത്രയളവ് പുലർത്താനാകും എന്നതാണ് വിഷയം. അദ്ധ്യാപനെന്ന നിലയിലോ ഒരു മനുഷ്യനെന്ന നിലയിലോ നിങ്ങളുടെ മെച്ചപ്പെടൽ ഇതിന് ആനുപാതികമായിരിക്കും.ഒരു നല്ലമനുഷ്യനെ നല്ല അദ്ധ്യാപകനാകുവാൻ സാധിക്കൂ എന്ന ഉറച്ച ബോധ്യമുണ്ട്. നല്ല മനുഷ്യനാകാൻ പരിശ്രമിക്കുന്നൊരാളാണ്. നല്ല മനുഷ്യന് നിരക്കാത്തത് പലതും ജീവിതത്തിൽ ചെയ്തിട്ടുമുണ്ട്. അതിലൊന്നും യാതൊരു ഖേദവുമില്ല. നല്ല മനുഷ്യനാകുക എന്ന പ്രോസസ് ആണ് പ്രധാനം. അവിടെ എത്തുക എന്നതൊക്കെ ഒരു മരീചികയല്ലേ?

ബോധത്തിൽ അവനവൻ പണിയുന്ന പണിയാണ് ഒരു പക്ഷേ യഥാർത്ഥ പണി. എന്റെ വിദ്യാർത്ഥികളെ ബോധത്തിന്മേലുള്ള നല്ല പണിക്കാരാക്കാൻ പ്രാപ്തിയുള്ളവരാക്കുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ.ഇതൊന്നും ഒരു പ്രത്യേക ദിവസം ഉണ്ടായതല്ല. ഇത്രയും കാലം കൊണ്ട് ഇവോൾവ് ചെയ്തതാണ്. അതൊരു ബോധപരിണാമത്തിന്റെ ചരിത്രം കൂടിയാണ്. അദ്ധ്യാപകനാകുക എന്ന തീരുമാനത്തിനും അതുമാത്രമാണ് താൻ എന്ന ബോധമുറയ്ക്കുന്നതിനുമിടയിലുള്ള ദീർഘവർഷങ്ങളുടെ വിടവ്. അല്പം പാടും അല്പം വരയ്ക്കും എഴുതും എന്നിങ്ങനെ ഉള്ള കഴിവുകളൊക്കെ അല്പം മാത്രമായിപ്പോയല്ലോ, ഒരു കഴിവ് പോലും അല്പത്തിൽ നിന്ന് അല്പം കൂടി ഉയരത്തിൽ ലഭിക്കാത്തൊരു അല്പനായിപ്പോയപ്പോയല്ലോ എന്നൊക്കെ അനല്പമായി പരിതപിച്ചിട്ടുണ്ട്. പിന്നീടെപ്പോഴോ തോന്നി അദ്ധ്യാപകനാക്കുക എന്നതാണ് ജന്മനിയോഗം എന്ന്. കുഞ്ഞുങ്ങളിലുള്ള പ്രതിഭയെ കണ്ടെടുക്കലാണ് അദ്ധ്യാപകന്റെ ഒന്നാമത്തെ ദൗത്യമെന്ന് വിശ്വസിക്കുന്നു. ആ ബോധം എന്റെ വിദ്യാർത്ഥികളിൽ ഉറയ്ക്കാൻ കഴിയുന്നതൊക്കെ ചെയ്യുന്നു എപ്പോഴും.

അദ്ധ്യാപകത്വം മാത്രമാണ് ജീവിതത്തിന്റെ നീക്കിബാക്കി. വേറൊന്നുമല്ല വേറൊന്നുമില്ല.
സ്നേഹം സന്തോഷം നല്ലത് നന്നായി വരട്ടെ എല്ലാവർക്കുമെപ്പോഴും. വേറാരും ആശംസിക്കാനില്ലാത്തതു കൊണ്ട് സ്വയം ആശംസിക്കുന്നു ഹാപ്പി അദ്ധ്യാപകാനിവേഴ്സറി..ഹാപ്പി.. ഹാപ്യേ….