ട്വിങ്ക്ളിംഗ് ആര്‍ട്ടിഫാക്ട് സ്പേസ് ടെക്നോളജിയും കിഡ്നി സ്റ്റോണ്‍ ചികിത്സയും

സാബു ജോസ് ഫേസ്ബുക്കിൽ എഴുതിയത്

കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ക്കറിയാം അതുണ്ടാക്കുന്ന അസ്വസ്ഥതയും വേദനയും. അത് നീക്കം ചെയ്യുന്നതാകട്ടെ വളരെ ബുദ്ധിമുട്ടുള്ള സംഗതിയുമാണ്. ലോകജനസംഖ്യയില്‍ പത്തുശതമാനം ആളുകള്‍ക്കും ഈ രോഗമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇനി ബഹിരാകാശ സഞ്ചാരികളുടെ കാര്യമെടുത്തലോ? അവര്‍ക്ക് കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത പതിന്‍മടങ്ങ് അധികവുമാണ്. ചുറ്റുപാടുകളുടെ പ്രത്യേകത തന്നെ കാരണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗവേഷകരേയും ആസ്ട്രോനോട്ടുകളെയും ബഹിരാകാശത്തുവച്ച് ചികിത്സിക്കുന്നതിനും പരിമിതികളുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് സ്പേസ് ടെക്നോളജി കിഡ്നി സ്റ്റോണ്‍ ചികിത്സയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ മുന്നോട്ടുവന്നിരിക്കുന്നത്.

യു.എസ്സിലെ നാഷണല്‍ സ്പേസ് ബയോ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് കിഡ്നി സ്റ്റോണ്‍ ചികിത്സയില്‍ അള്‍ട്രാസൌണ്ട് ടെക്നോളജി പരീക്ഷിച്ച് വിജയം കൈവരിച്ചിരിക്കുന്നത്. അള്‍ട്രാസൌണ്ട് ഇമേജിംഗ് ടെക്നോളജി ഉപയോഗിച്ച് കിഡ്നി സ്റ്റോണ്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും ശസ്ത്രക്രിയ കൂടാതെ സുരക്ഷിതമായി നീക്കം ചെയ്യാനും കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ട്വിങ്ക്ളിംഗ് ആര്‍ട്ടിഫാക്ട് എന്നു വിളിക്കുന്ന ഈ പ്രക്രിയയിലൂടെ കിഡ്നിയിലെ കല്ലുകള്‍ തള്ളി നീക്കുകയാണ് ചെയ്യുന്നത്. സ്പേസില്‍ മാത്രമല്ല ഭൂമിയിലുള്ള രോഗികളിലും ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചികിത്സ നടത്താന്‍ കഴിയും. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ അപ്ളൈഡ് ഫിസിക്സ് ലാബറട്ടറിയിലെ ഗവേഷകരായ ഡോ. ലോറന്‍സ് ക്രം, ഡോ. മൈക്കല്‍ ബെയ്ലി എന്നിവര്‍ ചേര്‍ന്നാണ് ഈ സങ്കേതം വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിലുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചുകൊണ്ടുതന്നെ ട്വിങ്ക്ളിംഗ് ആര്‍ട്ടിഫാക്ട് രീതിയില്‍ ചികിത്സ നടത്താന്‍ കഴിയുമെന്നാണ് ഇവരുടെ വാദം.

അള്‍ട്രാസൌണ്ട് മെഷീന്‍ ഉപയോഗിച്ച് കിഡ്നിസ്റോണ്‍ കണ്ടെത്തുകയാണ് ആദ്യനടപടി. തുടര്‍ന്ന് കിഡ്നി സ്റ്റോണുകളിലേക്ക് അള്‍ട്രാസൌണ്ട് തരംഗങ്ങള്‍ പായിക്കുകയും കല്ലുകളെ വൃക്കകളുടെ വെളിയിലേക്ക് തള്ളിനീക്കുകയും ചെയ്യുന്നു. ശസ്ത്രക്രിയയുടെ വേദനയും തുടര്‍ ചികിത്സയുടെ ചെലവുകളുമില്ല. ലവണാംശമടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതിനും ധാരാളം വെള്ളം കുടിക്കുന്നതിനും വൃക്കകളില്‍ കല്ലുകളുള്ള രോഗികളോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഈ രണ്ടു നിര്‍ദ്ദേശങ്ങളും സ്വീകാര്യമാവില്ല. ജലാംശം വളരെ കുറഞ്ഞ പരല്‍ രൂപത്തിലുള്ള ഭക്ഷണമാണ് ബഹിരാകാശ സഞ്ചാരികള്‍ പൊതുവെ ഉപയോഗിക്കുന്നത്. അതുപോലെതന്നെ ബഹിരാകാശത്തില്‍ ഗുരുത്വാകര്‍ഷണ ബലമില്ലാത്തതുകൊണ്ട് സഞ്ചാരികളുടെ അസ്ഥികള്‍ ഡീ മിനറലൈസ് ചെയ്യുന്നതിനും രക്തത്തിലെ ലവണാംശം വര്‍ദ്ധിക്കുന്നതിനും കാരണമാകും. രക്തത്തിന്റെ ലവണത വര്‍ദ്ധിക്കുന്നത് വൃക്കകളില്‍ കല്ലുണ്ടാകുന്നതിന് കാരണമാകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീര്‍ഘകാലം താമസിക്കുന്നവര്‍ക്കും ഭാവിയിലെ ചാന്ദ്ര-ചൊവ്വാ യാത്രികര്‍ക്കും ഇത് വലിയ ഭീഷണി തന്നെയാണ് ഉയര്‍ത്തുന്നത്. ബഹിരാകാശത്തുവച്ചൊരു ശസ്ത്രക്രിയ പ്രായോഗികമല്ല. അത്തരം ഘട്ടങ്ങളില്‍ പുതിയ സമ്പ്രദായം വളരെ പ്രയോജനം ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
ട്വിങ്ക്ളിംഗ് ആര്‍ട്ടിഫാക്ട് രീതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം. വൃക്കകളിലെ കല്ലുകള്‍ കൃത്യമായി കണ്ടെത്തുകയാണ് ആദ്യഘട്ടം. സാധാരണ അള്‍ട്രാസൌണ്ട് മെഷീനുകളില്‍ ബി-മോഡ് എന്നു വിളിക്കുന്ന ഒരു ബ്ളാക്ക് & വൈറ്റ് ഇമേജിംഗ് മോഡും ഒരു ഡോപ്ളര്‍ മോഡുമാണുള്ളത്. ബി-മോഡ് കിഡ്നി സ്റോണുകളുടെ ബ്ളാക്ക് & വൈറ്റ് ചിത്രങ്ങള്‍ നല്‍കുമ്പോള്‍ ഡോപ്ളര്‍ മോഡ് രക്തപ്രവാഹ ദിശയുടെയും രക്തപര്യയനത്തിന്റെ കളര്‍ ചിത്രവുമാണ് നല്‍കുന്നത്. ഡോപ്ളര്‍ മോഡില്‍ കിഡ്നി സ്റ്റോണുകള്‍ ശോഭയോടെ തിളങ്ങുന്നതായി കാണപ്പെടും. ട്വിങ്ക്ളിംഗ് ആര്‍ട്ടിഫാക്ടില്‍ ഇത്തരം തിളങ്ങുന്ന ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. കല്ലുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു അള്‍ട്രാസൌണ്ട് മെഷീന്‍ ടെക്നീഷ്യന് ഒരു ബട്ടണ്‍ അമര്‍ത്തുന്നതോടെ അര മില്ലീമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള ഒരു അള്‍ട്രാസൌണ്ട് തരംഗത്തെ കൃത്യമായി കിഡ്നി സ്റ്റോണിലേക്ക് പായിക്കാന്‍ കഴിയും. അള്‍ട്രാ സൌണ്ട് തരംഗങ്ങള്‍ പതിക്കുന്നതോടെ കിഡ്നി സ്റ്റോണുകള്‍ പതുക്കെ നീങ്ങാനാരംഭിക്കും. സെക്കന്റില്‍ ഒരു സെന്റീമീറ്റര്‍ എന്ന വേഗതയില്‍ കല്ലുകള്‍ വൃക്കകളുടെ ഉള്ളിലൂടെ സഞ്ചരിക്കുകയും ക്രമേണ അവയെ പുറത്തെത്തിക്കുകയും ചെയ്യുന്നു.
ശസ്ത്രക്രിയയ്ക്കു പകരമായി ഉപയോഗിക്കാന്‍ കഴിയുമെന്നു മാത്രമല്ല, കിഡ്നി സ്റ്റോണിന് ശസ്ത്രക്രിയ നടത്തിയ രോഗികളില്‍ തുടര്‍ ചികിത്സക്കും ഈ രീതി ഉപയോഗിക്കാന്‍ കഴിയും. കല്ലുകള്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷവും വൃക്കകളില്‍ കല്ലുകളുടെ അവശിഷ്ടങ്ങള്‍ കാണപ്പെടാവുന്നതാണ്. നിലവിലെ സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളില്‍ 50 ശതമാനവും അഞ്ചുവര്‍ഷത്തിനുള്ളില്‍ തന്നെ വീണ്ടും ചികിത്സ തേടിയെത്താറുണ്ട്. ഇത്തരം രോഗികളില്‍ മറ്റൊരു ശസ്ത്രക്രിയ കൂടാതെ തന്നെ അവശേഷിക്കുന്ന പരലുകള്‍ നീക്കം ചെയ്യുന്നതിനും പുതിയ സമ്പ്രദായം ഉപയോഗിക്കാന്‍ കഴിയും.

വൃക്കകളിലെ കല്ലുകള്‍ കണ്ടെത്തുന്നതിനും ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്യുന്നതിനും മാത്രമല്ല പുതിയ സങ്കേതം ഉപയോഗിക്കാവുന്നത്. ആന്തര രക്തസ്രാവം നിയന്ത്രിക്കുന്നതിനും ട്യൂമറുകള്‍ നീക്കം ചെയ്യുന്നതിനും ഈ ടെക്നോളജി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇതിനാവശ്യമായ സോഫ്റ്റ്വെയറുകളും ഉപകരണങ്ങളും വികസിപ്പിച്ചെടുക്കുന്നതിന് വിവിധ ഏജന്‍സികള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡോ. ക്രമിന്റെയും ബെയ്ലിയുടെയും ഗവേഷണങ്ങള്‍ക്ക് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയും ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട്സ് ഏജന്‍സിയും സാമ്പത്തിക-സങ്കേതിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാങ്കേതികവിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ വികസിപ്പി ച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് നാഷണല്‍ സ്പേസ് ബയോ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സ്പേസ് ടെക്നോളജിയുടെ കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്.

 

You May Also Like

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: മരണനിരക്ക് കൂടുന്നു

ആന്റിബയോട്ടിക്കുകള്‍ക്ക് എതിരെ രോഗാണുക്കള്‍ നേടുന്ന പ്രതിരോധശേഷി മൂലം ലോകവ്യാപകമായി സാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് ഉയരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിനു കനത്ത വെല്ലുവിളി ഉയര്‍ത്തി; കീമോതെരാപ്പിക്ക് വിധേയരാകുന്ന രോഗികളിലും, അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയരാകുന്നവരിലും ഒക്കെ മാത്രമായി ഒതുങ്ങി നിന്ന ആന്റിബയോട്ടിക് കൊണ്ട് നശിപ്പിക്കാന്‍ പ്രയാസമുള്ള ‘സൂപ്പര്‍ രോഗാണുക്കള്‍’ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതായുള്ള കണ്ടെത്തല്‍ വൈദ്യശാസ്ത്രരംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസ്ഥയുടെ ദൂരെവ്യാപമായ പ്രത്യാഘാതങ്ങള്‍ ഭാരതം പോലെ താഴ്ന്ന വരുമാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍ ഒരു സുനാമി പോലെ ആഞ്ഞടിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

“..മധുരം കഴിച്ചും പ്രമേഹം നിയന്ത്രിക്കാം..” – ഡോ. പ്രസാദ് എം വി

പ്രമേഹരോഗികള്‍ മധുരം തീരെ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നമ്മുടെ ഡോക്ടര്‍മാര്‍ എല്ലാം നിഷ്ക്കര്‍ഷിക്കാറുള്ളത്.

മൂത്രമൊഴിക്കുമ്പോഴും ശേഷവും കഠിനമായ വേദനയുണ്ടോ ? യൂറിനറി ഇന്‍ഫക്ഷന്‍ : ലക്ഷണങ്ങള്‍ പ്രതിവിധികള്‍

യൂറിനറി ഇന്‍ഫക്ഷന്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മാസമുറ സമയത്ത് ശുചിത്വം പാലിക്കാതിരിക്കുക, മൂത്രമൊഴിക്കാതെ പിടിച്ചുനിറുത്തുക എന്നിവ…

41 ദിവസം കൂടുമ്പോള്‍ പടം പൊഴിയുന്ന ത്വക്കുമായി ഒരു കുട്ടി…

‘റെഡ് മാന്‍ സിണ്ട്രം’ എന്നറിയപ്പെടുന്ന തോക്ക് രോഗത്തിന് ജന്മനാ അടിമയാണ് ആരി വിബോവ എന്ന 16 കാരന്‍.