രണ്ടരലക്ഷം വർഷം മുൻപ് ഭൂമിയിൽ അന്യഗ്രഹ ജീവികൾ? റുമേനിയ ഒളിപ്പിച്ച ‘ലോഹാദ്ഭുതം’ !

112
Baiju Raju
രണ്ടരലക്ഷം വർഷം മുൻപ് ഭൂമിയിൽ അന്യഗ്രഹ ജീവികൾ? റുമേനിയ ഒളിപ്പിച്ച ‘ലോഹാദ്ഭുതം’ !
.
* ഒരു പ്രമുഖ പത്രത്തിലെ വാർത്തയാണിത് :
മറ്റു പല ആംഗലേയ പത്രങ്ങളിലും ഈ വാർത്ത വന്നിരുന്നു.
.
റുമേനിയയിൽ 1973ലായിരുന്നു സംഭവം. അവിടത്തെ മൂറെഷ് നദിക്കരയിൽ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കുഴിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഒരു കൂട്ടം തൊഴിലാളികൾ. ഏകദേശം 10 മീറ്റർ ആഴത്തിലെത്തിയപ്പോഴാണ് ചില വസ്തുക്കള് കണ്ണിലുടക്കിയത്. ഒറ്റനോട്ടത്തിൽത്തന്നെ കൗതുകമുണർത്തുന്നതും ഏറെ പഴക്കം തോന്നിപ്പിക്കുന്നതുമായിരുന്നു മൂന്നു വസ്തുക്കളും.
കർന്നുവീണ കൃത്രിമോപഗ്രഹത്തിന്റെ അവശിഷ്ടം, അതുമല്ലെങ്കിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ വിമാനത്തിന്റെ ഭാഗം.. ഇങ്ങനെ പലതരത്തിലുള്ള വാദങ്ങളാണ് ആ ലോഹഭാഗവുമായി ബന്ധപ്പെട്ടു നടന്നത്, ഇപ്പോഴും നടക്കുന്നതും. തൊഴിലാളികൾ വിവരം പുരാവസ്തു വകുപ്പിനെ അറിയിച്ചു. അവർ അതു വിദഗ്ധ പരിശോധനയ്ക്കു കൊണ്ടുപോവുകയും ചെയ്തു. പിന്നീട് വർഷങ്ങളോളം അതിനെപ്പറ്റി ആരും അറിഞ്ഞില്ല, കൂടുതൽ വിവരങ്ങൾ പുറത്തുവന്നതുമില്ല. വർഷങ്ങൾക്കു ശേഷം 2016ലാണ് ആ മൂന്നു വസ്തുക്കളിൽ ഒന്നിനെപ്പറ്റിയുള്ള ചർച്ച ശക്തമായത്. കണ്ടെത്തിയ രണ്ടു വസ്തുക്കൾ പരിശോധനയിൽ പ്രാചീനകാലത്തെ ഒരു സസ്‌തനിയുടെ ഫോസിലാണെന്നു തിരിച്ചറിഞ്ഞിരുന്നു. 10,000-80,000 വർഷം പഴക്കമുള്ളതായിരുന്നു അവ. എന്നാൽ മൂന്നാമത്തെ വസ്തുവാണ് ഗവേഷകരെ ഞെട്ടിച്ചത്. കാർബൺ ഡേറ്റിങ് പരിശോധനയിൽ അതിന് രണ്ടരലക്ഷം വർഷത്തെ പഴക്കമുണ്ടായിരുന്നു.
അദ്ഭുതകരമായ കാര്യം എന്തെന്നാൽ മെറ്റാലിക് അലൂമിനിയംകൊണ്ടുള്ള വസ്തുക്കൾ ലോകത്തു നിർമാണം ആരംഭിച്ചിട്ട് 200 വർഷത്തിൽ താഴെയേ ആയിട്ടുള്ളൂ. അപ്പോഴാണ് ഏതോ യന്ത്രത്തിന്റെ ഭാഗമാണെന്നു വ്യക്തമാക്കുംവിധം നിർമാണ വൈദഗ്ധ്യത്തോടെ തീർത്ത വസ്തു കണ്ടെത്തുന്നത്. അതും രണ്ടരലക്ഷം വർഷം മുൻപ് പഴക്കമുള്ളത്.
വളരെ ഭാരം കുറവായിരുന്നു ഇതിന്. ഒറ്റനോട്ടത്തിൽ കോടാലിയുടെ ഭാഗമാണെന്നു തോന്നിപ്പിക്കും. 20 സെന്റിമീറ്ററായിരുന്നു നീളം; 12.5 സെ.മീ. വീതിയും 7 സെ.മീ. കനവുമുണ്ടായിരുന്നു. അതീവസങ്കീർണമായ മെക്കാനിക്കൽ സംവിധാനത്തിന്റെ ഭാഗമാണതെന്നും ചർച്ചകളുണ്ടായി. UFO വിദഗ്ധർക്കാകട്ടെ ഈ വാർത്ത പുത്തൻ സിദ്ധാന്തങ്ങൾക്കുള്ള വഴിമരുന്നാവുകയായിരുന്നു. രണ്ടരലക്ഷം വർഷം മുൻപ് ഭൂമിയിലെത്താന് അന്യഗ്രഹജീവികൾ ഉപയോഗിച്ച പറക്കുംതളികയുടെ ഭാഗമായിരുന്നു അതെന്നുവരെ വാദങ്ങളുണ്ടായി. ഭൂമിയിലെ ഒരു സാങ്കേതികവിദ്യയിലും ഉപയോഗിക്കാത്ത തരം ലോഹക്കൂട്ടായിരുന്നു അതെന്നതും ഈ വാദത്തിനു ബലം കൂട്ടി.
ഇതിന്റെ എതിർപക്ഷക്കാരാകട്ടെ യുദ്ധവിമാനത്തിന്റെ ഭാഗമാണിതെന്നും കൃത്രിമോപഗ്രഹത്തിന്റെ അവശിഷ്ടമാണെന്നുമൊക്കെ വാദിച്ചു. സമാനമായ ഉപകരണങ്ങളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്തും അവർ വാദം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു. അപ്പോഴും ഗവേഷകർ നിശബ്ദത തുടര്ന്നു. ഇന്നും ഇക്കാര്യത്തിൽ ആർക്കും മറുപടി നൽകാനായിട്ടില്ല. റുമേനിയൻ നഗരമായ ക്ലൂഷ്–നാപോക്കയിലെ ചരിത്രമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ വസ്തുവിനെപ്പറ്റി നൽകിയിരിക്കുന്ന വിശദീകരണത്തിലും തൃപ്തികരമായ ഉത്തരമില്ല. ‘ഉറവിടം വ്യക്തമല്ല’ എന്നാണ് ഇതു സൂക്ഷിച്ച ചില്ലുകൂടിനു പുറത്തെ കുറിപ്പ്!.
.
ഇത് എന്തായിരിക്കും ??
.
വാർത്തയിൽ പറഞ്ഞ കണ്ടെത്തലുകൾ ഒക്കെ സത്യമാണ്. പക്ഷെ ആ ലോഹഭാഗത്തിന്റെ പ്രായം കണക്കിയതിൽ വന്ന പിഴവാണ് വില്ലൻ.
* കാർബൺഡേറ്റിംഗ് വഴി അലൂമിനിയത്തിന്റെ പ്രായം കണ്ടെത്തുവാൻ കഴിയില്ല. അതിനായി ചില ഫിസിക്കൽ, കെമിക്കൽ ടെസ്റ്റുകളാണ് ഉള്ളത്.
ഈ ലോഹഭാഗത്തിൽ അലൂമിനിയത്തിനുകൂടെ മറ്റുചില ലോഹങ്ങളും ചേർത്തിട്ടുണ്ട് എന്ന് വാർത്തയിൽ ഉണ്ട്. അതുകൊണ്ടുതന്നെയാണ് ആ ലോഹഭാഗം പെട്ടന്ന് ദ്രവിച്ചുപോയതു.
.
ഈ ലോഹഭാഗം ഒരു പ്രാചീന മണ്ണുമാന്തിയുടെ വിരൽ ആണ് ( ചിത്രം ).
പ്രാചീനം എന്ന് പറയുമ്പോൾ ഒരു 50 മുതൽ 200 വർഷത്തിനുള്ളിൽ ഉള്ളത്.
അലൂമിനിയം കൂട്ടുലോഹം ഉപയോഗിച്ചുണ്ടാക്കിയ കാറ്റർപില്ലറിന്റെ മണ്ണുമാന്തുന്ന വിരൽ അന്ന് അടർന്നുപോയി മണ്ണിനടിയിൽ ഇത്രനാൾ കിടന്നതാവാം. കൂട്ടുലോഹം കൊണ്ട് ഉണ്ടാക്കിയതിനാൽ അത് പെട്ടന്ന് ദ്രവിച്ചു.
* പറക്കും തളികയെയോ, അന്യഗ്രഹ ജീവികളെയും കണ്ടെത്തിയതായി ഇതുവരെ ഒരു ശാസ്ത്രീയ തെളിവുകളും ഇല്ല.
അതുമായി ബന്ധപ്പെട്ട കൂടുതൽ പോസ്റ്റുകൾ പിന്നീട് ഇടുന്നതായിരിക്കും