രണ്ടു കെ.പി കള്‍: എവന്‍ ഒക്കെ എവിടെ ചെന്ന് നില്‍ക്കും

0
380
two kps funny malayalam story about lkg kids

two kps funny malayalam story about lkg kids

അച്ഛാ ..അച്ഛാ..എന്നാണ് അച്ഛന്‍ എന്നെ സ്കൂളില്‍ നിന്നും പിക്ക് ചെയ്യാന്‍ വരുന്നേ ?എല്ലാ കുട്ട്യോളേം അവരുടെ അച്ഛനും അമ്മേം വന്നു കൊണ്ടോവും..ഞാന്‍ മാത്രം എന്നും ഷിബു അങ്കിളിന്റെ കൂടെ..എല്‍ കെ ജിയില്‍ പഠിക്കുന്ന മകന്‍ കരയാന്‍ തുന്ടങ്ങി..

ഹാവൂ..ഇവന് ഇന്നെലും പറയാന്‍ തോന്നിയല്ലോ.കുറെ നാളായി, സ്കൂളില്‍ പോയി കുറെ കളേര്‍സ് കണ്ടിട്ട് ! രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്ന് പറഞ്ഞ മാതിരി ആയി . ( തെറ്റിദ്ധരിക്കരുത് ..സിനിമയാ ഉദ്ദേശിച്ചത്. മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്എന്നാണു എന്റെ അഭിപ്രായം )അച്ഛന് സന്തോഷം ആയല്ലോ എന്ന് കേട്ടപാതി ഭാര്യ ഒന്ന് കുത്തി!

ഇവന്‍ അപ്പു..എല്‍ കെ ജി ക്ലാസ്സ്‌ തുടങ്ങിയിട്ട് മാസം ഒന്നേ ആവുന്നുള്ളൂ എങ്കിലും നല്ല പുരോഗതി ഉണ്ട് . കുസൃതിക്കേ .എ ബി സി ഡി പഠിപ്പിക്കാന്‍ യു ടുബിന്റെ സഹായം തേടിയത് ഇപ്പോള്‍ പാരയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.ഇപ്പൊ ഉമ്മ ചോദിച്ചാല്‍ അവന്‍ ചുണ്ടിലെ തരു..കലികാലം ..

ഓഫീസില്‍ നിന്നും ഉച്ചയായപ്പോള്‍ സ്കൂളില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനെക്കാളും ഒക്കെ കളറുകള്‍ അധികം.മക്കളെ കൊണ്ട് പോകാന്‍ വന്ന അമ്മമാര്‍.കുട്ടികളെ വരിയായി കൊണ്ട് നടുത്തളത്തില്‍ കൊണ്ട് നിര്‍ത്തുന്ന ടീച്ചര്‍മാര്‍.ബീനാ കണ്ണന്റെ ശീമാട്ടീ ചെന്നിട്ടു പട്ടു സാരി തിരഞ്ഞെടുക്കാന്‍ കയറിയപോലെ ആയി പോയി.ഒരു പൂമാത്രം ചോദിച്ചു.ഒരു പൂക്കാലം നീ തന്നു എന്ന മഹാകവി കൈതപ്രത്തിന്റെ പ്രശസ്തമായ കവിത ഞാന്‍ മൂളി. ആഹാ..രണ്ടു ഷിഫ്റ്റ്‌ ഉള്ള ജോലിയായിരുന്നെങ്കില്‍ എന്നും ഈ കലാപരിപാടി നടത്താമായിരുന്നു എന്ന് തോന്നിയെങ്കിലും ഒടുക്കത്തെ ചൂട് ഓര്‍ത്തപ്പോ വേണ്ട എന്ന് വെച്ചു.

ക്ലാസ്സിന്റെ പുറത്തു ചെന്നപ്പോഴേ അപ്പു ചാടി വന്നു. “അച്ഛാ നമ്മുക്ക് കിച്ചുവിനെ കൂടി കൊണ്ടോയാലോ ” എന്ന് അപ്പു ചോദിച്ചപ്പോഴാണ് അളിയന്റെ മകനും ഒരേ ട്രാന്‍സ്പോര്‍ട്ടില്‍ ആണ് വരുന്നത് എന്നോര്‍ത്തത്.കിച്ചു അവിടെ തന്നെ യു കെ ജി.യില്‍ പഠിക്കുന്നു. രണ്ടാളും ഒന്നിച്ചാണ് വരവും പോക്കും. ട്രാന്‍സ്പോര്‍ട്ടുകാരനോട് പറഞ്ഞപോള്‍ ആള്‍ക്ക് പെരുത്ത്‌ ഖുശി. ഇന്ന് രണ്ടു കെ.പി കള്‍ ( കുട്ടിപ്പിശാശുക്കള്‍ ) കുറഞ്ഞാല്‍ അത്രേം നല്ലത് എന്ന് ഓര്‍ത്ത് ആവും. നെല്ലിക്കാക്കൊട്ട മറിച്ചത് പോലല്ലേ പിള്ളേര് ഇറങ്ങി ഓടുന്നത്. ആര്‍ക്കായാലും ഭ്രാന്ത് ആകും എന്ന് ഞാന്‍ ഓര്‍ത്തു.

കിച്ചുവിനെ വിളിച്ചോണ്ട് നടന്നപ്പോ ദേ കിച്ചുവിന്റെ ക്ലാസ്സില്‍ നിന്നും ഒരു വിളി..”അപ്പൂ..അപ്പൂ” എന്ന്..നോക്കിയപ്പോള്‍ ഒരു ഗുണ്ട് മണി..സുന്ദരിക്കുട്ടി…അപ്പൂനെ നോക്കി ചിരിക്കുന്നു. ആരാടാ അത് എന്ന് ചോദിച്ചപ്പോ “ആ” എന്ന് രണ്ടും.പേര് ചോദിച്ചിട്ട് രണ്ടിനും അറിയില്ല. ഒരുമിച്ചു സ്കൂള്‍ ട്രാന്‍സ്പോര്‍ട്ടില്‍ വരുന്നതാണത്രെ. ഇതിലെന്തോ കള്ളക്കളി ഉണ്ടല്ലോ എന്ന് കരുതി ഞങ്ങള്‍ വീട്ടിലേക്കു പോന്നു.

വൈകുന്നരം കിച്ചുവിന്റെ സ്കൂള്‍ ആനുവല്‍ഡേ പ്രോഗ്രാം വീഡിയോ കാണുകയായിരുന്നു ഞങ്ങള്‍.റോഡ്‌ റോളറില്‍ കുട്ടിയുടുപ്പു ഇട്ടപോലെ ഒരു ഗോവാക്കാരി ചേടുത്തി ഏതാണ്ടൊക്കെ കിടന്നു അലക്കുന്നു.സിംഹവാലന്‍ കുരങ്ങു തിരിഞ്ഞു നിന്നമാതിരി മുഖത്തൊക്കെ എന്തോ പെയിന്റ് അടിച്ചിട്ടുണ്ട്. കിച്ചു പാട്ടൊക്കെ പാടി തകര്‍ക്കുന്നു. നോക്കിയപ്പോള്‍ ഉച്ചക്ക് കണ്ട സുന്ദരിക്കുട്ടി ദേ പിങ്ക് ഡ്രസ്സ്‌ ഒക്കെ ഇട്ടോണ്ട് നിന്ന് പാട്ടുപാടുന്നു. ഞാന്‍ ഭാര്യയോട്‌ ഉച്ചക്ക് നടന്ന സംഭവം വിവരിച്ചു..അപ്പുവിനോട് അവള്‍ ചോദിച്ചു…”ആരാ മോനെ അത്” ?

“ഓ അതോ..അതെന്റെ വൈഫ്‌ ആണ്”…അപ്പുവിന്റെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട് ഞങ്ങള്‍ രണ്ടും ചിരിച്ചു മറിഞ്ഞു..എത്ര ശ്രമിച്ചിട്ടും ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. അപ്പുവിനു എന്തോ പന്തികേട്‌ തോന്നി എന്ന് തോന്നുന്നു . അവന്‍ ഉടനെ പ്ലേറ്റ് മാറ്റി..” അത് കിച്ചുവിന്റെ വൈഫ്‌ ആണ് ” എന്ന് !

ഞങ്ങള്‍ വീണ്ടും ചിരി തുടങ്ങി..ഏക പുത്രന്റെ കല്യാണം കഴിഞ്ഞ ഗുഡ് ന്യൂസ്‌ അളിയനോട് പറഞ്ഞേക്കാം എന്ന് കരുതി ഫോണ്‍ എടുത്തതും ദേ വരുന്നു അടുത്തത്.”അച്ഛാ.മാമനോട് പറയല്ലേ.മാരിയെജു കഴിഞ്ഞിട്ടില്ല കേട്ടോ..പറഞ്ഞാല്‍ കിച്ചു ആന്ഗ്രി ആകും”.

ഇനി നിങ്ങള്‍ പറയു…എവന്‍ ഒക്കെ എവിടെ ചെന്ന് നില്‍ക്കും ?