കാടടച്ചു വെടി വെക്കാനില്ല, രണ്ടു തരം അദ്ധ്യാപകരെയും അടുത്തറിയാം

0
247

Raja Hariprasad

കാടടച്ചു വെടി വെക്കാനില്ല… രണ്ടു തരം അദ്ധ്യാപകരെയും അടുത്തറിയാം…

പ്രൈമറി വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നടപ്പിലാക്കിയ ഒരു പ്രോജക്റ്റിന്റെ സംസ്ഥാന കോർഡിനേറ്ററായിരുന്നു അഞ്ചാറു കൊല്ലം…

എന്റെ ആശുപത്രിക്കടുത്തുള്ള ഒരു സർക്കാർ സ്കൂളിൽ പ്രസ്തുത പരിപാടിയുടെ ഭാഗമായ ആദ്യത്തെ പരിശോധനാ ക്യാമ്പ്, ഞങ്ങൾ ഡോക്ടർമാരും ലാബ് ടെക്നീഷ്യൻമാരും അടക്കം ഇരുപതോളം ആളുകളുണ്ടായിരുന്നു..
അവിടത്തെ PTA പ്രസിഡണ്ടും എന്റെ സഖാവുമായ ഘോഷിനോട് ഇരുപതാളുകൾക്കുള്ള ഭക്ഷണം ഏതെങ്കിലും ഹോട്ടലിൽ നിന്ന് ഏർപ്പാടാക്കണമെന്നും അതിന്റെ പൈസ പ്രോജക്റ്റ് ഫണ്ടിൽ നിന്ന് കൊടുത്തോളാമെന്നും ഞാൻ വിളിച്ചു പറഞ്ഞിരുന്നു…
രാവിലെ മുതൽ തുടങ്ങിയ പരിശോധനാ ക്യാമ്പ് ഉച്ചയോടെ നിർത്തി ഊണിനു പിരിഞ്ഞു.. ഞങ്ങൾക്ക് സ്റ്റാഫ് റൂമിലും കുട്ടികൾക്ക് ക്ലാസ്സ് റൂമുകളിലും ഭക്ഷണം.. എല്ലാവർക്കും തൂശനിലയിൽ സദ്യ… ചോറു മാത്രം സ്ക്കൂളിലുണ്ടാക്കി. ഇരുപതദ്ധ്യാപകർ ഞങ്ങൾക്കെല്ലാർക്കും കഴിക്കാനുള്ള കറികളും രണ്ടിനം പായസങ്ങളും ഉണ്ടാക്കി കൊണ്ടുവന്നിരുന്നു…

ഊണിനു മുമ്പേ തന്നെ വയറും കണ്ണും നിറഞ്ഞു. എന്തിനാണിതൊക്കെയെന്ന ചോദ്യത്തിന് മുൻപരിചയം പോലുമില്ലാത്ത ഒരു ടീച്ചർ നല്കിയ മറുപടിയിങ്ങനെ.. “എന്റെ ഡോക്ടറേ… നിങ്ങളൊക്കെ പണിയും കളഞ്ഞ് ഞങ്ങളുടെ മക്കളെ നോക്കാൻ വരുമ്പോൾ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞങ്ങളൊക്കെ എന്തു മനുഷ്യരാണെന്ന്?, പിന്നെ നിങ്ങൾക്കു സദ്യ തരുമ്പോൾ അപ്പുറത്ത് അതിന്റെ മണം കേട്ടു കൊതി പിടിക്കുന്ന മക്കളെ കാണാണ്ടു പറ്റില്ലല്ലോ.. അതു കൊണ്ട് അവർക്കും ഇന്നു സദ്യയാവട്ടെ എന്നു തീരുമാനിച്ചു. രണ്ടു ദിവസം മുമ്പ് PTA എക്സിക്യൂട്ടീവു ചേർന്നാണ് കാര്യങ്ങൾ തീരുമാനിച്ചത്. രാവിലെ മൂന്നു മണിക്ക് എണീറ്റതാ, എന്നാലും ഒരു പാടു സന്തോഷമുണ്ട് ട്ടോ…”

തുടർന്നുള്ള വർഷങ്ങളിൽ ആ സ്ക്കൂളിലെ ഇടപെടലുകളിൽ അതേ കരുതലോടെ അവരുണ്ടായിരുന്നു… അതിന്റെ ഗുണം ആ കുട്ടികൾക്കും കിട്ടി.

മൂന്നു വർഷത്തിനിപ്പുറം സ്ഥലം മാറ്റം കിട്ടി ഞാൻ മറ്റൊരിടത്തെത്തി. അവിടെ, കേരള തമിഴ്നാട് അതിർത്തിയിലുള്ള, 87.5 ശതമാനം കുട്ടികൾക്ക് വിളർച്ചയും, 62.5 ശതമാനം കുട്ടികൾക്ക് തൂക്കക്കുറവുമുള്ള ഒരു സ്ക്കൂൾ ഞാൻ പ്രോജക്റ്റിനായി തെരഞ്ഞെടുത്തു. ആ സ്ക്കൂളിലെ ഹെഡ്മിസ്ട്രസ്സിനെയും അവിടത്തെ PTA പ്രസിഡണ്ടിനെയും നേരിട്ടു കണ്ട് കാര്യങ്ങളെല്ലാം ചർച്ച ചെയ്ത ശേഷം ഞങ്ങളുടെ സംഘം പരിശോധനയ്ക്കെത്തി. ഒറ്റ കുഞ്ഞിന്റെ രക്ഷാകർത്താവു പോലും സ്ഥലത്തെത്തിയിട്ടില്ല.. അവരെ, എന്തിന് ബാക്കി അദ്ധ്യാപകരെപ്പോലും വിവരമറിയിക്കാൻ H.M ന് സൗകര്യപ്പെട്ടില്ല. രണ്ടു ദിവസം ആ സ്ക്കൂളിൽ ചെലവഴിച്ചിട്ടും ഒരു തവണ പോലും ആ സ്ത്രീ ഞങ്ങളുടെ പരിശോധനാ മുറിയിലേക്ക് എത്തിനോക്കുക പോലും ചെയ്തില്ല…

ഡോക്ടറുടെ പണിക്ക് അത്യാവശ്യം റിസ്ക്കുണ്ട്.. അതേറ്റെടുക്കാൻ തയ്യാറുള്ളവരേ ആ പണിക്കു പോകാവൂ… കോയമ്പത്തൂരിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മാങ്കര എന്ന കുഗ്രാമത്തിൽ, ഗതാഗതസൗകര്യം പോലുമില്ലാത്ത ഒരിടത്ത് അൻപതു കിടക്കകളുള്ള ഒരാശുപത്രിയിലെ RMO ആയി പണിയെടുത്തിട്ടുണ്ട് രണ്ടരക്കൊല്ലം. ഇടയ്ക്ക് എപ്പോളോ ജയലളിതയെ അറസ്റ്റു ചെയ്തതിന്റെ പേരിൽ അഗ്രി.സർവ്വകലാശാലയിലെ കുട്ടികളെ ചുട്ടുകൊന്ന AIDMK നടപടിക്കെതിരെയുള്ള പ്രതിഷേധത്തീയിൽ തമിഴ്നാടു കത്തിയെരിഞ്ഞപ്പോൾ, കോളേജുകൾക്കെല്ലാം മൂന്നാഴ്ച അവധി കൊടുത്തപ്പോൾ, എന്റെ സഹപ്രവർത്തകരെല്ലാം അവധി ആഘോഷിക്കാൻ നാട്ടിൽ പോയപ്പോൾ, ആ രോഗികൾക്കു കൂട്ടായി 21 രാവും പകലും ഞാനൊറ്റയ്ക്കായിരുന്നു. എല്ലാ രാത്രിയിലും ഒന്നോ രണ്ടോ തവണയെങ്കിലും എമർജൻസി കാൾ വരും, ഞാനത് മാനേജ് ചെയ്യും..

മാഷ് പണിയോടും ഡോട്ടറുപണിയോടും നാട്ടാർക്കെല്ലാം വലിയ ആരാധനയാണ്…
അതു കളഞ്ഞു കുളിക്കാൻ ഒരുമ്പെട്ടിറങ്ങിയ ചില ജന്മങ്ങളുണ്ട്, അവരുടെ പേരിൽ ആ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളെയും ക്രൂശിക്കുന്നതിനോട് യോജിപ്പില്ല…

കേരളം പൊതുവിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും ഉണ്ടാക്കിയെടുത്ത മേന്മകളെ ഈയൊരു സംഭവത്തിന്റെ പേരിൽ ഇല്ലാതാക്കാനുള്ള സംഘടിതശ്രമങ്ങൾക്ക് കൂട്ടു നിൽക്കാനുമില്ല…

ഞാനും ഒരു പെൺകുഞ്ഞിന്റെ അച്ഛനാണ്, എന്റെ പ്രാണനാണവൾ…
അതു കൊണ്ടു കൂടി വയനാട്ടിലെ ഷഹല എന്റെയും തോരാക്കണ്ണുനീരാണ്..