കുഞ്ഞിനെ സംരക്ഷിക്കേണ്ട ബാധ്യത അമ്മയുടെ ചുമതല മാത്രമാണെന്ന് വിശ്വസിക്കുന്ന സമൂഹം വരച്ചുവച്ച സദാചാരബൗണ്ടറികളാണ് വീട്ടമ്മമാരെ ഇത്തരം കുരുതികള്‍ക്ക് പ്രേരിപ്പിക്കുന്നത്

137

U.M. Muqthar

എന്റെ പരിചയത്തിലൊരു ഗള്‍ഫു പണക്കാരന്‍ ഉണ്ട്. ഇപ്പോള്‍ ആള് വലിയ ദീനിയാണെങ്കിലും മുമ്പ് ഭാര്യയുടെ മുന്‍പില്‍ വച്ച് ബെഡ്‌റൂമിലേക്ക് ആണ്‍പിള്ളാരെ കാഷ് കൊടുത്ത് കൊണ്ടുവരലായിരുന്നു ഹോബി. ഇതെല്ലാം കണ്ട് മക്കളെ ചേര്‍ത്തുപിടിച്ച് കരയാനായിരുന്നു ഭാര്യയുടെ വിധി. ഭാര്യയെയും മക്കളെയും സംരക്ഷിച്ചിരുന്നില്ലെങ്കിലും പുള്ളി നല്ല ‘ധര്‍മ്മിഷ്ടന്‍’ ആയിരുന്നു. ചോദ്യംചെയ്താല്‍ ഭാര്യക്ക് അടിയും ചീത്തയും ഉറപ്പ്. സഹിക്കവയ്യാതെ ഒരുദിവസം ആ സ്ത്രീ മക്കളെയും കൂട്ടി ജീവനൊടുക്കാന്‍ തീരുമാനിച്ചു. പദ്ധതി പൂര്‍ത്തിയായില്ല, ഒരുകുഞ്ഞ് മാത്രം മരിച്ചു. സംഭവം വലിയ ബഹളമായി. എല്ലാവരുടെ എതിര്‍പ്പും സ്ത്രീക്കു നേരെ മാത്രം. ഗള്‍ഫുകാരന്റെ ബന്ധുക്കളൊക്കെ സ്ത്രീയെ കടിച്ചുകീറാനും ഒരുങ്ങി.

ഒരിക്കല്‍ ഉമ്മ വിശദമായി പറഞ്ഞുതന്നു ആ സ്ത്രീയുടെയും മരണത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുകുട്ടികളുടെയും കദനകഥ. ഭര്‍ത്തൃപീഡനത്തിന് എവിടെ പരാതിപറയണമെന്ന് അറിയാത്ത, ഇതെല്ലാം സഹിക്കുന്നതാണ് ഉത്തമഭാര്യയെന്ന് വിശ്വസിപ്പിക്കുന്ന വ്യവസ്ഥയുള്ള, പരാതിപറഞ്ഞാല്‍ കൂടുതല്‍ ഒറ്റപ്പെടാന്‍ സാധ്യത കൂടുതലുള്ള സമൂഹത്തില്‍ ഏതൊരുസ്ത്രീയും ചെയ്യുന്നതേ അവരും ചെയ്തുള്ളൂ. എന്നാല്‍, മക്കളെയും ഭാര്യയെയും സംരക്ഷിക്കാത്ത ഗള്‍ഫുകാരന്‍ അന്നും ഇപ്പാഴും മാന്യനാണ്.

കണ്ണൂരില്‍ ശരണ്യ എന്ന സ്ത്രീ ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കാമുകനൊപ്പം പോയ സാഹചര്യത്തില്‍ സ്‌നേഹനിധിയായ അമ്മമാരെ കുറിച്ചുള്ള ഫേസ്ബുക്കിലെ കണ്ണീര് കണ്ടപ്പോഴാണ് പഴയ സംഭവങ്ങള്‍ ഓര്‍ത്തത്. സ്വന്തം മകളെ ബലാല്‍സംഗംചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത നിരവധി അച്ഛന്‍മാരുണ്ട്. ഈയടുത്താണ് അരീക്കോട്ട് പെരുന്നാളിന് ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും വസ്ത്രം മേടിച്ച് കൊടുത്ത് അവരെ ബൈക്കില്‍ കൊണ്ടുവരുന്നതിനിടെ തോട്ടിലേക്ക് തള്ളിയിട്ട് ഒരു പിതാവ് കൊലപ്പെടുത്തിയത്. അതും കാമുകിക്കൊപ്പം ജീവിക്കാന്‍. അപ്പോഴൊന്നും അച്ഛന്‍/ബാപ്പ മഹാത്മ്യം എവിടെയും കേട്ടിരുന്നില്ല.

കുഞ്ഞിനെ സംരക്ഷിക്കേണ്ട ബാധ്യത അമ്മയുടെ ചുമതല മാത്രമാണെന്ന് വിശ്വസിക്കുന്ന സമൂഹം വരച്ചുവച്ച സദാചാരബൗണ്ടറികളാണ് വീട്ടമ്മമാരെ ഇത്തരം കുരുതികള്‍ക്ക് പ്രേരിപ്പിക്കുന്നത്. കാരണം, ആണിന് ഭാര്യയെയും മക്കളെയും വീട്ടിലാക്കിക്കൊണ്ട് തന്നെ വേശ്യാലയത്തിലോ കാമുകിക്കൊപ്പമോ പോയാലും ബെഡ്‌റൂമിലേക്ക് കാമംതീര്‍ക്കാന്‍ പെണ്‍കുട്ടികളെയും ആണ്‍കട്ടികളെയും കൊണ്ടുവന്നാലും ‘നല്ല ഗൃഹനാഥന്‍’ എന്ന ഇമേജിന് കോട്ടമുണ്ടാവില്ല. പക്ഷേ, സ്ത്രീക്ക് അങ്ങിനെ പറ്റില്ല.

.