UFO? Flying Saucer( പറക്കുംതളിക) ?

അറിവ് തേടുന്ന പാവം പ്രവാസി

ഏലിയൻ ഓട്ടോപ്സി ,യുഫോളാജി തുടങ്ങിയ വാക്കുകൾ കൊണ്ട് അർത്ഥമാക്കുന്നത് എന്ത്? ഈ പ്രപഞ്ചത്തിൽ മനുഷ്യൻ തനിച്ചാണോ?അന്യഗ്രഹ ജീവികൾ ഉണ്ടോ…? സാധാരണ മനുഷ്യരെ മാത്രമല്ല ശാസ്ത്രലോകത്തെത്തന്നെ അമ്പരപ്പിക്കുന്ന പ്രതിഭാസമാണ് പറക്കുംതളിക. ആകാശത്ത് പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതായി പലരും പറഞ്ഞിട്ടുള്ള ഇത്തരം തളികകൾ ശാസ്ത്രലോകത്തിന് ഇന്നും പിടികിട്ടാത്ത പ്രതിഭാസമാണ്. അന്യഗ്രഹ ജീവികളുടെ വാഹനമെന്നും (Alien ) , ചാരപ്രവർത്തനത്തിനായി ഉപയോഗിക്കുന്ന വാഹന മെന്നുമൊക്കെയാണ് ഇതിനെക്കുറിച്ച് പറഞ്ഞുവരുന്നത്. പ്രകാശപൂരിതമായി ആകാശത്ത് വെട്ടിത്തിളങ്ങുന്ന ഇവ ഞൊടിയിടയിൽ അപ്രത്യക്ഷമാവാറാണ് പതിവ്.

ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം‌ പറക്കും തളികകളെ കണ്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിൽനിന്നും അവശിഷ്ടങ്ങൾ കണ്ടുകിട്ടി എന്നൊക്കെ കഥകൾ പരക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.കെന്നത്ത് അർനോൾഡ് എന്ന അമേരിക്കൻ പൈലറ്റ് 1947 ജൂൺ 24-ന് ആകാശത്ത് ഇത്തരത്തിൽ ഒരു വസ്തു കണ്ടതോടെയാണ് ഇങ്ങനെയൊരു വാഹനത്തെക്കുറിച്ച് ചർച്ചയാവുന്നത്. അപരിചിത പറക്കുംവസ്തുക്കളെ അഥവാ unidentified flying object (UFO) കളെ പൊതുവിൽ സൂചിപ്പിക്കുന്ന ‘Flying Saucer’ അഥവാ പറക്കും തളികകൾ എന്ന പദം പ്രചാരത്തിലാവുന്നതും ഇതോടെയാണ്.വിവരണങ്ങൾ പ്രകാരം വെളിച്ചത്താൾ അലംകൃതമായിരിക്കുന്നുവെന്നും തളിക രൂപത്തിൽ അലുമിനിയം,വെള്ളി നിറങ്ങളിൽ ഇവ കാണപ്പെടുന്നു .
തിരിച്ചറിയാൻ കഴിയാത്ത ഏതെങ്കിലും ആകാശ പ്രതിഭാസത്തെയാണ് അപരിചിതമായ പറക്കും വസ്തുക്കൾ അഥവാ അജ്ഞാതമായ പറക്കും ഉപകരണങ്ങൾ ( യു‌.എഫ്‌.ഒ ) എന്ന് പറയുന്നത്. മിക്ക യു‌.എഫ്‌.ഒ കളെയും അന്വേഷണത്തിൽ പരമ്പരാഗത വസ്‌തുക്കളോ , പ്രതിഭാസങ്ങളോ ആയി പിന്നീട് തിരിച്ചറിയുന്നു. അന്യഗ്രഹ ബഹിരാകാശ പേടകത്തിന്റെ നിരീക്ഷണത്തിന് ഈ പദം വ്യാപകമായി ഉപയോഗിക്കുന്നു.

എയറോഡൈനാമിക് സ്വഭാവസവിശേഷതകൾ അല്ലെങ്കിൽ അസാധാരണമായ സവിശേഷതകൾ എന്നിവയാൽ നിലവിൽ അറിയപ്പെടുന്ന ഏതെങ്കിലും വിമാനത്തിനോ , മിസൈൽ തരത്തിനോ അനുരൂപമാകാത്തതോ , പരിചിതമായതായി തിരിച്ചറിയാൻ കഴിയാത്തതോ ആയ ഏതെങ്കിലും വായുസഞ്ചാരമുള്ള വസ്തുവാണ് യു‌.എഫ്.ഒ എന്ന് പ്രാരംഭ നിർവചനത്തിൽ യു‌.എസ്‌.എഫ് പ്രസ്താവന.
ഇന്ത്യയുൾപ്പെടെ പലയിടങ്ങളിലും കണ്ടുവെന്ന് അവകാശപ്പെടുന്ന പറക്കും തളിക ഏറ്റവും ഒടുവിലായി കണ്ടെന്നു പറയുന്നത് ഐറിഷ് ആകാശത്തിലാണ്.2017 ജനുവരി മാസത്തിൽ എരിയുന്ന ചുരുട്ടിന്റെ രൂപമുള്ള ഒരു അദ്ഭുത വസ്തു സൗരയൂഥത്തിലൂടെ കടന്നു പോയിരുന്നു.സൗരയൂഥത്തിലൂടെ കടന്നുപോവുന്നതായി കണ്ടെത്തിയ ആദ്യ ബഹിരാകാശ വസ്തുവായി 1/2017 U1 മാറി. ‘വിദൂര ഭൂതകാലത്തുനിന്നുള്ള സന്ദേശവാഹകൻ’ എന്നർഥമുള്ള ഹവായിയൻ വാക്കായ ‘ഔമാമ’ എന്ന് ഇതിനു പേര് നൽകുകയും ചെയ്തു. നാസയും , ബഹിരാകാശ ഗവേഷകരും ഈ അദ്ഭുതവസ്തുവിന്റെ വരവും സഞ്ചാരവഴികളും ചർച്ച ചെയ്തു. ബഹിരാകാശത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപമായിരുന്നു അതിന്. സൗരയൂഥത്തിലൂടെ സഞ്ചരിച്ച ഈ വസ്തുവിനെ കുറിച്ച് ഒട്ടേറെ ചർച്ചകളും , നിരീക്ഷണങ്ങളും നടന്നു. പ്രപഞ്ചത്തിലൂടെ പതിവുപോലെ സഞ്ചരിക്കുന്ന ഛിന്നഗ്രഹമായിരിക്കും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിന്റെ സഞ്ചാരത്തിലെ ചില മാറ്റങ്ങളാണ് ഗവേഷകരെ മാറി ചിന്തിപ്പിച്ചത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഭീമൻ അന്യഗ്രഹ വാഹനമാണിതെന്നാണ് ഒരുവിഭാഗം ഗവേഷകർ പറയുന്നത്. ഈ വിചിത്ര വസ്തുവിന്റെ സഞ്ചാരവേഗം കൂടിയതും പെട്ടെന്ന് ദിശമാറിയതും ഗവേഷകർ നിരീക്ഷിച്ചിരുന്നു. സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ ആദ്യ ബഹിരാകാശ പേടകമായിരിക്കാം ഇതെന്നാണ് ഗവേഷകർ പറയുന്നത്.

പറക്കുംതളികകൾതന്നെ ലോകത്തുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തീർന്നിട്ടില്ല. ഒരുവിഭാഗം, പറക്കുംതളികകളുണ്ട്, അവയെ കണ്ടിട്ടുണ്ട് എന്നുപറയുമ്പോൾ മറുവിഭാഗം ഇതിനെയെല്ലാം പുച്ഛിച്ചു തള്ളുകയാണ് പതിവ്. തകർന്നുവീണ പറക്കുംതളികയിൽനിന്ന് കിട്ടിയ ശവശരീരം പോസ്റ്റുമോർട്ടംചെയ്യുന്ന വീഡിയോ പുറത്തുവിട്ട സംഭവവും ഉണ്ടായി. 1947 ജൂൺ രണ്ടിന് ന്യൂമെക്സിക്കോയ്ക്കടുത്ത് റോസ്വെല്ലിലെ ആടുകളെ മേയ്ക്കുന്ന സ്ഥലത്തുനിന്ന് അവിശ്വസനീയമായ ചില വസ്തുക്കൾ ഒരു റെയ്ഞ്ചർക്ക് ലഭിക്കുകയുണ്ടായി. കണ്ടെത്തിയ അവശിഷ്ടങ്ങൾ കാലാവസ്ഥ ബലൂണിന്റെ ഭാഗമാണെന്നു എയർഫോഴ്സുകാർ പറഞ്ഞെങ്കിലും ആരും അത് വിശ്വസിച്ചില്ല. തകർന്നുവീണ ആ പറക്കുംതളികയിൽനിന്ന് ലഭിച്ച അന്യഗ്രഹജീവിയെ പോസ്റ്റുമോർട്ടം ചെയ്തതാണെന്നു പറഞ്ഞു

1995-ൽ പതിനേഴു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകൻ റേയ് സാന്റ്റില്ലി പുറത്തുവിട്ടു. ‘ഏലിയൻ ഓട്ടോപ്സി: ഫാക്ട് ഓർ ഫിക്ഷൻ’ എന്ന പേരിലുള്ള പരിപാടിയിന്മേൽ പിടിച്ച് വമ്പൻ ചർച്ചകളും തുടങ്ങി. വർഷങ്ങൾ നീണ്ട വിവാദങ്ങൾക്കുശേഷം 2006-ൽ അത് വാസ്തവമായിരുന്നില്ലെന്നു അദ്ദേഹംതന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും മികച്ച ഏപ്രിൽ ഫൂൾ ശാസ്ത്ര തമാശയായാണ് ലോകം ഈ ‘ഏലിയൻ ഓട്ടോപ്സി’യെ കാണുന്നത്. പക്ഷേ, ഇപ്പോഴും ഇതൊരു വിഡ്ഢിദിനത്തമാശയാണെന്ന് ഉൾക്കൊള്ളാനാകാത്തവരുണ്ടെന്നതാണു സത്യം. പറക്കും തളികകൾ കണ്ടതായും , ഫോട്ടോ എടുത്തതുമായുള്ള തട്ടിപ്പുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് പിന്നെയും ഉണ്ടായിട്ടുണ്ട്.

2016 ഫെബ്രുവരി 17-ന് വിക്ഷേപിച്ച ജാപ്പാന്റെ ഹിറ്റോമി സാറ്റലൈറ്റാണ് ദുരൂഹ സാഹചര്യത്തിൽ ബഹിരാകാശത്തുനിന്നു കാണാതായത്. ഹിറ്റൊമിയുടെ സിഗ്നൽ നഷ്ടപ്പെടുന്നതിനു മുൻപായി അഞ്ച് അജ്ഞാതവസ്തുക്കൾ അതിന്റെ പരിസരത്ത് ഒഴുകി നടക്കുന്നതായി യു.എസ്. ജോയന്റ് ​ സ്പസ് ഓപ്പറേഷൻസ് സെന്ററിന്റെ അറിയിപ്പുമെത്തി. സാറ്റലൈറ്റ് കാണാതായത്തോടെ ദുരൂഹ വസ്തുക്കൾ പറക്കുംതളികകൾ ആണെന്നും അന്യഗ്രഹജീവികളാണ് സാറ്റലൈറ്റ് തകർത്തതെന്നുവരെ കഥകളുണ്ടായി. എന്താണ് ആ അഞ്ച് അജ്ഞാത വസ്തുക്കളെന്നു തിരിച്ചറിയാനാകാതെ ശാസ്ത്രലോകം അമ്പരന്നിരിക്കുകയാണ്. കോടികൾ മുടക്കി നിർമിച്ചെടുത്ത കൃത്രിമ ഉപഗ്രഹത്തെയാണ് അവ ഇല്ലാതാക്കിക്കളഞ്ഞത്. എന്നാൽ വ്യത്യസ്ത വേഗത്തിൽ സഞ്ചരിക്കുന്ന ആ അഞ്ച് വസ്തുക്കൾ ഹിറ്റൊമിയുടെ അവശിഷ്ടങ്ങളോ , ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന പഴയകാല പേടകങ്ങളുടെ അവശിഷ്ടങ്ങളോ ആകാമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

ഡിബ്രാളീ തോമസ് എന്ന സെക്യൂരിറ്റി ഓഫീസർ ജോലിചെയ്യുന്ന ഫ്ളോറിഡയിലെ നേപ്പിൾസിലുള്ള ഒരു കെട്ടിടത്തിന്റെ പിറകുവശത്തുള്ള നീന്തൽക്കുളത്തിൽ കണ്ടകാഴ്ച അയാളെ അമ്പരിപ്പിച്ചുകളഞ്ഞു. തളികരൂപത്തിലുള്ള ഒരുവസ്തു കുളത്തിന്റെ മുകളിൽ പ്രത്യക്ഷപ്പെടുകയും കുളത്തിലേക്ക് മുങ്ങുകയും പിന്നീടത് ചിലന്തിവലയുടെ രൂപത്തിൽ വികാസം പ്രാപിച്ച് വെട്ടിത്തിളങ്ങി മുന്നോട്ടും , പിന്നോട്ടും ആടുകയും ചെയ്തു. അരമണിക്കൂർ കഴിഞ്ഞപ്പോൾ അത് അപ്രത്യക്ഷമായി. ഈ രംഗങ്ങൾ മുഴുവൻ ആ കെട്ടിടത്തിന്റെ ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ക്യാമറ ഒപ്പിയെടുത്തിരുന്നു. ഈ വീഡിയോ കണ്ടവർ ഇതു ചിലപ്പോൾ ഏതെങ്കിലും പറവകൾ ക്യാമറയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടതായിരിക്കുമെന്നോ, മറ്റേതെങ്കിലും തട്ടിപ്പായിരിക്കുമെന്നോ ആദ്യം ചിന്തിച്ചിരുന്നു. എന്നാൽ പ്രാഥമിക നിരീക്ഷണത്തിൽ ഇത് പറവകളോ , ഒരുതരത്തിലുമുള്ള തട്ടിപ്പുകളോ അല്ലന്നാണ് മുഫോൺ എന്ന പറക്കും തളിക വിദഗ്ധന്റെ അഭിപ്രായം. വിശദപഠനത്തിനായി വീഡിയോ ഇപ്പോൾ ഒഹായോവിലുള്ള മുഫോണിന്റെ കൈവശമാണുള്ളത്. ഇപ്പോൾ ഈ കുളം വൃത്തിയാക്കുന്നതിനായി അടച്ചിട്ടിരിക്കുകയാണ്.

അമേരിക്ക, ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളൊക്കെയും പറക്കും തളികകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. മുഖ്യധാര ശാസ്ത്രസാഹിത്യത്തിൽ പറക്കും തളികകളെക്കുറിച്ചുള്ള പഠനത്തിനു വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല. ശാസ്ത്രജ്ഞനായ എഡ്വേർഡ് കോൺഡന്റെ യു.എഫ്.ഒ. പഠനം തുടരേണ്ടതില്ലെന്ന നിർദേശം കാരണം അമേരിക്കയിൽ 1969-ൽത്തന്നെ യു.എഫ്.ഒ. പഠനം അവസാനിപ്പിച്ചിരുന്നു. എന്നാൽ അമേരിക്കയിലെ തന്നെ ബഹിരാകാശയാത്രികരുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യു.എഫ്.ഒ. സബ് കമ്മിറ്റി, പഠനംതുടരണമെന്ന അഭിപ്രായക്കാരായിരുന്നു. മുപ്പതു ശതമാനം സംഭവങ്ങളും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് തുടർപഠനം ശാസ്ത്രത്തിനു ഗുണംചെയ്യുമെന്നാണ് ഇവരുടെ അഭിപ്രായം. വിമർശകരെ സംബന്ധിച്ച് പറക്കുംതളിക എന്നത് കെട്ടുകഥമാത്രമാണ്. അത് പ്രകൃതിയിലെ സ്വാഭാവിക പ്രതിഭാസവും ആണത്രെ. ജനപ്രിയ മാധ്യമങ്ങളിലൂടെയുള്ള വിവരമല്ലാതെ മറ്റ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ തുടർപഠനം ആവശ്യമാണെന്നാണ് യു. എഫ്.ഒ. ഗവേഷണത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പറക്കുംതളികകൾ യാഥാർത്യമാണെന്നോ അന്യഗ്രഹജീവികളാണെന്നോ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നോ ഇതുവരെ ഔദ്യോഗിക സ്ഥീരീകരണവും ഉണ്ടായിട്ടില്ല.

പറക്കുംതളികകളെക്കുറിച്ചുള്ള വാർത്തകൾ, ഫോട്ടോകൾ തുടങ്ങിയവ പഠനവിധേയമാക്കുന്ന ശാസ്ത്രശാഖയാണ് യുഫോളാജി. കുറെ കൊല്ലങ്ങളായി ശാസ്ത്രലോകവും ,സ്വതന്ത്ര നിരീക്ഷകരും , സർക്കാരുകളുമെല്ലാം യു.എഫ്.ഒ.യുമായി ബന്ധപ്പെട്ട വാർത്തകൾ പഠിച്ചുവരുന്നുണ്ട്. എന്നാൽ ആധുനിക അക്കാദമികസമൂഹം യുഫോളജിയെ തള്ളിപ്പറയുകയും ഒരു കപടശാസ്ത്രമെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു. 1957-ൽ ‘യുഫോളജിക്ക് ഒരു ആമുഖം’ എന്ന ലേഖനത്തിൽ ഐവാൻ ടി സാൻഡേഴ്സനാണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ചാരവിമാനങ്ങൾ ആയിരിക്കുമോ എന്ന ഭയം അമേരിക്കയ്ക്ക് ഉണ്ടായിരുന്നതിനാൽ പഠനംനടത്തുകയും പിന്നീട് രാജ്യസുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് കണ്ടതിനാൽ പഠനം നിർത്തിവെക്കുകയും ചെയ്തു. ലോകത്ത് വിവിധരാജ്യങ്ങളിലായി ഒട്ടേറെ യുഫോളജിസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്’.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പല രൂപത്തിലുള്ള പ്രതിഭാസങ്ങൾ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിലും ഇതുവരെയായി പല രാജ്യങ്ങളിലായി ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ ഇന്ത്യയിലേതും ഉൾപ്പെടുന്നു.1957-ൽ ബിഹാറിലെ ഏതാനും ഗ്രാമീണർ വീട്ടിൽനിന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ ഒരു മോട്ടോർ എൻജിൻ പോലുള്ള വസ്തു വട്ടമിട്ടു പറക്കുന്നതായി കണ്ടുവത്രെ. അതിവേഗത്തിൽ പുകപരത്തിക്കൊണ്ട് അത് അപ്രത്യക്ഷമാകുകയും ചെയ്തു. 2007 ഒക്ടോബർ 29-ന് കൊൽക്കത്തയുടെ കിഴക്കൻ ചക്രവാളത്തിൽ രാവിലെ മൂന്നരയ്ക്കും , ആറരയ്ക്കും ഇടയിൽ വളരെവേഗം പറന്നുപോകുന്ന ഒരുവസ്തു കാണുകയും ഒരു ഹാൻഡികാമിൽ അത് പകർത്തുകയും ചെയ്തു. തിളങ്ങുന്ന ഈ വസ്തുവിന് ആദ്യം ഗോളാകൃതിയും പിന്നെ ത്രികോണ രൂപവും അവസാനം നേർരേഖയുമായിരുന്നു. ഇതിന്റെ ഫിലിം കണ്ട ബിർള പ്ലാനറ്റേറിയത്തിന്റെ ഡയറക്ടർ ‘വളരെ രസകരവും അതിശയകരവും’ എന്നാണു പറഞ്ഞത്. 2015 നവംബർ 15-ന് ഖോരഗ്പുരിലെ പദ്രി മാർക്കറ്റിൽ വലുതും , തളിക രൂപത്തിലുള്ളതുമായ ഒരു വസ്തു വട്ടമിട്ടു പറന്നു പോകുന്നതായി കാണുകയുണ്ടായി.

പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന വളരെ പഴക്കംചെന്ന ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് അഭയ കേന്ദ്രമായിരിക്കുന്നു അമേരിക്കയിലെ മുഫോൺ (Moufon) എന്ന ലോകത്തിലെ ഏറ്റവും വലുതും , പഴക്കമുള്ളതുമായ യു.എഫ്.ഒ. പഠന-ഗവേഷണസംഘം. നാം തനിച്ചല്ല എന്ന് വിശ്വസിക്കുകയും എന്നാൽ സത്യംകണ്ടെത്താൻ ശ്രമിക്കുകയുമാണ് ഈ സംഘടന. മാനവരാശിക്കുവേണ്ടി യു.എഫ്.ഒ. പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയമായ ഗവേഷണം നടത്തുന്ന സംഘടനയാണ് ഇത്.

🌹 പറക്കുംതളിക കണ്ടതുമായി ബന്ധപ്പെട്ട വസ്തുതകൾ ശേഖരിക്കുക,
🌹 ലോകത്തുള്ള ഗവേഷകർക്കുവേണ്ടി കരുതിവെക്കുക,
🌹 ഈ പ്രതിഭാസത്തിന്റെ സത്യാവസ്ഥ അറിയാനുള്ള ഗവേഷണത്തെ സഹായിക്കുക, ⚡ഇതിനു സമൂഹത്തിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നിവയാണ് ഈ സംഘടനയുടെ ഉദ്ദേശ്യം.

പറക്കുംതളിക അഥവാ യു.എഫ്‌.ഒ (അൺ ഐഡന്റിഫൈഡ്‌ ഫ്ളയിംഗ്‌ ബ്ജക്ട്സ്‌..U.F.O) കളെപ്പറ്റി കൃതൃമായ ഒരു വിശദീകരണം നല്കാൻ ശസ്ത്രലോകത്തിന്‌ ഇനിയും സാധിച്ചിട്ടില്ല.തിളക്കവും , നടുവീർത്ത തളികയുടെ ആകൃതിയുമുള്ള ചില വസ്തുക്കൾ ആകാശത്തിലുടെ അതിവേഗത്തിൽ പറന്നു നീങ്ങുന്നതു കണ്ടതായി വളെരെക്കാലം മുമ്പുതന്നെ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അന്യഗ്രഹങ്ങളിൽ നിന്ന് ഭൂമി സന്ദർശിയ്ക്കുവാനെത്തുന്ന വിചിത്ര ജിവികളുടെ വാഹനങ്ങളാണ്‌ യു.എഫ്.ഒ.കൾ എന്നാണ്‌ ഇന്നും നിലനിന്നുപോരുന്ന സങ്കല്പ്പം.പറക്കും തളികകൾ എന്നറിയപ്പെടുന്ന അപരിചിത പറക്കൽ വസ്തുക്കളെക്കുറിച്ച് (UFO unidentified flying object) അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് കൊണ്ട് ആചരിക്കുന്ന ദിനമാണ് ലോക പറക്കും തളിക ദിനം അഥവാ World UFO day.ചിലർ ഈ ദിനം ജൂൺ 24 ന് ആചരിക്കുമ്പോൾ മറ്റുചിലർ ജൂലൈ രണ്ടിനു ആചരിക്കുന്നു.അമേരിക്കയിലെ ആദ്യ പ്രസിദ്ധ അപരിചിത പറക്കും വസ്തു വൈമാനികനായിരുന്ന കെന്നത് ആണൾഡ്(Kenneth Arnold)കണ്ട ദിനമാണ് ജൂൺ 24. 1947 ൽ നടന്ന Roswell UFO Incident എന്നറിയപ്പെടുന്ന സംഭത്തെ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ജൂലയ് രണ്ട് ദിനക്കാർ.

മനുഷ്യനെ എക്കാലവും അലട്ടിയിരുന്ന ചോദ്യമാണ് പ്രപഞ്ചത്തിൽ നാം തനിച്ചാണോയെന്നത്. ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനുള്ള അടങ്ങാത്ത ആഗ്രഹമാണ് മനുഷ്യനെ ബഹിരാകാശ ഗവേഷണത്തിനും , അന്യഗ്രഹങ്ങളെ കുറിച്ച് ആഴത്തിൽ പഠനം നടത്താനും പ്രേരിപ്പിച്ചത്. ചെറുതും , വലുതുമായ കോടിക്കണക്കിന് ഗ്രഹങ്ങളും , നക്ഷത്രങ്ങളും നിറഞ്ഞ പ്രപഞ്ചത്തിലെ ഒരു ചെറിയ പൊട്ടിന് തുല്യമാണ് നമ്മുടെ കൊച്ചു ഭൂമി. അതിനാൽത്തന്നെ പ്രപഞ്ചത്തിൽ ഒരിക്കലും ഭൂമിയിൽ മാത്രമായിരിക്കില്ല ജീവൻ എന്ന വാദം ശരിവയ്ക്കുന്നവർ ഏറെയാണ്.ചിലപ്പോൾ ജീവിക്കാൻ ഓക്സിജനും , വെള്ളവും ആവശ്യമില്ലാത്ത മറ്റൊരു പരിസ്ഥിതിയിൽ മറ്റൊരു രീതിയിൽ ജീവിക്കുന്ന ജീവികൾ ഉണ്ടാകാമെന്ന വാദം തള്ളിക്കളയാനാവില്ല. മനുഷ്യരുടെ കാഴ്ചയിൽ തെളിയാത്ത രൂപങ്ങളാണ് അന്യഗ്രഹജീവികളെങ്കിലോ? എന്നുള്ള വാദങ്ങളും ചർച്ചകളുംനടക്കുന്നുണ്ട്.

അന്യഗ്രഹജീവൻ തേടിയുള്ള അന്വേഷണം നാമിപ്പോൾ രണ്ടു രീതികളിലാണ് നടത്തുന്നത്. ഒന്ന് സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളിൽ പേടകങ്ങൾ അയച്ച് നടത്തുന്ന പഠനങ്ങളിലൂടെ. രണ്ടാമത്തെ വഴിയാണ് റേഡിയോ ടെലിസ്കോപ്പുകളും മറ്റും ഉപയോഗിച്ച് പ്രപഞ്ചത്തെ നിരീക്ഷിക്കുക എന്നത്. വ്യത്യസ്തമായ സിഗ്നലുകളെ വിശകലം ചെയ്യുക. ഇതിലൂടെ അന്യഗ്രഹജീവികളുടെ സാധ്യതയെക്കുറിച്ച് പഠിക്കുക.അന്യഗ്രഹജീവികള്‍ എന്ന പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെയെല്ലാം ചിന്തയിലെത്തുക വലിയ തലയും, തലയില്‍ മുടിയില്ലാത്തതുമായ പച്ചനിറത്തിലുള്ള കൗതുക ജന്തുക്കളെയായിരിക്കും. സ്റ്റാര്‍വാര്‍സ്‌ സീരീസിലൂടെ പ്രശസ്‌തമായ ഈ രൂപങ്ങള്‍ തന്നെയാണ്‌ ഇപ്പോഴും കൂടുതല്‍ സയന്‍സ്‌ ഫിക്ഷനുകളില്‍ അവതരിപ്പിക്കുന്നത്‌.

അന്യഗ്രഹജീവികള്‍ ഏറ്റവും അധികം സഹായം ചെയ്തത് സിനിമാക്കാര്‍ക്കാണ്. അന്യഗ്രഹ ജീവികൾ പ്രമേയമാക്കിയ സിനിമകൾ നിരവധി പുറത്തിറങ്ങിയിട്ടുണ്ട്. പറക്കും തളിക ചിത്രങ്ങളെല്ലാം പണംവാരി ചിത്രങ്ങളുമായി മാറി. ‘ഇ ടി ദ എക്സ്ട്ര ടെറസ്ട്രിയല്‍, ഏലിയന്‍, പ്രെഡേറ്റെഴ്സ് സീരീസുകള്‍, ഇന്‍ഡിപെന്‍ഡന്‍സ് ഡേയ്, അവതാര്‍, അവഞ്ചേഴ്‌സ് എൻഡ് ഗെയിം, സൂപ്പര്‍മാന്‍, റിഡ്ലി സ്കോട്ടിന്‍റെ ഏലിയന്‍ ചലച്ചിത്ര പരമ്പരകള്‍. ബോളിവുഡിലും കോയി മിൽഗയ, ക്രിഷ്, പികെ എന്നിവയും തമിഴിലെ കലൈ അരശിയും അന്യഗ്രഹജീവി പ്രമേയ ചിത്രങ്ങളാണ്.പറക്കുംതളികയെപ്പറ്റിയുള്ള അമേരിക്കയിലെ സിഐഎയുടെ ഗവേഷണം നടക്കുന്നത് പൊതുജനങ്ങൾക്ക് വിലക്കുള്ള ഏരിയ 51 എന്ന രഹസ്യസങ്കേതത്തിലാണത്രെ. ഈ സങ്കേതത്തെക്കുറിച്ച് ചിത്രങ്ങൾ പോലും ലഭ്യമല്ല. ഏരിയ 51ൽനിന്ന് പുറത്തുവരുന്ന പരീക്ഷണ എയർക്രാഫ്റ്റുകളാകാം പറക്കുംതളികകളെന്ന് പ്രതീതി ജനങ്ങളിലുണ്ടാക്കുന്നതെന്ന് നിരീക്ഷകർ പറയുന്നുണ്ട്. എന്നാൽ 2012ൽ നാഷണൽ ജ്യോഗ്രഫിക് ചാനൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് 80 ദശലക്ഷം അമേരിക്കക്കാർ അന്യഗ്രഹജീവികൾ സത്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ്.

You May Also Like

ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയുടെ നിഗൂഢമായ ആ ഹമ്മിംഗ് ശബ്ദം എന്താണ് ?

അൻ്റാർട്ടിക്കയിലെയും അൾജീരിയയിലെയും ചില സോണുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സമുദ്രത്തിൻ്റെ അടിത്തട്ടിൽ ഭൂമി വിചിത്രമായ ഒരു ഹമ്മിംഗ്…

രഹസ്യങ്ങൾ ഉറങ്ങുന്ന പുമാപുങ്കു

രഹസ്യങ്ങൾ ഉറങ്ങുന്ന പുമാപുങ്കു തോമസ് ചാലാമനമേൽ പെറുവിനും ബൊളീവിയക്കും ഇടയിൽ ആൻഡീസ്‌ പർവ്വതനിരകളുടെ ഇടയിൽ സ്ഥിതിചെയ്യുന്ന…

കുട്ടികളെ കൊന്നുതള്ളിയ ചരിത്രത്തിലെ ഏറ്റവും വലിയ നരബലി

ചരിത്രത്തിലെ ഏറ്റവും വലിയ നരബലി Shanavas S Oskar കുറച്ചു ദിവസം മുൻപ് ഏതോ ജ്യോതിഷന്റെ…

ഓസ്‌ട്രേലിയയിലെ ലിച്ച്‌ഫീൽഡ് ദേശീയ പാർക്കിലെ കാന്തിക ചിതൽ കുന്നുകൾ

കാന്തിക ചിതൽ കുന്നുകൾ… Magnetic Termite Mounds Sreekala Prasad ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശത്ത്, ഡാർവിനിൽ…