മാസങ്ങളായി അവള്‍ അതേ കാര്യം തന്നെ ആലോചിച്ചു കൊണ്ടിരുന്നു. ദിവസവും ഭക്ഷണം പാകം ചെയ്യുമ്പോഴും വസ്ത്രങ്ങള്‍ കഴുകുമ്പോഴും ചെറിയ കുട്ടിയെ കുളിപ്പിക്കുമ്പോഴും അവളുടെ മനസിന്റെ ഒരു ഭാഗം ആ കാര്യത്തേപ്പറ്റിയുള്ള കൂട്ടിക്കിഴിക്കലുകളിലായിരുന്നു. ഒരിക്കലും ഒരു പൂര്‍ണമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും മനസു കൊണ്ടുള്ള ആ ഉരുക്കഴിക്കല്‍ വലിയ ഒരു ആശ്വാസം തന്നെയായിരുന്നു. ക്രമേണ ആ ചുമടിന്റെ ഭാരം കുറഞ്ഞു വരുന്നതായും തന്റെ ചുമലില്‍ നിന്ന് ഏതോ ഒരു ചുമട് താങ്ങിയുടെ ബലത്തിനു മുകളിലേക്ക് അത് നീങ്ങിപ്പോകുന്നതായും അനുഭവപ്പെട്ട് തുടങ്ങിയതോടെ മാത്രമാണ് അവള്‍ അയാളെക്കുറിച്ച് ചിന്തിച്ചത്. അവള്‍ക്കും ആ ചുമടിനും ഇടയില്‍ ചിലപ്പോഴൊക്കെ അയാള്‍ കിടന്നുറങ്ങി; ഇടക്ക് ഉണര്‍ന്ന് എണീറ്റ് പായ മടക്കി വെച്ച് ഇറങ്ങിപ്പോയി; മടങ്ങി വരുമ്പോള്‍ ചെറിയ കുട്ടിയെ കയ്യിലെടുത്ത് ലാളിച്ചു; മുതിര്‍ന്ന കുട്ടിക്ക് പാട്ടു പാടിക്കൊടുത്തു. അതിനെല്ലാം അപ്പുറത്തു നിന്ന് തിരനോട്ടം പോലെ അവള്‍ അയാളെ നോക്കിക്കൊണ്ടിരുന്നു. അയാളുടെ കണ്ണുകളില്‍ വെറുതെ ഇളകുന്ന ഒരു ഉള്‍ക്കടല്‍ ഉണ്ടെന്ന് അവള്‍ ചിന്തിക്കാതെയിരുന്നില്ല. അയാളുടെ അരികിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അയാളുടെ കാറില്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴും അയാളോട് സംസാരിക്കുമ്പോഴും അവള്‍ തന്റെ ആത്മാവിന്റെ ഏതോ ഒരു ഭാഗം കൊണ്ട് തന്റെ മനസില്‍ നടക്കുന്ന കൂട്ടിക്കിഴിക്കലുകളോട് കലമ്പി. അപ്പോഴെല്ലാം തന്റെ കണക്കു കൂട്ടലിലെ സമം എന്ന ചിഹ്നം പോലെ അയാളെ അവള്‍ക്കനുഭപ്പെട്ടു.

അവിടെ എപ്പോഴും ഒരു ഉത്തരം അവശേഷിക്കുന്നുണ്ടായിരുന്നു. അല്ലെങ്കില്‍ അയാള്‍ക്കു ശേഷം ഒരു ഉത്തരം എന്നായി. അത് അവളെ ഏതോ ബാധ്യതയെപ്പറ്റി ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. തന്റെ രണ്ട് കുഞ്ഞുങ്ങളെ പോലെ മറ്റ് എന്തോ ഒന്നിനു കൂടി ജന്മം നല്‍കാനുള്ളവളാണു താനെന്ന് അവള്‍ ഇടയ്ക്കിടെ വിമ്മിഷ്ടപ്പെട്ടു. അവള്‍ക്ക് അതിനു തീരെ താല്പര്യം തോന്നിയില്ല. എന്നാല്‍ ഒഴിവാക്കാനാവാതെ വരികയാണെങ്കില്‍ ഏതെങ്കിലും ഒരുള്‍ക്കടലില്‍ മുഴുകണമെന്ന് അവള്‍ നിശ്ചയിച്ചു.

അയാള്‍ക്ക് ശമ്പളം കൂട്ടി നല്‍കിക്കൊണ്ട് ഉത്തരവ് വന്ന ദിവസം കൊള്ളാമെന്ന് അവള്‍ക്ക് തോന്നി. പക്ഷെ കൂട്ടുകാരൊത്തുള്ള മദ്യസല്‍ക്കാരവും കഴിഞ്ഞ് നല്ല വിശപ്പോടെ കയറി വന്ന അയാള്‍ പെട്ടെന്ന് ഉറങ്ങിപ്പോയി.

അയാള്‍ക്ക് ഏറെ ഇഷ്ടം ഉള്ള ചെറിയ കുട്ടിയുടെ പിറന്നാള്‍ ദിവസം യോജിച്ചതാണെന്ന് അവള് കരുതി. അന്ന് തന്നെ കൃത്യമായി അയാള്‍ക്ക് കാര്‍ അപകടം പറ്റിയതിനാല്‍ കുട്ടികളെയും കൂട്ടി ആശുപത്രിയില്‍ ചെന്നാണ് അയാളെ കാണേണ്ടി വന്നത്.

അങ്ങനെ മാറ്റിവെച്ചെങ്കിലും ഇപ്പോഴാണ് അതിനു പറ്റിയ സമയമെന്ന് അവളുടെ മനസ് മന്ത്രിച്ചു. അല്പം അകലെ ഉള്‍ക്കടലിനെ ചുറ്റിയുള്ള പാറക്കെട്ടുകള്‍ക്കരികില്‍ ബഹളമുണ്ടാക്കുന്ന കുട്ടികളോടൊപ്പമായിരുന്നു അയാളപ്പോള്‍. ഇടത് അറ്റം മുതല്‍ വലത്ത് കണ്ണെത്താവുന്ന ദൂരത്തോളം അവള്‍ കടലിനെ ആദ്യമായി കാണുന്നത് പോലെ നോക്കി.

അയാളും കുട്ടികളും തന്റെ അരികിലേക്ക് വരുന്നതു കണ്ട അവള്‍ക്ക് എല്ലാം വളരെ പ്രസന്നമായി അനുഭവപ്പെട്ടു. അവള്‍ കാറില്‍ നിന്ന് ഇറങ്ങുവാന്‍ കാലുകള്‍ പുറത്തേക്കു നീട്ടി, കടല്‍ക്കരയിലെ മണ്ണില്‍ പാദങ്ങള്‍ വെച്ചു. അയാള്‍ എന്നത്തേതിലും മനോഹരമായി ചിരിച്ചു കൊണ്ട് അവളുടെ അരികില്‍ വരികയും വളരെ നാളായി പറയണമെന്ന് ആഗ്രഹിച്ചു കൊണ്ടിരുന്ന ഏതോ ഒരു കാര്യം അപ്പോള്‍ത്തന്നെ അവളോട് പറയാന്‍ പോവുകയാണെന്നും വ്യക്തമാക്കി. ആ നേരം ഉള്‍ക്കടല്‍ ഒന്ന് ഇളകുകയും കടല്‍ക്കാക്കകള്‍ പറന്നുയരുകയും ചെയ്തു. ഏറ്റമായിരിക്കാമെന്നും കാലുകള്‍ കാറിനുള്ളിലേക്ക് തന്നെ തിരികെ വെച്ചില്ലെങ്കില്‍ നനയാന്‍ ഇടയുണ്ടെന്നും അവളോട് പറഞ്ഞു കൊണ്ട് തിടുക്കത്തില്‍ അയാള്‍ കുട്ടികളെ കാറിനുള്ളിലേക്ക് കയറ്റി. കാറ് മുന്നോട്ട് ചലിച്ചപ്പോഴേക്കും അയാള്‍ പറഞ്ഞ്തു പോലെ തന്നെ കടല്‍ വെള്ളം അവളുടെ കാല്‍ വെച്ചിരുന്നയിടത്തോളം കയറി വന്നു.

പാതയോരത്ത് പിന്നോട്ട് വേഗത്തിലോടുന്ന വൃക്ഷങ്ങളും മനുഷ്യരും കെട്ടിടങ്ങളും അവളെ പരിഭ്രമിപ്പിച്ചു. തന്റെ മനസില്‍ നിന്ന് കണക്കു കൂട്ടലുകളൂടെ നേരിയ നരക്കം ഉയരുന്നത് അമര്‍ത്തിക്കളയുവാന്‍ പാടുപെട്ടുകൊണ്ട് അവള്‍ ചെറിയ കുട്ടിയെ ചേര്‍ത്ത് പിടിച്ചു.

You May Also Like

ചൈനയിലെ ഡാം തകർച്ചയും ഡാമുകൾ ഇല്ലാത്ത സുസ്ഥിര ജല വൈദ്യുതിയും

ചൈനയിൽ ഡാമുകൾ തകർന്ന വാർത്ത നമ്മൾ എല്ലാവരും കണ്ടല്ലോ?? ,ലോകത്തിൽ ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ള രാജ്യമാണ് ചൈന, എന്നാൽ, കാലാവസ്‌ഥ അസ്ഥിരമായ

ഇവിടെയൊക്കെ കൊണ്ട് ആരെങ്കിലും ഈ സാധനം വയ്ക്കുമോ? ചിത്രങ്ങള്‍ കണ്ട് ഞെട്ടരുത്

ബെര്‍ലിന്‍ സ്വദേശിയായ ആരം ബാര്‍ത്തോളാണ് പൊതുജനമധ്യത്തില്‍ യുഎസ്ബികള്‍ ഒളിച്ചു വച്ചിരിക്കുന്നത്…

കുട്ടിക്കാലത്തേക്ക് മടക്കികൊണ്ടുപോകുന്ന മൂന്ന് മിനിട്ട് വീഡിയോ..

അടുത്ത വീട്ടില്‍ കൂറ്റന്‍ ആന്റിന ഉയര്‍ത്തി കണ്ട ചില പഴയകാല പരസ്യങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ഈ മൂന്ന് മിനിട്ട് വീഡിയോ.അന്ന് കാണാതെ പഠിച്ച പരസ്യ ജിംഗിള്‍സ് വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിങ്ങളുടെ മനസ് കുളിരുമെന്ന് ഉറപ്പാണ്.

മുകുന്ദേട്ടന്‍ സുമിത്രെ വിളിക്കുന്നു

അയാള്‍: ഹലോ, അവള്‍  : ഹലോ ങ്ങ, അയാള്‍: എപ്പോ എത്തി. അവള്‍  : ഞാനിപ്പോള്‍…