മലയാളി സമൂഹത്തിന്റെ ജീവിതം വിരസവും ലൈംഗിക ദാരിദ്ര്യം കൊണ്ട് വിഷാദഭരിതവുമാണ്

369

Umer Kutty

മലയാളി സമൂഹത്തിന്റെ ജീവിതം എത്രമാത്രം വിരസവും ലൈംഗിക ദാരിദ്ര്യം കൊണ്ട് വിഷാദഭരിതവുമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നത് കുറച്ചു കാലം മുൻപാണ് .

ഞാൻ ദുബായ് നഗരത്തിലെ ഒരുദ്യാനത്തിലെ ബഞ്ചിലിരിക്കുന്നു , അപ്പോഴാണ് ഓടിക്കിതച്ചു വിയർത്തു ഒരു ടവ്വൽ കൊണ്ട് മുഖം തുടച്ചു നല്ല കായബലം തോന്നിക്കുന്ന ഒരാൾ എന്റെ ബഞ്ചിന്റെ മറ്റേയറ്റത്തു വന്നിരിക്കുന്നത് . സ്വാഭാവികമായും ഒരു ചെറുപുഞ്ചിരിയിൽ തുടങ്ങി ഞങ്ങൾ സംസാരിച്ചു തുടങ്ങി , അയാൾ മധ്യതിരുവിതാംകൂർ സ്വദേശിയാണ് പേര് രാജീവ് എന്ന് നമുക്ക് വിളിക്കാം [ പേര് ഞാൻ മറന്നതാണ് ] പലതും പറഞ്ഞ കൂട്ടത്തിൽ കുടുംബ കാര്യങ്ങളിലേക്കു കടന്നപ്പോൾ മനസിലായി അയാൾ വിവാഹിതനല്ല എന്ന് , വയസ്സ് നാല്പതിനോട് അടുത്തിരിക്കുന്നു കല്യാണം കഴിക്കാൻ ജാതകത്തിലെ എന്തോ പ്രശ്നം കാരണം വീട്ടുകാർ എതിര് നിൽക്കുന്നു അയാൾക്കും അതിൽ ചെറിയ വിശ്വാസം ഇല്ലാതില്ല , ഇനി വിശ്വാസം ഇല്ലെന്നാലും എങ്ങിനെയാണ് വീട്ടുകാരെ എതിർത്തു വിവാഹം കഴിക്കുക എന്നാണ് അയാളുടെ ശങ്ക .

ഞാൻ ചോദിച്ചു വയസ്സ് നാല്പതു ആയി എന്ന് പറയുന്നു ഇതിലിടയ്ക്കു പ്രണയം വല്ലതും ? അയാൾ പറഞ്ഞു പഠിക്കുന്ന സമയത്തു ചില കുട്ടികളോടൊക്കെ തോന്നിയെന്ന് അതിൽ ആരോടും പ്രണയം പറയാൻ ആയില്ല എന്നും .ശരി അത് പോകട്ടെ ഈ പ്രായത്തിനിടയ്ക്കു ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആയോ ? ഹേ അതെല്ലാം മോശമല്ലേ കല്യാണം കഴിക്കാതെ അങ്ങിനെ ബന്ധപ്പെടുന്നത് ശരിയല്ലല്ലോ .ഞാൻ അന്തം വിട്ടു പോയി ശാരീരികമായി ഒരു കുറവുമില്ലാത്ത നല്ല മസിൽ പവറുള്ള, ചെന്നിയിൽ നേരിയ നര കയറാൻ പോകുന്ന ഒരാൾ ഈ ജീവിതത്തിനു ഇടയ്ക്കു ഒരിക്കൽ പോലും മറ്റൊരു ശരീരവുമായി ചേർന്ന് ലൈംഗികത പങ്കിട്ടിട്ടില്ല അപ്പോൾ സ്വയം ഭോഗമല്ലാതെ മറ്റൊന്നും അയാൾ ലൈംഗികതയിൽ അനുഭവിച്ചിട്ടില്ല. വിചിത്രമായി തോന്നണം പിന്നീട് എനിക്കതിൽ പുതുമയില്ല എന്ന് മനസ്സിലായി കുടുംബ ബന്ധങ്ങളിൽ കുടുങ്ങിക്കിടന്ന് അസാധാരണമായ സാദാചാര പാഠങ്ങളും അത് ചെയ്യരുത് ഇത് ചെയ്യരുത് അത് പാപമാണ് ഇത് പാപമാണ് എന്നിങ്ങനെ കുട്ടികളിൽ ബോധ്യങ്ങളുടെ അടിച്ചേൽപ്പിക്കലും നടത്തി മസിൽ പവർ വന്നിട്ടും മനസ്സിന് ഉറപ്പില്ലാതെ വളർന്നു വന്ന അനേകം ചെറുപ്പക്കാർ നമ്മുടെ ഇടയിലുണ്ട് എന്ന് പിന്നീട് ഞാൻ മനസ്സിലാക്കുക ഉണ്ടായി . കല്യാണം കഴിച്ച സ്ത്രീയെ മാത്രമേ സ്പർശിക്കാവൂ മറ്റെല്ലാ ലൈംഗികതയും തെറ്റാണ് എന്ന് വിചാരിക്കുന്ന ചെറുപ്പക്കാരുടെ വലിയ വ്യൂഹം തന്നെ മലയാള സമൂഹത്തിലുണ്ട് .

തുടർന്ന് ഞാൻ അയാളോട് ചോദിച്ചു നിങ്ങളെ കാണാൻ നല്ല ആകാര ഭംഗിയുള്ള ആളാണ് ഒരു സ്ത്രീയും ഇങ്ങോട്ടു വന്നുനിങ്ങളോടു താല്പര്യം പ്രകടിപ്പിച്ചില്ലേ ? അയാൾ കുറച്ചു നേരം നിശബ്ധനായി നിന്നു എന്നിട്ടു മെല്ലെ പറഞ്ഞു ദുബായിലേക്ക് വരാനായി ബോംബെയിൽ ഒരു ബന്ധുവിന്റെ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നപ്പോൾ അവിടെ ഷെയർ ചെയ്തു താമസിച്ചിരുന്ന സ്ത്രീ പ്രലോഭനീയമായ രീതിയിൽ സമീപിക്കുമായിരുന്നു. പക്ഷെ ഞാൻ അവരെ കാണുമ്പോൾ എല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു .. എന്തൊരു തരം മനുഷ്യനാണ് താങ്കൾ മനുഷ്യന്റെ ഏറ്റവും ആസ്വാദ്യകരമായ ജൈവിക ചോദനയ്ക്കു അവസരം ഒരുക്കി ഒരു സ്ത്രീ നമ്മെ സമീപിക്കുമ്പോൾ എങ്ങിനെയാണ് ഒഴിഞ്ഞു മാറുക ! പറയൂ നിങ്ങൾക്ക് ലൈംഗികമായ വല്ല പ്രശ്നവും ഉണ്ടോ ? ഹേയ് അതൊന്നുമല്ല അതൊന്നും ശരിയല്ല അതാണ് കാരണം .

ദുബായ് പോലൊരു നഗരത്തിൽ അയാളെ പോലൊരാൾ ഒരു സുഖവും സന്തോഷവും അനുഭവിക്കാൻ യോഗ്യനല്ല എന്ന് ഞാൻ ആ മുഖത്ത് നോക്കി പറഞ്ഞില്ല കാരണം നേർത്ത ശബ്ദത്തിൽ മാത്രം സംസാരിക്കുന്ന വിഷാദഗ്രസ്ഥമായ മുഖ ഭാവമുള്ള അയാളെ ഹർട്ട്‌ ചെയ്യണ്ട എന്ന് കരുതി . ഇയാളെ കണ്ടതിനു ശേഷം ഇങ്ങിനെ ഒറ്റപ്പെട്ട അധോമുഖത്വമുള്ള പലരുമായും ഞാൻ സംസാരിച്ചിട്ടുണ്ട് പലരും ലൈംഗികത വിഷയമാകുമ്പോൾ ഒഴിഞ്ഞു മാറിക്കളയുകയോ ഇദ്ദേഹം പറഞ്ഞത് പോലെയുള്ള ഒഴിവു കിഴിവുകൾ പറയുകയോ ആണുണ്ടായിട്ടുള്ളത് .

ഞാൻ വിചാരിച്ചു ചാറ്റിങ്ങും ഡേറ്റിങ്ങും ഒക്കെയുള്ള പുതു തലമുറയിൽ ലൈംഗിക അനുഭവങ്ങൾ സുലഭം ആയിരിക്കുമെന്ന് ഈ ഒലിപ്പീരും വാചകം കൊണ്ടുള്ള അധര ലൈംഗികതയുമല്ലാതെ അവിടെയും വലിയ തോതിൽ മാറ്റമൊന്നുമില്ല അണ്ടിയോട് അടുക്കുമ്പോൾ പുളി അനുഭവപ്പെടുന്നു എന്ന് തന്നെയാണ് അവിടേയും അനുഭവം . ഇയ്യിടെ ഓൺ ലൈനിൽ വരുന്ന പയ്യൻ പറഞ്ഞു മറ്റെല്ലാം അവളുമാര് സമ്മതിക്കും പക്ഷെ ഇത് മാത്രം സമ്മതിക്കില്ല എന്ന് , ആൺ കുട്ടികളുടെ കാര്യം ഇങ്ങിനെയാണ്‌ എങ്കിൽ പെൺകുട്ടികൾ മറ്റെങ്ങനെയാണ് പെരുമാറുക ? സുരക്ഷിതമായി ലൈംഗികത ആസ്വദിക്കാൻ പാഠങ്ങളും അറിവുകളും സുലഭമായ ഈ ആധുനിക കാലത്തു പോലും മറ്റൊരു ഉടലിനെ അറിയാനും ആസ്വദിക്കാനാകാത്ത ലോകത്തെ ഒരേയൊരു യുവത കേരളിയ സമൂഹം ആയിരിക്കും എന്ന് ഞാൻ കരുതുന്നു . മലയാള ജനതയുടെ മറ്റെല്ലാ കുരങ്ങൻ ചേഷ്ടകൾക്കും കാരണം ഈ അരക്കെട്ടിന്റെ അസ്വസ്ഥത മൂലം വന്നു ഭവിച്ചതാണ് എന്ന് ഞാൻ കരുതുന്നു .

ഈ കോവിഡ് കാലത്തു ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും കൂടുകയാണ് എന്നാണ് വാർത്ത, സ്വതന്ത്ര ജീവിതം സാധ്യം ആകണമെങ്കിൽ കുട്ടികളെ സ്വതന്തബുദ്ധികളായി വളരാനും കപട സദാചാര മൂല്യങ്ങളുടെ അടിച്ചേൽപ്പിക്കലുകൾ നിർത്തി ശരി പാഠങ്ങൾ അവർക്കു പകർന്നു നൽകുകയും വേണം സ്വച്ഛ സുന്ദരമായ ഒരു മനസ്സിൽ നിന്ന് മാത്രമേ വിഷാദ രഹിതവും അതിക്രമ രഹിതവുമായ ഒരു ഗാർഹിക പരിസരം ഉണ്ടാവണം എന്ന തോന്നൽ വരികയുള്ളൂ നല്ല സമൂഹമാണ് നല്ല വീടുകൾക്ക് ആധാരം സമൂഹം മാറി ചിന്തിക്കുന്നിടത്തു നല്ല കുടുംബങ്ങൾ ഉണ്ടായി വരും അല്ലാതെ വീട് നന്നായിട്ടു നാട് നന്നാവുകയല്ല നല്ല നാട്ടിലേ നല്ല വീടുകൾ കാണൂ എന്നതാണ് സത്യം . കേരളം ലൈംഗിക കാര്യത്തിലെങ്കിലും നല്ല നാടല്ല നല്ല സമൂഹമല്ല .