കഴിഞ്ഞ മുപ്പതു വർഷങ്ങൾകൊണ്ട് കേരള സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടായത് ?

116

Umer Kutty

കേരളം മാറിയോ ?
കഴിഞ്ഞ മുപ്പതു വർഷങ്ങൾകൊണ്ട് കേരള സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടായത് ? മുപ്പതു വർഷം എന്നത് ഞാനുമായി ബന്ധപ്പെട്ട ഒരളവു കോലാണ് .മാറ്റങ്ങൾ ഉണ്ടാവുക പലപ്പോഴും സാവധാനമായിരിക്കും അപ്പോഴും മുപ്പതെന്നത് നീണ്ട കാലയളവുതന്നെയാണ് , സമൂലമായ മാറ്റങ്ങൾ ഉണ്ടായില്ല എങ്കിലും കുറഞ്ഞ തോതിലെങ്കിലും മാറ്റങ്ങൾ പ്രകടമാകേണ്ടതില്ലേ ?
മുപ്പതുവർഷങ്ങൾക്ക് മുൻപ് എന്റെ നാട്ടിലും പരിസരത്തും ഉണ്ടായിരുന്ന ചെറുകിട വ്യവസായങ്ങൾ എല്ലാം നിലച്ചു പോയിരിക്കുന്നു , പകരം മോട്ടോർ വാഹനങ്ങളുടെ ഷോറൂമുകളും മാളുകളും ഇടം പിടിച്ചു . അതായത് ഇവിടെ ഉൽപാദനം നിലച്ചു പോകുകയും പുറത്തു നിന്ന് നിർമ്മിക്കുന്നവ വിറ്റഴിക്കപ്പെടുകയുമാണ് . റോഡുകൾ വികാസം കൊണ്ടിട്ടിട്ടില്ല എങ്കിലും യാത്രയ്ക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്ന തരം പരുക്കൻ പ്രതലം മാറി ടാറിന് പകരം ആസ്‌പാൽട്ട് ഉപയോഗിച്ചുള്ള നിർമ്മിതി സ്വീകരിച്ചിരിക്കുന്നു . ഗ്രാമങ്ങൾ വഴി കടന്നു പോകുന്ന റോഡുകളിൽ പോലും വേഗതയോടെ വാഹനങ്ങൾ കടന്നു പോകുന്നു. നഗരങ്ങളിൽ ഒരിക്കലും ഒഴിയാത്ത ഗതാഗതക്കുരുക്കുകൾ രൂപം കൊള്ളുന്നു . ആളുകൾ ഒരു തരത്തിലുള്ള റോഡ് മാനേഴ്സും ഇല്ലാതെ വണ്ടികൾ ഇടിച്ചു കയറ്റുകയും ചെവി തുളയ്ക്കുന്ന ഹോണുകൾ മുഴക്കുകയും ചെയ്യുന്നു വണ്ടികളിൽ നിന്ന് റോഡിലേക്ക്‌ തുപ്പുകയും കുപ്പികളും മറ്റും എറിയുകയും ചെയ്യുന്നു . മുനിസിപ്പാലിറ്റികൾക്ക് ചവറുകൾ നീക്കാനുള്ള വാഹനങ്ങൾ ഉണ്ടെകിലും തൂപ്പുകാർ അടിച്ചുകൂട്ടി വയ്ക്കുന്ന മാലിന്യങ്ങൾ ഏറെ നേരം അവിടങ്ങളിൽ തന്നെ കിടക്കുന്നു . സർക്കാർ ആപ്പീസുകളുടെ ചുവരുകളിൽ നിറയെ പോസ്റ്ററുകൾ ഒട്ടിച്ചു വച്ചിരിക്കുന്നു കടകട എന്ന് അസഹ്യമായ ശബ്ദമുണ്ടാക്കി യുവാക്കളുടെ ഹൂളിഗൻ ഗ്രൂപ്പുകൾ മോട്ടോർ സൈക്കിളുകൾ ഓടിച്ചു പോകുകയും അമിത വേഗതയിൽ വരുന്ന ബസ്സുകളുടെ മുന്നിലേക്ക്‌ വെട്ടിച്ചു കയറുകയും ചെയ്യുന്നത് കാണുമ്പോൾ നാം ഭയന്നു പോകുന്നു .
തെരുവുകൾകയ്യടക്കി ജാഥ വരുന്നു . പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നു പോസ്റ്ററുകൾ എഴുതിവയ്ക്കുന്നു .[ നഗരത്തിൽ ഏതൊക്കെയോ സംഘടനകൾ ചേർന്ന് പൗരത്വ ബില്ലിന് എതിരെ ഷാഹീൻ ബാഗ് സമരം നടത്തുന്നതു ഗതാഗത തിരക്കില്ലാത്തയിടത്തു കേന്ദ്രീകരിച്ചാണ് .അപ്പോഴും ശബ്ദ ശല്യം നിലനിൽക്കുന്നു ] നഗരത്തിലെ തിരക്കൊഴിഞ്ഞ ഇടങ്ങളിൽ യാചകർ തമ്പടിച്ചിരിക്കുന്നു . കുട്ടികളെ വെയിലത്തു നിർത്തി ബസ്സുകൾ മുതിർന്നവരെ ആദ്യം കയറ്റുന്നു , മാലിന്യങ്ങൾ തെരുവോരങ്ങളിൽ ഇട്ടു കത്തിക്കുന്നു നദിയോരങ്ങളിൽ മാലിന്യം തള്ളുന്നത് കൊണ്ട് യാത്രികർ മനോഹരമായ കാഴ്ചകൾ മറന്നു പോകുന്ന തരത്തിൽ മൂക്ക് പൊത്തിപ്പിടിച്ചു അസഹ്യത കാണിക്കുന്നു . പൊതു ടോയ്‌ലറ്റുകളും ഭോജന ശാലകളുടെ ടോയ്‌ലറ്റുകളൂം വരെ നാറുന്ന തരത്തിലുള്ളതാണ് .
പിന്നെ എന്ത് മാറ്റമാണ് ഉണ്ടായതു ? മൊബീൽ ഫോണുകൾ എല്ലാവരും ഉപയോഗിക്കുന്നു എന്നതാണ് തൊഴിലില്ലാത്ത ആളുകൾ കവലകളിൽ ഇരിക്കുന്നുണ്ട് എങ്കിലും അവർ ദീർഘനേരമായി ഫോണുകൾ വഴി ആരോടൊക്കെയോ സംസാരിക്കുന്നുണ്ട് . മാറ്റമുണ്ട് ആൺ കുട്ടികളും പെൺകുട്ടികളും സൗഹൃദത്തോടെ പെരുമാറുന്നുണ്ട് അവർ ബസ് സ്റ്റേഷനുകളിൽ ഒരു ബഞ്ചിൽ ഇരുന്നു കളിപറയുകയും പഠന കാര്യങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട് . അപ്പോഴും അവരെ തുറിച്ചു നോക്കുന്ന ആളുകൾ അപ്പുറത്തു മാറി നിൽക്കുന്നു .
ഭജ്‌രംഗി ദൾ മാതൃകയിൽ ചുവന്ന കുറി തൊട്ടു നടന്നിരുന്ന ആളുകളെ കാണാനില്ല പകരം ചന്ദന കുറികളും ഭസ്‌മവും അണിഞ്ഞവർ കാലിൽ പോലും ചരട് കെട്ടിയവർ ,നോർത്ത് ഇന്ത്യൻ രീതിയിൽ വസ്ത്രം ധരിക്കുന്ന മീശവടിച്ച മുസ്ലിം ചെറുപ്പക്കാരെ ഗ്രാമങ്ങളിൽ പോലും കാണാമെന്നു വന്നിരിക്കുന്നു . മുഖം മൂടിക്കെട്ടിയ മുസ്ലിം സ്ത്രീകൾ മാത്രമല്ല അറേബ്യൻ ഗോത്ര വേഷമായ കന്തൂറ അണിഞ്ഞു ആളുകൾ യാത്ര ചെയ്യുന്നു മുൻപ് അത്തരം വസ്ത്രം ധരിച്ചിരുന്നത് കൃസ്ത്യൻ പാതിരിമാർ മാത്രമായിരുന്നു .വേഷം കെട്ടലുകൾ നിർബാധം നടക്കുന്നു എന്ന് സാരം . മാപ്പിളമാരുടെ രാപ്രസംഗങ്ങൾ അതിഗംഭീരമായി നടന്നു പോരുന്നു ,വളരെ ചെറിയ കാവുകളിൽ പോലും അതി ഗംഭീരമായി ഉത്സവങ്ങൾ നടക്കുന്നു ചെവി തുളയ്ക്കുന്ന പാട്ടുകൾ അവർ നമ്മെ കേൾപ്പിക്കുന്നു നിരന്തരം അതിന്റെ അറിയിപ്പുകൾ വീടിനു മുന്നിൽ കൂടി കടന്നു പോകുന്ന വാഹങ്ങളിൽ നിന്ന് കേൾക്കാനാകുന്നു .
ഇല്ല പുതു വ്യവസായ സംരംഭങ്ങൾ ഇല്ല ചെറുകിട സംരംഭങ്ങൾ ഇല്ല ,ചെറു പീടികകൾ ഇല്ലാതായികൊണ്ടിരിക്കുന്നു മാളുകളും മേളകളും ഉണ്ടെന്നാലും രാത്രി ജീവിതത്തിനും ഭയലേശമന്യേയുള്ള സഞ്ചാരത്തിനും ഇന്നും സാധ്യമാണെന്ന് തോന്നുന്നില്ല മൊത്തത്തിൽ ചെറിയ മാറ്റങ്ങൾ അല്ലാതെ വലിയ പരിവർത്തനമൊന്നും വന്നിട്ടില്ല എല്ലാം കഴിഞ്ഞ മുപ്പതു കൊല്ലങ്ങൾക്കു അപ്പുറമെന്നത് പോലെ തന്നെ, സർക്കാർ സ്ഥാപങ്ങളിൽ പോയാൽ പെരുമാറ്റം പഴയപടിതന്നെ ലാപ് ടോപ്പും സ്കാനറും പേയിങ് മെഷീനും എല്ലാമുണ്ടെന്നാലും മറ്റെല്ലാം ചട്ടപ്പടി തന്നെ ..
പ്രകടമായ മാറ്റംകണ്ടത് ഗ്രാമീണ ആരോഗ്യ മേഖലയിലാണ് നല്ല വൃത്തിയുള്ള കെട്ടിടങ്ങളും ധാരാളം ഡോക്ട്ടർമാരും ഡോക്ട്ടർ മരുന്ന് എഴുതുമ്പോൾ തന്നെ സിസ്റ്റം വഴി ഫാർമസിയിൽ എത്തുന്ന രീതിയും ഒക്കെയായി ആ സേവനമേഖല നന്നായി കാണുന്നു . ആ രംഗത്തെ ഭരണാധികാരികൾക്ക് നന്ദി .
നമ്മുടെ മാറ്റങ്ങളുടെ വേഗമെന്നത് ഒച്ചിഴയുന്നതുപോലെയാണ് എന്നെനിക്കു തോന്നുന്നതാണോ ? വളരെ വേഗത്തിൽ മാറുന്ന ഇടങ്ങളിൽ കാലങ്ങളായി വസിക്കുന്നത് കൊണ്ടുള്ള ദോഷൈദൃക്ക് കുഴപ്പമാണോ അതല്ല നമ്മുടെ മലയാള സമൂഹം അതിന്റെ പഴഞ്ചൻ പാരമ്പര്യങ്ങളിൽ നിന്ന് മുക്തമാവാൻ മടിക്കുന്നത് കൊണ്ടാണോ ? എന്തായായാലും മുപ്പതു കൊല്ലം കൊണ്ട് ഒരു സമൂഹത്തിൽ ഉണ്ടാകേണ്ടുന്ന മാറ്റം ഇവിടെ പ്രകടമല്ല എന്നത് ഉറപ്പാണ് .