“ശ്രീധന്യ കാറ്ററിങ് സർവീസ്” തന് സന്തോഷങ്ങളിൽ ചിലതിനെക്കുറിച്ചാണ്

Umesh Vallikkunnu

‘കുടിച്ചുപാത്തി കിടക്കുന്ന കൊറേ’ ആണുങ്ങളുടെയും കിണ്ണം കാച്ചിയ പെണ്ണുങ്ങളുടെയും സിനിമയാണ് ‘ശ്രീധന്യ കാറ്ററിങ് സർവീസ്.’ ചിരിയുടെ ചെമ്പിൽ ജിയോ ബേബി “കോട്ടയം ബിരിയാണി” വെക്കുമ്പോൾ വേവുന്ന രാഷ്ട്രീയമാണ് സിനിമയുടെ എസ്സെൻസ് . നിവർന്നു നിൽക്കുന്ന പെണ്ണുങ്ങളുടെ മുന്നിൽ “മഹോന്നതന്മാർ” ഇടിഞ്ഞു വീണു തരിപ്പണമാവുന്ന കാലത്തിന്റെ അടയാളം കൂടിയാകുന്നുണ്ട് ശ്രീധന്യ കാറ്ററിങ് സർവീസ്. ജിയോ ബേബിയുടെ മറ്റൊരു മഹത്തായ സംരംഭം. സിനിമ കണ്ടിറങ്ങിയപ്പോ Smitha Neravath ചോദിച്ചു “ആണുങ്ങൾക്ക് നല്ലോണം റിലേറ്റ് ചെയ്യുന്നുണ്ടാവും ല്ലേ ” എന്ന്. “നല്ലോണം, നല്ലോണം” എന്ന് ഞാനും. ഊളകളായ കെട്ടിയോന്മാരെ ആശ്രയിക്കാതെ ജീവിതത്തെയും കുടുംബത്തെയും കൂളായി മുന്നോട്ടു കൊണ്ടുപോകുന്ന സ്ത്രീകളെ ജീവിതത്തിലെന്ന പോലെ ഈ സിനിമയിൽ ധാരാളം കാണാം. ( മലയാള സിനിമയിലെത്തുമ്പോൾ ധീരശൂരവനിതകളൊക്കെ സ്റ്റീഫൻ നെടുമ്പള്ളിമാരുടെ കാൽക്കൽ അടിയുന്നതാണ് പൊതുവെ കാണാറുള്ളത്.)

നാട്ടുകാരനും സുഹൃത്തും പത്തുനാല്പതു കൊല്ലമായി നാടകക്കാരനുമായ സുനിയേട്ടനെ (കുമാർ സുനിൽ) കൊച്ചു കൊച്ചു വേഷങ്ങളിൽ സിനിമകളിൽ കണ്ടു തുടങ്ങിയിരുന്നു അടുത്ത കാലത്തായി. നമുക്കറിയാവുന്ന വലിയ നടന്മാരെ അങ്ങനെ മുക്കിലും മൂലയിലുമൊക്കെ അപ്രധാന വേഷങ്ങളിൽ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അങ്ങനെ കുഞ്ഞു വേഷങ്ങളിൽ അവർ ഒതുങ്ങിപ്പോകുകയും നാടകരംഗത്തും മറ്റും അതുവരെയുള്ള അവരുടെ വലിയ സംഭാവനകൾ വിസ്‌മൃതിയിലാകുകയും ചെയ്യാറാണ് പതിവ്. അവിടെ നിന്നാണ് കുഞ്ഞില മാസിലാമണി എന്ന സംവിധായിക “അസംഘടിതരിൽ” കുമാറിനെ പ്രാധാന്യമുള്ള ഒരു വേഷത്തിലേക്ക് തിരഞ്ഞെടുക്കുന്നതും സിനിമ കണ്ടവരൊക്കെ ആ നടനെ ശ്രദ്ധിക്കുകയും ചെയ്യുന്നത്.

കഴിഞ്ഞ വനിതാ ദിനത്തിൽ കുഞ്ഞിലയ്ക്കും ടീമിനും അന്വേഷിയും പെൺകൂട്ടും ചേർന്ന് കോഴിക്കോട് നൽകിയ സ്വീകരണം കഴിഞ്ഞു പോകുമ്പോൾ കോട്ടയത്ത് ജിയോ ബേബിയുടെ പുതിയ പടത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കാൻ പോകുകയാണെന്നാണ് സുനിയേട്ടൻ പറഞ്ഞത്. അഞ്ചു മാസത്തിനിപ്പുറം ആ സിനിമയിൽ ഏറ്റവും പ്രാധാന്യമുള്ള വേഷത്തിൽ തകർപ്പൻ പ്രകടനവുമായി അദ്ദേഹത്തെ കണ്ടതാണ് “ശ്രീധന്യ കാറ്ററിങ് സർവീസ്” സമ്മാനിച്ച വ്യക്തിപരമായ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്. സിനിമ കണ്ടിറങ്ങിയപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര ( Shaji Pattikkara ), കുമാറിന്റെ നമ്പർ ചോദിച്ചു വാങ്ങിയതും ഇനി മലയാള സിനിമയിൽ ഈ നടന്റെ നമ്പർ ചോദിച്ച് വിളികൾ വരുമെന്ന് പറഞ്ഞതും ബോണസ്സായി. പ്രശാന്ത് മുരളിയും സംഘവും ( ഓരോരുത്തരും വേറെ വേറെ പുലികൾ) കട്ടക്ക് ഒപ്പം നിന്നതും കുമാറിന്റെ പ്രകടനത്തെ സഹായിച്ചു.

ജിയോ ബേബിയുടെ ‘രണ്ടുപെൺകുട്ടിക’ളാണ് അന്ന ഫാത്തിമയും ശ്യാംഭവിയും. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ സംഘനൃത്തത്തിൽ ശ്യാംഭവി നായികയായെത്തി കയ്യടി നേടിയപ്പോൾ ആയഞ്ചേരിക്കാരി അച്ചുവായി, പുതു തലമുറയിലെ പെൺകുട്ടിയായി അന്നാ ഫാത്തിമയും കയ്യടി നേടുന്നു. സുമേഷ് മൂർ, കുഞ്ഞില, പ്രിയ, ബീന ജിയോ, ജിലു ജോസഫ്, Sudhi Act പ്രശാന്ത് മുരളി, വൈഷ്‌ണവി കല്യാണി എന്നിങ്ങനെ തുടങ്ങി പേരറിയാത്ത നിരവധി അഭിനേതാക്കളുടെ പ്രകടനവും അത്രപെട്ടെന്ന് മറക്കാനാവില്ല. ഒന്ന് വന്നു പോകുന്നേയുള്ളുവെന്നാൽ പോലും ഓരോ കഥാപാത്രത്തെയും നമ്മൾ ഓർത്തുകൊണ്ടേയിരിക്കും.
‘കോഴിക്കോടൻ നന്മ’യെ ഒരിക്കലും മറക്കാനാവാത്ത വിധം ഈ സിനിമ അടയാളപ്പെടുത്തുന്നുതും വേറെ ലെവൽ!

കോഴിക്കോട് ക്രൗൺ തിയേറ്ററിൽ മാത്രമാണ് സിനിമയുള്ളത്. ഉച്ചക്ക് 12.30 നും വൈകീട്ട് 7 മണിക്കും. കോഴിക്കോട്ടെ ഏറ്റവും മികച്ച തിയേറ്ററുകളിലൊന്നായ ക്രൗണിൽ ടിക്കറ്റ് നിരക്ക് 160 രൂപയാക്കി കുത്തനെ കുറച്ച മാനേജ്മെന്റിനോടുള്ള അഭിനന്ദനങ്ങൾ കൂടി പ്രേക്ഷകൻ എന്ന നിലയിൽ ഇവിടെ രേഖപ്പടുത്തുന്നു.
( Surendran Crown )
(തിയേറ്ററിലെ പ്രേക്ഷകരിൽ പകുതിയിലധികം വള്ളിക്കുന്നുകാരാണെന്ന വിസ്മയത്തോടെയാണ് സിനിമ കണ്ടുതുടങ്ങിയത്)❤️

Leave a Reply
You May Also Like

താരപുത്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ, ഞെട്ടിച്ച് മഞ്ജു പിള്ളയുടെ മകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജുപിള്ള. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ…

അൽഫോൺസ് പുത്രൻറെ ഭാര്യയ്ക്കൊപ്പം മീനാക്ഷി ദിലീപിന്റെ തകർപ്പൻ ഡാൻസ്

ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജുവിന്റേയും വിവാഹവും തുടർന്നുള്ള ജീവിതവും അതിനുശേഷം…

മനുഷ്യൻ്റെ വൈകാരികതകളെ ചവുട്ടി അരച്ച് മുന്നോട്ടോടുന്ന ലോകത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ സിനിമ നമുക്ക് കാട്ടിത്തരുന്നത്

സുരൻ നൂറനാട്ടുകര “NO COUNTRY FOR OLD MEN’ “എൻ്റെ പിതാവ് ഒരു ഷെറീഫായിരുന്നു, മുത്തച്ഛനും…

ഒരു കൊച്ചു ഫീൽ ഗുഡ് സിനിമ കണ്ട അനുഭവം

*സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച* Nikhil Godan Moorkkanoor (NGM) അഞ്ച് എപ്പിസോഡുകളുമായി കരിക്ക് ടീമിന്റെ ആദിത്യൻ ചന്ദ്രശേഖർ…