Ummar Tk എഴുതുന്നു

Ummar Tk
Ummar Tk

വളരെ രസകരമായ ഒരു പോസ്റ്റ് പ്രചരിക്കുന്നതു കണ്ടു. പരിസ്ഥിതിയെക്കുറിച്ചു പറയുന്നവരെ ഗാഡ്ഗില്‍ മതക്കാരെന്നു പരിഹസിച്ചു കൊണ്ട്. പരിസ്ഥിതി വാദികള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ താമസിക്കുന്നവരും കാറില്‍ സഞ്ചരിക്കുന്നവരാണെന്നും പറഞ്ഞു കൊണ്ട്. പ്രളയസമയത്ത് പരിസ്ഥിതി രാഷ്ട്രീയം പറയുന്നതിലെ പരിഹാസ്യതയെക്കുറിച്ച്. കാട്ടിനുള്ളില്‍ ഉരുള്‍ പൊട്ടുന്നത് മരം മുറിച്ചിട്ടാണോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ഇതു പോലൊരു യമണ്ടന്‍ ചോദ്യം മുമ്പ് ചോദിച്ചത് സീതിഹാജിയാണ് . കടലില്‍ മഴപെയ്യുന്നത് മരമുണ്ടായിട്ടാണോ എന്ന്. മരം വെച്ചാല്‍ മഴപെയ്യുമെന്നതു കൊണ്ട് ഇത്തരക്കാരിനി മരം മുഴുവന്‍ വെട്ടിക്കളയാനും പറഞ്ഞേക്കും. ഏറ്റവും രസകരമായ കാര്യം പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ എല്ലാവിധ കടന്നു കയറ്റങ്ങളെയും ന്യായീകരിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നത് പരിസ്ഥിതിബോധം അത്യാവശ്യം വേണ്ട ഇടതുപക്ഷക്കാരാണെന്നതാണ്.

പോരാളി ഷാജിമാരെയും കാവിപ്പട സുമേഷുമാരെയും പോലുള്ള തീവ്രരാഷ്ട്രീയക്കാരെപ്പോലെ തീവ്രപരിസ്ഥിതി വാദികളുമുണ്ടായേക്കാം. അഞ്ച് സെന്‍റു മാത്രമുള്ള ഒരു പരിസ്ഥിതിസ്നേഹി വയല്‍ നികത്തി വീടു കെട്ടും പോലല്ല വയല്‍ മണ്ണിട്ടു നികത്തി അതിനെ കച്ചവടവസ്തുവാക്കി മാറ്റുന്നത്. ഗാഡ്ഗില്‍ കരിങ്കല്‍ ക്വാറികള്‍ നിരോധിക്കണമെന്നു പറഞ്ഞിട്ടില്ല. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ അതു പാടില്ലെന്നേ പറഞ്ഞിട്ടുള്ളൂ. എന്തു കൊണ്ട് വിജനമായ കുന്നിന്‍ ചെരിവുകള്‍ തേടിപ്പേകുന്നു ക്വാറിക്കാര്‍?

1. വില തുച്ഛമാണ്.

2. ദരിദ്രരായ ആള്‍ക്കാരാവും ഉള്ളത് എന്നതു കൊണ്ട് എതിര്‍പ്പുകള്‍ കുറയും

3. അനധികൃതമാണെങ്കില്‍ പോലും സംഘടിക്കാന്‍ ആളുകളുണ്ടാവില്ല.

4. പാവപ്പെട്ടവര്‍ ജീവിക്കാനാവാതെ തുച്ഛമായ വിലയ്ക്ക് സ്ഥലം അവര്‍ക്കു തന്നെ വില്‍ക്കും.

5. മിക്കവാറും അനുമതി ലഭിച്ച സ്ഥലത്തിനപ്പുറം ഖനനം നടത്താം.

ഇങ്ങിനെ പലതുണ്ട്. അമിത ലാഭമുണ്ടാക്കാനുള്ള ത്വരയാണ് പരിസ്ഥിതിദുര്‍ബ്ബലപ്രദേശങ്ങള്‍ തിരഞ്ഞെടുക്കാന്‍ കോര്‍പ്പറേറ്റുകളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് നാലു ദിവസം ഞങ്ങള്‍ തൃശൂരില്‍ പെട്ടു പോയിരുന്നു. നാലാം ദിവസം ഒരു ഇന്നോവക്കാരന്റെ ധൈര്യത്തില്‍ തൃശൂരില്‍ നിന്നു കോഴിക്കോടേക്കു സാഹസിക യാത്ര നടത്തി. തൃശൂരു വിട്ടപ്പോള്‍ അനേകം കാര്‍ ഷോറൂമുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. വെള്ളത്തിലൂടെയാണ് വണ്ടിയോടുന്നത്. ദൂരെ വലിയവര്‍ താമസിക്കുന്ന ശോഭസിറ്റി ചൂണ്ടിക്കാട്ടി ഡ്രൈവര്‍ പറഞ്ഞു. അവിടെ വെള്ളം കയറില്ല. എത്ര വെള്ളവും ഉള്‍ക്കൊള്ളാനാവുന്ന കോള്‍പ്പാടമായിരുന്നു ഈ പ്രദേശം. അവിടെ മണ്ണിട്ടു നികത്തിയുണ്ടാക്കിയ നിര്‍മ്മാണപ്രവര്‍ത്തനമാണ് നീരൊഴുക്ക് തടഞ്ഞ് ഈ റോഡും ഓരത്തെ കടകളും മുഴുവന്‍ മുങ്ങാനുള്ള പ്രധാനകാരണം. ഇതൊരു അനുഭവജ്ഞാനമാണ്. പരിസ്ഥിതിയെ നശിപ്പിച്ച് പതിനായിരം കോടി നേടുന്ന ഇത്തരം കോര്‍പ്പറേറ്റുകള്‍ പ്രളയദുരിതാശ്വാസത്തിലേക്കു നല്‍കുന്ന ഒരു കോടി വലിയ വാര്‍ത്തയും ചിത്രവുമാകും. അടുത്ത നൂറേക്കര്‍ നികത്താന്‍ ഏതു രാഷ്ട്രീയക്കാരനുമുള്ള ടോക്കണാണത്. അഞ്ചു സെന്റ് നികത്തുന്നവന് നൂറു കടമ്പകള്‍ കടക്കേണ്ടി വരും. പ്രളയസമയത്ത് രാഷ്ട്രീയം പറയരുതെന്നാണ് പ്രധാനവാദം. പുനരധിവാസം കഴിഞ്ഞ് ഇത്രാം തീയതി മുതലേ രാഷ്ട്രീയം പറഞ്ഞൂ കൂടൂ എന്നുണ്ടോ?

രാഷ്ട്രീയമില്ലാത്ത ഒന്നുമില്ല. അതിനിന്ന സമയമെന്നുമില്ല. ഈ ദുരന്തമുഖത്തു തന്നെയാണ് നാം രാഷ്ട്രീയം പറയേണ്ടത്. മുഖ്യമായും പരിസ്ഥിതിയുടെ രാഷ്ട്രീയം. ഈ പ്രളയത്തില്‍ പ്രധാന വില്ലനായത് ഉരുള്‍പൊട്ടലായിരുന്നു. ഏറ്റവും പരിസ്ഥിതി ദുര്‍ബ്ബലപ്രദേശമായ രണ്ടിടത്തും അനധികൃതമായ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു പറയപ്പെടുന്നു. എങ്കില്‍ അത്തരം അന്വേഷണങ്ങള്‍ നടക്കേണ്ടതല്ലേ? താമരശ്ശേരി വഴി കല്‍പ്പറ്റയക്കു കടന്നു പോയവര്‍ക്ക് ചുരത്തിലെ കുത്തനെയുള്ള ചെരിവുകളില്‍ മണ്ണിളക്കി കപ്പ പോലുള്ള കൃഷികള്‍ നടത്തുന്നതു കാണാം. അത്ര അപകടകരമാണത്? ഗവണ്മെന്റ് അത്തരം സ്ഥലങ്ങള്‍ ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേ? കുത്തനെയുള്ള ചരിവുകളില്‍ ഏകവിളകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതല്ലേ? ആഗോളതാപനത്തിലും പ്രകൃതി ദുരന്തങ്ങളിലും മനുഷ്യന്റെ ഇടപെടല്‍ എത്രത്തോളമുണ്ടെന്ന അന്വേഷണങ്ങള്‍ നമ്മുടെ ഉത്തരവാദിത്തത്തില്‍ പെടില്ലേ? വികസിത രാജ്യങ്ങൾ പോലും അന്തരീക്ഷ മലിനീകരണത്തിന്റെ പേരിൽവിമാന സർവീസിനു പകരം തീവണ്ടിയാത്രയെ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മൾ അതിനെ തീർത്തും അവഗണിച്ച് രണ്ടു ശതമാനത്തിനു മാത്രം വേണ്ട വിമാനത്താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ ? കാളവണ്ടിയിലേക്കു തിരിച്ചു പോകണമെന്നല്ല, പൊതു സമൂഹത്തിന് സഹായകമാവും വിധം വേണം വികസനം എന്നാണ് സൂചിപ്പിച്ചത്. പൊതു ഗതാഗതം ശക്തിപ്പെടുത്തിയാൽ മാത്രമേ സ്വകാര്യ വാഹന ഉപയോഗം കുറയൂ. വാഹനം വാങ്ങാൻ 9 % വും പഠനത്തിന് 12 % വും ലോൺ ആണ് നമ്മുടെ രീതി. ഓര്‍മ്മയില്‍ വരുന്ന രണ്ടു സംഭവങ്ങള്‍ പറയാം.

80 കളവസാനമാണെന്നു തോന്നുന്നു. വനം വകുപ്പ് കേരളത്തില്‍ വ്യാപകമായി അക്കേഷ്യ വെച്ചു പിടിപ്പിക്കാന്‍ ശ്രമിച്ചു. വിദേശത്തു നിന്നു സഹായം വാങ്ങി അത്തരം മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പ്രകൃതിക്ക് ദോഷം ചെയ്യുമെന്നു തിരിച്ചറിഞ്ഞ കുറച്ചു പേര്‍ പരിയാരത്ത് വെച്ച് അക്കേഷ്യ മരങ്ങള്‍ മുറിച്ചു. പഴയ നക്സലൈറ്റായ പിടി തോമസും മറ്റും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു. ഇന്ന് പരിയാരമുള്‍പ്പെടെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിലെ വെളിമ്പ്രദേശങ്ങളില്‍ മറ്റൊരു ചെടിയെയും പൊറുപ്പിക്കാതെ അക്കേഷ്യക്കാടുകള്‍ പടരുന്നു. ക്രാന്തദര്‍ശികളെ, വിസില്‍ബ്ലോവേഴ്സിനെ നാം ഭ്രാന്തന്മാരായി കാണും. മറ്റൊന്ന് ഹിരോഷിമയിലെ അണുവികിരണം പോലെ വിയറ്റ്നാമില്‍ ഏജന്‍റ് ഓറഞ്ച് പോലെ ചെർണോ ബിൽ പോലെ ഒരു പക്ഷേ ഇതിനെക്കാളൊക്കെ മാരകമായി മാറിമാറി വന്ന ഭരണകൂടങ്ങള്‍ സ്വന്തം ജനതയുടെ മേല്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴപെയ്യിച്ചത് എത്ര കാലമാണ്? എന്തായിരുന്നു ആ ജനത ചെയ്ത തെറ്റ്? ആരാണീ പ്രശ്നം വളരെക്കാലം കൊണ്ട് പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കു കൊണ്ടു വന്നത്? ഈ പറഞ്ഞ പരിസ്ഥിതി വാദികളല്ലേ?

വന വകുപ്പ് നമ്മുടെ കാടുകളിൽ ചുവട്ടിൽ മറ്റൊന്നിനെയും വളരാൻ വിടാത്ത തേക്കു നട്ടുപിടിപ്പിച്ച് കാടിന്റെ ആവാസവ്യവസ്ഥ മാറ്റി വന്യജീവികൾക്ക് നാട്ടിലേക്കിറങ്ങി വരേണ്ട അവസ്ഥയുണ്ടാക്കുന്നു. അതിനെ വനവൽക്കരണം എന്നു പറയുന്നു. ജീവിതം ചെറുതാണ്, അതുകൊണ്ട് പരമാവധി പ്രകൃതിയെ ഊറ്റുക തിന്നുക മദിക്കുക എന്ന പ്രയോജനവാദസിദ്ധാന്തം താല്കാലികബുദ്ധികളെ രസിപ്പിച്ചേക്കും. പ്രകൃതിയിലെ എല്ലാ ദുരിതങ്ങളെയും നമുക്ക് നേരിടാനാവില്ല. പക്ഷേ മനുഷ്യൻ സൃഷ്ടിക്കുന്ന ദുരന്തങ്ങൾക്ക് നാം മറുപടി പറഞ്ഞേ മതിയാവൂ.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.