അമ്മു ഒന്നു തിരിച്ചടിച്ചിരുന്നെങ്കില്‍ ?

56

Ummar Tk

ഥപ്പടാണല്ലോ ഇപ്പോ ചര്‍ച്ചാ വിഷയം. ഞാനായിട്ടൊന്നും പറഞ്ഞില്ലെന്നു വേണ്ട. ജനപ്രിയമായ ചേരുവകകളെല്ലാം ഭംഗിയില്‍ ചേര്‍ത്തൊരുക്കിയ നല്ല എന്‍റര്‍ടെയിനറാണ് അത്. ഇന്ത്യയിലെ തൊണ്ണൂറു ശതമാനത്തിലധികം വിവാഹവും സ്നേഹത്തിലൂടെ ആരംഭിക്കുന്നതല്ല. ജാതിയും മതവും സാമൂഹികസാമ്പത്തികപദവികളും എല്ലാം ഉള്‍പ്പെട്ട ഒരു കരാറാണത്. സര്‍ഗാത്മകമല്ലാത്തതും ആവര്‍ത്തിക്കുന്നതും മടുപ്പിക്കുന്നതുമായ അനേകം പണികള്‍ ആ കരാറില്‍ സ്ത്രീക്ക് വ്യവസ്ഥ ചെയ്തിരിക്കുന്നു. അതിനുള്ളില്‍ ശാരീരികവും മാനസികവുമായ അടികള്‍ ഭൂരിഭാഗം സ്ത്രീകളും നിരന്തരം ഏറ്റുകൊണ്ടുമിരിക്കുന്നു.

ജനപ്രിയസിനിമകളുടെ പ്രധാന ലക്ഷ്യം സാമാന്യജനതയുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ പ്രതീതിയിലൂടെ നികത്തുക എന്നതാണ്. യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് വ്യാജമായ പരിഹാരം. നമ്മുടെ സിനിമയിലെ പ്രണയരംഗങ്ങള്‍, പാട്ടുകള്‍ നോക്കുക. ലോകത്ത് ഇഷ്ടമുള്ളവര്‍ തമ്മില്‍ കൈകോര്‍ത്ത് നടന്നാല്‍ അടി നൂറു ശതമാനം ഉറപ്പാക്കാനാവുന്ന രാജ്യമാണല്ലോ ഇന്ത്യ. മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളെയാണ്, ആ ഇല്ലായ്മകളെയാണ് ഒരു ജനത പ്രണയക്കാഴ്ച്ചകളിലൂടെ പരിഹരിക്കുന്നത്. ഇതേ പോലെ അടി കിട്ടിയ നായികയുടെ പ്രതികാരം ഒരു ജനതയുടെ, സവിശേഷമായും ദാമ്പത്യത്തിലെ കയ്പ്പില്‍, മരവിപ്പില്‍, സര്‍ഗാത്മകരാഹിത്യത്തില്‍ പൂണ്ടുപോയ സ്ത്രീകളെ സംബന്ധിച്ച് പ്രതീതിയാഥാര്‍ഥ്യമായി മാറുന്നു എന്നതാണ് സിനിമയുടെ വിജയം. (നമ്മുടെ സിനിമകളിലെ ഗാനരംഗങ്ങള്‍ കണ്ട് ഒരു വിദേശി ഇന്ത്യയിലെ ജനങ്ങള്‍ പ്രണയം ആഘോഷമായി കൊണ്ടു നടക്കുന്നവരാണ് എന്നു വിലയിരുത്തും പോലെയാണ് ഥപ്പട് സ്ത്രീവിമോചന സിനിമയാണെന്നൊക്കെ വിലയിരുത്തുന്നത്.) നമ്മുടെ നായകന്മാര്‍ പോലീസ് ഓഫീസറെ തല്ലുന്നതു കണ്ട് നാം കൈയ്യടിക്കുന്നതിനു തുല്യം. ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ യൂട്യൂബിലുണ്ട്. പോലീസ് പേടി എന്ന യാഥാര്‍ഥ്യം അതിലുണ്ട്. പോലീസോഫീസറെ തെരുവില്‍ നമ്മുടെ നായകര്‍ കൈകാര്യം ചെയ്യുന്നത് അതിന്‍റെ വ്യാജ പരിഹാരവും.

വാഴ്വേ മായത്തിലെന്ന പോലെ നായികാനായകന്മാര്‍ക്കു സമാന്തരമായി വേലക്കാരിയുടെ ഒരു കുടുംബജീവിതം ഇവിടെയുമുണ്ട്. ജാതിവ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നമ്മുടെ സിനിമകളില്‍ അത് കൃത്യമായുണ്ടാകും. ഒരു സംഘട്ടന രംഗത്തില്‍ നായകനു സമാന്തരമായി കര്യസ്ഥനോ ശിങ്കിടിയോ ആയ ഭാസിയും ബഹദൂറും ജഗതിയും ഇങ്ങേയറ്റം ഇന്ദ്രന്‍സുവരെ നമ്മളില്‍ ചിരിയുണര്‍ത്താനായി തല്ലിലേര്‍പ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അതേ പരിഹാസ്യത ഈ വേലക്കാരിയിലും കൊണ്ടു വരുന്നുണ്ട്.

ഒരു സുഹൃത്തിനെയാണ് ഇത്തരമൊരവസ്ഥയില്‍ അടിക്കേണ്ടി വരുന്നതെങ്കില്‍ തീര്‍ച്ചയായും തിരിച്ചടി ഉറപ്പ്. അമ്മു ഒന്നു തിരിച്ചടിച്ചിരുന്നെങ്കില്‍ സിനിമ പൊളിഞ്ഞ് പാളീസായേനെ. അവളുടെ കുലസ്ത്രീ ഇമേജ് പാതാളത്തിലെത്തും. ഭര്‍ത്താവുമായി പിണങ്ങിയിട്ടും കുളിമുറിയില്‍ വീണ അമ്മായിയമ്മയെ രക്ഷിക്കാന്‍ എത്തിച്ചേരുന്ന, വീട്ടിലെ ചടങ്ങിനെത്തുന്ന സഹനനായികയിലൂടെ മെലോഡ്രാമ സൃഷ്ടിച്ച് അവളുടെ സ്വഭാവത്തെ, ആത്മപീഢയും ത്യാഗവും സ്വായത്തമാക്കിയ ഭാരതസ്ത്രീത്വത്തിലേക്ക് ഉയര്‍ത്തുന്നുണ്ട് സംവിധായകന്‍. വളരെ ഉല്‍പ്പതിഷ്ണുത്വമുള്ള ഒരു കുടുംബത്തില്‍ വളര്‍ന്നിട്ടും സമര്‍ഥയായ ഒരു വീട്ടുകാരി എന്നതിനപ്പുറം തന്‍റെ വ്യക്തിത്വത്തെ വിളിച്ചറിയിക്കുന്ന ഒന്നും തന്നെ അമുവില്‍ കാണുന്നുമില്ല. സ്നേഹമില്ലാതെ കൂടെ ജീവിക്കാന്‍ കഴിയില്ല എന്നവള്‍ പറയുന്നുണ്ട്. സ്നേഹിച്ചു വിവാഹിതരായവരല്ല അവര്‍. ജീവിച്ച് സ്നേഹത്തിലെത്തിയവരാണ്. കുടുംബമെന്നത് ഒരു സ്ഥാപനം മാത്രമാണ്. സ്നേഹബന്ധങ്ങള്‍ അതിനെ ജൈവസ്വഭാവമുള്ളതാക്കി മാറ്റാം. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മെ ഞെരുക്കുന്ന, മുറിവേല്‍പ്പിക്കുന്ന കുടുംബമെന്ന ഈ ഷെല്ല് ശരീരത്തില്‍ വഹിച്ച് മുന്നോട്ടു ഞെരുങ്ങി നീങ്ങുന്നവരാണ് ഭൂരിഭാഗം പേരും. സ്ത്രീകളെ സംബന്ധിച്ച് പോകാനൊരിടവുമില്ലത്തവര്‍.

സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രമായ വക്കീല്‍ നേത്ര അതൃപ്തമായ ദാമ്പത്യത്തെ അതിജീവിക്കുന്നത് ഒരു ഷെഫുമായുള്ള ശാരീരികമാനസിക സൌഹൃദം കൊണ്ടാണ്. അത് വളരെ സ്വാഭാവികമാണ്. വിവാഹത്തില്‍ നിന്നും പിന്മാറുന്ന നേത്ര തന്‍റെ സുഹൃത്തുമായുള്ള ബന്ധവും ഉപേക്ഷിക്കുന്നു. ആ അവസ്ഥയില്‍ ഏറ്റവും അത്യാവശ്യമായ ലൈംഗികതയിലെ സ്വയം നിര്‍ണയാവകാശം പോലും അടിയറവ് വെച്ച് പോപമോചിതയായ ഉത്തമസ്ത്രീരത്നമായി അവള്‍ മാറുന്നു. സദാചാരസംരക്ഷകരായ നമ്മെ അത് അങ്ങേയറ്റം തൃപ്തിപ്പെടുന്നു. (ഈ സന്ദര്‍ഭത്തെ താരതമ്യം ചെയ്യാന്‍ ലീന യാദവ് എന്ന സ്ത്രീ സംവിധാനം ചെയ്ത Parched എന്ന സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണം.)

ഇനി ആദാമിന്‍റെ വാരിയെല്ല് എന്ന സിനിമ യൂട്യൂബില്‍ നിന്നും കണ്ടു നോക്കൂ. മിഥ്യാസംതൃപ്തി നല്‍കുകയല്ല, പരിഹാരങ്ങളല്ല, യാഥാര്‍ഥ്യം തന്നെ നമുക്കു മുന്നിലേക്കു വെക്കുകയാണ് കെ ജി ജോര്‍ജ്. അവ പക്ഷേ നാം കൊണ്ടാടില്ല. ഉപരിവര്‍ഗത്തിലെയും മധ്യവര്‍ഗത്തിലെയും അടിത്തട്ടിലെയും അനുഭവങ്ങളെ മൂന്നു സ്ത്രീകളിലൂടെ അവതരിപ്പിക്കുന്ന ആ സിനിമ കാണൂ. പ്രതീതികളിലല്ല നാം അഭിരമിക്കേണ്ടതെന്ന സത്യം അത് മനസ്സിലാക്കിത്തരും.

വിനയയുടെ ആത്മകഥയില്‍ ഭീകരമാം വിധം അക്രാമകമായ പുരുഷാധികാരം നിറഞ്ഞ തങ്ങളുടെ നായര്‍ കുടുംബത്തിനൊപ്പം ചായ്പ്പില്‍ താമസിക്കുന്ന ആദിവാസികളായ വൃദ്ധദമ്പതികളെക്കുറിച്ചു പറയുന്നുണ്ട്. വൃദ്ധന്‍ അടിച്ചപ്പോള്‍ ഭാര്യ അമ്മിക്കുട്ടിയെടുത്ത് എറിഞ്ഞു. പരിക്കേറ്റ അയാളെ ഒരു മാസം അവര്‍തന്നെ ശുശ്രൂഷിക്കുകയും ചെയ്തു. തരതമ്യേന തുല്യത ഉള്ളതു കൊണ്ടു തന്നെ കലഹങ്ങള്‍ അവിടെ സാധാരണമാവും. ഉപരിവര്‍ഗത്തില്‍ അത് നീറിപ്പുകയും. അമു പോലും എത്രകാലം കാത്തിരുന്നാണ് സംസാരിക്കുന്നത് എന്നു നോക്കൂ. വാരിയെല്ലിലെ ശ്രീവിദ്യ ഗംഭീരമാക്കിയ ഉപരിവര്‍ഗസ്ത്രീക്ക് സമൃദ്ധിയുടെ പുറന്തോടുണ്ട്. അകം ജീര്‍ണ്ണിച്ചതും. സുഹാസിനി അവതരിപ്പിക്കുന്ന ജോലിയും വീട്ടിലെ അധികജോലിയുമുള്ള ഇടത്തരക്കാരി ഭ്രാന്തിലാണെത്തിച്ചേരുന്നത്. അടിത്തട്ടില്‍ നിന്നും വരുന്ന തൊഴിലാളി സ്ത്രീയെയാണ് അതില്‍ വ്യക്തിത്വമുള്ളവളായി, പ്രതികരിക്കുന്നവളായി അവതരിപ്പിക്കുന്നത്. ആദാമിന്‍റെ വാരിയെല്ലും പാര്‍ച്ച്ഡും കൂടി കണ്ടാല്‍ നമുക്ക് യാഥാര്‍ഥ്യവും പ്രതീതിയാഥാര്‍ഥ്യവും തമ്മിലുള്ള വേര്‍തിരിവ് മനസ്സിലാക്കാനാവും.

Advertisements