ഉമ്മറിന്റെ രസകരമായ സിനിമാനുഭവങ്ങൾ

153
Abdul Kalam Kalam
പ്രശസ്ത നടൻ ശ്രീ കെ പി ഉമ്മർ , എൺപതുകളിലെ നാന സിനിമാവാരികയിൽ തന്റെ അനുഭവങ്ങൾ എഴുതിയിരുന്നു .’ ഇന്നലെ ഇന്ന്’ എന്ന പേരിൽ . അതിലെ ഒരു ലക്കത്തിൽ ഗായകൻ യേശുദാസുമൊത്തുള്ള അനുഭവങ്ങളാണ് എഴുതിയിരിക്കുന്നത്. കൗതുകകരമായ ആ വിശേഷങ്ങൾ താല്പര്യമുള്ളവർക്കായി പങ്കുവെക്കുന്നു.
ഒരിക്കൽ രാത്രി ഒന്നര മണിക്ക് ഞാനും ‘ സ്വർഗരാജ്യം’ എന്ന പടത്തിന്റെ സംവിധായകനായ ശ്രീ പി ബി ഉണ്ണിയും മദിരാശിയിലുള്ള ഗോൾഡൻ സ്റ്റുഡിയോയിലിരുന്നു ഓരോരോ കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു.അന്നൊക്കെ രാത്രി ഷൂട്ടിങ് വെച്ചാൽ പകുതി പണം കൊടുത്താൽ മതി .അതുകൊണ്ട് മലയാള നിർമ്മാതാക്കൾ ഷൂട്ടിങ് വെക്കുന്നത് രാത്രിയിലായിരിക്കും .പിറ്റേന്ന് രാവിലെ മുതൽ വൈകുന്നേരം വരെ കിടന്നുറങ്ങാം .വൈകുനേരം ആറു മണിക്ക് ശേഷം വീണ്ടും ഷൂട്ടിങ് .അന്ന് നാടകക്കാരും സിനിമാക്കാരും പ്രവർത്തനരീതിയിൽ വലിയ വ്യത്യാസമുണ്ടായിരുന്നില്ല .വൈകുന്നേരം ആറു മണിക്ക് ഷൂട്ടിങ് കഴിഞ്ഞു പോകുന്ന മറ്റു ഭാഷാ ചിത്രങ്ങളിലെ നടീനടന്മാർ ഞങ്ങളെ അവജ്ഞയോടെ നോക്കും .ദരിദ്രവാസികൾ എന്ന ഭാവത്തിൽ .ഉണ്ണിയും ഞാനും സംസാരിച്ചിരിക്കവേ ,ഏതോ ഒരു യുവാവ് ഞങ്ങളുടെ കസേരക്ക് പിറകിൽ വന്നു നിന്നു .ഉടനെ ഉണ്ണി ആ യുവാവിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നു .” ഇതാണ് പുതിയ ഗായകൻ യേശുദാസ്.
മി.അഗസ്റ്റിൻ ജോസെഫിന്റെ മകൻ ” . അഗസ്റ്റിൻ ജോസെഫിന്റെ മകൻ എന്ന് കേട്ടപ്പോൾ എനിക്ക് ആ യുവാവിനോട് ഒരു പ്രത്യേക താല്പര്യം തോന്നി .കാരണം മലയാള നാടക വേദിയിലെ എന്റെ മുന്ഗാമിയായിരുന്ന ആ നടനെപ്പറ്റി ശ്രീമാൻ ചേർത്തല എസ ജെ ദേവും നാരായണൻ ഭാഗവതരും വൈക്കം മണിയുമൊക്കെ എന്നോട് നേരെത്തെ പറഞ്ഞിരുന്നു .ഇരിക്കാൻ പറഞ്ഞപ്പോൾ അയാൾ നിന്നതേയുള്ളൂ .” അർദ്ധ രാത്രി മഫ്ലർ ഒന്നും കെട്ടാതെ നിന്നാൽ ശബ്ദത്തിനു കുഴപ്പമുണ്ടാവില്ലേ ?” ഞാൻ ചോദിച്ചു .” ഒരു കുഴപ്പവുമില്ല”.ആ യുവാവ് വിനയപുരസ്സരം മറുപടി നൽകി .
പിന്നീട് ഞാൻ കെ പി എ സി നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എല്ലാ രാത്രിയും യേശുദാസിന്റെ പാട്ടുകൾ കേൾക്കാറുണ്ടായിരുന്നു .അപ്പോഴെല്ലാം അന്ന് അർധരാതി ഗോൾഡൻ സ്റ്റുഡിയോയിൽ വെച്ച് കണ്ട ആ വിനയാന്വിതനായ ചെറുപ്പക്കാരന്റെ രൂപം എന്റെ മനസ്സാകുന്ന വെള്ളിത്തിരയിലേക്ക് പ്രതിഫലിക്കുമായിരുന്നു .പരേതനായ മുഹമ്മദ് റാഫിക്ക് ശേഷം ലോകം കേട്ട അപൂർവ്വം ശബ്ദങ്ങളിൽ ഒന്നാണ് യേശുവിന്റേത് .
ഇന്ത്യയും പാകിസ്താനും യുദ്ധം നടന്നപ്പോൾ ഞങ്ങൾ കേരളത്തിലെ ഒൻപതു പട്ടണങ്ങളിൽ കലാപരിപാടികൾ നടത്തി ഏഴു ലക്ഷം രൂപയോളം ഇന്ത്യ ഗവർമെന്റിന്റെ യുദ്ധനിധിയിലേക്ക് പിരിച്ചുകൊടുത്തു .അന്നൊക്കെ യേശുദാസും ഞാനും ഒരേ മുറിയിലായിരുന്നു താമസച്ചിരുന്നത് .കുട്ടിക്കളി മാറിയിട്ടില്ലാത്ത യേശുദാസിനെയാണ് ഞാനന്നു കണ്ടത് .പിന്നീട് യേശു അഖിലലോക പ്രശസ്തനായി .ആലപ്പുഴയിലെ ദൊര സാർ ഒരിക്കൽ ‘ടാൻസൻ’ എന്ന പടത്തിലെ യേശുദാസ് പാടിയ കുറെ പാട്ടുകളുടെ ടേപ്പ് എന്നിക്ക് തന്നു .ആ പാട്ടുകൾ കേട്ടപ്പോൾ ഞാൻ അത്ഭുദപ്പെട്ടുപോയി .ഈ പാട്ടുകൾ കൂടി പുറത്തിറങ്ങിയാൽ പിന്നെ ഇന്ത്യയിൽ യേശുദാസിനെ വെല്ലാൻ വേറൊരു ഗായകനുണ്ടാവില്ല .ഞാൻ പറഞ്ഞു .യേശുവിന്റെ ആരാധകാനായ ദൊര സാർ അത് തലകുലുക്കി സമ്മതിച്ചു .
കാലംകൊണ്ട് പിന്നീട് അയ്യപ്പഭക്തനായ യേശുദാസിനെ കുറിച്ച് ‘തനിനിറം’ പത്രത്തിൽ ഒരു വാർത്ത വന്നിരുന്നു .കത്തോലിക്കാ സഭ നടപടിയെടുക്കാൻ പോകുന്നു എന്ന് പറഞ് .ഇത് വായിക്കാനിടയായി ഞാൻ , യേശുദാസിന്റെ വീട്ടിലേക്ക് വിളിച്ചു .അമ്മയായിരുന്നു എടുത്തത് .അവരും വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു .കുറച്ചു നേരം പലതും സംസാരിച്ചതിന് ശേഷം ഫോൺ വെച്ചു . അതിനു ശേഷം ചങ്ങനാശേരി ബിഷപ്പിനു ഞാൻ please forgive yesudaas എന്ന് പറഞ്ഞു ഒരു കമ്പിയടിച്ചു .പ്രശസ്ത സാഹിത്യകാരനും പണ്ഡിതനയുമായിരുന്ന പ്രൊഫസർ എം പി പോളിന്റെ മൃതദേഹം തെമ്മാടിക്കുഴിയിൽ മറവു ചെയ്ത സംഭവം എന്റെ മനസ്സിലുണ്ടായിരുന്നു .അതുകൊണ്ടാണ് അങ്ങനെ ചെയ്തത് .
തന്റെ കുടുംബത്തെ പുലർത്താൻ വളരെ സൂക്ഷിച്ചു ജീവിച്ച ഒരു നാടകനടനായിരുന്നു അഗസ്റ്റിൻ ജോസഫ് .അദ്ദേഹം മദ്യപാനിയായിരുന്നില്ല .അന്നൊക്കെ ഒരു നാടകനടന്റെ ഭാര്യ എന്തെല്ലാം വിഷമതകൾ അനുഭവിച്ചു കാണും .കിട്ടുന്ന ചുരുങ്ങിയ വരുമാനം കൊണ്ട് വീട് പുലർത്തുക .തന്റെ ഭർത്താവ് ഉറക്കമൊഴിച്ചു വരുമ്പോൾ അദ്ദേഹത്തെ ശുശ്രുഷിക്കുക അങ്ങെനെ .
യേശുദാസിന്റെ സഹോദരിയുടെ വിവാഹ ദിവസം രാവിലെ ഞാൻ ആലപ്പുഴയിൽ നിന്ന് കൊച്ചിയിലെത്തി .ഇതാണ് നമ്മുടെ ഉമ്മുക്ക എന്ന് പറഞ്ഞു കൊണ്ട് സഹോദരിയെയും മറ്റും പരിചയപ്പെടുത്തി .വിവാഹം വൈകുന്നേരമായതുകൊണ്ടു എനിക്ക് പങ്കെടുക്കാൻ കഴിയില്ല എന്ന വിവരം ഞാൻ ഖേദപൂർവ്വം അമ്മയെ അറിയിച്ചു .വിവാഹിതയാകാൻ പോകുന്ന ആ സഹോദരിയെ അനുഗ്രഹിച്ചു ഞാൻ സ്ഥലം വിട്ടു .
പിന്നീടൊരിക്കൽ രണ്ടു സുഹൃത്തുക്കൾ എന്നെ കാണാൻ വന്നിരുന്നു .അതിലൊരാൾ യേശുദാസിന്റെ സന്തത സഹചാരിയായിരുന്നു .ഞാൻ കത്തോലിക്കാ സഭയുടെ വിഷയങ്ങൾ അയാളോടും സംസാരിച്ചു .യേശുദാസിനോട് പറയാൻ വേണ്ടിയായിരുന്നില്ല ഞാനാകാര്യങ്ങൾ പറഞ്ഞത് .അൽപ്പ ബുദ്ധിയായ ആ മനുഷ്യൻ ആ കാര്യങ്ങളൊക്കെ പറഞ്ഞു യേശുദാസിനെ ഉപദേശിച്ചു .അധികം വൈകാതെ എനിക്ക് യേശുവിന്റെ ഫോൺ വന്നു . “you are a great actor., you have discussed this an unwanted element” എന്ന് പറഞ്ഞു അദ്ദേഹം.
“I am so sorry” എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വെച്ചു . .അതിനു ശേഷവും യേശുദാസിനോട് എനിക്ക് എന്തെങ്കിലും വെറുപ്പോ വിദ്വേഷമോ തോന്നിയിട്ടില്ല .പിന്നീട് കണ്ടുമുട്ടുമ്പോൾ പരസ്പരം നമസ്കാരം പറയുമെന്നല്ലാതെ കൂടുതൽ സംസാരിക്കാറുണ്ടായിരുന്നില്ല .
പിന്നീടൊരിക്കൽ എറണാകുളത്തു വെച്ച് നടന്ന അവാർഡ് നൈറ്റിൽ യേശുദാസും പങ്കെടുത്തിരുന്നു .പണ്ട് എന്നോടൊപ്പം താമസിച്ചിരുന്ന ആ പഴയ യേശുദാസിനെയാണ് ഞാനന്നു കണ്ടത് .എന്റെ മനസ്സ് ആനന്ദം കൊണ്ട് നിറഞ്ഞു .വളരെ സ്നേഹസമ്പന്നനും ലോലഹൃദയനും കുട്ടികളെ പോലെ നിഷ്കളങ്കനുമായി യേശുദാസ് പെരുമാറി .എന്റെ കണ്ണുകൾ ഈറനണിഞ്ഞു .നാം ആരാധിക്കുന്ന പ്രശസ്തനായ ഒരു കലാകാരൻ ഹൃദയം തുറന്നു പെരുമാറുമ്പോൾ നമ്മുടെ ബഹുമാനവും ആരാധനയും പതിന്മടങ്ങ് വർധിക്കുന്നു .ആശംസാ പ്രസംഗം നിർവഹിക്കാൻ പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ മോഹനൻ എന്നെ ക്ഷണിച്ചപ്പോൾ “ഉമ്മുക്കാ ആശംസാ പ്രസംഗമാണ് ,മറക്കരുത് ട്ടോ ” എന്ന് യേശുദാസ് എന്റെ ചെവിയിൽ മന്ത്രിച്ചു .അതിനുമുമ്പ് പലപ്പോഴും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഉദാഹരണസഹിതം കളിയാക്കി പ്രസംഗിച്ചത് കേട്ടിട്ടുള്ള യേശുദാസ് പറഞ്ഞത് ഞാൻ അക്ഷരംപ്രതി അനുസരിച്ചു .പ്രസംഗത്തിന് ശേഷവും ഞാനും യേശുവും നിര്മാതാവാ ആർ എസ പ്രഭുവും ഗ്രീൻ റൂമിൽ ഇരുന്നു ഏറെ സംസാരിച്ചു .യേശുദാസിൽ കണ്ട അസാധാരണമായ ആ മാറ്റമാണ് ഈ ലേഖനമെഴുതാൻ എന്നെ പ്രേരിപ്പിച്ചത് .
[താൻസൻ എന്ന പടം പുറത്തിറങ്ങിയില്ല. അതുകൊണ്ടുതന്നെ അതിലെ പാട്ടുകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതുപോലെ, യേശുദാസിന്റെ സഹോദരി ഗീതു ആന്റണിയുടെ മകൾ പിന്നീട് യേശുദാസിന്റെ കൂടെ ഒരു ചിത്രത്തിൽ ഡ്യൂയറ്റ് പാടുകയുണ്ടായി.]
* * *
മറ്റൊരു ലക്കത്തിൽ അദ്ദേഹം പങ്കുവെച്ച ഏതാനും വിശേഷങ്ങൾ കൂടി വായിക്കൂ.
# ഒരിക്കൽ ഒരു പടത്തിന്റെ ഔട്ട് ഡോർ ഷൂട്ടിങ്ങിനായി കെ പി ഉമ്മർ കൊല്ലത്ത് താമസിക്കുകയായിരുന്ന കാലം. ഗസ്റ്റ്ഹൗസിന്റെ മാനേജരായിരുന്ന ഒരു കരുണാകരപ്പിള്ളയുടെ കൂടെ രാത്രി സംസാരിച്ചിരിക്കുമ്പോൾ കൗണ്ടറിന്റെ എതിർവശത്തു രണ്ടു ചെറുപ്പക്കാർ സംസാരിച്ചിരുന്നു . അവരുടെ പിറകുവശം മാത്രമേ അവർക്കു കാണാമായിരുന്നുള്ളു . കുറച്ചു കഴിഞ്ഞു അവരിലൊരാൾ എന്തോ കാര്യത്തിന് തിരിഞ്ഞു നോക്കിയപ്പോൾ കരുണാകരപ്പിള്ളയെ കണ്ടു .അങ്ങനെ അവരുടെ അടുത്തേയ്ക്ക് വരുകയും ചെയ്തു . പിള്ള ചെറുപ്പക്കാരനെ കെ പി ഉമറിന് പരിചയപ്പെടുത്തി .നല്ല ഒത്ത ഒരു ചെറുപ്പക്കാരൻ .ചുരുളൻ മുടിയും വെളുത്ത നിറവും . അയാളെ കണ്ടപ്പോൾ കെ പി ഉമറിന് അത്ഭുദമായി . അദ്ദേഹം ചോദിച്ചു , ” നിങ്ങൾക്ക് സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചു കൂടെ ?”.ചെറുപ്പക്കാരൻ ഭവ്യതയോടെ പുഞ്ചിരിക്കുക മാത്രം ചെയ്തു.മാസങ്ങൾക്കു ശേഷം ആ ചെറുപ്പക്കാരൻ സിനിമയിൽ വന്നു . സാക്ഷൽ ജനാർദ്ദൻ
 കൊല്ലത്തു വെച്ച് തന്നെ മറ്റൊരു യുവാവിനെയും അദ്ദേഹം ഇത് പോലെ കണ്ടുമുട്ടി .ജാനുവിനോട് ചോദിച്ച അതേ ചോദ്യം ആവർത്തിച്ചു .എന്ന് മാത്രമല്ല , തച്ചോളി അമ്പു എന്ന പടത്തിൽ , ശിവാജി ഗണേശനുമായുള്ള കെ പി ഉമ്മറിന്റെ സംഘട്ടന രംഗത്ത് (അദ്ദേഹത്തിന് പകരമായി ?)ഈ യുവാവിനെ അഭിനയിപ്പിക്കാൻ ,നിർമ്മാതാവ് അപ്പച്ചന്റെ അടുക്കലേക്ക് ശുപാർശക്കത്തും കൊടുത്തു അയച്ചു . കാര്യം വിജയിച്ചില്ലെങ്കിലും അത് മറ്റൊരു തരത്തിൽ ആ യുവാവിന്റെ സിനിമാജീവിതത്തിനു തുടക്കം കുറിച്ചു .ആ യുവാവ് ലാലു അലക്സ് എന്ന നടനായി .
# മദ്രാസ് സർക്കുലർ റോഡിലെ ഒരു വാടകവീട്ടിൽ താമസിക്കുന്ന കാലം .ഒരു മുസ്ലിം യുവാവ് , അയാളുടെ ഭാര്യ വൈക്കോൽ കൊണ്ട് ഉണ്ടാക്കിയ ചിത്രങ്ങളുമായി കെ പി ഉമറിന്റെ അടുത്ത് വരുമായിരുന്നു .പടം ആവശ്യമില്ലാതിരുന്നിട്ടും അദ്ദേഹം ആ ചെറുപ്പക്കാരനിൽ നിന്ന് ആ ചിത്രങ്ങൾ വാങ്ങുമായിരുന്നു .പിന്നൊരിക്കൽ ആ യുവാവ് വന്നത് ഒരു ശിപാർശ കത്തിന് വേണ്ടിയായിരുന്നു .
അയാൾക്ക് ഡയറക്ഷൻ പഠിക്കണം .അങ്ങനെ സിനിമാ സംവിധായകനാകണം .ക്രോസ്സ് ബെൽറ്റ് മണിക്ക് കെ പി ഉമ്മർ ഒരു ശിപാർശകത്ത് കൊടുത്തു .പിന്നെ കുറേകാലം ആ ചെറുപ്പക്കാരൻ മണിയുടെ കൂടെ സഹസംവിധായകാനായി പ്രവർത്തിച്ചു .പിന്നീട് ആ യുവാവ് മലയാളത്തിലെ പ്രിയങ്കരനായ സ്വതന്ത്ര സംവിധായകനായി മാറി .
# സംവിധായകൻ കെ പി പിള്ളയുടെ ‘ കതിർമണ്ഡപം’ എന്ന പടത്തിലഭിനയിക്കാൻ പത്തു വയസ്സുള്ളൊരു പെൺകുട്ടി വന്നു .അഛനില്ലാത്ത ആ പെൺകുട്ടി അദ്ദേഹത്തിന് സ്വന്തം മകളെപോലെയായിരുന്നു .ഒരിക്കൽ അദ്ദേഹം അവളോട് ചോദിച്ചു .”നിനക്ക് ഒരു വലിയ നടിയാകണമെന്നു ആഗ്രഹിമില്ലേ ” എന്ന് . ” ഇല്ല അങ്കിളേ , എനിക്ക് സിനിമയിലഭിനയിക്കുന്നത് ഒട്ടും ഇഷ്ട്ടമല്ല”.ഒട്ടും ആലോചിക്കാതെ അവൾ മറുപടി പറഞ്ഞു .
” നീ ഒരിക്കൽ പ്രശസ്ത നടിയാവും .അന്ന് നീ ഈ അങ്കിളിനെ ഓർമ്മിക്കുകയില്ല . തീർച്ച “. അദ്ദേഹം ഇത് പറഞ്ഞപ്പോൾ ആ കുട്ടി നിർവികാരതയോടെ കേട്ട് നിന്നതേയുള്ളൂ .
വര്ഷങ്ങള്ക്കു ശേഷം ഒരിക്കൽ അദ്ദേഹം വീട്ടിലില്ലാത്ത നേരം ഒരു ഫോൺ കാൾ വന്നു . കെ പി ഉമ്മർ അങ്കിളിനെ അന്വേഷിച്ചു . ‘ മുന്താണി മുടിച്ച്’ എന്ന പടം റിലീസായതും തനിക്ക് തമിഴിൽ നല്ല പേര് കിട്ടിയെന്നും ആഹ്ലാദമറിയിച്ചു ഒരു പ്രശസ്ത നടിയാണ് വിളിക്കുന്നത് .മറ്റാരുമല്ല .നമ്മുടെ ഉർവ്വശി . അടുത്ത ദിവസം തന്നെ അദ്ദേഹം അവരുടെ വീട്ടിൽ പോയി . അവിടെ ഉർവ്വശിയുടെ അമ്മയും അമ്മാവനും ഉണ്ടായിരുന്നു . കെ പി ഉമറിന്റെ കാൽപാദം തൊട്ടു വന്ദിച്ചു ഉർവ്വശി .
(പിന്നെ ഉർവശി വാങ്ങിയ കോണ്ടസാ കാറിൽ കറങ്ങിയതും മറ്റുമൊക്കെ വിവരിക്കുന്നുണ്ട് അദ്ദേഹം അനുഭവക്കുറിപ്പുകളിൽ .)