Credit : Praveen William & Sethu Rajan | MOVIE STREET

അനുരാഗ കരിക്കിൻവെള്ളം എന്ന തന്റെ ആദ്യ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഉണ്ടയുമായി ഖാലിദ് റഹ്മാൻ എത്തുമ്പോൾ വളരെ മികച്ചൊരു ചലച്ചിത്രം കൂടി സമ്മാനിച്ചുകൊണ്ട് തന്റെ പേര് മലയാള സിനിമയിൽ കൂടുതൽ ശക്തമായി അടയാളപ്പെടുത്തുകയാണ്. ഇലക്ഷൻ ഡ്യൂട്ടിക്കായി കേരളത്തിൽ നിന്ന് അത്യാവശ്യത്തിനു മാത്രം ഉണ്ടകളുമായി ചത്തിസ്‌ഗഡ്ഡിലെ ബസ്താറിലേക്‌ പോകുന്ന ഒരു കൂട്ടം പോലീസുകാരുടെ കഥയേക്കാൾ അവർ നേരിടുന്ന പ്രതിസന്ധികളെയും, അവസ്ഥകളെയും പ്രേക്ഷനിലേക്ക്‌ യാഥാർത്ഥ്യ ബോധ്യത്തോടെ എത്തിക്കുന്ന ചിത്രമാണ് ‘ഉണ്ട’. എടുത്ത്‌ പറയാൻ പാകത്തിന്‌ സംഭവ വികാസങ്ങൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും ആദ്യ പകുതി റോക്കറ്റ്‌ സ്പീഡിലായിരുന്നു തീർന്നത്‌. സിറ്റുവേഷണൽ നർമ്മങ്ങൾ എല്ലാം രസകരമായിരുന്നു. ആദ്യ കുറച്ച്‌ സമയം കൊണ്ട്‌ തന്നെ കഥാപാത്രങ്ങൾ തമ്മിലുള്ള ഇഴയടുപ്പം ക്രിസ്റ്റൽ ക്ലിയറാക്കി ഡെലിവർ ചെയ്യുകയും കൂടാതെ സിനിമ സംസാരിക്കുന്ന കഥാ പശ്ചാത്തലവും കഥാപാത്രങ്ങളുടെ ബാക്ഗ്രൗണ്ടും വ്യക്തമാക്കിയാണ് ഒന്നാം പകുതി അവസാനിക്കുന്നത്.

അനുരാഗ കരിക്കിൻ വെള്ളത്തിൽ പിന്തുടർന്ന ഒബ്ജക്റ്റീവ് ആയി കഥപറയുന്ന രീതിയാണ് ഖാലിദ് റഹ്മാൻ ഉണ്ടയിലും സ്വീകരിച്ചിരിക്കുന്നത്. നായക കേന്ദ്രീകൃതമായി കഥ പറഞ്ഞ് പോകാതെ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകി അവരുടെ കാഴ്ചപ്പാടിലും കഥാ പരിസരങ്ങൾ ഉണ്ടാക്കിയെടുത്ത്‌ അത് പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ തിരക്കഥ വിജയിക്കുന്നുണ്ട്. അസാമാന്യ പ്രകടനങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും, എസ് ഐ മണിയായി എത്തിയ മമ്മൂട്ടിയോടൊപ്പം, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, രഞ്ജിത്ത് എന്നിവർ തങ്ങളുടെ വേഷങ്ങൾ ഗംഭീരമായി തന്നെ അവതരിപ്പിച്ചു. ദളിതനായതിന്റെ പേരിൽ തൊഴിലിടങ്ങളിലും സമൂഹത്തിലും എന്തിനേറെ സ്വന്തം മണ്ണിലും വരെ ജീവിക്കാൻ അവകാശം നിഷേധിക്കപ്പെടുന്ന ഒരു ജനത നമ്മുടെ നാട്ടിലുണ്ട്. അവർ അനുഭവിക്കുന്ന സാമൂഹിക അവസ്ഥാന്തരങ്ങളെ ശക്തമായ ഭാഷയിൽ ചലച്ചിത്രം അടയാളപ്പെടുത്തുമ്പോൾ അതിനു അടിത്തറ പാകുന്ന ബിജു എന്ന പോലീസ് ഓഫീസറിന്റെ കഥാപാത്രമായെത്തുന്ന ‘ലുക്മാൻ’ എടുത്ത് പറയേണ്ടുന്ന പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്.

പല സീനുകളെയും ബൂസ്റ്റ്‌ ചെയ്യുന്നതിൽ പ്രശാന്ത്‌ പിള്ളയുടെ ബാക്ഗ്രൗണ്ട്‌ സ്കോർ വഹിച്ച പങ്ക് ചില്ലറയല്ല. പ്രത്യക്ഷത്തിൽ പൊള്ളയെന്ന് തോന്നുമെങ്കിലും ഇരുത്തി ചിന്തിക്കണ്ട പല വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്‌. പ്രത്യേകിച്ച്‌, വയനാട്ടിലെ ആളുകൾ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകളും, നോർത്ത്‌ ഇന്ത്യയിലെ ഇലക്ഷൻ പ്രൊസീഡ്യേഴ്സും, കള്ളവോട്ടും, വോട്ട്‌ തിരിമറിയും, കേരളത്തിൽ നിന്ന് ഇലക്ഷൻ ഡ്യൂട്ടിക്കായി പോകുന്ന പോലീസുകാരുടെ അവസ്ഥയും മറ്റും നന്നായി പ്രതിപാദിച്ചിട്ടുണ്ട്‌. സിനിമയുടെ മൊത്തത്തിൽ ഉള്ള ഒഴുക്കിനെയും ആസ്വാദന നിലവാരത്തെയും ഉയർത്തുന്നതിൽ ശക്തമായ തിരക്കഥയും ബാക്ക് ഗ്രൗണ്ട് സ്കോറും എടുത്ത് പറയുമ്പോൾ ഒപ്പം അഭിനന്ദിക്കേണ്ട വസ്തുതയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. എഡിറ്റിംഗ് ടേബിളിൽ ആണ് ഒരു സിനിമ ജനിക്കുന്നത് എന്നതിനെ പൂർണമായും സാധൂകരിക്കുന്നതാണ് ഉണ്ടയുടെ എഡിറ്റിംഗ്. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം നൗഫൽ അബ്‌ദുള്ള എന്ന എഡിറ്ററുടെ ക്രാഫ്റ്റ് വെളിവാക്കുന്ന ചിത്രം കൂടിയാണ് ഉണ്ട.

ഖാലിദ്‌ റഹ്മാന്റെ രണ്ടാമത്തെ ചിത്രവും മികച്ചത്‌ തന്നെയാണെന്ന് നിസംശയം പറയുവാനാകും. ഒന്നാം പകുതിയിൽ കഥാ പരിസരങ്ങൾ പരിചയപ്പെടുത്തി രണ്ടാം പകുതിയിൽ ചിത്രം ഫുൾ ഓൺ ആയി വളരെ മികച്ചൊരു പ്രേക്ഷകാനുഭവം സമ്മാനിച്ചുകൊണ്ട് അവസാനിക്കുമ്പോൾ 2019 ൽ മലയാള സിനിമയ്ക്ക് മറ്റൊരു മികച്ച ചലച്ചിത്രം കൂടി ലഭിക്കുന്നു. ഒരുപാട് കുറവുകൾ ഉണ്ടെങ്കിലും കേരളാ പോലീസിന്‌ പിടിച്ച്‌ നിൽക്കാനും ഒരു പ്രതിസന്ധി ഘട്ടത്തെ മറികടക്കാനും ലാത്തിയും ഹെൽമറ്റും മതിയെന്നും, ചങ്കൂറ്റമുള്ള മലയാളി പോലീസിന് എന്തിനെയും മറികടക്കാനാകുമെന്നും ചിത്രം പറഞ്ഞ് വയ്ക്കുന്നുണ്ട്. അനുരാഗ കരിക്കിൻ വെള്ളം കാണിച്ച്‌ തന്നത്‌ ഒരു പോലീസ് കാരനെയും അവന്റെ കുടുംബ ജീവിത പശ്ചാത്തലത്തെയും ആണെങ്കിൽ ഉണ്ട വിരൽ ചൂണ്ടുന്നത് കേരളത്തിന്റെ armed പോലീസ് വിഭാഗത്തിന്റെ കഷ്ടപ്പാടുകളെയും ഓരോ ഇലക്ഷന് കാലഘട്ടങ്ങളും അവർക്ക് സമ്മാനിക്കുന്ന ദുരിത പൂർണമായ ജീവിതത്തിനും നേർക്കാണ്. ചിത്രത്തിന്റെ ബേസിക്ക്‌ ത്രെഡ്‌ നടന്നൊരു സംഭവം ആണെന്നുള്ളത് ഉണ്ടയുടെ മാറ്റ്‌ കൂട്ടുന്നുണ്ട്.

Credit : Praveen William & Sethu Rajan | MOVIE STREET

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.