എല്ലാവർക്കും വരുമാനം; യൂണിവേഴ്സൽ ബേസിക് പേ സാദ്ധ്യമാണോ ?

546

രഞ്ജിത് ആന്റണി (Ranjith Antony)എഴുതുന്നു

എല്ലാവർക്കും വരുമാനം;യൂണിവേഴ്സൽ ബേസിക് പേ സാദ്ധ്യമാണോ ?

2011 ൽ ജോലി ആവശ്യത്തിനായി ജാർഖണ്ടിലൂടെ യാത്ര ചെയ്യാൻ അവസരം ലഭിച്ചിരുന്നു. അന്ന് ജോലി ചെയ്തിരുന്ന കമ്പനിയുടെ ക്ലൈന്റുകളിൽ ഒരു ശതമാനം പവർപ്ലാന്റുകളും ഖനികളുമായിരുന്നു. അനവധി, കൽക്കരി, ഇരുമ്പ്, പലതരം മിനറലുകളുടെ ഖനികൾ കൊണ്ട് നിറഞ്ഞ ജാർഘണ്ഢിൽ എത്തിയത്

രഞ്ജിത് ആന്റണി

അങ്ങനെയാണ്. ചെറു പട്ടണങ്ങളും, ഗ്രാമങ്ങളും കടന്ന് വേണം പശ്ചിമ ബംഗാളിനോട് അതിർത്തിയിൽ ഇരിക്കുന്ന ക്ലൈന്റ് സൈറ്റുകളിൽ എത്താൻ. ഇൻഡ്യൻ ഗ്രാമങ്ങളിലെ ജീവിതം ഒരു വിധം അടുത്ത് നിന്ന് കണ്ടത് അന്നാണ്.

പ്രതിലോമകങ്ങളുടെ കലവറയാണ് ജാർഘണ്ട്. ഇൻഡ്യയുടെ മൈനിംഗ് റെവന്യുവിന്റെ 40% ഉത്പാദിപ്പിക്കുന്ന ഒരു സംസ്ഥാനമാണ്. ഏറ്റവും കൂടുതൽ GSDP ഉള്ള സ്റ്റേറ്റുകളിൽ ഒന്നും. ചുരുക്കി പറഞ്ഞാൽ മിഡിൽ ഈസ്റ്റിലെ ഒരു എമിറേറ്റ്സ് ആകാൻ വരുമാന സ്രോതസ്സ് ഉള്ള നാട്. എന്നിട്ടും 30% ആളുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. പട്ടിണിയും, പട്ടിണി മരണങ്ങളും, പോഷകഹാരക്കുറവു മൂലം കുട്ടികൾ മരിക്കുന്നതും തുടർക്കഥയാണ് അവിടെ. സാക്ഷരത വെറും 65% ത്തിൽ താഴെ. ECL പ്രൊഡക്ഷൻ നിർത്തിയ അനേകം ഖനികൾ ഇന്ന് അധോലോകത്തിന്റെയും, മാവോയിസ്റ്റുകളുടെയും പിടിയിലാണ്. അവിടങ്ങളിൽ ദിനംപ്രതി അപകടങ്ങൾ നടക്കുന്നുണ്ട്. പുറം ലോകം അറിയാറില്ല. ഇത്തരം അനധികൄത ഖനികളിൽ ജോലിക്കിടയിൽ മരിച്ചു വീഴുന്ന അനേകം പേരുണ്ട്. നൂറു കൊല്ലത്തിലധികമായി ഇൻഡ്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി നിന്ന നാടിന്റെ കാര്യമാണിത്. തലമുറകളായി ഖനിയിൽ കരിപിടിച്ച് ജീവിച്ച് മരിക്കാനാണ് അവിടുള്ളവർക്ക് വിധി. സ്റ്റേറ്റിന്റെ വരുമാനത്തിന്റെ ഒരു ചെറിയ അംശം പോലും “ട്രിക്കിൾ ഡൌണ്” ചെയ്ത് ജനങ്ങളിലേയ്ക്ക് എത്തുന്നില്ല എന്ന് ചുരുക്കം.

സാമ്പത്തിക,സാമൂഹിക അസമത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ നാട്.

ഇത് ജാർഘണ്ടിന്റെ മാത്രം കാര്യമല്ല. ലോകം മുഴുവൻ ഇത്തരം അസമത്വങ്ങൾ നമുക്ക് കാണാം. ഒരു കൂട്ടർ സമ്പത്തും, പ്രകൄതി വിഭവങ്ങളും സാമാഹരിച്ചു കൂട്ടുമ്പോൾ മറ്റൊരു വിഭാഗം പോവർട്ടി ട്രാപ്പിൽ നിന്ന് രക്ഷപെടാനാവാതെ ജീവിക്കുന്നു. ആധുനിക ധനതത്വശാസ്ത്ര തിയറികളെല്ലാം ഗ്യാരണ്ടി ചെയ്യുന്ന ഈ ട്രിക്കിൾ ഡൌണ് എല്ലായ്പ്പോഴും നടക്കണമെന്നില്ല. നവലിബറൽ സാമ്പത്തിക ശാസ്ത്ര മോഡലുകൾ മാത്രമല്ല, 20 ആം നൂറ്റാണ്ട് പരീക്ഷിച്ച ഒരു സാമ്പത്തിക മോഡലിനും ഈ പ്രകടമായ അസമത്വങ്ങൾ ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. കമ്യൂണിസം എന്ന ഇക്കണോമിക് മോഡലിനു പോലും അത് സാധിച്ചില്ല എന്ന് മനസ്സിലാക്കണം. ഇത് ആധുനിക ധനതത്വശാസ്ത്രജ്ഞരെ കുഴക്കുന്ന ഒരു പ്രഹേളിക ആയി ഇന്നും അവശേഷിക്കുന്നു.

1960 ൽ Milton Friedman അവതരിപ്പിച്ച നെഗറ്റീവ് ഇൻകം ടാക്സ് എന്ന സ്കീമാണ് അസമത്വം അവസാനിപ്പിക്കാൻ അവതരിപ്പിച്ച ഒരു മോഡൽ. അടിസ്ഥാന ടാക്സ് എക്സെംഷനു താഴെ വരുമാനമുള്ളവർക്ക് തിരികെ ടാക്സ് ലഭിക്കുന്നതാണ് നെഗറ്റീവ് ഇൻകം ടാക്സ്. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയാണ് ടാക്സ് എക്സെംഷൻ എന്ന് വെയ്ക്കുക. ടാക്സ് റേറ്റ് 50% ആണെന്ന് കരുതുക. ഒരാൾ 80,000 രൂപയെ സമ്പാദിച്ചുള്ളു എങ്കിൽ വർഷാവസാനം അവനു 10,000 രൂപ ലഭിക്കും. അവനു ഒരു ലക്ഷം ഉണ്ടാക്കാൻ 20,000 രൂപ കൂടെ വേണമായിരുന്നു. അതിനാൽ അതിന്റെ പകുതി (ടാക്സ് റേറ്റ് 50% ആയത് കൊണ്ട്) ഗവണ്മെന്റ് ടാക്സായി അവനു നൽകും. പല രാജ്യങ്ങളും ഇതിന്റെ പല വകഭേദങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. അമേരിക്കയിലെ ടാക്സ് ക്രെഡിറ്റ് സിസ്റ്റം ഈ നെഗറ്റീവ് ഇൻകം ടാക്സിനു ഒരു ഉദാഹരണമാണ്.

ഇത്തരം വരുമാനത്തെ ആശ്രയിച്ചുള്ള അസമത്വ നിരാകരണം ഇൻഡ്യയുടെ കോണ്ടെക്സ്റ്റിൽ വർക് ചെയ്യില്ല. ടാക്സ് നൽകുന്നവരും, ടാക്സ് ഫയൽ ചെയ്യുന്നവരും 20% ത്തിൽ താഴെയെ ഉള്ളു. അതിനാൽ സ്വാതന്ത്ര്യം കിട്ടിയ അന്നു തൊട്ട് വിവിധ വെൽഫയർ സ്കീമുകളിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനം നടത്താനാണ് ഇൻഡ്യ ശ്രമിച്ചത്. ഇതിൽ റേഷനുണ്ട്, വിധവാ പെൻഷനുണ്ട്, മറ്റനവധി സബ്സിഡികൾ ഉണ്ട്. ഇവയുടെ പ്രശ്നം ഇതിന്റെ ഒക്കെ യതാർത്ഥ ഉപയോക്താക്കൾ പലപ്പഴും ദരിദ്രരല്ല എന്നതാണ്. പ്രസിദ്ധ ഇക്കണോമിസ്റ്റ് Jean Dreze നടത്തിയ പഠനത്തിൽ ഗവണ്മെന്റ് ചിലവാക്കുന്ന തുകയുടെ 28% മാത്രമേ ഉപയോക്താക്കളിലേയ്ക്ക് എത്തുന്നുള്ളു. ബാക്കി എല്ലാം പലരുടെ പോക്കറ്റിലേയ്ക്ക് വക മാറി പോകും. ഈ പറഞ്ഞ ജാർഘണ്ടിൽ ഈ വിതരണ ശൄഖലയിലെ ഒരു പ്രധാന കണ്ണി ഗ്രാമമുഖ്യനാണ്; സർപ്പഞ്ച്. അയാളുടെ ചംചകൾക്ക് വീതം വെയ്ക്കുന്ന പരിപാടിയാണ് ഈ ജാർഘണ്ട് ഗ്രാമങ്ങളിൽ നടക്കുന്നത്. അവർക്കൊക്കെ വീതം വെച്ച് അവസാനം കിട്ടുന്നവനു കഷ്ടി കാൽ ഭാഗം പോലും ലഭിക്കില്ല. (ഇത്തരം ഖാപ് പഞ്ചായത് പോലുള്ള പാരലൽ ഗവണ്മെന്റുകളെ വിളിക്കുന്ന പേരാണ് ക്ലഡ്ജോക്രസി – Kludgeocracy)

ഇന്ന് രാജ്യത്തിന്റെ GDP യുടെ 2% ത്തോളം ഇതുപോലുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കും, സബ്സിഡികൾക്കുമാണ് വിനയോഗിക്കുന്നത്. അത് എത്തണ്ടവർക്ക് എത്തുന്നുമില്ല. GDP യുടെ 2% ത്തോളം ക്ഷേമ പദ്ധതികൾക്ക് വിനയോഗിക്കുന്ന ഒരു രാജ്യത്ത് 25% പേരും ദരിദ്രരാണെന്നത് പേടിപ്പെടുത്തുന്ന ഒരു നമ്പറാണ്. ലോകത്ത് ദരിദ്രരായ മൂന്നിൽ ഒന്ന് മനുഷ്യൻ ഇൻഡ്യയിലാണ് എന്ന് മനസ്സിലാക്കിയാൽ ഈ 25% എത്ര വലിയൊരു സംഖ്യ ആണെന്ന് മനസ്സിലാകും. ഇതിനൊരു പരിഹാരമായി, Jean Dreze യും Amartya Sen, Manmohan Singh മുതലായവർ പറയുന്ന ഒരു മോഡലാണ്, DBT; അതായത് Direct Benefit Transfer. ഈ ക്ഷേമ പദ്ധതികൾക്ക് വിനയോഗിക്കുന്ന പണം കാശായി അവകാശപ്പെട്ടവരുടെ ബാങ്കിലേയ്ക്ക് നിക്ഷേപിക്കുക. ഈ 25% പേർക്ക് മാസം 7,500 രൂപ വെച്ച് നൽകിയാൽ ഈ 25% ദരിദ്രർ എന്നത് 1% ആയി ചുരുങ്ങും എന്നാണ് അനുമാനം.

ഈ മോഡലിനു ചുവടു പിടിച്ചാണ് 2013 ൽ UPA ഗവണ്മെന്റ് DBT ആവിഷ്കരിക്കുന്നത്. ആദ്യം ഗ്യാസ് സബ്സിഡിയായിരുന്നു. പടിപടിയായി അവതരിപ്പിച്ച് അവസാനം എല്ലാ ക്ഷേമപദ്ധതികളും (റേഷൻ അടക്കം) നിർത്തലാക്കി ആ പണം നേരിട്ട് ബാങ്കിൽ നിക്ഷേപിച്ച് നൽകുക. പറഞ്ഞ് വന്നത് കോണ്ഗ്രസ്സിന്റെ പ്രകടന പത്രികയിലെ UBI (Universal basic income) എന്നത് ഈ വെളിച്ചത്തിലാണ് കാണണ്ടത്. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവർക്ക് മാസം 12,000 രൂപ എങ്ങനെ നൽകും എന്ന് പലരും ചോദിച്ചു കണ്ടു. സബ്സിഡികളും,ക്ഷേമപദ്ധതികളും കാശു രൂപത്തിൽ അവതരിപ്പിച്ചാൽ അത് നടക്കാവുന്ന ഒരു പദ്ധതി ആണെന്ന് തന്നെ പറയണ്ടി വരും. GDP യുടെ 2% ക്ഷേമ പദ്ധതികൾക്ക് നിലവിൽ വിനയോഗിക്കുന്നുണ്ട്. അത് വകമാറ്റിയാൽ ഈ 12,000 രൂപ എന്നത് അപ്രാപ്ര്യമായ ഒരു സംഖ്യ അല്ല.

ഇതൊരു വിഷ് ഫുൾ തിങ്കിങ് ആയിരിക്കാം. പക്ഷെ ഇതൊരു സ്റ്റെപ് ഇൻ റൈറ്റ് ഡയറക്ഷൻ ആണെന്ന് തന്നെ പറയണ്ടി വരും. എന്നാലും പ്രതിബന്ധങ്ങൾ അനവധിയുണ്ട്. ദരിദ്രരായവരെ തിരഞ്ഞ് കണ്ട് പിടിക്കുക എന്നത് തന്നെ ശ്രമകരമായ പണിയാണ്. ആ പ്രക്രിയയിലും, കൈക്കൂലിയും ഇടനിലക്കാരും അനേകം കാണും. ഈ സർപ്പഞ്ചുകൾ തൊട്ട് അധോലോകം വരെ ഇതിൽ കയ്യിട്ട് വാരിയെന്നിരിക്കാം. പക്ഷെ ഇത് നടന്ന് കിട്ടിയാൽ തലമുറകളായി ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടക്കുന്നവർക്ക് ഒരു അനുഗ്രഹമായിരിക്കും.