പ്രപഞ്ചത്തിൽ സൂര്യൻ ഉൾപ്പടെ എല്ലാം ചലിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് ശരിയാണോ?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ശരാശരി മലയാളിയുടെ ആയുർദൈർഘ്യം നിലവിൽ ഏതാണ്ട് 75 വയസ്സാണ്. ഇത് 657,000 മണിക്കൂർ വരും. ഇത്രയും മണിക്കൂറുകൾ കൊണ്ട് പ്രപഞ്ചത്തിൽ നമ്മൾ എത്ര ദൂരം താണ്ടുന്ന ദൂരം മനസിലാക്കിയാൽ നമ്മുടെ പല ശാഠ്യങ്ങളും ബാലിശമെന്ന് ബോധ്യമാകും. നമ്മൾ മനുഷ്യർ എവിടെയാണ് എന്നതിന് ഭൂമിയിൽ എന്നാണ് ആദ്യ ഉത്തരം. ഭൂമിയോ? സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളിലൊന്ന്. സൂര്യനാണെങ്കിലോ, നമ്മുടെ മാതൃഗാലക്സിയായ ആകാശഗംഗയിലെ കോടാനുകോടി നക്ഷത്രങ്ങളിൽ ഒന്നുമാത്രം. അതുപോലെ തന്നെയാണ് ആകാശഗംഗയുടെ കാര്യവും, പ്രപഞ്ചത്തിലെ കോടിക്കണക്കിന് ഗാലക്സികളിലൊന്ന്.
ഇവയെല്ലാം ഭൂമിയും ,സൂര്യനും ആകാശഗംഗയും, അതുവഴി നമ്മളും സദാ ചലിച്ചു കൊണ്ടിരിക്കുകയാണ്. വലിയൊരു ചലനസംവിധാനത്തിൽ, അത് അനുഭവപ്പെടുകയോ മനസിലാക്കുകയോ ചെയ്യാതെ നമ്മൾ .ഭൂമി സാങ്കൽപ്പിക അച്ചുതണ്ടിൽ 24 മണിക്കൂർ കൊണ്ട് ഒരു തവണ ചുറ്റി വരുന്നു . നമ്മൾ ശ്രദ്ധിച്ചാലും, ഇല്ലെങ്കിലും രാത്രിയും പകലും ഉണ്ടാകുന്നു. ഈ സ്വയംഭ്രമണത്തിന്റെ വേഗം, ഭൂമധ്യരേഖാ പ്രദേശത്ത് മണിക്കൂറിൽ 1600 കിലോമീറ്റർ ആണ്. ധ്രുവങ്ങളിലേക്ക് നീങ്ങുമ്പോൾ ഇത് കുറയും. ഭൂമിയുടെ ഭ്രമണം നമ്മൾ അറിയുന്നില്ലെങ്കിലും, സമുദ്രജല പ്രവാഹങ്ങൾക്കും മറ്റും ഊർജ്ജം ലഭിക്കുന്നത് ഭൂമിയുടെ ഈ ഭ്രമണത്തിൽ നിന്നാണ്.
സ്വയം തിരിയുന്നതിനൊപ്പം ഭൂമി സൂര്യനെ ചുറ്റുകയും ചെയ്യുന്നു. 15 കോടി കിലോമീറ്ററാണ് ഭൂമിയും ,സൂര്യനും തമ്മിലുള്ള അകലം. ഇത്രയും അകലെയുള്ള ഭ്രമണപഥത്തിലാണ് ഭൂമി സൂര്യനെ ചുറ്റുന്നത്. ഒരു തവണ ഭൂമിക്ക് സൂര്യനെ ചുറ്റിവരാൻ ഒരു വർഷം (365 ദിവസം) വേണം. ഭൂമിയുടെ ഭ്രമണപഥത്തിന് 97 കോടി കിലോമീറ്റർ ദൈർഘ്യമുണ്ട്. മണിക്കൂറിൽ 107,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാലേ, ഒരു വർഷം കൊണ്ട് സൂര്യനെ ഭൂമിക്ക് ഒരു തവണ പ്രദക്ഷിണം ചെയ്യാൻ പറ്റൂ!
ഈ വേഗത്തിൽ സഞ്ചരിച്ചാൽ, തിരുവനന്തപുരത്തു നിന്ന് ഡെൽഹിയിലെത്താൻ വെറും ഒന്നേകാൽ മിനുറ്റ് മതിയെന്നോർക്കുക.പ്രപഞ്ചത്തിൽ ഏതാണ്ട് പതിനായിരം കോടി ഗാലക്സികളുണ്ടെന്നാണ് കണക്ക്. അതിലൊന്നാണ് നമ്മുടെ മാതൃഗാലക്സിയായ ആകാശഗംഗ.ആകാശഗംഗയിൽ സൂര്യനുൾപ്പടെ ഏതാണ്ട് പതിനായിരം കോടി നക്ഷത്രങ്ങളുണ്ട്. നമ്മുടെ ഗാലക്സി ഒരു ആരചക്രം പോലെ അതിന്റെ കേന്ദ്രത്തെ ആധാരമാക്കി സ്വയം ചുറ്റുന്നുണ്ട്. സൂര്യനും, ഗാലക്സീകേന്ദ്രത്തെ ചുറ്റുന്നു.
സ്വാഭാവികമായും സൂര്യന്റെ ഈ ചലനം ഭൂമിയുൾപ്പടെയുള്ള ഗ്രഹങ്ങളും പങ്കിടുന്നു.കണക്കുകൾ പ്രകാരം, 22.5 കോടി വർഷം വേണം സൂര്യന് ആകാശഗംഗയുടെ കേന്ദ്രത്തെ ഒരു തവണ ചുറ്റിവരാൻ. ഇതിനെ ‘ഗാലക്സീ വർഷം’ (galactic year) എന്നു വിളിക്കാറുണ്ട്. സൂര്യനും, ഭൂമിയും രൂപപ്പെട്ട ശേഷം ഏതാണ്ട് 20 ഗാലക്സീ വർഷം കഴിഞ്ഞു! ഗാലക്സീകേന്ദ്രത്തെ ചുറ്റിയുള്ള ഈ ചലനത്തിന്റെ വേഗം എത്രയെന്നോ-
മണിക്കൂറിൽ 792,000 കിലോമീറ്റർ.ഗാലക്സികളും ചലിക്കുകയാണ്. പ്രകാശം പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്നത് മണിക്കൂറിൽ 108 കോടി കിലോമീറ്റർ (സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റർ) വേഗത്തിലാണ്! അതുവെച്ചു നോക്കിയാൽ, സൂര്യന്റെ ചലനം അത്ര വലിയ വേഗത്തിലാണെന്ന് കരുതാനാവില്ല!.
പ്രപഞ്ചത്തിൽ ഒരു ഗാലക്സിയും നിശ്ചലമായി നിൽക്കുന്നില്ല, ആകാശഗംഗയും. ഗാലക്സികളുടെ ചലനമളക്കുക അത്ര എളുപ്പമല്ല. പ്രപഞ്ചം രൂപംകൊണ്ട മഹാവിസ്ഫോടനത്തിന്റെ (Big Bang) അവശിഷ്ടമായി പ്രപഞ്ചം മുഴുക്കെ ‘പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തല വികിരണം’ (Cosmic Microwave Background radiation – CMB radiation) വ്യാപിച്ചു കിടക്കുന്ന കാര്യം, 1960 കളിലാണ് കണ്ടെത്തിയത്.
ഇക്കാര്യം കണ്ടെത്തിയ ആർനോ പെൻസിയസ്, റോബർട്ട് വിൽസൺ എന്നിവർക്ക് നൊബേൽ പുരസ്കാരവും ലഭിച്ചു.ഈ പശ്ചാത്തല വികിരണത്തെ ആധാരമാക്കിയാണ് ഗാലക്സികളുടെ ചലനവേഗം നിശ്ചയിക്കുന്നത്. ആകാശഗംഗ മണിക്കൂറിൽ 21 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. ആകാശഗംഗയുടെ ഭാഗമായതിനാൽ നമ്മളും അതിനൊപ്പം സഞ്ചരിക്കുന്നു. ഇതുപ്രകാരം, ഒരു ശരാശരി മലയാളി ജനിച്ച് മരിക്കുന്നതിനിടെ, ആകാശഗംഗ പ്രപഞ്ചവിഹായസിലൂടെ നമ്മളെയും കൊണ്ട് 137970 കോടി കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടാകും!