ചിക്കിലി കൊടുത്താൽ ഏതു സർട്ടിഫിക്കറ്റും ഒപ്പിക്കാവുന്ന സ്ഥലം എന്ന ചീത്തപ്പേര് ഇനിയെങ്കിലും ഈ നാട്ടിൽ കേൾക്കാതിരിക്കട്ടെ

129
UnNi Maxx
മരടിലെ ഫ്ലാറ്റുകളില് സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നു, തകർക്കാൻ പോകുന്നു, വലിയ ഭീകരാവസ്ഥയാണെന്നു വരെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിച്ചം വരാൻ പോകുന്നത് പ്രകൃതിക്കും ജീവജാലങ്ങൾക്കുമെല്ലാം വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്ന പതിനായിരക്കണക്കിന് കിലോ വേസ്റ്റ് ആണ്. ഉന്നതതല യോഗങ്ങൾ നടക്കുന്നു. സമീപവാസികളെ ഒഴിപ്പിക്കൽ, അവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം, ഗതാഗത തടസം ഇങ്ങനെ എന്തൊക്കെ ശ്രദ്ധിക്കണം! എല്ലാത്തിനും പുറമെ വരുന്ന വൻ സാമ്പത്തിക ബാധ്യതയും. പോലീസ്, റവന്യൂ വകുപ്പ്, നഗരസഭ ഇവരെല്ലാം കൂടി പ്രദേശവാസികളെ ബോധവത്കരിക്കാൻ ഇറങ്ങിയിട്ടുമുണ്ട്. നഗരസഭക്ക് ഫ്ലാറ്റ് പൊളിക്കുന്നതിൽ അതൃപ്തിയുമുണ്ടത്രേ!
ഇതിനൊക്കെ പെർമിറ്റുകൾ നല്കുന്ന അതാത് കാലത്തെ ഭരണ കൂടങ്ങൾ ഇതിന്റെ പത്തിലൊന്നു ആലോചിച്ചിരുന്നെങ്കിൽ ഇന്നീ പൊല്ലാപ്പ് വല്ലതും വരുമായിരുന്നോ? ആ വെള്ളക്കെട്ടിനടുത്തു നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയം കാണുമ്പൊൾ തന്നെ വല്ലാതെ തോന്നുന്നെങ്കിൽ ഇതിനു അനുമതി കൊടുത്തവരെ എന്തുചെയ്യണം? പിന്നെ, ഇതിന്റെ പിന്നിലെ അഴിമതിക്കാർ എത്രപേർ ജയിലിലുണ്ട്? ഈ ദുരന്തം വരുത്തിവച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണ്ടെ? നിർമ്മാതാക്കൾ, ഉദ്യോഗസ്ഥർ, പഞ്ചായത്ത് കൗൺസിലർ തൊട്ട് പഞ്ചായത്ത് പ്രസിഡണ്ട് വരെ ആരുടെയും അനുവാദം ഇല്ലാതെ ഇത്രയും വലിയ ഫ്ലാറ്റ് എങ്ങനെ അവിടെ നിർമ്മിക്കുവാൻ അവസരം കിട്ടും? അഴിമതിക്കാരെ പുറത്തുകൊണ്ടുവരാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അതിനും കോടതി തന്നെ തയ്യാറാവണം, ഫ്ലാറ്റ് പൊളിക്കുന്നതിനൊപ്പം കുറ്റക്കാരെ സകലരേയും മാതൃകാപരമായി ശിക്ഷിക്കാനും സാധിക്കട്ടെ, എന്നാലേ ഈ നടപടിക്ക് പൂർണ്ണത കൈവരൂ. ജനങ്ങൾ സത്യം അറിയട്ടെ. നല്ല മാറ്റങ്ങൾ വരട്ടെ.. വികസനം എന്നത് കേവലം റോഡും കൂറ്റൻ കെട്ടിടങ്ങളും മാത്രമല്ല, മനുഷ്യരുടെ മനോഭാവത്തിലും ഉണ്ടാവേണ്ടതാണ്. ചിക്കിലി കൊടുത്താൽ ഏതു സർട്ടിഫിക്കറ്റും ഒപ്പിക്കാവുന്ന സ്ഥലം എന്ന ചീത്തപ്പേര് ഇനിയെങ്കിലും ഈ നാട്ടിൽ കേൾക്കാതിരിക്കട്ടെ. നമ്മുടെ പരിസ്ഥിതിയും പ്രകൃതിയും ആർക്കും എങ്ങനെയും നശിപ്പിക്കാനുള്ളതല്ല. കായലും, മലനിരകളും, പൊതു മുതലും കൈയ്യേറുന്ന ഓരോ പൗരനും ഇതു ഒരു താക്കീതു കൂടിയാവണം.