ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് അതിന്റെ പ്രൊഡ്യൂസർ കൂടിയായ ഉണ്ണിമുകുന്ദൻ പ്രതിഫലം നൽകിയില്ല എന്ന് പറഞ്ഞു നടൻ ബാല രംഗത്തെത്തിയിരുന്നു, എന്നാൽ ചിത്രത്തിന്റെ സംവിധായകൻ, സംഗീത സംവിധായകൻ , ലൈൻ പ്രൊഡ്യൂസർ…ഇങ്ങനെ സിനിമയുടെ ടീം മുഴുവൻ ബാലയെ തള്ളിപ്പറയുകയും ചെയ്തു. ഈണം ചെയ്യുന്നതിനുമുമ്പ് തന്നെ തനിക്ക് പൈസ കിട്ടിയെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ ഉണ്ണിമുകുന്ദൻ തികച്ചും പ്രൊഫഷണൽ ആണെന്നും ആയിരുന്നു ചിത്രത്തിന് വേണ്ടി സംഗീതം ചെയ്ത ഷാൻ റഹ്മാൻ പറഞ്ഞത്.
ഇപ്പോൾ ഉണ്ണി മുകുന്ദൻ പങ്കുവച്ച ഒരു വീഡിയോ ആണ് ചർച്ചാവിഷയം. ഷെഫീക്കിന്റെ സന്തോഷം സിനിമയെക്കുറിച്ച് ബാല സംസാരിക്കുന്ന പഴയ വിഡിയോ ആണ് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടത്. ഈ സിനിമയിൽ ബാല അഭിനയിക്കാൻ കാരണം എന്തെന്ന് ബാല തന്നെ പറയുന്നുണ്ട്. മുൻപ് ബാല ഒരു ചിത്രം നിർമ്മിച്ചപ്പോൾ കഥ പോലും കേൾക്കാതെ ഉണ്ണി മുകുന്ദൻ വന്ന് അഭിനയിച്ചതിന്റെ കടപ്പാടും ബാല പറയുന്നുണ്ട്. നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാനും അങ്ങനെ വരും. ഇത് ഞാൻ നിനക്കു വേണ്ടി ചെയ്യും എന്നും ഉണ്ണിയോടുള്ള ആ സ്നേഹം കൊണ്ടാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചതെന്നും വിഡിയോയിൽ ബാല പറയുന്നുണ്ട്.
“ഉണ്ണി ഒരു നായകനായതുകൊണ്ടല്ല, നല്ല മനുഷ്യനായത് കൊണ്ട്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് ഞാൻ ഉണ്ണിയുടെ സിനിമയിൽ അഭിനയിക്കുന്നത്. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ വന്നപ്പോഴുണ്ടായ അനുഭവവും ഞാൻ ഓർക്കുന്നു. എന്റെ കയ്യിൽ പിടിച്ച് ഉണ്ണി പറഞ്ഞു, ‘നിങ്ങളെപ്പോലുള്ള ആളുകൾ സിനിമയിൽ തിരിച്ചുവരണം.’ ആ നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂ ” — വിഡിയോയിൽ ബാല പറയുന്നു .