Literature
200 രൂപയ്ക്ക് വേണ്ടി ഭാര്യയെ കൂട്ടിക്കൊടുക്കാൻ വരെ തയ്യാറാകേണ്ടി വരുന്നു ഇന്ത്യൻ പൗരന്
മാധ്യമ പ്രവർത്തകനായ അരുൺ എഴുത്തച്ഛന് 2019ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത യാത്രാവിവരണകൃതിയാണിത്.ആചാരങ്ങളുടെ പേരിലും ദാരിദ്ര്യത്തിന്റെ പേരിലും
284 total views

Unnikrishnan Sreekandapuram
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
മാധ്യമ പ്രവർത്തകനായ അരുൺ എഴുത്തച്ഛന് 2019ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത യാത്രാവിവരണകൃതിയാണിത്.ആചാരങ്ങളുടെ പേരിലും ദാരിദ്ര്യത്തിന്റെ പേരിലും ലൈംഗികത്തൊഴിലിൽ എത്തപ്പെട്ട ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള പെൺ ജീവിതങ്ങളുടെ സങ്കടങ്ങളാണ് ഈ പുസ്തകം
എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് നിരവധി ദേവദാസികളെയും ലൈംഗിക തൊഴിലാളികളെയും നേരിട്ട് കണ്ട് അവർ അനുഭവിച്ച, കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഉള്ളുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുകയാണ് അരുൺ ഈ പുസ്തകത്തിലൂടെ .
ഒരു യാത്രാ വിവരണത്തിൽ സാധാരണ കാണുന്ന വർണ്ണാഭമായ കാഴ്ചകളോ പ്രകൃതി സൗന്ദര്യ വർണനകളോ ഒട്ടുമില്ലാത്ത ഒരു പുസ്തകമാണിത്.
മറിച്ച് നമ്മുടെ നാട്ടിലെ പല ആചാരങ്ങളുടെയും, സംസ്കാരങ്ങളുടെയും, സർവ്വോപരി ദാരിദ്ര്യത്തിന്റെയും ഇരകളായ ലക്ഷക്കണക്കിന് വരുന്ന ഭാരതീയ സ്ത്രീകളുടെ ഞെട്ടിപ്പിക്കുന്നതും ഇരുണ്ടതുമായ ജീവിതങ്ങളാണിതിലെ പ്രതിപാദ്യം.അരുൺ ഇതിന്റെ രചനയുടെ കാര്യത്തിൽ പ്രധാനമായും ഊന്നൽ നൽകിയിരിക്കുന്നത് ഇന്ത്യയിലുടനീളമുള്ള ദേവദാസി സമ്പ്രദായവും, അതുമായി സാമ്യമുള്ള മറ്റ് പലതരം ആചാരങ്ങളും എങ്ങിനെ നമ്മുടെ രാജ്യത്തെ പാവപ്പെട്ട പെൺ ജീവിതങ്ങളെ ബാധിക്കുന്നു എന്ന തുറന്നു കാട്ടലിനാണ്.
നിയമം മൂലം ദശാബ്ധങ്ങൾക്ക് മുന്നേ തന്നെ നിരോധിച്ചതാണ് ദേവദാസി പോലുളള സമ്പ്രദായങ്ങൾ . എന്നാൽ ഇത്തരം ദുരാചാരങ്ങൾ ഇപ്പോഴും ഇന്ത്യയിൽ നിന്ന് കൂടൊഴിഞ്ഞു പോയിട്ടില്ലെന്ന് ഈ പുസ്തകം കാട്ടിത്തരുന്നു.
ഒപ്പം തന്നെ ജാതി വ്യവസ്ഥകളുടെ കടുത്ത ഉച്ച നീചത്വങ്ങൾ നമ്മുടെ നാട്ടിലിപ്പോഴുമെത്ര ശക്തമാണ് എന്ന ഭീതിദമായ കാഴ്ചയും അനാവരണം ചെയ്യുന്നു.കർണാടകയിലെ നിശാക്ലബ്ബ് നിരോധനം ഏതാനും വർഷങ്ങൾക്ക് മുമ്പ് നമുക്കിടയിൽ ഏറെ ചർച്ചയായതാണ്.
ഓരോ നിരോധനങ്ങളും കുറേ പേരെ തൊഴിൽ രഹിതരാക്കുന്നുണ്ട് എന്നതാണ് സത്യം.അങ്ങനെയുള്ളവരുടെ തുടർ ജീവിതത്തെ പറ്റി നിരോധനമേർപ്പെടുത്തുന്നവർ ആരും ചിന്തിക്കാറുമില്ല.ഈ കാഴ്ചപ്പാടോടു കൂടിയാണ് ആ നിശാക്ലബ് ജീവനക്കാർ ലൈംഗികവൃത്തികളിൽ ഏർപ്പെടുന്ന സംഭവത്തെ പറ്റി പഠിക്കാനും അതിനെക്കുറിച്ചൊരു ലേഖനം തയ്യാറാക്കാനും അരുൺ ശ്രമിച്ചത്.
അതിനു വേണ്ടി അദ്ദേഹം കണ്ടെത്തിയ മംഗലാപുരം പനമ്പൂരിലെ ഒരു ലൈംഗിക തൊഴിലാളിയിൽ നിന്നാണ് ഇന്ത്യയിൽ പലേടത്തായി വേശ്യാവ്യത്തിയിലേക്ക് നയിക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളെ കുറിച്ച് ഗ്രന്ഥകാരൻ അറിയുന്നത്.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ് ഇന്ത്യയിൽ പലയിടങ്ങളിലും സ്ത്രീകളെ വേശ്യാവ്യത്തിയിലെത്തിക്കുന്നത്.
ഒപ്പം മുഴുപ്പട്ടിണിയും ദാരിദ്ര്യവും മറ്റനേകം പേരെയും ഈ വഴിയിലെത്തിക്കുന്നു
സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപത്തഞ്ചാണ്ടടുക്കു മ്പോഴും സ്വന്തം ശരീരം വിറ്റ് വിശപ്പടക്കേണ്ട സ്ഥിതിയിലാണ് ഇന്ത്യയിലെ പല ഗ്രാമങ്ങളിലുമുള്ള സ്ത്രീകൾ എന്നതൊരു പൊള്ളിക്കുന്ന സത്യമാണ്
ഒരുനേരമെങ്കിലും വയറു നിറയ്ക്കുന്നതിലും വലുതല്ല മാനവും ചരിത്ര്യവും എന്ന് വിളിച്ചു പറയുകയാണ് അരുൺ ഈ പുസ്തകത്തിനായി കണ്ടെത്തിയ പല സ്ത്രീകളും .
അതെ. ഡിജിറ്റൽ നാടായി മാറുമ്പോഴും ഇനിയും മാറാത്ത പട്ടിണി കൂടിയുണ്ട് ഈ നാട്ടിൽ .ആ പട്ടിണിയാണ് ആചാരങ്ങൾക്കൊപ്പം പല ഇന്ത്യൻ സ്ത്രീകളെയും വേശ്യാവൃത്തിയിലേക്ക് നയിക്കുന്നത്.വൃന്ദാവൻ ക്ഷേത്രത്തിന് സമീപത്ത് വച്ച് പരിചയപ്പെട്ട ഒരു റിക്ഷാക്കാരനെ പറ്റി അരുൺ ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
വൃന്ദാവനത്തിലെ ആശ്രമങ്ങളിൽ വേശ്യകളുണ്ടോ എന്ന ചോദ്യത്തിന്
“നിങ്ങൾക്ക് സ്ത്രീകളെ കിട്ടണമെന്ന് അത്രയ്ക്ക് നിർബ്ബന്ധമാണോ സാബ്. നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂ .എന്റെ ഭാര്യയെ നിങ്ങൾക്ക് ഉപയോഗിക്കാം. 200 രൂപ തന്നാൽ മതി . ഇതിലും കുറച്ച് ഒരാശ്രമത്തിലും നിങ്ങൾക്ക് കിട്ടില്ല” എന്നാണ് അയാളുടെ മറുപടി. 200 രൂപയ്ക്ക് വേണ്ടി ഭാര്യയെ കൂട്ടിക്കൊടുക്കാൻ വരെ തയ്യാറാകേണ്ടി വരുന്നു ഇന്ത്യൻ പൗരന് .ഈ ദാരിദ്ര്യം മാറ്റാൻ ഒരു രാഷ്ട്രീയക്കാരനുമില്ല.നാട്ടിൽ മഴയില്ലാതായാൽ , മഴ കൂടിയാൽ ,കൃഷി നാശമുണ്ടായാൽ / രോഗം പടർന്നാൽ, പ്രകൃതി ദുരന്തങ്ങളുണ്ടായാൽ അതിനൊക്കെയും കാരണം ദൈവകോപമാണെന്ന് വിശ്വസിക്കുന്ന ഒരു ജനത ഇന്നുമുണ്ടിന്ത്യയിൽ .
ദൈവകോപമകറ്റാൻ അവർ കണ്ടെത്തുന്ന ചില പരിഹാരങ്ങളുണ്ട്.
കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ അത് പിന്നോക്കം നില്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ ക്ഷേത്രങ്ങളിൽ ദേവദാസികളായി വാഴിക്കലാണ്.
പകൽ നേരം ഈ പെൺകുട്ടികൾ ദൈവത്തിന്റെ ദാസിമാരാകും. രാത്രി പ്രമാണിമാരുടെ ദാസിമാരും . ഒടുവിൽ വാർദ്ധക്യമെത്തുമ്പോഴോ സൗന്ദര്യം മങ്ങുമ്പോഴോ തെരുവിലുപേക്ഷിക്കപ്പെടുകയും .ദേവദാസികളുടെ തുടർ ജീവിതം അങ്ങനെയാണ്.കർണാടകയിൽ ജാതിയിൽ പിന്നോക്കം നിൽക്കുന്നവരാണെങ്കിൽ ഒറീസയിൽ മുന്നോക്ക സമുദായത്തിൽ പെട്ടവർ തന്നെയാണ് ദേവദാസികളാക്കപ്പെടുന്നത്.
ദേവദാസികളല്ലാത്ത പലരും വേശ്യാവ്യത്തിയിലേക്ക് നയിക്കപ്പെടുന്നതിന് വേറെയും കാരണങ്ങളുണ്ട്.
അകാലത്തിൽ വിധവകളാകുന്നവരാണ് അവരിൽ ചിലർ.
വൈധവ്യം ശാപമാണെന്ന് പറഞ്ഞ് ഭർതൃ വീട്ടുകാരും സ്വന്തം അച്ഛനമ്മമാരും സ്വന്തം മക്കളും കൂടി വീട്ടിൽ നിന്ന് പുറന്തള്ളുന്നവർ . വേശ്യാത്തെരുവുകളാണ് അവർക്ക് പിന്നഭയം.
ദാരിദ്ര്യം മൂലം വീട്ടുകാർ തന്നെ വിൽക്കുന്ന പെൺകുട്ടികളാണ് മറ്റ് ചിലർ.
ഒരാൾ രണ്ടാം വിവാഹം ചെയ്യുമ്പോൾ വേശ്യാത്തെരുവിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ആദ്യ ഭാര്യമാരുമുണ്ട്.
മണിക്കൂറിന് 100 രൂപ മുതൽ സ്ത്രീകളെ കിട്ടുന്ന സോനാഗച്ചി . അവിടത്തെ ഇരുണ്ട മുറികളിൽ കണ്ടെത്തിയ കോയൽ രാജ് . സീമ ,വടക്കൻ ബംഗാളിയായ പൂർണിമ . ശരീരം തേടിയെത്തുന്നവർക്ക് മുന്നിൽ നൃത്ത പാടവം കൂടി പ്രകടിപ്പിക്കുന്ന ദീപ. രാജമുണ്ട്റി സ്വദേശിനിയായ ലക്ഷ്മി
അങ്ങനെ എത്രയോ സ്ത്രീകൾ .
ഓരോരോ കാരണങ്ങളാൽ ശരീരം വിൽക്കാൻ വിധിക്കപ്പെട്ടവർ.
‘ഇതിൽ നിന്നും പുറത്തുകടക്കണമെന്ന് തോന്നുന്നില്ലേ ‘എന്ന് ചോദിക്കുമ്പോൾ,
“പുറംലോകം കാണാൻ പറ്റുന്നില്ല എന്നതൊക്കെ കൃത്യമായി ഭക്ഷണം കഴിച്ചു ജീവിക്കുന്നവരുടെ മാത്രം പ്രശ്നമാണ് സാർ. വിശക്കുന്നവർക്ക് അത് മാറ്റാനുള്ള വഴികൾ തന്നെയാണ് മുഖ്യം “എന്ന് പറയും അവർ.
ദേവദാസിയാക്കുന്നതും വേശ്യാവ്യത്തി ചെയ്യുന്നതും നിയമങ്ങൾ വഴി നിരോധിച്ചാലും അവർ ഈ അഴുക്കുചാലുകളിൽ തന്നെയെത്തും. കാരണം അവർക്ക് വിശപ്പു മാറ്റാൻ വേറെ വഴിയില്ല.
ദാരിദ്ര്യനിർമാർജനം അല്ലാതെ ഇന്ത്യയിൽ ഈ ദുരവസ്ഥ മാറാൻ മറ്റൊരു പരിഹാരവുമില്ലെന്ന് പറഞ്ഞു വെക്കുന്നു ഈ ജീവിതങ്ങളത്രയും..
പെൺ ഭ്രൂണഹത്യ നിരോധിച്ച നാടാണിത്.
പക്ഷേ, ഭ്രൂണഹത്യയിലൂടെ എത്രയോ പെൺകുരുന്നുകൾ ഈ ഭൂമി കാണാതെ ഒടുങ്ങുന്ന നാടാണിന്ത്യ.
പിറന്നുവീഴുന്ന പെണ്ണുങ്ങളുടെ ദുരിതം കാണുമ്പോൾ അങ്ങനെ ജനിക്കപ്പെടാതെ മരിച്ചവർ ഭാഗ്യവതികൾ എന്നു സമ്മതിക്കേണ്ടിവരുന്നു എന്നാണ് ഗ്രന്ഥകാരൻ കുറിക്കുന്നത്.
അത്രമാത്രം ദുരിതമേറിയതാണ് പലേ ഇന്ത്യൻ ഗ്രാമങ്ങളിലേയും പെൺ വാഴ് വുകൾ .
മംഗലാപുരത്തെ പനമ്പൂർ ആയാലും കൽക്കത്തയിലെ സോനഗച്ചി ആയാലും ദാവൻഗരെയ്ക്കരികിലുള്ള ഉച്ചംഗി ആയാലും മുംബൈയിലെ കാമത്തിപുര ആയാലും വൃന്ദാവനം ആശ്രമത്തിലും കാളിഘട്ടിലുമായാലും ലൈംഗീക തൊഴിലാളികള് എവിടെയെല്ലാമുണ്ടോ അവിടങ്ങളില് ഉള്ള എല്ലാവര്ക്കും പറയാനുണ്ടാവുക ഏറെക്കൂറെ ഒരേ അനുഭവം തന്നെ.പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കുടുംബ നിരാസത്തിന്റെയും കഥകൾ .
ഊരും പേരുമറിയാത്തവർക്കായി 100 രൂപയ്ക്കായി തുണിയഴിച്ച് ശയിക്കുമ്പോഴും അവര്ക്കുള്ള ഏക ആശ്വാസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന് സാധിക്കുമല്ലോ എന്നതാണ്.
സോനാഗച്ചിയും കാമാത്തിപ്പുരയും മാറ്റി നിർത്തിയാൽ അരുൺ ഇതിൽ പരാമർശിക്കുന്ന മറ്റു മിക്ക വേശ്യാതാവളങ്ങളും ക്ഷേത്രങ്ങൾക്കും ആശ്രമങ്ങൾക്കും സമീപമാണ് എന്നതാണ് വൈരുദ്ധ്യം.
ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഇതിലകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ഒരു പദ്ധതിയുമില്ലെന്നതാണ് മറ്റൊരു സത്യം.
ഇടതു പ്രസ്ഥാനങ്ങൾ ചിലതെല്ലാം ചെയ്യുന്നുവെങ്കിലും അതിലാർത്മാർത്ഥതയില്ലെന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു.
എൻജിഒ കളാകട്ടെ സംരക്ഷണത്തിന്റെ പേരിൽ സംഭാവന കൈപ്പറ്റുന്ന കടലാസ് സംഘടനകളും .
ക്രിസ്ത്യൻ മിഷനറി ചാരിറ്റി സംഘടനകൾ മത പരിവർത്തന സാധ്യതകളാണ് നോക്കുന്നത്.
ചുരുക്കത്തിൽ ആരുടെയും ആത്മാർത്ഥമായ ഇടപെടലുകളില്ലാതെ നരകിച്ചൊടുങ്ങാൻ കുറേ സ്ത്രീ ജീവിതം ബാക്കിയാകുന്നു എന്നതാണ് സത്യം.
പുസ്തകം അവസാനിക്കുമ്പോൾ അരുൺ അങ്ങനെ കുറിക്കുന്നു.
സോനാഗച്ചിയും കാമാത്തിപുരയും ഒരു ദിവസം കൊണ്ട് നിരോധിക്കാം വിശപ്പിന്റെ പേരിൽ വിപ്ലവം മറക്കേണ്ടി വരുന്ന സീമമാരും അച്ഛനമ്മമാരാൽ വിൽക്കപ്പെടുന്ന കോയൽ മാരും അപ്പോൾ ഏതെങ്കിലും റോഡരികിൽ ശരീരം വിൽക്കേണ്ടി വരും.അവരെ കണ്ടില്ലെന്നു നടിച്ചു ” എല്ലാ ഇന്ത്യക്കാരും എൻറെ സഹോദരി സഹോദരന്മാരാണ് എന്ന് നമുക്ക് അന്തസ്സോടെ പ്രതിജ്ഞ ചൊല്ലാം. ”
മനുഷ്യത്വം എന്ന വികാരം നമ്മളിൽ എവിടെയെങ്കിലും ഒരല്പം ബാക്കിയുണ്ടെങ്കിൽ, താളുകളിൽ ഒരിറ്റ് കണ്ണുനീർ വീഴ്ത്താതെ ഇത് വായിച്ചവസാനിപ്പിക്കാൻ ആവില്ല.
………………………………..
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ.
അരുൺ എഴുത്തച്ചൻ
പ്രസാധനം DC Books
പേജ് : 226
വില ₹ 270/
285 total views, 1 views today