തലൈക്കൂത്തൽ : വൃദ്ധരെ കൊല്ലുന്ന തമിഴകത്തെ ആചാരം.

ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം :

സെനിസൈഡ് എന്ന ഒരു വാക്കുണ്ട് ഒരു ഗോത്രത്തിലെ അല്ലെങ്കിൽ കുടുംബത്തിലെ പ്രായമായി ശയ്യാവലംബികളായവരെ കുടുംബാംഗങ്ങൾ തന്നെ കൊലപ്പെടുത്തുന്ന രീതിയാണ് സെനിസൈഡ്.കുടുംബാംഗങ്ങൾ അതല്ലെങ്കിൽ ഗോത്രക്കൂട്ടം ആലോചിച്ചുറപ്പിച്ചു നടത്തുന്ന നരഹത്യയാണത്.ഒരു

ദയാവധം :പരമ്പരാഗതമായ ഒരു ആചാരം എന്ന രീതിയിൽ ആണ് അവരത് ചെയ്യുന്നത്.ലോകത്ത് പലേടത്തുമുളള ഗോത്രങ്ങളിലും സമൂഹത്തിലും മുൻകാലങ്ങളിൽ ഇത്തരം സമ്പ്രദായങ്ങൾ ഉണ്ടായതായി കണ്ടെത്താൻ കഴിയും. നമ്മുടെ അയൽപക്ക സംസ്ഥാനമായ തമിഴ്നാട്ടിലെ ചില തെക്കൻ ജില്ലകളിൽ , ഇപ്പോഴും രഹസ്യമായി ഇത്തരമൊരാചാരം തുടർന്നു വരുന്നുണ്ട്.തലൈക്കൂത്തൽ എന്നാണതറിയപ്പെടുന്നത്.വീട്ടിൽ ശയ്യാവലംബിയായി ഏറെ നാൾ കിടക്കുന്ന വ്യക്തികളെ അവരുടെ തന്നെ കുടുംബാംഗങ്ങൾ കൊല ചെയ്യുന്ന ഒരു രീതിയാണ് തലൈക്കൂത്തൽ .പ്രായമാവുകയും ശാരീരികമായി അവശതയിലാവുകയും ചെയ്ത ആൾക്കാരെയാണ് തലൈക്കൂത്തിന് വിധേയരാക്കാറ്.

തലൈക്കൂത്ത് ചെയ്യപ്പെടുന്ന ആളുകൾ സ്വന്തം അച്ഛനോ അമ്മയോ മുത്തച്ഛനോ മുത്തശ്ശിയോ ഒക്കെ ആകാം .
സ്വന്തം പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ പറ്റാതെ വീട്ടിനുള്ളിൽ കിടപ്പിലായവർ , വരുമാനമില്ലാത്തവർ. അത്തരക്കാർ ഇനി ജീവിക്കുന്നത് മറ്റുള്ളവർക്ക് വലിയ ഭാരമാകും എന്ന സ്ഥിതി വരുമ്പോഴാണ് അവരെ ഈ ആചാരത്തിന് വിധേയരാക്കാറ്.ഒരർത്ഥത്തിൽ ഒരു തരം ദയാവധം
ജീവിതം നരകതുല്യമായ ചിലർക്ക് അതൊരനുഗ്രഹമായേക്കാം.പക്ഷേ പലപ്പോഴും അത് ഒരു ക്രൂരതയായും പരിണമിക്കാറുണ്ട്.

അല്പം അവശതയിലായ സ്വന്തം അച്ഛനെയോ അമ്മയേയൊ പോറ്റാൻ തനിക്ക് വയ്യ എന്ന് തോന്നുന്ന ഒരാൾക്ക് അവരെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു സ്ഥിതി കൂടി സൃഷ്ടിക്കുന്നു എന്നിടത്ത് ഈ ആചാരം നമ്മുടെ നൈതികതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു.ഇന്ത്യയിൽ തലൈക്കൂത്ത് പോലുള്ള ആചാരങ്ങൾ നിയമവിരുദ്ധമാണ്.എങ്കിലും രഹസ്യമായി ഇക്കാര്യം പല തമിഴ് ഗ്രാമങ്ങളിലും ഇപ്പോഴും അരങ്ങേറാറുണ്ട്.
പലേടത്തും അയൽക്കാരുടെ സഹായത്തോടെയും നാട്ടുക്കൂട്ടത്തിന്റെ അംഗീകാരത്തോടെയും ആണ് ഈ ആചാരങ്ങൾ ഇപ്പോഴും നടക്കുന്നത്.നിയമപാലകർ അറിയാതെയാണ് ഇവ പലതും അരങ്ങേറുന്നത്.തലൈക്കൂത്തൽ നടത്തുന്നതിന് മുമ്പ് പലരും അവരുടെ ബന്ധുക്കളെ ഇക്കാര്യം അറിയിക്കുന്നു. അവരുടെ കൂടി സഹകരണത്തോടെയാണ് ഈ കൊല നടക്കുന്നതും.തലൈക്കൂത്ത് വഴി മരണപ്പെട്ടവരുടെ മൃതദേഹം ഉടനെ ദഹിപ്പിക്കുന്നത് മൂലം പോസ്റ്റ് മോർട്ടം ചെയ്ത് കൊലപാതകമാണോ അല്ലയോ എന്ന് തെളിയിക്കാനുമാകാറില്ല.

ഇന്നല്ലെങ്കിൽ നാളെ ഇത്തരം ചടങ്ങ് തന്റെ വീട്ടിലും വേണ്ടി വന്നേക്കാം എന്നതിനാൽ അയൽക്കാരും ഇതേക്കുറിച്ച് മൗനം പാലിക്കും. മാത്രമല്ല ചടങ്ങുകൾക്ക് അവരും സഹകരണം നൽകാറുണ്ട്.കൊല്ലപ്പെടുന്നതധികവും ഗ്രാമത്തിലെ പാവപ്പെട്ട വീടുകളിലെ അവശ വ്യക്തികളാണ് എന്ന കാരണത്താൽ നിയമപാലകരും കണ്ണടക്കും.ഗ്രാമ വാസികളെ വെറുപ്പിച്ച് വോട്ട് നഷ്ടപ്പെടുത്തേണ്ട എന്ന കാരണത്താൽ രാഷ്ട്രീയക്കാരും ഇതിനെതിരെ പ്രതികരിക്കാറില്ല ,തമിഴ് നാട്ടിലെമ്പാടുമായി പ്രതിവർഷം നൂറുകണക്കിന് തലൈക്കുത്തുകൾ സംഭവിക്കുന്നു എന്ന് തന്നെയാണ് പല ജേർണലിസ്റ്റുകളുടെയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.തമിഴ്നാട്ടിലെ വിരുദ്നഗര്‍, ഉശിലാംപെട്ടി, മധുര തുടങ്ങിയ സ്ഥലങ്ങളിലെ പട്ടിണി ഗ്രാമങ്ങളിലാണ് ഇത് വ്യാപകം. പലവിധത്തിൽ തലൈകൂത്തല്‍ നടത്താറുണ്ട്

അതിലേറ്റവും സാധാരണം എണ്ണതേപ്പിച്ചു കുളിപ്പിച്ചു കൊണ്ടുള്ളതാണ്.ആരെയാണോ കൊല്ലേണ്ടത് ആ വ്യക്തിയുടെ ദേഹമാസകലം, എണ്ണ തേച്ചുപിടിപ്പിക്കലാണ് ഇതിലെ ആദ്യ നടപടി.100 മില്ലി വീതം വെളിച്ചെണ്ണ, ആവണക്കെണ്ണ, എള്ളെണ്ണ എന്നിവ കലർത്തി ശരീരം മസാജ് ചെയ്യുന്നു, നേരം പുലരും മുമ്പാണ് എണ്ണ തേച്ചു പിടിപ്പിക്കൽ . പ്രത്യേകിച്ച് തലയില്‍ . ദേഹം കുതിരുന്നതുവരെയും തണുത്ത് വിറക്കും വരെയും എണ്ണ തേച്ചുപിടിപ്പിക്കും.പിന്നീട് ഇളം കരിക്കിന്‍ വെള്ളം ധാരാളമായി കുടിപ്പിക്കുന്നു. ബലമായിത്തന്നെ. ശേഷം തലയില്‍ തണുത്ത വെള്ളം കോരിയൊഴിക്കുന്നു. ഇത് ദിവസം മുഴുവനും ആവർത്തിക്കുന്നു.ഇതോടെ പ്രതിരോധശേഷി കുറഞ്ഞ അവശരായ വൃദ്ധജനങ്ങളുടെ ശരീരതാപനില കാര്യമായി കുറയും.അവരെ ഉടനെ തന്നെ കടുത്തപനി പിടികൂടും. വൃക്ക തകരാറ് സംഭവിക്കും.

ഏറിയാല്‍ രണ്ടു ദിവസം . അതിനകം പനി മൂർച്ഛിച്ച് അവർ മരണത്തിലേക്കെത്തും.ഉടനെ തന്നെ മരണാനന്തര ക്രിയകളും നടത്തും. അങ്ങനെ കുടുംബത്തിലെ ഒരു ബാധ്യത ഒഴിഞ്ഞു എന്ന ആശ്വാസമാകും വീട്ടുകാർക്ക് .എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നല്ലേ . പ്രധാനമായും ദാരിദ്ര്യം തന്നെ.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും ജോലിക്കുപോയാലേ കുടുംബം പോറ്റാൻ നിവൃത്തിയുള്ളൂ എന്ന അവസ്ഥയിലാണ് പല തമിഴക ഗ്രാമങ്ങളിലെയും സ്ഥിതി.അതിനിടെ വയസ്സായ മാതാപിതാക്കളെ നോക്കാന്‍ അവര്‍ക്ക് സമയമില്ല. അവരെക്കൊണ്ട് പ്രത്യേകിച്ച് വരുമാനവുമില്ല.അങ്ങനെയുള്ളവരെ പിന്നെ എന്തിന് പോറ്റണം?ഈ ചിന്താഗതിയാണ് തലൈക്കൂത്തിന് പലരും തയ്യാറാകുന്ന ഒരു കാരണം.

വീട്ടിലെ തല മുതിർന്ന പുരുഷന്മാരെയാണ് കൂടുതലും തലൈകുത്തലിനു വിധേയമാക്കുന്നത് .അതിന് പല കാരണങ്ങൾ ഉണ്ട് . മരുമകള്‍ക്ക് ഭര്‍തൃപിതാവിനെ ശുശ്രൂഷിക്കാനുള്ള മടി . അയാളുടെ സ്വത്ത് കൈക്കലാക്കാനുള്ള ത്വര. പോറ്റാൻ വയ്യ എന്ന തോന്നൽ എന്നിങ്ങനെ.എണീറ്റു നടക്കാനും പരസഹായമില്ലാതെ മലമൂത്രവിസർജനം നടത്താനും പറ്റാതെ, കിടപ്പു വ്രണങ്ങളുടെ വേദനയിൽ പിടയുന്നൊരാളെ പരിചരിക്കുന്നതിലും നല്ലത് അവരെ എളുപ്പത്തിൽ മരണത്തിനു വിട്ടു കൊടുക്കുകയാണ് എന്നവർ കരുതുന്നു. അതിൽ ഒരു ദയാവധം എന്ന തോന്നിപ്പിക്കലെങ്കിലും ഉണ്ട് .എന്നാൽ തലൈക്കൂത്ത് ഒരു ക്രൂരതയാകുന്ന ഘട്ടങ്ങളുമുണ്ട്. കുടുംബത്തിലെ സ്വത്ത് മിക്കപ്പോഴും അച്ഛന്റെ പേരിലായിരിക്കും, ഇത്തിരി സ്ഥലമോ വീടോ ഒക്കെ . അച്ഛൻ ജീവിച്ചിരിക്കെ അത് വിൽക്കാനോ കൈകാര്യം ചെയ്യാനോ മകനോ മരുമകൾക്കോ സാധിക്കില്ല.

അപ്പോൾ അത് കൈക്കലാക്കാൻ വേണ്ടി അച്ഛനെ ഇല്ലാതാക്കണം. അതിനുള്ള ഒരു വഴിയായും ചിലർ ഈ രീതിയെ ഉപയോഗിക്കുന്നു.പ്രായമായാലും തമിഴ് സ്ത്രീകൾ വീട്ടുജോലികളില്‍ സഹായിക്കും.വൃദ്ധര്‍ അതിനും ഉപകാരപ്പെടില്ല.അതിനാലവര്‍ അധികപ്പറ്റാകുന്നു. അത് കൊണ്ട് ഈ ദുരാചാരത്തിന്റെ കൂട്ടുപിടിച്ച് അവരെ ഇല്ലാതാക്കും.എണ്ണ തേച്ചുള്ള വധക്രമം ഫലവത്തായില്ലെങ്കിൽ ചെയ്യുന്ന മറ്റൊരു രീതി ചെളിവെള്ളം കുടിപ്പിക്കലാണ്. ധാരാളം ചെളി കലക്കിയ വെള്ളം വൃദ്ധരെ നിർബ്ബന്ധിച്ച് കുടിപ്പിക്കുന്ന രീതിയാണിത്.ഏറ്റവും വേദനാജനകമായ ഒരു രീതിയാണത്രെ ഇത്. ഇങ്ങനെ ചെയ്താൽ ദഹനക്കേട് ഉണ്ടാകുകയും ആത്യന്തികമായി മരണം സംഭവിക്കുകയും ചെയ്യും.

അതല്ലെങ്കിൽ മറ്റൊരു രീതി പാൽ കുടിപ്പിക്കയാണ്.മൂക്ക് അടച്ചു പിടിപ്പിച്ച് വൃദ്ധരുടെ വായിൽ നിറയെ പാൽ ഒഴിച്ചു കൊടുക്കും.ശ്വാസം കിട്ടാതെ പിടയുമ്പോൾ പാൽ ശ്വാസകോശത്തിൽ കയറി ആളുകൾ മരിക്കുമെന്നാണ് കണക്ക് കൂട്ടൽ.ആശുപത്രികളിൽ ജോലി ചെയ്യുന്ന ആളുകളുടെ സഹായത്തോടെ മാരകമായ കുത്തിവയ്പ്പുകൾ നൽകിയും കൊല നടത്താറുണ്ട്. വിഷം കുത്തി വെയ്ക്കുന്നവർക്ക് നാലായിരമോ അയ്യായിരമോ പ്രതിഫലം നൽകേണ്ടി വരും എന്ന് മാത്രം.പ്രായമായവരെ കൊല്ലാൻ 26 വ്യത്യസ്ത മാർഗങ്ങളുണ്ടെന്ന് തമിഴ്‌നാട്ടിലെ ഈ സമ്പ്രദായത്തെക്കുറിച്ച് നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു
ഡെക്കാൻ ക്രോണിക്കിൾ പത്രത്തിന്റെ റിപ്പോർട്ടറായ പ്രമീള കൃഷ്ണൻ ആണ് ഏതാനും വർഷം മുമ്പ് തലൈകൂത്തൽ സമ്പ്രദായങ്ങളെക്കുറിച്ച് വാർത്ത കൊടുത്തത്. പരിഷ്കൃത ലോകം ഇതേക്കുറിച്ച് അറിഞ്ഞത് അതോടെയാണ്.

ശേഷം ഏതാനും തമിഴ് സിനിമകളിലും ഇത് പ്രമേയമായി വന്നിട്ടുണ്ട്.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇത്തരം ആചാരങ്ങൾ നിയമ വിരുദ്ധമാണ്.ആർട്ടിക്കിൾ 21 അനുസരിച്ച്, ഒരു വ്യക്തിയുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ നഷ്ടപ്പെടുത്താൻ പാടില്ല”. ആർട്ടിക്കിൾ 21 പ്രകാരം ഒരാൾക്കുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ല. അതിനാൽ ആവശ്യപ്പെട്ടാൽ ദയാവധമായിപ്പോലും ഇത് ചെയ്തു കൊടുക്കുന്നതും കുറ്റകരമാണ്.തമിഴ് നാട്ടിൽ പല സംഘടനകളും ഇന്നിതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. അതിനാല്‍ തലൈക്കുത്തല്‍ ഇപ്പോള്‍ എണ്ണത്തില്‍ കുറഞ്ഞു; എങ്കിലും ഒളിഞ്ഞും തെളിഞ്ഞും അവ നടക്കുന്നുണ്ട് എന്ന് തന്നെയാണ് പല വെളിപ്പെടുത്തലുകളും കാണിക്കുന്നത്.

Leave a Reply
You May Also Like

എന്തുകൊണ്ടാണ് ക്രിക്കറ്റ് ബാറ്റുകൾ ഒരു തടിയിൽ മുഴുവനായി ഉണ്ടാക്കിയെടുക്കാത്തത് ?

എന്തുകൊണ്ടാണ് ക്രിക്കറ്റ് ബാറ്റുകൾ ഒരു തടിയിൽ മുഴുവനായി ഉണ്ടാക്കിയെടുക്കാത്തത് ? അറിവ് തേടുന്ന പാവം പ്രവാസി…

എന്താണ് വെള്ളിക്കോല്‍ ?

തത്വത്തിൽ കൃത്യമായിരുന്നെങ്കിലും ഇതു ഒരിക്കലും കൃത്യത പാലിച്ചിരുന്നില്ല. പലപ്പോഴും ഇതു ഏകപക്ഷീയമായ അളവു ഉപകരണമായിരുന്നു ചരിത്രത്തിൽ മൺമറഞ്ഞ ഈ ഉപകരണം

എന്താണ് ടർബുലൻസ് അഥവാ ആകാശച്ചുഴി? ഇത് എങ്ങനെ വിമാനത്തെ ബാധിക്കും?

ചെറിയതോതിൽ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയിൽ എടുത്തിട്ട് അടിക്കുന്നതു പോലെയും അനുഭവപ്പെടാം. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ഇതിന് കാരണം

എവിടെയാണ് പിശാചിന്റെ പാലം ?

മുത്തശ്ശിക്കഥകളിലെ രാക്ഷസന്മാരുടെ താവളത്തിന്റെ സമീപമുള്ള പാലത്തിന്റെ ചെറിയൊരു ഛായ എവിടെയോ തോന്നുന്നതു കൊണ്ടാണോയെന്തോ പിശാചിന്റെ പാലം എന്നാണ് റാക്കോഫ്ബ്രെക്കി അറിയപ്പെടുന്നത്