കൊലപാതകികളല്ല, ജീവിക്കാൻ വേണ്ടിയാണ് സാർ…

106

ഉണ്ണികൃഷ്ണൻ തോട്ടശ്ശേരി

കൊലപാതകികളല്ല, ജീവിക്കാൻ വേണ്ടിയാണ് സാർ…

ജീവിക്കാൻ വേണ്ടിയാണ് ജോലിചെയ്യുന്നത്. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ, ‘വെെകീട്ട് നേരത്തെ വരാമെന്ന്’ മക്കളോട് പറയുമ്പോഴും അതിന് അത്ര ഉറപ്പില്ല. വയസായ അച്ഛനോ അമ്മയ്ക്കോ വയ്യായ്കയുണ്ടായാൽ ജോലികഴിഞ്ഞ് വന്ന് ഡോക്ടറുടെ അടുത്ത് കൊണ്ടു പോകാം എന്നു പറയുമ്പോഴും, അതിനും അത്ര ഉറപ്പൊന്നുമില്ല സർ…

ഏതുനിമിഷവും മരണം കാത്തിരിക്കുന്ന തൊഴിൽമേഖല തന്നെയാണ് KSEB. പല തരത്തിലുള്ള സുരക്ഷാസംവിധാനങ്ങൾ ബോർഡ് നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങളും ബോധവൽക്കരണവും ധാരാളമുണ്ട്. എന്നിട്ടും ഞങ്ങളിലെത്രപേരാണ് മരിച്ചും പാതിമരിച്ചും കൊഴിഞ്ഞുവീഴുന്നത്! അറിവില്ലാത്തവർ ആയതോണ്ടല്ല, നൂറുശതമാനം സുരക്ഷപാലിച്ച് ജോലി ചെയ്യുകയാണെങ്കിൽ ഏറെ സമയം എല്ലാസ്ഥലത്തും വെെദ്യുതിമുടങ്ങും. ജനങ്ങളുടെ പരാതി പരിഹരിക്കാൻ ഏറെ സമയമെടുക്കും.

കൊടും ചൂടിൽ അഞ്ച്ദിവസം പ്രായമായ കുഞ്ഞ്, ചൂടുസഹിക്കാതെ കരയുകയാണെന്ന് ഒരമ്മ ഫോൺ ചെയ്യുമ്പോൾ, കൃത്രിമ ശ്വാസം കൊടുക്കുവാനുള്ള ഉപകരണം പ്രവർത്തിക്കുവാൻ കരണ്ടില്ലെന്ന്, ശ്വാസത്തിനുവേണ്ടി പിടയുന്ന അച്ഛൻെറ മുന്നിൽ നിന്നും മകൻ വിളിക്കുമ്പോൾ, റേഷൻ മണ്ണെണ്ണ റേഷനുപോലും കിട്ടാത്ത വീട്ടിൽനിന്ന് മക്കൾക്ക് നാളെ പരീക്ഷയാണ് എന്നുപറഞ്ഞ് മാതാപിതാക്കൾ വിളിക്കുമ്പോൾ, ഞങ്ങൾ ചിലപ്പോൾ ജീവിതം മറക്കാറുണ്ട്. അഞ്ച്ദിവസം പ്രായമായ കുഞ്ഞ് ഞങ്ങളുടെയാണെന്ന് അറിയാതെ ചിന്തിച്ചു പോവാറുണ്ട്. പ്രാണശ്വാസത്തിനു വേണ്ടി പിടയുന്നത് ഞങ്ങളുടെകൂടെ അച്ഛനോ അമ്മയോ ആണെന്ന് കരുതാറുണ്ട്. ഞങ്ങൾ ‘പ്രൊഫഷണലുകൾ’ അല്ല സാർ, ജീവനുള്ള മനുഷ്യരാണ്…

കേരളത്തെ മഹാപ്രളയം വിഴുങ്ങിയപ്പോൾ, സ്വന്തം കുടുംബത്തിൻെറ സുരക്ഷകൂടെ മറന്ന്, ദിവസങ്ങളോളം വീട്ടിൽ പോലും പോവാതെ ജോലിചെയ്തവർ എത്രയോപേർ… പ്രളയജലം ഒഴുകിയകലും മുന്നേ കേരളത്തിന് വെട്ടവും ഊർജ്ജവും തന്ന് മുന്നേനടന്നത് ഞങ്ങൾ പ്രൊഫഷണലുകൾ അല്ലാത്തത്കൊണ്ടാണ്. പ്രളയജലത്തിലിറങ്ങി പണിയെടുത്തതിൻെറ അസ്വസ്ഥതകൾ ശരീരത്തെ ബുദ്ധിമുട്ടിക്കുന്നെങ്കിലും ഞങ്ങൾ സന്തുഷ്ടരാണ്, കാരണം ഞങ്ങൾ മനുഷ്യരാണ്…

ഇന്ന് ഓരോ ദിവസവും ഞങ്ങൾ ”കൊലപാതകികൾ” ആവുകയാണ്. എന്തിനാണ് ഞങ്ങളുടെ ജീവിതം ഇങ്ങനെ തല്ലിതകർക്കുന്നത്… ആർക്കുവേണ്ടിയാണു സാർ. ലെെൻമാൻ, ഓവർസീർ, സബ് എൻഞ്ചിനീയർ അങ്ങനെ വർക്കർ കാറ്റഗറിയിലുള്ള, ആരുംതന്നെ ഒരുമൊട്ടുസൂചിപോലും ബോർഡിനുവേണ്ടി പർച്ചേഴ്സ് ചെയ്യുന്നില്ല. അതിനൂതന സുരക്ഷാസംവിധാനങ്ങൾ ബോർഡിൽ നടപ്പാക്കേണ്ടതും ഞങ്ങളല്ല. വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരവും ആയുസ്സും അളക്കുന്നതും ഈ പാവങ്ങളല്ല. എന്നിട്ടും മരംപൊട്ടിവീണാലും പോസ്റ്റ് ഒടിഞ്ഞാലും കാലപ്പഴക്കം കൊണ്ട് കമ്പിപൊട്ടിയാലും എന്തിനും ഏതിനുംഈയുള്ളവർ ബലിയാടുകൾ.

റോഡിൽ ഗട്ടറുകളുണ്ടായതിൻെറ പേരിൽ, അതിൻപ്രതിയെത്ര പേർ മരിച്ചാലും ആർക്കും കേസില്ല. ഗതാഗതക്കുരുക്കിൽപെട്ട് എത്ര ജീവൻപൊലിഞ്ഞാലും ആർക്കുമെതിരെ കേസില്ല. മറ്റ് ഒരു ഡിപ്പാർട്ടമെൻറ്റിലോ പൊതുമേഖലയിലോ ആർക്കുമെതിരെ കൊലക്കുറ്റത്തിന് കേസില്ല… ഞങ്ങളോട്മാത്രം എന്തിനാണിത്???

ഏറ്റവും കൃത്യമായി ജോലിചെയ്യുന്ന പൊതുമേഖല സ്ഥാപനത്തിൽ ഒന്നായതാണോ ഞങ്ങൾ ചെയ്തകുറ്റം. അതോ ‘കൃത്യമായി വെെദ്യുതിയെത്തുന്നില്ല’ എന്നപേരിൽ, ഇവിടെ സ്വകാര്യമേഖലയ്ക്ക് നുഴഞ്ഞുകയറുവാൻ ഇടം കൊടുക്കുന്നില്ല എന്നതാണോ?
കേസെടുത്തോളൂ… എത്രവേണമെങ്കിലും… എങ്കിലും ജനങ്ങളുടെ ഒരുഫോൺ വിളിക്കപ്പുറം ഞങ്ങൾ ഓടിയത്തും. കാരണം ഓരോ വീട്ടിലും ഞങ്ങളുടെ ഉറ്റവരുണ്ടെന്ന് കരുതുന്നു.

മനസ്സറിയാത്ത കാര്യത്തിന് ഞങ്ങളുടെ മക്കൾ കൊലപാതികിയുടെ മക്കളാവട്ടെ, മാതാപിതാക്കൾ കൊലപാതകികളുടെ മാതാപിതാക്കളാവട്ടെ… എന്നാലും അവസാന വ്യക്തിയും കൊലപാതകിയായോ മരിച്ചോ ഇല്ലാതാവുംവരേയും ജനങ്ങളുടെ ഒരുവിളിക്കപ്പുറം ഞങ്ങളുണ്ടാവും.

ഓരോ ബൾബ് തെളിയുമ്പോഴും വെട്ടം വീഴുന്നത് ഹൃദയത്തിലാണ്. ഇരുട്ടറകളിൽ ഇല്ലാതായി കഴിയുമ്പോഴെങ്കിലും ഞങ്ങളുടെ മക്കളോട് പറയണേ സാർ, അവരുടെ അച്ഛൻ കൊലപാതകിയായിരുന്നില്ല, തൊഴിലാളിയായിരുന്നെന്ന്!!!
ഇതെഴുതുമ്പോഴും എനിക്കു കേൾക്കാം, നടക്കാനാവതില്ലാത്ത ഒരമ്മ ഇഴഞ്ഞുവന്ന് ജോലിക്കിടെയുണ്ടായ അപകടത്തിൽ നിശ്ചലമായ ഭർത്താവിൻെറ ശരീരംകണ്ട് തേങ്ങിക്കരഞ്ഞ് ശൂന്യതയിലേക്ക് വീണുപിടയുന്ന ഒച്ച. ഈ കുറിപ്പിന് മരണത്തിൻെറ ഗന്ധമുണ്ടാവാം. കാരണം ഇതുവായിക്കുന്ന ആത്മാക്കളിൽ ഒരാൾകൂടെ കൂടിയിരിക്കുന്നു, ഞങ്ങളുടെ പ്രിയപ്പെട്ടവനിൽ ഒരാൾ.