
1. ബബുഷ്‌ക ലേഡി
1963ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റി നിരവധി നിഗൂഢതകളുണ്ടായിരുന്നു. അവ പലതും ഇന്നും തുടരുന്നുമുണ്ട്. അക്കൂട്ടത്തിലൊന്നായിരുന്നു കെന്നഡി കൊല്ലപ്പെട്ട സ്ഥലത്ത് കാണപ്പെട്ട ബബുഷ്‌ക ലേഡി എന്നുവിളിക്കുന്ന ഒരു അജ്ഞാത സ്ത്രീ.
സംഭവസ്ഥലത്ത് വെച്ച് ഷൂട്ട്‌ചെയ്ത വീഡിയോയിലെല്ലാം ഈ സ്ത്രീയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ സ്ത്രീയുടെ ചിത്രം ലഭിച്ചതോടുകൂടി കൊലപാതകത്തെ കുറിച്ചുള്ള ചുരുളഴിയുമെന്ന് കരുതിയിരുന്നെങ്കിലും അവരെ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല.
ഒടുവില്‍ 1970ല്‍ ബെവെര്‍ലി ഒളിവര്‍ എന്ന സ്ത്രീ, താനാണ് ബബുഷ്‌ക ലേഡിയെന്ന അവകാശവാദവുമായി രംഗത്തെത്തി. മാത്രമല്ല അന്ന് സംഭവസ്ഥലത്ത് വെച്ച് താനെടുത്ത ചിത്രങ്ങള്‍ എഫ്.ബി.ഐയിലെയോ മറ്റോ സ്‌പെഷ്യല്‍ ഏജന്റ്‌സ് അന്വേഷിച്ചു വന്നിരുന്നുവെന്നും അവ അവരുടെ പക്കലേല്‍പ്പിച്ചിരുന്നുവെന്നും ഒളിവര്‍ പറയുന്നു. മാത്രമല്ല ചിത്രങ്ങള്‍ കൊടുത്തതിനു പിന്നാലെ ഇവര്‍ അപ്രത്യക്ഷരായെന്നും ഒളിവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഒളിവറുടെ അവകാശ വാദത്തില്‍ ഒരുപാട് പൊരുത്തക്കേടുകളുള്ളതിനാല്‍ ഇത് ആരും വിശ്വസിച്ചില്ല. കാരണം സംഭവം നടക്കുന്ന സമയത്ത് ഒളിവര്‍ക്ക് വെറും 17 വയസ് മാത്രമാണ് പ്രായം. എന്നാല്‍ ബബുഷ്‌ക ലേഡിയുടേതായി വന്ന ചിത്രം ഒരു മധ്യവയസ്‌കയുടേതായിരുന്നു. പിന്നീട് 1994ല്‍ തന്റെ ഇത്തരം അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒളിവര്‍ ഒരു പുസ്തകമെഴുതിയിരുന്നു.
2. ഹെസ്ഡലെന്‍ ലൈറ്റ്‌സ്
1981 മുതല്‍ 84വരെ പലപ്പോഴായി നോര്‍വെയിലെ ആകാശത്ത് കാണപ്പെട്ട വെളിച്ചമായിരുന്നു ഹെസ്ഡലെന്‍ ലൈറ്റ്‌സ് എന്നറിയപ്പെടുന്നത്. നിരവധിയാളുകള്‍ നോര്‍വെയിലേക്കുള്ള യാത്രക്കിടെ ഈ വെളിച്ചം കണ്ടതായി പറയുന്നുണ്ട്. എന്നാല്‍ ഇതിന്റെ പിന്നിലെ യഥാര്‍ഥ കാരണം ഇന്നും തെളിയാതെ കിടക്കുകയാണ്.
ഒരോ ആഴ്ചയിലും 15-20 തവണവരെ കാണപ്പെട്ടിരുന്നു ഈ വെളിച്ചം പിന്നീട് വര്‍ഷത്തില്‍ 15-20 വരെയായി കുറഞ്ഞു. അന്യഗ്രഹ ജീവികളുടെയും പറക്കും തളികകളുടെയും കഥകള്‍ പ്രചരിച്ചെങ്കിലും ശാസ്ത്രീയമായ വിശദീകരണം അന്നും അകന്നു നിന്നു. ഇതിനൊപ്പം തന്നെ ചിലര്‍ മറ്റ് ചില രൂപങ്ങളും ശ്രദ്ധയില്‍പ്പെട്ടതായി പറയുന്നു.

ഒടുവില്‍ 2014 മെയില്‍ ഏതാനും ശാസ്ത്രജ്ഞന്മാര്‍ ഈ വെളിച്ചത്തിനു പിന്നിലെ രഹസ്യം കണ്ടുപിടിച്ചതായി അവകാശപ്പെട്ട് രംഗത്തെത്തി. മലകള്‍ക്കിടയിലെ ലോഹ സാന്നിധ്യമുള്ള പാറകളുംതൊട്ടടുത്ത നദിയിലെ അമിതമായ സള്‍ഫറും ചേര്‍ന്ന രാസപ്രവൃത്തിയാണ് ഈ വെളിച്ചത്തിനു കാരണമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. എന്നാല്‍ ഇതും ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല. വെളിച്ചത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ ഇന്നും തുടരുന്നു.
3. ഹൂക്ക് ദ്വീപിലെ ഭീകരജീവി
ഇന്നത്തെക്കാലത്തായിരുന്നു ഹൂക്ക് ദ്വീപിലെ ഭീകരജീവിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നതെങ്കില്‍ എല്ലാവരും ഫോട്ടോഷോപ്പെന്ന് പുച്ഛിച്ച് തള്ളുമായിരുന്നു. എന്നാല്‍ 1964 ഡിസംബര്‍ 12നാണ് ഭീകര ജീവിയുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
ക്വീന്‍സ്‌ലാന്റിലെ ഹൂക്ക് ദ്വീപ് തീരത്ത് നിന്നും കടലിലൂടെ സഞ്ചരിക്കുകയായിരുന്ന റോബര്‍ട്ട് ലെ സെറക്കും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഈ ഭീകര ജീവിയെ ആദ്യം കാണുന്നത്. എന്താണെന്ന് മനസിലാകാത്തതിനാല്‍ ആദ്യം തന്നെ ഇവര്‍ ഈ ജീവിയുടെ ചിത്രങ്ങളെടുത്തു. ഒരു ഭീമന്‍ വാല്‍മാക്രിയെ പോലെ തോന്നിക്കുന്ന ഈ ജീവിക്ക് 75-80 അടി നീളമുണ്ടായിരുന്നതായും ഇവര്‍ പറയുന്നു.

നിശ്ചമായി കാണപ്പെട്ട ഈ ജീവി ചത്തെന്നു കരുതിയ ദമ്പതികള്‍ വീഡിയോ എടുക്കാനായി അടുത്തെത്തിയപ്പോള്‍ ഇത് അനങ്ങുകയും വായ് തുറക്കുകയും ചെയ്തു. പേടിച്ച് ദമ്പതികള്‍ തിരികെ ബോട്ടിലേക്ക് കയറിയപ്പോഴേക്കും ഇത് അപ്രത്യക്ഷമായിരുന്നു.
4. സോള്‍വെയിലെ സ്‌പേയ്‌സ്മാന്‍
1964ല്‍ ഇംഗ്ലണ്ടിലെ കുംബ്രിയയില്‍വെച്ച് തന്റെ ഭാര്യയുടെയും മകളുടെയും ചിത്രമെടുക്കുകയായിരുന്നു ജിം ടെംപ്ലെട്ടന്‍ എന്നയാള്‍. എന്നാല്‍ ഫിലിം ഡവലപ്പ് ചെയ്‌തെടുക്കവെ മകളുടെ ഒരു ചിത്രത്തില്‍ അവള്‍ക്ക് പിറകിലായി സ്‌പേസ് സ്യൂട്ട് ധരിച്ച ഒരാള്‍ നില്‍ക്കുന്നത് ജിമ്മിനെ ഞെട്ടിച്ചു. താന്‍ ഫോട്ടോയെടുക്കുന്ന സമയത്ത് ആ പ്രദേശത്ത് താനും ഭാര്യയും മകളുമല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് ജിമ്മിന് ഉറപ്പായിരുന്നു. ഉടന്‍ തന്നെ ജിം ഈ ഫോട്ടോ പൊലീസിനെ കാണിച്ചുവെങ്കിലും സംശയിക്കത്തക്ക ഒന്നുമില്ലെന്ന് പറഞ്ഞ് അവര്‍ മടക്കി അയക്കുകയായിരുന്നു.

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രാദേശിക പത്രങ്ങളില്‍ ഈ ചിത്രം അച്ചടിച്ചു വന്നതോടെ വിവരം പുറംലോകമറിഞ്ഞു. നിരവധിയാളുകള്‍ ഈ ചിത്രം വ്യാജമാണെന്നും കുട്ടിയുടെ അമ്മയാണ് പിന്നില്‍ നില്‍ക്കുന്നതെന്നും ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ കാരണമാണ് ഇങ്ങനെ തോന്നുന്നതെന്നുമുള്ള വാദങ്ങള്‍ നിരത്തി. എന്നാല്‍ പിന്നീടും ഈ പ്രദേശത്ത് ജിമ്മിന്റെ ചിത്രത്തിലുള്ള തരത്തില്‍ സ്‌പേയ്‌സ് സ്യൂട്ട് ധരിച്ച രണ്ടുപേരെ കണ്ടതായും പറയപ്പെടുന്നുണ്ട്.
5. എസ്.എസ് വാട്ടര്‍ടൗണിലെ പ്രേത മുഖങ്ങള്‍
1924ല്‍ ന്യൂയോര്‍ക്കിലേക്ക് യാത്രചെയ്യുകയായിരുന്ന എസ്.എസ് വാട്ടര്‍ടൗണ്‍ എന്ന കപ്പലിലെ കാര്‍ഗോ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ജെയിംസ് കെര്‍ട്ട്ണി മൈക്കല്‍ മീഹന്‍ എന്നീ ജീവനക്കാര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. കപ്പലിലായതിനാല്‍ തന്നെ ഇവരുടെ മൃതദേഹം കടലില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇവരുടെയും പ്രതിബിംബങ്ങള്‍ വെള്ളത്തില്‍ കപ്പലിനെ പിന്തുടര്‍ന്നത് ഏവരെയും ഞെട്ടിച്ചു. ഇവ അത്രയ്ക്ക് വ്യക്തമായി കാണപ്പെട്ട ഈ മുഖങ്ങള്‍ കപ്പലിന്റെ ക്യാപ്റ്റന്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

6. ബ്ലാക്ക് നൈറ്റ് സാറ്റലൈറ്റ്
കഴിഞ്ഞ 13000 വര്‍ഷങ്ങളായി ഭൂമിയെയും ചന്ദ്രനേയും ഒരുപോലെ നിരീക്ഷിച്ച് ഒരു ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് പലരും ഇന്നും വിശ്വസിക്കുന്ന കാര്യമാണ്. ബ്ലാക്ക് നൈറ്റ് സാറ്റലൈറ്റ് എന്നറിയപ്പെടുന്ന ഇത് ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞതാണ്. അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളും ഇന്നും ഈ പേടകത്തിന് പുറകെയാണെന്നതാണ് മറ്റൊരു വസ്തുത.

ചിലര്‍ 1899ല്‍ നിക്കോള ടെസ്ല പിടിച്ചെടത്ത റേഡിയോ സിഗ്നലുകളുമായി ഇതിന് ബന്ധമുണ്ടെന്ന് പറയുന്നു. യുഎസ് എയര്‍ഫോഴ്‌സ് ഇത്തരത്തില്‍ ഭൂമിയില്‍ നിന്ന് വിക്ഷേപിച്ചതല്ലാത്ത രണ്ട് ഉപഗ്രഹങ്ങള്‍ ഭൂമിയെ ഭ്രമണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് യു.എഫ്.ഒ ഗവേഷകനായ ഡൊണാള്‍ഡ് കിഹോ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അന്നത്തെ പത്രങ്ങള്‍ ഏറെ പ്രാധാന്യത്തോടെ സമീപിച്ച വാര്‍ത്തയായിരുന്നു.
7. കൂപ്പര്‍ കുടുംബത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥി

പുതിയ വീട്ടിലേക്ക് താമസംമാറിയ കൂപ്പറിനും കുടുംബത്തിനും അവിടെവെച്ചെടുത്ത ആദ്യ ഫോട്ടോ തന്നെ ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ഫോട്ടോ ഡവലപ്പ് ചെയ്യുന്നതിനിടെ ഫോട്ടോയില്‍ കൂപ്പറിനും കുടുംബത്തിനും മുന്നിലായി ഒരു രൂപം തൂങ്ങി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇതിനെ പറ്റി നടന്ന അന്വേഷണങ്ങള്‍ക്കൊന്നും കൂടുതലെന്തെങ്കിലും പുറത്ത് കൊണ്ടുവരാന്‍ സാധിച്ചില്ല. ഇതൊരു തട്ടിപ്പായിരുന്നുവെന്ന് കരുതുന്നവരാണ് കൂടുതല്‍.
8. ചന്ദ്രന്റെ ഇരുണ്ട വശത്ത് കാണപ്പെട്ട പിരമിഡുകള്‍

ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് എന്താണെന്നറിയാമോ? അവിശ്വാസികള്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനാകാത്ത ഒരു ചിത്രമാണ് ചന്ദ്രന്റേതായി നാസ പുറത്ത് വിട്ടത്. അപ്പോളോ 17 ചന്ദ്രനിലേക്കുള്ള അതിന്റെ അവസാന ദൗത്യത്തിനിടെ പകര്‍ത്തിയ ഒരു ചിത്രം ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. കാര്യമായൊന്നും ആ ചിത്രത്തിലില്ലായിരുന്നു എന്നാല്‍ അതില്‍ക്കണ്ട രൂപം എല്ലാവരിലും അത്ഭുതമുളവാക്കുന്നതായിരുന്നു. മലകള്‍ പോലെ കാണപ്പെട്ട ഈ രൂപങ്ങള്‍ പിരമിഡുകളാണെന്നും ചിലര്‍ വാദിച്ചു.
9. ഗോദാര്‍ഡിന്റെ സേനയുടെ ചിത്രം

1919ല്‍ തന്റെ സേനയിലുള്ളവരോടൊപ്പം ഫോട്ടോയെടുത്ത സര്‍ വിക്ടര്‍ ഗോദാര്‍ഡ് എന്ന സൈനിക ഉദ്യോഗസ്ഥന്‍ ആ ചിത്രം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം രണ്ടു ദിവസം മുന്‍പ് പ്ലെയിനിന്റെ പ്രൊപ്പെല്ലര്‍ തട്ടി കൊല്ലപ്പെട്ട ഫ്രെഡി ജാക്‌സണും അതാ ആ ചിത്രത്തില്‍. അദ്ദേഹം ഈ ചിത്രം തന്റെ ക്ര്യൂവിനെ കാണിച്ചു. അവര്‍ക്കും അത് ഫ്രെഡി തന്നെയാണെന്നതില്‍ സംശയമൊന്നും ഉണ്ടായിരുന്നില്ല.
10. എലിസാ ലാമിന്റെ നിഗൂഢ മരണം
ലോസ് ആഞ്ചലസിലെ സെസില്‍ ഹോട്ടലില്‍ വെച്ച് മരിച്ച എലിസാ ലാം എന്ന 21 കാരിയുുടെ മരണവും ഇന്ന് നിഗൂഢമായി തുടരുകയാണ്. 2013 ജനുവരിയില്‍ കാണാതായ ലാമിന്റെ മൃതദേഹം അഴുകിയ നിലയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഹോട്ടലിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തുകയായിരുന്നു. ലാം ബൈപോളാര്‍ ഡിസോഡറിന് അടിമയായിരുന്നു. ഒറ്റനോട്ടത്തില്‍ അപകട മരണമെന്ന് തോന്നിച്ചെങ്കിലും ലാമിന്റെ മരണത്തില്‍ അസ്വാഭാവികതകള്‍ പലതുണ്ടായിരുന്നു.

ഹോട്ടലിലെ ലിഫ്റ്റില്‍ കയറുന്ന ലാമിന്റെ വീഡിയോയായിരുന്നു ഈ അസ്വാഭാവികതകളിലൊന്ന്. ലിഫ്റ്റില്‍ കയറിയ ലാം ഫ്‌ളോര്‍ ബട്ടണുകള്‍ പലതും അമര്‍ത്തുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ലിഫ്റ്റിന്റെ വാതില്‍ അടയുന്നില്ല. തുടര്‍ന്ന് അവര്‍ ആരോ കാണാതിരിക്കാന്‍ വേണ്ടി ഒളിക്കാന്‍ ശ്രമിക്കുന്നതായും വീഡിയോയിലുണ്ട്. പുറത്തിറങ്ങി ചുറ്റും നോക്കിയ ലാം തിരിച്ച് ലിഫ്റ്റിലേക്ക് തന്നെ കയറുന്നു. മിനിറ്റുകളോളം ലാമിന്റെ ഈ പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടിരിക്കെ പെട്ടെന്ന് അവര്‍ അപ്രത്യക്ഷയാകുകയായിരുന്നു. തുടര്‍ന്ന് അതുവരെ യാതൊരനക്കവുമില്ലാതിരുന്ന ലിഫ്റ്റിന്റെ വാതിലുകള്‍ അടയുകയും തുറക്കുകയും ചെയ്തത് വിചിത്രമായിരുന്നു.
ലാമിന്റേത് ഒരു അപകട മരണമാണെന്ന് വിശ്വസിക്കാത്തവര്‍ ഹോട്ടലില്‍ ഒരു സീരിയല്‍ കില്ലര്‍ താമസിച്ചിരുന്നതായി ചൂണ്ടിക്കാട്ടുന്നു. കാരണം ഈ സമയം അവിടെ ഒരു കൊലപാതകവും മുന്ന് ആത്മഹത്യകളും അരങ്ങേറിയിരുന്നു. എങ്കിലും ബാരിക്കേഡുകള്‍ നിരത്തിയിരുന്നു മുകള്‍ നിലയിലേക്ക് ലാം എത്തിപ്പെട്ടതെങ്ങിനെയെന്നതിനെ ചൊല്ലി ആര്‍ക്കും ഉത്തരമില്ല. ലാമിന്റെ മരണം നടന്ന് ആറ് മാസം കഴിഞ്ഞ് അവരുടെ ബ്ലോഗ് ആരോ അപ്‌ഡേറ്റ് ചെയ്തതും ഇന്നും രഹസ്യമായി തുടരുകയാണ്.