review
ഗൗതമൻ കണ്ട അങ്കക്കോഴികളും ഭ്രാന്തുപിടിച്ച നാടും

രാജേഷ് ശിവ
ശബരി വിശ്വം സംവിധാനം ചെയ്ത ഉർവശി എന്ന ഷോർട്ട് ഫിലിം ഒരു കൊലപാതകത്തെ ഗൗതമൻ എന്ന വ്യക്തി വിവിധ ആംഗിളിൽ നോക്കി കാണുകയും അതിന്റെ സത്യം വിവിധ ആംഗിളിൽ വിലയിരുത്തുകയും ചെയ്യുന്നൊരു ഷോർട്ട് മൂവിയാണ് . ഇതിന്റെ ആശയം നിങ്ങള്ക്ക് ദഹിക്കുകയോ ദഹിക്കാതിരിക്കുകയോ ചെയ്യാം. അത് നിങ്ങളുടെ മതബോധങ്ങൾക്കും പുരോഗമനബോധങ്ങൾക്കും അനുസരിച്ചിരിക്കും. തികച്ചും വിവാദമായ ചില വിഷയങ്ങളെ ആണ് ഇതിൽ ഉൾക്കൊള്ളിക്കുന്നത്. പ്രധാനമായും മതവും രാഷ്ട്രീയവും തന്നെയാണ് അത്. ഇതിന്റെ പേരിൽ അനുദിനം രൂപംകൊള്ളുന്ന ചാവേറുകൾ സമൂഹത്തിന്റെ തന്നെ സ്വസ്ഥത കെടുത്തുന്ന അവസ്ഥയിലെക്ക് മാറിയിട്ടുണ്ട്.
വർഗീയത ആളിക്കത്തിച്ച് ഏതുസമയത്തും കലാപവും കൊലപാതകങ്ങളും നടത്താൻ സജ്ജരായി രണ്ടു മതവിഭാഗങ്ങളിൽ പെടുന്ന സംഘടനകൾക്കും കേരളത്തിൽ 1364 ‘ചാവേറുകൾ’ ഉണ്ടെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നിങ്ങൾ വായിച്ചിരിക്കും. എറണാകുളം റൂറൽ, കണ്ണൂർ, തിരുവനന്തപുരം റൂറൽ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ്. തൃശൂർ, കണ്ണൂർ, കോട്ടയം, കൊല്ലം, മലപ്പുറം എന്നീ ജില്ലകൾ ആണ് ഈ രണ്ടുവിഭാഗം ചാവേറുകളും തമ്പടിച്ചിരിക്കുന്നത്.
ഉർവശി ബൂലോകം ടീവിയിൽ കാണാം
വാടകവീട് പൂട്ടിയിറങ്ങിയ ഗൗതമൻ പാലത്തിനു മുകളിൽ നിന്നും എന്താണ് കണ്ടത് ? കൗമാരകാലത്ത് വാരാന്തയിലിരുന്നു ഞാൻ കണ്ട എന്റെ അങ്കക്കോഴികളെ തന്നെ ആയിരുന്നു. കൗമാരകാലത്തെനിക്ക് രണ്ട് അങ്കക്കോഴികൾ ഉണ്ടായിരുന്നു. സാധാരണ കോഴികൾ അല്ലാത്തതുകൊണ്ട് തന്നെ അവരുടെ വളർച്ചയെ അത്രയും ആകാംഷയോടെ നോക്കിയിരുന്നു. വളർച്ചയുടെ ഒരു പ്രത്യേകഘട്ടം പിന്നിട്ടപ്പോൾ അവർ തമ്മിൽ ഘോരമായ പോരാട്ടം തുടങ്ങി. രണ്ടിലൊന്നറിഞ്ഞിട്ടേ നിർത്തൂ എന്ന നിശ്ചയദാർഢ്യം അവരിൽ കണ്ട ഞാൻ പലപ്പോഴും ഒരു റഫറിയെ പോലെ പിടിച്ചുമാറ്റി പ്രശ്നം സോൾവ് ചെയ്തിരുന്നു. എന്തോ, ഒരെണ്ണത്തിന്റെ പക്ഷം പിടിക്കാൻ എന്നിലെ ബോധം എന്നെ അനുവദിച്ചില്ല. ഒത്ത ഉയരവും ബലിഷ്ഠമായ കാലുകളും തലയെടുപ്പും ഉള്ള അവയെ പേടിച്ചു പൂച്ചകളും പട്ടികളും ഇങ്ങോട്ടു വരാതായി. പരിസരവാസികൾക്ക് പോലും ഭയമുണ്ടാക്കിയ വില്ലന്മാരായി, അവരങ്ങനെ പരസ്പരം പോരടിച്ചു വളർന്നു. ഇപ്പോഴും അവരുടെ ആ വീര്യവും കലിയോടെയുള്ള പോരും എന്റെ കണ്ണുകളിലുണ്ട്.
കേരളത്തിലെ മത-രാഷ്ട്രീയ കൊലപാതകങ്ങൾക്കു നേതൃത്വം നൽകുന്നവരെയും അതിനിരയാകുന്നവരെയും കാണുമ്പൊൾ ഞാനെന്റെ കോഴികളെ ഓർമകളിൽ നിന്നും ആവാഹിച്ചെടുക്കും. ഒന്നിനെ കൊന്നിട്ട് മറ്റൊന്നിനു തിന്നാനാണോ, അല്ല. ഒന്ന് ചത്തതിന്റെ പേരിൽ മറ്റൊന്ന് താത്കാലികമായി അതിന്റെ പ്രിയപ്പെട്ടവരാൽ ആദരിക്കപ്പെടുന്നുണ്ടാകും. എന്നാൽ അടുത്ത പോരിനുള്ള ഊർജ്ജമാകും ആ ആദരത്തിലൂടെ കുത്തിവയ്ക്കപ്പെടുക. കോഴിപ്പോര് കാണുമ്പോൾ ആദ്യമൊക്കെ ഞാനും ആനന്ദിച്ചിരുന്നു. പക്ഷെ ഒന്നിന്റെ, ചിലപ്പോൾ രണ്ടിന്റെയും മരണത്തോടെയേ അതവസാനിക്കൂ എന്ന തിരിച്ചറിവാകണം എന്നെയും ഒരു കോഴിപ്പോര് വിരോധിയാക്കിയത്. ഇന്ത്യൻ ശിക്ഷാനിയമം 428, 429 വകുപ്പ് പ്രകാരവും മൃഗപീഡനനിയമം പതിനൊന്നാം വകുപ്പുപ്രകാരവും കോഴിപ്പോരു നടത്തുന്നവരെ അറസ്റ്റുചെയ്യാൻ നിയമമുണ്ട്, എന്നാലോ ‘മനുഷ്യപ്പോരുകോഴികളെ’ സ്പർദ്ദയും കലിയും സ്റ്റിറോയിഡ് പോലെ സിരകളിൽ കുത്തിവച്ചു വിടുന്നവരെ അറസ്റ്റ് ചെയ്യാൻ ഇവിടെ യാതൊരു നിയമവും ഇല്ലെന്നത് അത്യന്തം ദൗഭാഗ്യകരമാണ്. തത്ഫലമായി കോഴികൾ തന്നെ പോരാടുകയും ഒടുങ്ങുകയും കാരാഗൃഹത്തിലാകുകയും ചെയ്യുന്നു..
തമിഴ്നാട്ടിൽ (തമിഴ്നാട് സൗത്ത് ഇന്ത്യയിൽ ആണെങ്കിലും… ഇവിടെ നമുക്ക് ഈ തമിഴ്നാടിനെ നോർത്ത് ഇന്ത്യ എന്ന് ബിംബവത്കരിക്കാം ) കോഴിപ്പോരിന് ചേവൽച്ചണ്ടൈ എന്നാണു പറയുന്നത് ഏറെ ആരാധകരുണ്ട്. നമുക്കിവിടെ ചേവൽച്ചണ്ടൈ എന്ന വാക്കിനെ വർഗ്ഗീയകലാപം എന്നോ വിദ്വേഷം എന്നോ ബിംബവത്കരിക്കാം.. അല്ലെങ്കിലും പല മൃഗവിനോദങ്ങളും (നരഹത്യാ വിനോദങ്ങൾ) മൃഗീയമായി ആസ്വദിക്കുന്നവരാണല്ലോ അവർ.
ഇനി കോഴിപ്പോരിന്റെ മനുഷ്യവേർഷനിലേക്ക് വരാം . പോർവിളികളുടെ കൊക്കരക്കോ മുഴക്കുകയും തലയെണ്ണി സ്കോർബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നവർ ഇവിടെ സുലഭമാണ്. നദീതട സംസ്കാരകാലങ്ങളിൽ വരെ നിലനിന്നിരുന്ന ഏറെ പഴക്കമുള്ള വിനോദങ്ങളിൽ ഒന്നായ കോഴിപ്പോര് (ഗോത്രപ്പോരുകൾ) ചില പക്ഷിരോഗങ്ങൾ മനുഷ്യർക്കും പിടിപെടുന്നപോലെ വ്യാപകമായി നമ്മുടെ നാട്ടിലെ ചിലയിടങ്ങളിൽ മരണഭീതി പരസ്പരംവിതച്ചു മുന്നേറുകയാണ്. ജനാധിപത്യത്തെ കുറിച്ചുള്ള അവബോധവും മനുഷ്യസ്നേഹവുമൊക്കെയാണ് ഇതിന്റെ വാക്സിനുകൾ എന്നിരിക്കെ അവയെല്ലാം അവഗണിച്ചു വീര്യത്തോടെ പരസ്പരം ചിറകുകൾവീശി പറന്നടുക്കുകയാണ് അവർ അനുദിനം.
എവിടെയും പുരുഷന്മാരാണല്ലോ യുദ്ധവും കലാപവും സംഘർഷങ്ങളും ഭീതിയും വിതയ്ക്കുക. എന്നതിനാൽ പൂവങ്കോഴികളെയാണ് കോഴിപ്പോരിനും തിരഞ്ഞെടുക്കുന്നത്. എന്നാൽ പിടക്കോഴികളെ ചൊല്ലിയുള്ള പ്രശ്നങ്ങളാണ് പലപ്പോഴും ലവ് ജിഹാദ് എന്നപേരിലൊക്കെ പൊങ്ങിവരുന്നത്.
ഉർവശി ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/urvashi_aoMV4LHJfLBXKkY143.html
അങ്ങനെ എല്ലാത്തരം കോഴികളെയും പോരിന് നിയോഗിക്കാറില്ല. കോടി, പച്ച കാക്കി,തീട്ടുവ, പാര്ല, നെമലി ,മൈല, ടെഗ, കാക്കി, അര്ത്തവരം…ഇവയൊക്കെയാണ് പോരിന് പറ്റിയതത്രെ. ഇവിടെയോ ? ജാതിയിൽ താഴ്ന്നവർ ആണ് ചാവേറുകൾ ആകാൻ വിധിക്കപ്പെട്ടവർ. ഈ കഥയിലെ വീരനെ പോലെ. ദുർഗ്ഗയുടെ പെങ്ങൾ ഉർവശിയെ പ്രണയിച്ചു വിവാഹംകഴിച്ച മുസ്തഫയ്ക്കെതിരെ പടയൊരുക്കം നടത്താൻ ദുർഗയ്ക്കൊപ്പം ചേർന്നപ്പോൾ വധിക്കപ്പെട്ടത് വീരൻ ആണ്. ദുർഗ്ഗയോ ഓടിരക്ഷപ്പെട്ടു. എന്നാൽ ഇവരെ ചാവേറുകൾ ആയി ഉപയോഗിച്ചില്ലെങ്കിലും ഇവർ കൊണ്ട് തലവച്ചുകൊടുത്തേയ്ക്കും.
നോക്കൂ, ഇവിടെ തലയെണ്ണി കൊല്ലുന്നവരുടെ ലിസ്റ്റുകൾ സൂചിപ്പിക്കാനോ ഏതുവിഭാഗക്കാർ ആണ് കൂടുതൽ മരിക്കുന്നതെന്നു പറയാനോ പ്രതിയോഗികളുടെ വാദങ്ങൾ നിരത്താനോ എനിക്ക് മനസില്ല. മതവും വിശ്വാസവും ജീവിതരീതികളും പ്രാകൃതമായ ഒരു നാട്ടിൽ രാഷ്ട്രീയം മാത്രം സഹിഷ്ണുതയുടേതാകണം എന്ന് വാദിക്കാൻ പറ്റില്ലല്ലോ. മേല്പറഞ്ഞവയിൽ നിന്നൊക്കെ തന്നെയാണ് ഇവിടത്തെ രാഷ്ട്രീയവും ഉടലെടുക്കുന്നത്. അടിസ്ഥാനപ്രശ്നം കണ്ടറിഞ്ഞു പരിഹരിക്കാൻ കഴിയാതെ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടോ വിശുദ്ധസ്വർഗ്ഗം മോഹിക്കുന്നവരുടെയോ ബലിദാനികളുടെയോ കുമിഞ്ഞുകൂടുന്ന പേരുകൾ പ്രസിദ്ധീകരിച്ചിട്ടോ എന്തുനേടാൻ? അവയൊക്കെ വെറും അക്കങ്ങൾ മാത്രമാണ്. പേരുകൾ നേതാക്കൾക്ക് മാത്രം അവകാശപ്പെട്ടത്. ഏതൊരുകാലത്തും ഏതൊരുചരിത്രത്തിലും അവമാത്രം തങ്കലിപികളിൽ തിളങ്ങിനിൽക്കും. അവർക്കുവേണ്ടി മരിച്ചൊടുങ്ങിയ ‘പേരില്ലാതവരുടെ’ പട്ടടകളിലെ കരിക്കട്ടകൾ കുതിർത്തുകിട്ടുന്ന മഷികൊണ്ടുതന്നെയാണ് ലോകചരിത്രങ്ങൾ എഴുതപ്പെട്ടതും എഴുതപ്പെടുന്നതും.
കോഴികൾ അവരുടെ വർഗ്ഗപരമായ അധീശത്വങ്ങൾ സ്ഥാപിക്കാൻ ഇപ്പോൾ കരുവാക്കുന്നതു സ്ത്രീകളെയാണ്. സ്ത്രീയെ സാരിയുടുപ്പിക്കണോ പർദ്ദ അണിയിക്കണോ എന്നാണു തർക്കം. അതിനിടയിൽ കോഴികൾക്കുള്ളിലെ കോഴികളും മുതലെടുപ്പുകൾ നടത്തിയേക്കും. ഗൗതമിന്റെ നിരീക്ഷണങ്ങളുമായി തട്ടിച്ചുനോക്കിയാൽ കാണ്ഡം കാണ്ഡമായി ഞാൻ എഴുതിയതിനു പ്രത്യക്ഷബന്ധം ഇല്ലായിരിക്കാം. എന്നാൽ മനസിന്റെ ബോധപബോധങ്ങൾ എന്നപോലെ പരോക്ഷമായ ബന്ധം അതിനുണ്ട്.
ഉർവശി ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/urvashi_aoMV4LHJfLBXKkY143.html
നമ്മൾ കാണുന്നതല്ല സത്യം എന്നല്ല… നമ്മൾ കാണുന്നതും കാണാത്തതും ഒക്കെ സത്യമാകാം. എന്നാൽ യാഥാർഥ്യം ബോധപ്പെടുന്നതിന് മുൻപ് നിഗമനങ്ങളിൽ എത്തുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. മുസ്തഫ വീരനെ കൊന്നത് എന്തിനു ? വീരൻ എന്തിനാണ് മുസ്തഫയെ തടഞ്ഞു നിർത്തി മരണം വിലക്ക് മേടിച്ചത് ? ഉർവശി ആരാണ് ? മുസ്തഫയുമായി വഴക്കിടാൻ ചെന്ന വീരനൊപ്പം വന്ന ദുർഗ്ഗ ശരിക്കും ആരാണ് ? ഒരർത്ഥത്തിൽ ഇവരെല്ലാം അങ്കക്കോഴികൾ തന്നെയാണ്. മനുഷ്യബന്ധങ്ങൾക്കു മതത്തിന്റെ വിലയിട്ടു ആയുധമുനകൾ വച്ചുകെട്ടി പോരടിക്കുന്നവർ. ചിലപ്പോളവരുടെ പ്രശ്നം സ്വാർത്ഥമാകാം, എന്നാൽ അതിൽ മതത്തെയും കൂട്ടികെട്ടുന്നു. ഇവിടെ ശരിക്കും ആരാണ് വില്ലൻ ? മുസ്തഫയാണോ ? വീരനാണോ ? ദുർഗ്ഗയാണോ ? മതങ്ങളാണോ ? ഉർവശി മതം മാറി പർദ്ദ ഇട്ടതു ‘ലവ് ജിഹാദ് ‘ ആണോ ? ഉർവശിക്ക് മറ്റൊരു മതം സ്വമേധയാ സ്വീകരിക്കാനുള്ള അവകാശം ഇല്ലേ ? പ്രത്യകിച്ചും മുസ്തഫ അവളുടെ പ്രിയപ്പെട്ടവൻ ആകുമ്പോൾ …? അങ്ങനെ അയാൽ തന്നെ ഉർവശിയെ അവളുടെ വിശ്വാസത്തിൽ ജീവിക്കാൻ വിട്ടുകൂടെ ?
ഈ ചോദ്യങ്ങൾ ചോദ്യങ്ങളായി തന്നെ അവശേഷിക്കും. ഞാനും ഗൗതമനെ പോലെ ഒരു കൺക്ലൂഷനിൽ എത്താതെ അവസാനിപ്പിക്കുന്നു. എന്ത് മാങ്ങാത്തൊലിയോ ആയിക്കോട്ടെ… രക്ഷപ്പെടണം നിന്നുള്ളവർ ഈ നാട്ടിൽ നിന്ന് രക്ഷപെടുക.. മതവും ജാതിയും കൊണ്ട് മനുഷ്യരെ അളക്കാത്ത എവിടെയെങ്കിലും പോയി മനുഷ്യരായി ജീവിക്കുക. പോരിന്റെ വീര്യത്തെ തൂവൽ കുടഞ്ഞു കളഞ്ഞു… സമാധാനമായി ജീവിക്കുക… എന്നാൽ പിന്നെ ഗൗതമനും ഇത്ര ചിന്തിക്കേണ്ടി വരില്ല. നിങ്ങളിൽ മതങ്ങളുടെ പക്ഷം ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ ഇതുകാണുക…
പണ്ടെഴുതിയ ഒരു ഗദ്യകവിത കൂടെ ചേർക്കുന്നു (2009)
അവർ
നിനക്ക് തരുന്ന
ഓരോ ധാന്യമണിയും
അകം കയ്പ്പുള്ളതായിരിക്കും
അവർ
ഓതുന്ന ഓരോ വാക്കിനും
കാളകൂടത്തിന്റെ സംഹാരശേഷി
അവർ
നിന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും
ചെയ്യുന്നതായി നടിച്ചുകൊണ്ട്
പോരാട്ടവീര്യം കുത്തിവയ്ക്കും
അവർ
ചിറകുകൾ വകഞ്ഞൊതുക്കി
ചുംബിച്ചു, നീ പോലുമറിയാതെ
കാലുകളിൽ മരണമുനകൾ ഘടിപ്പിക്കും
അവർ
അപ്പുറത്തു നിന്നെപ്പോലെ
ആക്രോശിക്കുന്നവന്റെ നേരെ
പറഞ്ഞുവിടുകയും
ചേതനയറ്റൊരു രൂപത്തിൽ താത്കാലികമായി
പോര് അവസാനിപ്പിക്കുകയും ചെയ്യും
അവർ
പിന്നീട്
നിലത്തൊഴുകിപ്പടരുന്ന
ചോര കുടിക്കുകയും
ശേഷിച്ചത് തുടച്ചു വിജയചിഹ്നമായി
നാട്ടുകയും ചെയ്യും.
ഉർവശി ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/urvashi_aoMV4LHJfLBXKkY143.html
Title- Urvasi
Director- sabari Viswam
Writer/Creative Director- Anand Ps
Dop- Nithink K Raj
5,058 total views, 8 views today