ഒടുവിൽ, ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു

72

ഒടുവിൽ, ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു

എഴുതിയത് : ഉസ്മാൻ ഇരിങ്ങാട്ടിരി
Usman Iringattiri

ഒടുവിൽ, ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. എങ്കിലും നിരാശരാവാതെ, ഭയപ്പെടാതെ, ചില പ്രായോഗികമായ തിരിച്ചറിവുകളിലേക്ക് നാം എത്തേണ്ടതുണ്ട്. ഇ.അഹമ്മദ് സാഹിബുണ്ടായിരുന്നെങ്കിൽ, സുഷമ സ്വരാജുണ്ടായിരുന്നെങ്കിൽ എന്നൊക്കെ നമ്മൾ സങ്കടം പറയുമ്പോഴും അവരൊക്കെ ഉള്ളപ്പോഴാണ് ഈ അഖിലലോക ലോക് ഡൗൺ വേണ്ടി വന്നിരുന്നുവെങ്കിലും ഒരു പക്ഷേ, ഇതേ സമീപനമായിരിക്കാം അവരുടേതും എന്ന് മനസ്സിലാക്കുക. കാരണം , അവരൊക്കെ അഭിമുഖീകരിച്ച, പരിഹരിച്ച, രക്ഷപ്പെടുത്തിയ, പോലെയുള്ള ഒരു കുടുങ്ങലല്ല നിലവിൽ നമ്മൾ കുടുങ്ങിയിരിക്കുന്നത്. എവിടെയെങ്കിലും അകപ്പെട്ടു പോയ കുറച്ചു പേരെ ഒരു വിമാനത്തിൽ രക്ഷപ്പെടുത്തുന്ന അത്ര സിംപിൾ അല്ല ഇപ്പോഴത്തെ അവസ്ഥ.

ലോകത്തെ എല്ലാ എയർപോർട്ടുകളും അടച്ചിടുക വഴി ആകാശമാർഗ്ഗങ്ങളും ഭൂമിയിലെ എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും അടച്ചിടുക വഴി ഭൂമാർഗ്ഗവും മൊത്തം അടച്ചിട്ടിരിക്കുകയാണ്.ഈ അവസ്ഥയിൽ ലക്ഷക്കണക്കിന് മനുഷ്യരെ , പൂട്ടിക്കിടക്കുന്ന ഈ ലോക്കുകളൊക്കെ തുറന്ന് നാട്ടിലെത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

മാത്രവുമല്ല ശാരീരിക അകലം പാലിക്കുക, സമൂഹവ്യാപനം തടയുക തുടങ്ങിയ അതി സങ്കീർണ്ണവും ഭയാനകവുമായ പ്രോസസ്സിലൂടെ ഇത്രയേറെ മനുഷ്യരെ എങ്ങനെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ Safe ആയി എത്തിക്കും? എയർ പോർട്ടിൽ എത്തിക്കാൻ തന്നെ എത്ര സാഹസപ്പെടേണ്ടി വരും? അല്പം മുമ്പ് ഒരു വീഡിയോ കണ്ടു. ഒരു വലിയ സൂപ്പർ മാർക്കറ്റിലേക്ക് കോവിഡ് ബാധിതർ വന്നു പോയതായി അറിഞ്ഞപ്പോൾ അതിനുള്ളിലുണ്ടായിരുന്ന കോടിക്കണക്കിന് വിലമതിക്കുന്ന സാധനങ്ങൾ നശിപ്പിക്കുന്ന കരളലിയിപ്പിക്കുന്ന രംഗം.ചുരുക്കത്തിൽ നാട്ടിലെത്തണമെന്ന നമ്മുടെ ആഗ്രഹം സഫലമാവണമെങ്കിൽ നൂറായിരം കടമ്പകൾ കടക്കണം. ഒരു പാടാളുകൾ വൻ റിസ്ക്കെടുക്കണം. എന്നാൽ തന്നെ ഏറിയാൽ എത്ര ഫ്ലൈറ്റുകൾ പറക്കേണ്ടി വരും ലക്ഷക്കണക്കിനാളുകളെ നാട്ടിലെത്തിക്കാൻ?

ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരെ മാത്രം കയറ്റി വിടാമെന്ന് വെച്ചാൽ തന്നെ എത്ര പേരെ ഇങ്ങനെ കൊണ്ടുപോകാൻ കഴിയും? അതു കൊണ്ട് വൈകാരികമായല്ലാതെ പ്രായോഗികമായി ചിന്തിക്കാൻ നാം തയ്യാറാവേണ്ടിയിരിക്കുന്നു. നാട്ടിലെത്തിയാലും പ്രശ്നം അവസാനിക്കുന്നില്ല. കേരളത്തിലൊക്കെ കോ വിഡ് ഒരു പരിധി വരെ നിയന്ത്രണ വിധേയമായ ഈ സമയത്ത് , ഒരു പാടാളുകൾ അവിടെ ചെന്നിറങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും..? മറ്റേതൊരു രോഗം പോലെയല്ലല്ലോ ഇത്.സ്വന്തം ഭാര്യയുടെയും മക്കളുടെയുമടക്കമുള്ളവരുടെ മനസ്സിൽ പോലും ഉപ്പ ഇപ്പോൾ ഇങ്ങോട്ട് വരല്ലേ , ഭർത്താവ് അവിടെത്തന്നെ നിന്നോട്ടേ എന്നൊക്കെയായിരിക്കും.ആർക്കാണ് രോഗത്തെ പേടിയില്ലാത്തത്? ആർക്കാണ് മരണ ഭീതിയില്ലാത്തത്? അതു കൊണ്ട് ഏതു സാഹചര്യത്തെയും തരണം ചെയ്ത് ശീലമുള്ള നമ്മൾ ഈ മഹാമാരിയെയും ഇച്ഛാ ശക്തി കൊണ്ട് നേരിടുകയേ ഇനി വഴിയുള്ളൂ. കാരണം എല്ലാ വഴികളും അടഞ്ഞുകിടക്കുകയാണ്.. പേരിന് ലോക്ക് ഡൗൺ ആണെങ്കിലും ആകാശഭൂമികളിൽ ഒരായിരം ലോക്കുകളാൽ നാം അടച്ചു പൂട്ടപ്പെട്ടിരിക്കുന്നു.ഈ മഹാമാരി നമ്മെ വിട്ടകലും വരെ നമ്മൾ നിലവിലെവിടെയാണോ അവിടെ ഇരിക്കുകയേ നിർവാഹമുള്ളൂ.. ഇതിന് ആരെയെങ്കിലും പഴിച്ചിട്ടോ, ശപിച്ചിട്ടോ,കരഞ്ഞിട്ടോ, കുത്തുവാക്കുകൾ പറഞ്ഞിട്ടോ പ്രാകിയിട്ടോ ഒരു കാര്യവുമില്ല.

പുറത്തേക്കുള്ള വഴി തുറക്കും വരെ നാം അകത്തു തന്നെ ഇരിക്കേണ്ടി വരും.ആ ഒരു നിയ്യത്ത് ഉറപ്പിക്കേണ്ടി വരും.പോവാൻ വല്ല വഴിയുമുണ്ടോ എന്ന് നമ്മൾ അന്വേഷിച്ചു. പ്രതീക്ഷിച്ചു, വാതിലുകൾ മുട്ടി.പക്ഷേ, പ്രായോഗികമായ ബുദ്ധിമുട്ടുകൾ , അപായങ്ങൾ,
അത് സൃഷ്ടിക്കുന്ന റിസ്ക്കുകൾ മുൻകൂട്ടി കണ്ടാവണം അധികൃതർ കനിഞ്ഞില്ല.ഇനി നമുക്ക് നമ്മുടെ വഴി നോക്കുകയേ നിർവ്വാഹമുള്ളൂ.നാം ജീവിക്കുന്ന ഈ നാട്ടിലുമുണ്ട് മനുഷ്യർ.അവർ ഈ വിപത്തിനെ എങ്ങനെ നേരിടുന്നുവോ അതേ പോലെ നമ്മളും നേരിടുക.പരസ്പരം എങ്ങനെയൊക്കെ സഹായിക്കാനാവുമോ അങ്ങനെയൊക്കെ, അകലം പാലിച്ച്, സഹായിക്കുക.എങ്ങനെയൊക്കെ ആശ്വസിപ്പിക്കാനാവുമോ അങ്ങനെയൊക്കെ ആശ്വസിപ്പിക്കുക.മാനസികമായ ഐക്യം ദൃഢപ്പെടുത്തുക.മനക്കരുത്ത് നഷ്ടപ്പെടുത്താതിരിക്കുക.ഏത് രാജ്യത്താണോ നമ്മൾ ജീവിക്കുന്നത് അവിടുത്തെ സർക്കാർ പറയുന്നതൊക്കെ അപ്പടി അനുസരിക്കുക.വിശ്വാസമുള്ളവർ അവരവരുടെ ദൈവത്തിൽ എല്ലാം ഭരമേൽപ്പിക്കുക.

ഈ മഹാമാരിയും കടന്നു പോവും.ആകാശ ഭൂമികൾ തുറക്കും.അതിർത്തികൾ മലർക്കേ തുറക്കപ്പെടും.പുതിയ പ്രഭാതം വിടരും. വീണ്ടും പൂക്കാലം വിരുന്നു വരും.നമ്മൾ പഴയ സന്തോഷത്തോടെ, ആരവങ്ങളോടെ നാട്ടിൽ ചെന്നിറങ്ങും.കുട്ട്യാളും കെട്ട്യോളും നമ്മളെ കൂട്ടാൻ വരും.വഴിയിൽ നിന്ന് കരിമ്പ് ജ്യൂസ് വാങ്ങിക്കഴിക്കും.ഇളനീർ ചെത്തിക്കുടിക്കും.ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ടൂറ് പോകും. അടിച്ചു പൊളിക്കും…’കത്തിയെരിയുമീ ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടായിരിക്കാം…’