മോഷണം പോയ ആ ഷഹനായികളെപ്പോലെ ഉരുകി ഇല്ലാതാവാത്ത ഓർമ്മകൾ

526

മോഷണം പോയ ആ ഷഹനായികളെപ്പോലെ ഉരുകി ഇല്ലാതാവാത്ത ഓർമ്മകൾ..

ആർ.ഗോപാലകൃഷ്ണന്റെ (Gopal Krishnan) പോസ്റ്റ്.മാർച്ച് 21 , ഉസ്താദ് ബിസ്മില്ലാഹ് ഖാൻ്റെ103-ാം ജന്മവാർഷിക ദിനത്തിനു എഴുതിയത്  
••••••••••••••••••••••••••••••

മാർച്ച് 21 , ഉസ്താദ് ബിസ്മില്ലാഹ് ഖാൻ്റെ
103-ാം ജന്മവാർഷിക ദിനം .

സ്മരണാഞ്ജലികൾ…….

ഷഹനായി വാദനത്തിലൂടെ കാശി വിശ്വനാഥനെയും ലോകത്തെയും കോരിത്തരിപ്പിച്ച ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് അന്തരിച്ചു ഒരു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻറെ ശേഖരത്തിലെ നാല് വെള്ളി ഷഹനായികൾ മോഷണം പോയി !

മൂല്യമേറിയ അപൂർവവസ്തുക്കളിൽ താല്പര്യമുള്ള ആരോ ആവാം ആ ഷഹനായികൾ മോഷ്ടിച്ചത് എന്നാണ് എല്ലാരും കരുതിയിരുന്നത്; എന്നാൽ ഈ ഊഹം തെറ്റായിരുന്നു. ഭാരതം കണ്ട ഏറ്റവും മഹാന്മാരായ സംഗീതപ്രതിഭകളിൽ ഒരാളായ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ആ നാല് വെള്ളി ഷഹനായികൾ മോഷ്ടിച്ചത് കൊച്ചുമകൻ നജ്റെ ഹസൻതന്നെ ആയിരുന്നു. വെറും 17000 രൂപയ്ക്ക് ആ വെള്ളിഷഹനായികൾ നജ്റെ ഹസൻ വരാണസിയിലെ ജൂവല്ലറിയിൽ തൂക്കിവിറ്റു !

ഷഹനായികൾ വാങ്ങിയ ജൂവലറിയുടമ ശങ്കർലാൽ സേത്തിനും അതിന്റെ ‘വില’ മനസ്സിലായില്ല. അയാൾ അത് ഉരുക്കി വെള്ളിയെടുക്കാൻ ജോലിക്കാരെ ഏൽപ്പിച്ചു. പോലീസ് തേടിയെത്തുമ്പോഴേക്കും മൂന്നു ഷഹനായികൾ ഉരുകിത്തീർന്നിരുന്നു !

ബിസ്മില്ലാഖാൻ തീർത്ത നാദധാരയിൽ ഉള്ളുകുളിർത്ത ആരാധകരും നേതാക്കളുമൊക്കെ പലപ്പോഴായി സമ്മാനിച്ചവയാണ് ഇപ്പോൾ ഉരുക്കിയ ആ ഷഹനായികൾ.

ഷിയാ മുസ്ലിമായി ജനിച്ചുവളർന്ന്, ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിൽ എല്ലാം ഷഹനായി വായിച്ചു നടന്ന സാത്വികനായ ആ വൃദ്ധനെ ഇന്നത്തെ ഇന്ത്യക്ക് എത്രത്തോളം ഉൾക്കൊള്ളാനാവും? ‘സംഗീതം മതവിരുദ്ധമാണെന്നോ’ അല്ലെങ്കിൽ ‘വേണമെങ്കിൽ പാക്കിസ്ഥാനിൽ പോയി വായിച്ചോളൂ’ എന്നോ ഇന്നത്തെ ഇന്ത്യയിലെ ഏതെങ്കിലുമൊരു പക്ഷം അദ്ദേഹത്തോട് പറയുമായിരുന്നില്ലേ?

മതങ്ങൾക്കും രാജ്യങ്ങൾക്കും ഭാഷകൾക്കും എല്ലാം മുകളിൽ ദിവ്യമായൊരു കുഴൽകൊണ്ട് ‘സ്നേഹം…സ്നേഹം…’ എന്ന് മാത്രം ഊതിക്കൊണ്ടിരുന്ന ജീവിതമായിരുന്നു ഉസ്താദിന്റേത്. ബിഹാറിലെ കുഗ്രാമത്തിൽ ഷിയാ മുസ്ലിം കുടുംബത്തിൽ ജനിച്ചു പത്താം വയസ് മുതൽ വരാണസിയിൽ വിശ്വനാഥ ക്ഷേത്രത്തിന്റെ പടവുകളിൽ രാഗങ്ങൾ ഊതി വളർന്ന ബാല്യം അങ്ങനെ ആയില്ലെങ്കിലല്ലേ അദ്‌ഭുതമുള്ളൂ !

ഷഹനായിയ്ക്ക് സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകിയതും ബിസ്മില്ലാഖാനാണ്.
1916-ൽ മാർച്ച് 21-ന് ബീഹാറിൽ‍ ഷെഹ്നായി വാദകരുടെ ഒരു കുടുംബത്തിലാണ് ബിസ്മില്ല പിറന്നത്. അമറുദ്ദീൻ എന്നായിരുന്നു കുഞ്ഞിന് മാതാപിതാക്കൾ നൽകിയ പേര്. ബിസ്മില്ല എന്നത് പിന്നീട് സ്വയം സ്വീകരിച്ച പേരാണ്. ധുമറൂണിലെ രാജസേവകനായിരുന്ന ബിസ്മില്ലയുടെ പിതാവ് ഒരു നല്ല ഷെഹ്നായ് വാദകനായിരുന്നു. കുടുംബാംഗങ്ങൾ പലരും ഷെഹ്നായ് വാദകരായിരുന്ന ആ കുടുംബത്തിൽ പിറന്നുവീണതുമുതൽ ബിസ്മില്ല ശ്രവിച്ചത് കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാൽത്തന്നെ ആ ബാലൻ തിരഞ്ഞെടുത്തതും ഷെഹ്നായിയുടെ വഴി തന്നെയായി.

ബിസ്മില്ലയുടെ അമ്മാവനായ അലിബക്ഷ് വിലായത് മിയാൻ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ് ബിസ്മില്ലയെ ഷെഹ്നായിയിലെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. ശിഷ്യനെ അദ്ദേഹം വായ്പാട്ടും അഭ്യസിപ്പിച്ചു. വാദ്യസംഗീതത്തിൽ പൂർണതനേടുവാൻ വായ്പാട്ട് നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന് ബിസ്മില്ല അമ്മാവനിൽനിന്നു മനസ്സിലാക്കി.

ബിസ്മില്ലയുടെ വാദനം സൗമ്യവും മൃദുലവും സാന്ത്വനക്ഷമവുമാണ്. അഭിനന്ദനീയമായ ശ്വാസനിയന്ത്രണം സ്വരങ്ങളെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാനുള്ള കഴിവിനെ അങ്ങേയറ്റം ഫലപ്രദമാക്കുന്നു. അനായാസമാണ് അദ്ദേഹത്തിന്റെ വാദനരീതി. തികഞ്ഞ കൈയടക്കത്തോടെയാണ് അദ്ദേഹം ആലാപവും സ്വരപ്രസ്താരവും താനുകളും അവതരിപ്പിക്കുന്നത്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം ദില്ലിയിലെ ചെങ്കോട്ടയിൽ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ സസന്തോഷം സ്വാഗതം ചെയ്ത മഹാനാണ് ഉസ്താദ് ബിസ്മില്ലാഖാൻ.

എല്ലാ പ്രശസ്തിയുമിരിക്കിലും അദ്ദേഹം വാരണാസി വിട്ട് മറ്റെങ്ങോട്ടും താമാ‍സം മാറ്റാൻ കൂട്ടാക്കിയില്ല. വാർദ്ധക്യം വരെ അദ്ദേഹത്തിന്റെ ഇഷ്ട വാഹനം സൈക്കിൾ‌റിക്ഷ ആയിരുന്നു. അദ്ദേഹം ഒരു ഒതുങ്ങിയ ജീവിതം ആഗ്രഹിക്കുകയും ജീവിക്കുകയും ചെയ്തു. ഒരിക്കൽ ആരാധകർ സകല സുഖ സൗകര്യങ്ങളും ഒരുക്കി അമേരിക്കയിൽ സ്ഥിരതാമസത്തിന് ക്ഷണിച്ചപ്പോൾ ബിസ്മില്ലാഖാൻ പറഞ്ഞു : “എന്റെ ഗംഗയും ബനാറസും നിങ്ങൾക്ക് അവിടെ സൃഷ്ടിക്കാൻ കഴിയില്ലല്ലോ..!”
അദ്ദേഹത്തിന്റെ അഭിപ്രായത്തിലെ പാട്ടുകാർ കാണപ്പെടേണ്ടവരല്ല, കേൾക്കപ്പെടേണ്ടവരാണ്.

90-ാം വയസ്സിൽ 2006 ഓഗസ്റ്റ് 21-ന് പുലർച്ചെ രണ്ടുമണിയോടെ വാരണാസിയിൽ അന്തരിച്ചു. ഇന്ത്യാ രാജ്യം ഉസ്താദിന്റെ ഓർമയ്ക്കുമുൻപിൽ തലകുനിച്ച് ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

പ്രണാമം ……

( ആർ. ഗോപാലകൃഷ്ണൻ )