‘ഉത്തമ’ വികസനത്തിൻ്റെ ബാക്കി പത്രമാകാതിരുന്നെങ്കിൽ
A Sebastian
ജനിച്ച് വളർന്ന വീടും നാടും വിട്ടു പോകുന്നത് ഒരിക്കലും സന്തോഷകരമല്ല. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായലും പിറന്നേടത്ത് പിടഞ്ഞു വീണ് മണ്ണായിത്തീരുക എന്നത് വികസനത്തിൻ്റെ പുതിയ ന്യായങ്ങൾ നിരത്തുന്നവർക്ക് ദഹിക്കില്ല. തങ്ങൾ ആഗ്രഹിക്കുന്നവർ തുടരുവാൻ ഏതറ്റം വരെ പോകുവാനും എന്ത് കള്ളം ചാർത്തിയാലും അവരുടെ മാത്രം രക്ഷ മതിയെന്ന സ്വാർത്ഥതയിൽ നിന്നും ഇതും ഇതിനുമപ്പുറവും സംഭവിക്കാം.
‘ഉത്തമ’ എന്നൊരു സിനിമ കേരളത്തിലിരുന്നു കാണുമ്പോൾ എന്ത് പ്രശ്നം ? എന്ത് വിഷയം? എന്ന് ചിന്തിക്കാം. ആരെയും കുറ്റപ്പെടുത്തുവാനില്ല. ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥ അത് അനുഭവിച്ചവനേ പറയുവാൻ പറ്റു. ആ ഭൂമികയിൽ കഴിയുന്നവർക്കേ അതിൻ്റെ ബുദ്ധിമുട്ട് ബോധ്യമാകു. വരണ്ടുണങ്ങി വിണ്ടുകീറിയ പ്രകൃതിയിൽ വട്ടമിട്ട് പറക്കുന്ന കഴുകൻ്റെ ചിത്രം എന്താണ് പ്രേക്ഷകന് കാണിച്ച് കൊടുക്കുന്നത്. വരണ്ടുണങ്ങിയ വിശാലമായ ഭൂമികയിൽ മഴ കിട്ടുമെന്ന പ്രതീക്ഷയിൽ തടമൊരുക്കി വിത്തിട്ട് കാത്തിരിക്കുമ്പോൾ സമീപത്തെത്തി മടിയിൽ തല ചായ്ച്ച് ആശ്വാസിക്കുന്നത് ഒരു പ്രതീക്ഷയിൽ തന്നെയാണ്. ഒരു തരി പുല്ല് പോലുമില്ലാത്ത കുന്നിൻ പ്രദേശങ്ങളിൽ മേയുമ്പോൾ വാർദ്ധക്യത്തിൻ്റെ അവശതയാൽ കഷ്ടപ്പെടുമ്പോൾ തീറ്റയില്ലാതെ അലയുവാൻ വിധിക്കപ്പെട്ടവരായി മാറുമ്പോൾ അവിടെ സമാന മനസ്സ് കരാറായി തീരുന്നു.
പച്ചപ്പ് നഷ്ടപ്പെട്ടവൻ്റെയും ഉള്ള പച്ചപ്പ് നശിപ്പിക്കാൻ മുതിരുന്നവരുടെയും ഇടയ്ക്കാണ് ശരിയെന്ന് ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുന്നു. ഊർവരതയിൽ നിന്നും ഊഷ്മതയിലേക്കെത്തുവാൻ എന്താ ചെയ്യേണ്ടത് എന്ന ചോദ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. വിഭവ സമൃദമായി ഭക്ഷണം കഴിച്ചവന് നന്നായി ഉറങ്ങാം കഴിച്ചതിൻ്റെ ക്ഷീണം കൊണ്ട്. നേരെ മറിച്ച് പഷ്ണി കിടക്കുന്നവന് നിദ്രയകലെയായിരിക്കും. വിശപ്പ് ശമിക്കാത്തത് കൊണ്ട് തിരിഞ്ഞും മറഞ്ഞും കിടന്ന് നേരം വെളുപ്പിക്കേണ്ടി വരും. നമ്മുടെ കാലാവസ്ഥയിൽ ഉത്തമ കാണുമ്പോൾ അനുഭവമില്ലാത്തവന് രസിക്കില്ല. വീപ്പയിൽ നിന്നും കപ്പ് കൊണ്ട് മുക്കി വെള്ളമെടുത്ത് കൈ കഴുകി തിരിഞ്ഞ് ബെയ്സിൽ കെട്ടി കിടക്കുന്ന വെള്ളത്തിൽ കത്തുന്ന വെയിലിൽ മുഖം പ്രതിബിംബിക്കുമ്പോൾ നൽകുന്ന ചിത്രം തന്നെയാണ് ഉത്തമ പറയുന്ന രാഷ്ട്രീയം.
എന്തെല്ലാം പ്രശ്നങ്ങൾ അണഞ്ഞാലും നാടും വീടും വിട്ടൊരു കളിയില്ലെന്ന് ബോധ്യപ്പെടുത്തുന്നിടത്താണ് സിനിമ തീരുന്നത്. പ്രകൃതി കനിഞ്ഞ് നൽകിയതെല്ലാം കൈയ്യും കണക്കുമില്ലാതെ വിനിയോഗിക്കുമ്പോൾ വരുന്ന തലമുറയ്ക്ക് നിങ്ങൾ എന്ത് നൽകും എന്ന വലിയ ചോദ്യമാണ് സിനിമ അവശേഷിപ്പിക്കുന്നത്. ഒറ്റപ്പെടുമ്പോഴും പ്രകൃതി മാറ്റി നിർത്തില്ലെന്നും ആ ഓർമ്മകൾ തന്നെ ആയിരിക്കും മനുഷ്യരെ ജീവിപ്പിക്കുന്നത്. സ്വപ്നങ്ങൾ കാണുന്നവർക്കെ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളു. അത് നാളെ തന്നെ പുലരണമെന്നില്ല. എല്ലാം വെട്ടി വെളുപ്പിക്കുമ്പോഴും ഒരു കടയിൽ നിന്നും ഒരു നാമ്പ് ഉയർന്ന് വരും അത് തന്നെയാണ് പ്രതീക്ഷ. ആ പ്രതീക്ഷയെ കാൽപ്പനികമെന്ന് തള്ളിക്കളയേണ്ടി വരുന്നത് എല്ലാം മനുഷ്യന് വേണ്ടി മാത്രമെന്ന ഉറച്ച ബോധ്യത്തിൽ നിന്നുമാണ് പിറവിയെടുക്കുന്നത്. സ്വപ്നം കാണുന്നവരെ മുഴുവൻ തല്ലിക്കൊന്നാലും സ്വപ്നം യാഥാർത്ഥ്യമാകാതിരിക്കില്ല. വികസനത്തിൻ്റെ പേരിൽ എല്ലാം തച്ച് തകർക്കുമ്പോഴും ഇതൊന്നും നമുക്ക് പുനർനിർമ്മിക്കാൻ കഴിയില്ല എന്ന ബോധ്യമാണ് വേണ്ടത്.
(അങ്കമാലി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നാളെ ( 03.02.2023) 6 മണിക്ക് UTAMA പ്രദർശിപ്പിക്കുന്നു )