അസ്ഥികൾ പൂക്കുന്ന കാലം വരും

71

അസ്ഥികൾ പൂക്കുന്ന കാലം വരും, കാലങ്ങളിൽ തെരുവുകളിൽ വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ കേൾക്കും. 

ഹിന്ദു ആചാരപ്രകാരം മൃതദേഹം ദഹിപ്പിച്ചാൽ അഞ്ചിന്റെയോ ഏഴിന്റെയോ അന്ന് സഞ്ചയനം എന്നൊരു ചടങ്ങുണ്ട്. അന്ന് ചിതയിൽനിന്ന് കുറച്ച് അസ്ഥികൾ ശേഖരിച്ച് കുടത്തിലാക്കി പട്ടുതുണികൊണ്ട് പൊതിഞ്ഞു വെക്കും. കേരളത്തിൽ ചിലയിടങ്ങളിൽ അത് അന്നുതന്നെ കടലിൽ ഒഴുക്കും. ചിലർ പതിനാറടിയന്തിരം കഴിഞ്ഞും ചിലർ ഒരു വർഷം വീട്ടിൽ സൂക്ഷിച്ചതിനു ശേഷവും .
സഞ്ചയനത്തിയെന്ന് അസ്ഥി പെറുക്കുമ്പോൾ ദഹനം നന്നായി നടന്നിട്ടുണ്ടെങ്കിൽ തൊട്ടാൽ പൊടിയുന്ന നിലയിൽ ചില ചെറു കഷണങ്ങളേ കിട്ടൂ. എന്നാൽ ദഹനം മര്യാദക്ക് നടന്നിട്ടില്ലെങ്കിൽ കയ്യുടെയും കാലിന്റെയും അസ്ഥികളും നട്ടെല്ലുമൊക്കെ അതുപടി കിടക്കും. അതൊരു നാണക്കേടായാണ് കുടുംബക്കാർ കാണുക. അതിനാൽ രണ്ടാം ദിവസവും മൂന്നാം ദിവസവും വീണ്ടും ആളുകൾ കാണാതെ ചിത വീണ്ടും കത്തിക്കുന്നതും അപൂർവമല്ല.ഉത്തർ പ്രദേശിലെ ഹത്രയിൽ സവർണ ഹിന്ദുക്കൾ ബലാത്സംഗം ചെയ്ത് കൊല്ലുകയും അവിടുത്തെ സവർണ ഹിന്ദു ഫാസിസ്റ്റ് ഭരണകൂടം ചവറു കൂട്ടിയിട്ട് പെട്രോളൊഴിച്ച് രാരിക്കുരാത്രി കത്തിച്ചു കളയുകയും ചെയ്ത ദലിത് പെൺകുട്ടി മനീഷ വാൽമീകിയുടെ ചിതയുടെ ദൃശ്യങ്ങൾ കണ്ടു.വലിയ അസ്ഥികൾ കത്താതെ അതുപടി കിടക്കുന്നു. നേരെ ചൊവ്വെ ആ ശരീരം ദഹിച്ചിട്ടില്ല. മാന്യമായ ശവസംസ്കാരം നിഷേധിക്കപ്പെട്ട ജന്മം.സംസ്കാര ദിവസത്തെ കർമവും സഞ്ചയന കർമവും മിക്കവർക്കും വികാരപരമായും വിശ്വാസപരമായും ഉള്ളിൽ തട്ടുന്നതാണ്. വിശ്വാസികൾ അതിന് വലിയ പ്രാധാന്യം നൽകാറുമുണ്ട്.വയലിൽ അന്ത്യകർമങ്ങൾ നിഷേധിക്കപ്പെട്ട് കത്തിയമർന്ന സഹോദരിയുടെ അസ്ഥികൾ ശേഖരിക്കുന്ന സഹോദരന്റെ ചിത്രം സൃഷ്ടിക്കുന്ന വികാരങ്ങൾ പലരും ചിന്തിക്കുന്നതിന് അപ്പുറമാണ്.ഹിന്ദു ധർമ സംരക്ഷകർ വാഴുന്ന നാട്ടിൽ ഏത് ധർമമാണ് നടപ്പാക്കുന്നതെന്ന് ജനം കാണുകയാണ്.വിശ്വാസികളാണല്ലോ മഹാ ഭൂരിപക്ഷം അവർ പറയട്ടെ ഇതാണ് ശരിയെന്ന് .
ഞാൻ അവിടെ നിർത്താം.ഒന്നുണ്ട്, ആ അസ്ഥികൾ പൂത്തുലയുമെന്നും ഒരു ജനാധിപത്യ വസന്തം അത് സൃഷ്ടിക്കുമെന്നും ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നി. അത് നടക്കുമോ ? നടക്കും നടക്കും നടക്കും