Share The Article

ബിജു മുത്തത്തിയുടെ (Biju Muthathi)റിവ്യൂ

#ഉയരെ_പാർവ്വതി
ഉയരെ എല്ലാം കൊണ്ടും കാണേണ്ടുന്ന സിനിമയാണ്‌. സിനിമ കാണുന്നതും കാണാതിരിക്കുന്നതും ഒരു പോലെ ഒരു പ്രവർത്തനമാകുന്ന കാലത്ത് കാണേണ്ടുന്ന സിനിമയാണ് ഉയരെ. എന്തുകൊണ്ടെന്നാൽ, മലയാളി സ്ത്രീ കീഴടക്കുന്ന ഉയരങ്ങളാണ് ഈ സിനിമ. ഒരു സ്ത്രീയുടെ ഒറ്റയ്ക്കുള്ള അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ഉയരങ്ങൾ. ഭൂമിയിൽ പലതരത്തിൽ ആസിഡൊഴിക്കപ്പെടുന്ന പെൺമുഖങ്ങൾക്ക് സ്വന്തം മുഖത്തിൽ തന്നെ ഉയർന്ന് നിൽക്കാൻ കരുത്ത് നൽകുന്ന ഊർജ്ജമാണ് പ്രമേയാർത്ഥത്തിൽ ഈ സിനിമ. പാർവ്വതി
Parvathy Thiruvothu എന്ന നടിയുടെ അസാധ്യ പ്രകടനങ്ങളിലൂടെ സിനിമ അതിന്റെ ഏറ്റവും ഉയരെ ആ ജീവിതസമരത്തിന്റെ കൊടി നാട്ടുന്നു. അത് അരക്കിട്ടുറപ്പിച്ച സംവിധാനമികവ് Manu Ashokan കാമറ, കല, ചിത്രസംയോജനം എന്നിവയും എടുത്തു പറയണം. അഭിമാനന്ദകരമണത്!

ബിജു മുത്തത്തി
ബിജു മുത്തത്തി

മലയാള സിനിമയിലെ ഏറ്റവും ധീരമായ സ്ത്രീ മുന്നേറ്റം WCC ക്ക് രണ്ട് വർഷം പൂർത്തിയാകുന്ന ദിനത്തിൽ തന്നെയാണ് ഉയരെ തീയറ്ററിലെത്തുന്നത്. അതിനും മനോഹരമായ ചില കാവ്യാർത്ഥങ്ങളും ധ്വനികളുമുണ്ട്. സിനിമയിലെ പാർവ്വതിയുടെ കഥാപാത്രം പല്ലവിയെ നമുക്ക് പാർവ്വതിയായി തന്നെ കണ്ടാലും തെറ്റില്ലെന്നർത്ഥം. അതായത്, മലയാള സിനിമയിലെ ആൺ മാഫിയാ നാടുവാഴിത്തങ്ങളുടെ ഏതൊക്കെ തരം ആസിഡാക്രമണങ്ങളെ അതിജീവിച്ചാണ് ഈ നടി ഇവിടെ ഇങ്ങനെ ഏറ്റവും ഊർജ്ജസ്വലയായി തന്നെ ഉയർന്ന് നിൽക്കുന്നതെന്ന് ഓർക്കണം. വായ് മൂടിക്കെട്ടിയ ബൊമ്മകളല്ല, വ്യക്തിത്വവും നിലപാടും അഭിപ്രായ സ്ഥൈര്യവുമുള്ളവരാണ് നമ്മുടെ അഭിനേത്രികളെന്ന് നമ്മൾ ഏറ്റവും അരികെ അടുത്തറിഞ്ഞത് പാർവ്വതിയിലൂടെയാണ്. കലയും കഴിവും ധീരതയും ചങ്കൂറ്റവുമുണ്ടെങ്കിൽ പിന്നെ ഒരാൾക്ക് ഓച്ഛാനിച്ചു നിൽക്കേണ്ട കാര്യമില്ല. മലയാള സിനിമയിൽ ഇങ്ങനെ ഭയമില്ലാത്ത പെൺമുഖങ്ങളായി നമുക്ക് അധികം പേരില്ല. എന്നിട്ടും ചില അവസരവാദ വേഷം കെട്ടുകൾക്കൊപ്പം തന്നെ നമ്മുടെ ഭാഗത്തു നിന്നു പോലും ചിലർ രാഷ്ട്രീയമോ നിലപാടുകളോ മാറിയ സിനിമയോ ലോകമോ തലമുറയെയോ മൂല്യങ്ങളെയൊ മുഖവിലക്കെടുക്കാതെ പിന്നാലെ പോയി, ഇളിഭ്യരാകുന്നത് കാണുമ്പോൾ പാർവതിയുടെ കൈ ഉയർത്തിപ്പിടിക്കാൻ തോന്നിയിട്ടുണ്ട്. ഇപ്പോൾ അങ്ങനെ വീണ്ടും തോന്നുകയാണ്. മലയാള സിനിമയിലെ രാജവാഴ്ചകളുടെ അവസാനം കുറിക്കപ്പെട്ട് ന്യൂ ജനറേഷൻ ജനാധിപത്യ യുഗത്തിന് വഴിതുറക്കപ്പെട്ടു കഴിഞ്ഞെങ്കിലും, ഇവിടെ
എല്ലാ നിലവറകളും ഇനിയും തുറക്കപ്പെട്ടു കഴിഞ്ഞിട്ടില്ല. അതു കൊണ്ട് ഇവിടെ സ്ത്രീകൾക്ക് ഇനിയും ഇരട്ട യുദ്ധങ്ങൾ തന്നെയാണ് നയിക്കാനുള്ളത്. തീർച്ചയായും WCC യുടെ ആ സമരാവേശത്തിന്റെ തുടർച്ചയാണ് ഉയരെ എന്ന സിനിമ.

ഇപ്പോഴത്തെ മുഖ്യധാരാ മലയാള സിനിമാ നടിമാരിൽ നിന്ന് എത്രയോ ഉയരെയാണ് പാർവ്വതിയുടെ സ്ഥാനം. രണ്ട് വർഷം മുമ്പ് ഗോവാ ചലച്ചിത്ര മേളയിൽ വെച്ച് ഏറ്റവും മികച്ച നടിക്കുള്ള അന്താരാഷ്ട്ര പുരസ്കാരമായ രജതമയൂരം നേടി ആ കരഘോഷങ്ങൾക്ക് നടുവിൽ നിൽക്കുന്ന പാർവ്വതിയുടെ മുഖം വളരെ അടുത്തു നിന്നു കണ്ട ചിത്രം മനസ്സിലേക്ക് വരികയാണ്. മലയാള സിനിമയിലെ കൂപമണ്ഡൂകങ്ങൾ എത്ര തഴഞ്ഞാലും ലോകത്തിന്റെ ഉയരെ പറക്കാനാവുന്ന ഒരു നടിയുടെ പ്രതിഭാശക്തിക്ക് ലഭിച്ച അംഗീകാരമായിരുന്നു അത്. ആ ആകാശം നീളുകയാണെന്ന് ഇപ്പോൾ ഉയരെ എന്ന സിനിമ വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.

– ബിജു മുത്തത്തി
27-04- 2019

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.