ഞാനീ സിനിമ കാണുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു !

700

Deepa Nisanth എഴുതുന്നു 

ഇത്രമേൽ വൈകാരികമായി ഒരു സിനിമയെ സമീപിക്കേണ്ടതുണ്ടോ എന്നെനിക്കറിയില്ല. ഞാനീ സിനിമ കാണുകയായിരുന്നില്ല.അനുഭവിക്കുകയായിരുന്നു .അതുകൊണ്ടുതന്നെ ആ അനുഭവത്തിൽ നിന്നും വേറിട്ടല്ലാതെ എനിക്കതേപ്പറ്റി ഒരക്ഷരം ആത്മാർത്ഥമായി എഴുതാനാവില്ലായിരുന്നു .ഇപ്പോഴും പൂർണമായും ഞാനാ കാഴ്ചാനുഭവത്തിൽനിന്നും വിട്ടിട്ടില്ല.

ഇതൊരു ചലച്ചിത്രനിരൂപണമേയല്ല.ആ അർത്ഥത്തിൽ ഇതാരും വായിക്കുകയും വേണ്ട.’ മുക്കുവന് കടൽ കാണാനാവില്ലെന്ന ‘ ആ പഴയ വാചകം തന്നെ ഞാനാവർത്തിക്കുകയാണ്. അയാൾക്ക് കടൽ വെറുമൊരു കാഴ്ചയല്ല. അതയാളുടെ ജീവിതം തന്നെയാണ്. കടലിൻറെ മണവും രുചിയും വികാരവിക്ഷുബ്ധതകളുമെല്ലാം അയാളുടേത് കൂടിയാണ് .

Image result for uyare movie‘ഉയരെ ‘ എന്ന സിനിമയിലെ പല്ലവിയും ഗോവിന്ദുമെല്ലാം എനിക്ക് ചിരപരിചിതരാണ്. അവരെപ്പറ്റി പറയുമ്പോൾ, എഴുതുമ്പോൾ വ്യാകരണപ്പിശകുകളുണ്ടാകാം. രാഷ്ട്രീയ ശരികേടുകളുണ്ടാകാം. ക്ഷമിക്കുക.

ഞാനാ പാട്ടിലാണ്.

” നീ മുകിലോ.. പുതുമഴമണിയോ…”

ആ പാട്ട് എത്രാമത്തെ തവണയാണ് ഞാൻ കാണുന്നതെന്ന് എനിക്കറിയില്ല . സിനിമ കാണുന്നതിനു മുൻപേ എനിക്കാ പാട്ടിഷ്ടമായിരുന്നു.

എന്നാലപ്പോൾ അതൊരു വെറും പാട്ടായിരുന്നു. നല്ല വരികളും മനോഹരമായ ഈണവുമുള്ള ഒരു പാട്ട്. അത്രയേ ഉണ്ടായിരുന്നുള്ളൂ ഉള്ളൂ. പക്ഷേ ഉയരെ എന്ന സിനിമയ്ക്കകത്ത് ആ പാട്ട് എത്രമേലിഴുകിച്ചേർന്നിരിക്കുന്നു. മൂന്ന് മിനിറ്റ് 52 സെക്കന്റുള്ള ഒരു പാട്ടിലൂടെ പല്ലവിയേയും ഗോവിന്ദിനേയും അവരുടെ പ്രണയത്തേയും അതിന്റെ സ്വഭാവത്തെയും എത്ര സൂക്ഷ്മമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത് ! എത്രയോ സീനുകൾ കൊണ്ട് പ്രേക്ഷകരിൽ എത്തിക്കേണ്ട വികാരമാണ് , -കഥാപാത്രങ്ങളെ പറ്റിയുള്ള കാഴ്ചപ്പാടാണ് – ഒരൊറ്റ പാട്ടിലൂടെ സംവിധായകൻ നമ്മളിലേക്ക് എത്തിച്ചത് !

Image result for uyare movieആ ഗാനരംഗത്തിൽ ബൈക്കിൽ പോകുന്ന ഗോവിന്ദിന്റെ കണ്ണുകളിൽ നിന്ന് ഒരു നീർച്ചാൽ താഴോട്ടൊഴുകുന്നുണ്ട് .പല്ലവി പിറകിലൂടെ അയാളെ ചേർത്തു പുണരുന്നുണ്ട് . നിസ്സംഗതയുടെ -നിത്യനിരാശയുടെ മുഖമുള്ള ആ ചെറുപ്പക്കാരൻ ആ സമയത്ത് എൻറെ കണ്ണുകളെയും ഈറനണിയിച്ചു. ഏകാന്തതീക്ഷ്ണമായ ഒരു കടൽ അവനുള്ളിലൊളിപ്പിക്കുന്നതായി തോന്നി. പല്ലവി അയാളെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ , ഒരു കുഞ്ഞിനെപ്പോൽ അയാളാ നെഞ്ചിൽ ചാരുമ്പോൾ, പല്ലവി നെറുകയിൽ ചുംബിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്ന ആ ചെറുപ്പക്കാരൻ എന്നിൽ തീവ്രമായ സഹതാപമുണർത്തി. ഏറ്റവും നിസ്സഹായമായും സ്നേഹാർദ്രമായും എയർപോർട്ടിലെ ചില്ലുപാളിക്കപ്പുറം അയാൾ നിൽക്കുമ്പോൾ എനിക്ക് പാവം തോന്നി. എനിക്കയാളുടെ നിറകണ്ണുകൾ തുടയ്ക്കാൻ തോന്നി.

ആസിഫ് എത്ര സൂക്ഷ്മമായാണ് ഗോവിന്ദിലേക്ക് പരകായപ്രവേശം നടത്തുന്നത് !

എന്റെയീ കുറിപ്പിൽ ‘ആസിഫ്’ എന്നെഴുതുമ്പോൾ എനിക്കാ പേര് വലിയ കല്ലുകടിയായി തോന്നുന്നുണ്ട്. ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ അതിൽ ഒരു ഘട്ടത്തിൽ പോലും ഞാൻ ആസിഫിനെ കണ്ടതേയില്ല. ഞാൻ മുൻപ് കണ്ടിട്ടുള്ള അയാളുടെ ഒരു സിനിമയിലും ഈ നടൻ ഇത്രമേലാഴത്തിൽ ഹൃദയത്തെ സ്പർശിച്ചിട്ടില്ല. സ്നേഹം , സഹതാപം വാത്സല്യം, വിദ്വേഷം ,വെറുപ്പ് തുടങ്ങി എത്രയെത്ര വികാരങ്ങളാണ് ആ രണ്ടു മണിക്കൂറിനുള്ളിൽ നമുക്കയാളോട് തോന്നുന്നത്! അയാളോട് തോന്നുന്ന വെറുപ്പും സ്നേഹവുമടക്കമുള്ള എല്ലാ സൂക്ഷ്മവികാരങ്ങളും നടനെന്ന രീതിയിൽ ആസിഫിന്റെ വിജയമാണ് .ഈ കഥാപാത്രം അയാളെ വിശ്വസിച്ചേൽപ്പിച്ച മനു അശോകൻ എന്ന പുതുമുഖ സംവിധായകന്റെ ആത്മവിശ്വാസമാണ്. തെരഞ്ഞെടുപ്പിലെ കൃത്യതയാണ്. ഉയരെ എന്ന സിനിമയിലെ ഓരോ തെരഞ്ഞെടുപ്പും കിറുകൃത്യമാണ്. പാർവ്വതിയെയല്ലാതെ നമുക്ക് പല്ലവിയായി മറ്റൊരാളെ സങ്കൽപ്പിക്കാനാകില്ല. വിശാൽ രാജശേഖരനെ ടൊവിനോയ്ക്കല്ലാതെ മറ്റാർക്കും ഇത്ര ഭംഗിയാക്കാനാകില്ല. അച്ഛന്റെ റോളിൽ സിദ്ദിഖിനെയല്ലാതെ മറ്റാരെയും പ്രതിഷ്ഠിക്കാനാകില്ല.ഞാൻ നിന്റെ കൂടെയുണ്ട് എന്ന് പറഞ്ഞ് ചേർന്നു നിന്ന ക്ലീഷേകളേ സൗഹൃദത്തിൽ നാം കണ്ടിട്ടുള്ളൂ. നീയെന്റെ കൂടെ വേണമെന്നു പറയുന്ന അനാർക്കലി മരിയ്ക്കാറിന്റെ കഥാപാത്രം സൗഹൃദത്തിന്റെ മോഹിപ്പിക്കുന്ന പച്ചയാണ്.

ഗോവിന്ദിനെ ചേർത്തുപിടിക്കുന്ന പല്ലവിയും എനിക്ക് ചിരപരിചിതയാണ്.അങ്ങനെയുള്ള നിരവധി പല്ലവിമാരെ ഞാൻ കണ്ടിട്ടുണ്ട്. നിരവധി ഗോവിന്ദുമാരെയും എനിക്കറിയാം.

ഗോവിന്ദുമാർക്കെല്ലാം ഒരേ സ്വഭാവമാണ്.

അവർ സ്നേഹം കൊണ്ട് നമ്മെ ഭ്രമിപ്പിച്ചു കളയും.

അവരുടെ സ്നേഹം, ഒരു ചങ്ങലയാണെന്നും ചിറകരിഞ്ഞുകളയലാണെന്നും സ്നേഹത്തിലിരിക്കുമ്പോൾ നമുക്ക് തിരിച്ചറിയില്ല .സ്നേഹം തന്നെയാണ് മനുഷ്യരുടെ ഏറ്റവും വലിയ ദൗർബല്യം.!

പറക്കാതിരിക്കുമ്പോൾ മാത്രമേ ഗോവിന്ദുമാർ നമ്മെ പ്രണയിക്കൂ. ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉറങ്ങുമ്പോഴും ഒന്നും ഗോവിന്ദുമാർ നമ്മുടെ കാലിലണിയിച്ച ചങ്ങല നാം തിരിച്ചറിയില്ല.

നടക്കാൻ തുടങ്ങുന്നിടത്താണ് കലാപവും തുടങ്ങുന്നത്!

വാൻഗോഗിനെ പോലെ ഗോവിന്ദുമാർ ചെവിയറുത്തു നമുക്കുമുന്നിൽ നീട്ടും..

കൈഞരമ്പുകൾ മുറിച്ച് പ്രണയ പ്രഖ്യാപനം നടത്തും ..

നെഞ്ചിൽ രക്തംകൊണ്ട് പേരെഴുതും…

പച്ചകുത്തി പ്രണയം മൂർച്ചയിൽ അടയാളപ്പെടുത്തും.

പല്ലവിമാർ അതിലങ്ങു വീഴും!

ഒരു കുപ്പിപ്പാത്രം കണക്കെ അവരങ്ങുടഞ്ഞു പോകും!

സ്നേഹമെന്നത് ഇങ്ങനെയൊക്കെത്തന്നെയാണെന്ന് അവരങ്ങ് തെറ്റിദ്ധരിക്കും.

എത്ര കൺവിൻസിങ്ങായാണ് പല്ലവിയുടേയും ഗോവിന്ദിന്റേയും പ്രണയത്തെ ബോബി – സഞ്ജയ് നമുക്കു മുന്നിൽ അനാവൃതമാക്കുന്നത്.

ഒരു ഒൻപതാം ക്ലാസ്സുകാരിക്ക് പ്രണയം തോന്നാൻ സ്നേഹാർദ്രമായ ഒരൊറ്റ നോട്ടം മതി!

ഒരു സൈക്കിൾ ബെൽ മതി…

പൂവാലശല്യത്തിൽ നിന്നും രക്ഷിച്ച സാഹസികത മതി!

അപ്രതീക്ഷിതമായ ഒരു പിറന്നാൾ സമ്മാനം മതി!

പ്രണയത്തിലേക്ക് അവരങ്ങ് വീണുപോകും.

‘Fall in love’ എന്നു തന്നെയല്ലേ ഇപ്പോഴും ആ പ്രയോഗം ?

എത്ര സൂക്ഷ്മമാണ് ആ വാക്ക്!

എഴുന്നേൽക്കാൻ തോന്നാത്തവിധമുള്ള ഭ്രമാത്മകമായ ഒരു വീഴ്ച തന്നെയാണ് പ്രണയം!

പ്രണയം അറ്റം കാണാത്ത ഒരു ഗുഹയാണ്…

കാണാക്കൗതുകങ്ങൾ തേടിയാണ് പലരും അകത്തേക്ക് കടക്കുക…

ഇടുങ്ങിയ ഗുഹാമുഖം കാണുമ്പോൾ വന്യമായ ഒരാകാംക്ഷ നമ്മെ പൊതിയും..

ആ ആകാംക്ഷയാണ് നമ്മെ ഗുഹയിലേക്കാനയിക്കുക…

അല്ലെങ്കിലും മാരീചഭംഗിയുടെ പ്രലോഭനങ്ങളാണല്ലോ നമ്മെ അപകടങ്ങളിലേക്ക് നയിക്കുന്നത്…

ആനന്ദങ്ങളിലേക്കുള്ള പുള്ളിമാൻ പിടച്ചിലുകൾ മാരീചച്ചതികളാണെന്ന് തിരിച്ചറിയുന്നത് വൈകിയായിരിക്കും

അപ്പോഴേക്കും നമ്മൾ ഗുഹയുടെ ഒത്ത നടുക്കെത്തിയിട്ടുണ്ടാകും!

ഇരവു കാത്തിരിക്കുന്ന വേട്ടക്കാരനെപ്പോലെ അകത്തൊരാൾ കാത്തിരിപ്പുണ്ടാകും!

വേട്ടമൃഗം ഉള്ളിലേക്കു കടക്കുമ്പോൾ അതറിയില്ല..

അകത്തേക്കു കടന്നുകഴിഞ്ഞാലാണ് ചുറ്റും പരക്കുന്ന ഇരുട്ട് തിരിച്ചറിയുക!

വഴിതെറ്റിപ്പറന്ന് വീട്ടിലകപ്പെട്ട ഒരു കുരുവിയെപ്പോൽ അപ്പോൾ ഉള്ള് പിടയ്ക്കും!

ചിറക് തല്ലിയാർത്ത് പുറത്തേക്ക് പറക്കാൻ ശ്രമിക്കും!

കറങ്ങുന്ന പങ്കയിൽത്തട്ടി ചിലപ്പോൾ മുറിവേറ്റ് വീഴും!

ഇഴയും!

ദീനമായി നിലവിളിക്കും!

തുറന്നിട്ട വാതിലും ജനാലയും ആ മുറിയിലുള്ളത് പരിഭ്രമത്തിനിടയിൽ കുരുവി പോലും മറക്കും!

കടന്നുവന്ന അതേ വഴിയിലൂടെ നിസ്സാരമായി തിരിഞ്ഞിറങ്ങാവുന്നത്ര ലളിതമാണാ അപകടമെന്ന് കുരുവി മാത്രം തിരിച്ചറിയില്ല!

അതെ !

പ്രണയം ശരിക്കുമൊരു കുരുവിപ്പിടച്ചിലാണ്!

ഈ ലോകത്ത് ഏറ്റവുമധികം പരസ്പരം നുണ പറയുന്നത് പ്രണയികൾ ആയിരിക്കും. ആ നുണ പ്രണയത്തിന് വേണ്ടിയാണ്. പ്രണയി നഷ്ടപ്പെട്ടു പോകാതിരിക്കാനാണ്. പല്ലവിയും ഗോവിന്ദിനെ നഷ്ടപ്പെടാതിരിക്കാനാണ് നുണ പറയുന്നത് . ഒമ്പതാം ക്ലാസുകാരിക്ക് അവൻ കൊടുത്ത കരുതലിന്റെ ഓർമ്മയാണ് അവളെക്കൊണ്ട് നുണ പറയിപ്പിക്കുന്നത്. നുണയുടെ ഭാരം അവൾ ചുമക്കുന്നത് പ്രണയം നിലനിർത്താനാണ്. അതുകൊണ്ടാണ് ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ‘ പിടിക്കപ്പെട്ട കാമുകിയായി’ അവനു മുന്നിൽ അവൾക്ക് നിൽക്കേണ്ടി വരുന്നത്.

”പേടിയാ എനിക്ക് നിന്നെ. എനിക്ക് ശ്വാസം വിടണം ഗോവിന്ദ്.പേടിക്കാതെ ശ്വാസം വിടണം!” എന്ന് ദയനീയമായി പല്ലവി പറയുന്നത് അവൾ ഭീരുവായതു കൊണ്ടല്ല.”എനിക്ക് എന്നെപ്പോലെയാകണം ഗോവിന്ദ്.. നിനക്ക് വേണ്ട എന്നെപ്പോലെയല്ല !എനിക്ക് വേണ്ട എന്നെപ്പോലെ !’എന്നവൾക്ക് ഉറച്ച ശബ്ദത്തിൽ പറയാനാവുന്നത് അത്രത്തോളം കനൽ ഉള്ളിലുള്ളതുകൊണ്ടാണ്. ആ കനലാണ്” മാറി മാറി കൂടെ കിടക്കാൻ തൊലിവെളുപ്പുള്ള ആണുങ്ങളെ കിട്ടുമ്പോൾ കോഴ്സ് തീരണ്ടാന്ന് തോന്നുന്നുണ്ടാവും .അല്ലേ?” എന്ന് ഗോവിന്ദ് പറയുമ്പോൾ, ” ഗെറ്റ് ലോസ്റ്റ് ഫ്രം മൈ ലൈഫ് ” എന്നലറാൻ പല്ലവിക്ക് കരുത്തു നൽകുന്നത്.

തുടർന്നങ്ങോട്ടുള്ള ഗോവിന്ദ് മറ്റൊരാളാണ്. ‘ഓരോ പുരുഷനിലും അവസരം പാർത്തിരിക്കുന്ന ഒരു തെമ്മാടി വസിക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ മരപ്പാലത്തിലൂടെ നടക്കുന്ന ഓരോ സ്ത്രീയുടേയും കാൽക്കീഴിൽ നിന്നും സുരക്ഷിതത്വത്തിന്റെ പലക വലിക്കപ്പെടുന്നു ‘ എന്ന അഷിതയുടെ വാചകം ഓർമ്മിപ്പിക്കും വിധം അയാൾ നമുക്ക് അപരിചിതനാകുന്നു. അയാളോട് വെറുപ്പും ഭയവും നമുക്കു തോന്നുന്നു.

പല്ലവിയുടെ മുഖത്തേക്ക് അപ്രതീക്ഷിതമായ ഒഴിച്ച ആസിഡ് വന്നു വീഴുന്നത് നമ്മുടെ മുഖത്തു കൂടിയാണ്.

നമുക്കും പൊള്ളലേൽക്കും.

നമ്മളും മുഖം തപ്പി നോക്കും.

പല്ലവിയുടെ മുഖം വികൃതമാകുമ്പോൾ, ആ മുഖം ആദ്യമായി സ്ക്രീനിൽ കാണുമ്പോൾ നമ്മളും തകരും.

അവളിനിയെന്തു ചെയ്യുമെന്ന് ആന്തലോടെ ഓർക്കും.

” ബുദ്ധിയുണ്ട്. നല്ലൊരു ഹൃദയവുമുണ്ട്. 2019 അല്ലേ സർ? സൗന്ദര്യത്തെ നമുക്കങ്ങനെയും നിർവചിച്ചുകൂടേ ?” എന്ന വിശാലിന്റെ ചോദ്യത്തിലാണ് നമ്മൾ ആവേശത്താൽ തിളച്ചുമറിയുന്നത്.

വളരെ ശാന്തമായി അയാളത് പറയുമ്പോഴും നമ്മൾ വിസിലടിക്കും.

സൗന്ദര്യത്തിന്റെ എല്ലാ നിർവചനങ്ങളും അപ്രസക്തമാക്കും വിധം പല്ലവി നമുക്കു മുന്നിൽ സുന്ദരിയാകും.

വെറുതെയൊന്നോർത്തു നോക്കി!

ഗോവിന്ദിനോട് ക്ഷമ പറഞ്ഞ് ആ പ്രണയം മുന്നോട്ടു പോയിരുന്നെങ്കിലോ എന്ന്!

അതാകുമായിരുന്നില്ലേ വലിയ ദുരന്തം ?

അവൾ അപ്പോഴും പൊള്ളിയടരുമായിരുന്നില്ലേ?

ശരീരവും മനസ്സും പൊള്ളിപ്പൊള്ളി ഒരു ജീവിതകാലം മുഴുവൻ…

അങ്ങനെ പൊള്ളിപ്പിടഞ്ഞ എത്ര ജീവിതങ്ങൾ !

Image result for uyare movieനല്ല കാമുകിയാവാൻ ,അനുസരണയുള്ള ഭാര്യയാകാൻ , അയാളുടെ മക്കളുടെ നല്ല അമ്മയാകാൻ അവൾ എവിടെയെങ്കിലും അവളെ ഉപേക്ഷിക്കേണ്ടിവരുമായിരുന്നു.

ഓരോ പെണ്ണുങ്ങൾക്കും പിന്നിലും അങ്ങനെ ഉപേക്ഷിക്കപ്പെട്ട എത്രയെത്ര സ്വപ്നങ്ങളുണ്ടായിരിക്കും ?

പല്ലവിയും അങ്ങനെ ജീവിക്കേണ്ടി വരുമായിരുന്നു.

ഓർമ്മയുടെ ഞരമ്പുകൾ തിരഞ്ഞ് ആത്മാവിൻ കല്ലറയൊരുക്കി അതിലവൾക്ക് ശരിക്കുമുള്ള അവളെ അടക്കം ചെയ്യേണ്ടി വരുമായിരുന്നു..

പറുദീസകളിലെ മഹാശൂന്യതകൾ അവൾ തിരിച്ചറിയുമായിരുന്നു !

അവിശ്വാസത്തിൻറെ കയ്പിൽ ജീവിതം തള്ളി നീക്കേണ്ടി വരുമായിരുന്നു!

‘ എൻറെയും എൻറെ പിൻപേയുള്ളവരുടെയും ജീവിതം ഞാൻ ജീവിക്കുകയാണ് ‘ എന്ന വരികളുരുവിട്ട് ജീവിക്കേണ്ടിവരുന്ന കാനേഷുമാരിക്കണക്കിലെ വെറുമൊരക്കം മാത്രമായി അവളും ചുരുങ്ങുമായിരുന്നു..!

Advertisements