V.M.KARUPILLY, MURIYAD
ചിറയിൻകീഴിലെ ഖബറിടം
(My Tribute to the Legandary Actor 🙏)
1989 ജനുവരിമാസം മാതൃ ഭൂവിൽ കുഴിയുണ്ടാക്കി എന്നെ നിർമിക്കുമ്പോൾ ഞാൻ ഈ ലോകത്തിന്റെ നെറുകയിലായിരുന്നു..മലയാള സിനിമയിലെ നിത്യ ഹരിത നായകന് അന്ത്യവിശ്രമം കൊള്ളാൻ എന്നെ തന്നെ തിരഞ്ഞിടുത്തു എന്നുള്ളത് എന്നെ ആത്മാഭിമാനത്തിന്റെ ഉച്ചിയിൽ എത്തിച്ചിരുന്നു …
പുരുഷന്റെ അപ്രതീക്ഷിതമായ മരണം ലോകത്തെ തന്നെ ഞെട്ടിച്ചു ദുഖത്തിലാഴ്ത്തിയിരുന്നു …വീട്ടുകാരുടെയും ആരാധകരുടെയും സഹപ്രവർത്തകരുടെയും കണ്ണുകളിൽ നിന്ന് വീണ അശ്രുകണങ്ങളിലെ ഉപ്പുരസം ഇപ്പോഴും എന്നിലുണ്ട് ..റീത്തുകളിലെ സുഗന്ധ പുഷ്പങ്ങൾ അന്നാദ്യമായി എന്നെ അണിയിച്ചൊരുക്കിയിരുന്നു …
പള്ളിയിലെ മറ്റു ഖബറുകൾക്കു എന്നോട് അസൂയ തൊന്നിയിരിക്കും കാരണം എന്റെ മടിത്തട്ടിൽ കിടന്നുറങ്ങുന്നത് ഗിന്നസ് ബുക്കിൽ രണ്ടു പ്രാവശ്യം ഇടം നേടിയ ലോകപുരുഷനായിരുന്നു …മരിച്ചുകിടക്കുമ്പോഴും മുഖത്തെ തേജസിന് ഒരു കോട്ടവും വന്നിരുന്നില്ല ..വെറുതെയല്ല അദ്ദേഹത്തെ നിത്യഹരിത നായകൻ എന്ന് വിളിച്ചിരുന്നത് ..
പെറ്റമ്മയേയും വളർത്തമ്മയെയും ലോകം എപ്പോഴും പുകഴ്ത്തികാണാം ..പക്ഷെ അവസാന സമയം ശാന്തിയോടെ കിടന്നുറങ്ങാൻ സ്വന്തം മടിത്തട്ടിൽ മെത്തവിരിച്ചു സ്വീകരിക്കുന്ന ധരണി ധരിത്രിയായ എന്നെപ്പോലുള്ള അമ്മമാരെ ആരും അംഗീകരിക്കാറില്ല ..പക്ഷെ എനിക്കുള്ള അംഗീകാരം എപ്പോഴേ ഈശ്വരൻ തന്നു കഴിഞ്ഞു …അത് എന്റെ ഈ മകന്റെ പണവും പ്രശസ്തിയും കണ്ടുകൊണ്ടു തോനിയതല്ല മറിച്ചു ..അവൻ ഉത്തമനായ ഒരു പുത്രനായിരുന്നു എന്നുള്ളത് കൊണ്ടാണ് …ഒരു നല്ല കുടുംബസ്ഥൻ , മദ്യപിക്കാത്തവൻ , ജീവകാരുണ്യ പ്രവർത്തികളിൽ എപ്പോഴും മുമ്പിൽ നിന്നവൻ , നാനാ മതങ്ങളെയും അംഗീകരിച്ചു സഹിഷ്ണുത പുലർത്തി ജീവിച്ചവൻ എന്നിങ്ങിനെ ഒട്ടനവധിയുണ്ട് വിശേഷണങ്ങൾ ..
ഒരിക്കൽ ശക്തിപീഠമായ ശാർക്കര ദേവി ക്ഷേത്രത്തിൽ ഒരാനയെ നടയിരുത്തിയതിനെ ചില മതനേതാക്കൾ ചോദ്യം ചെയ്തിരുന്നു..അതിനു എന്റെ മകൻ പറഞ്ഞത് ഇങ്ങിനെ ..”സാദാരണകാരനായ എന്നെ ഈ നിലയിൽ എത്തിച്ചത് ഈ നാട്ടിലെ എല്ലാ ജനങ്ങളും ചേർന്നാണ് …എന്റെ വിജയം എന്റെ സിനിമയുടെ വിജയമാണ് ..എന്റെ സിനിമ കാണാൻ കാശുചെലവഴിക്കുന്നവരിൽ ഹിന്ദുക്കളുമുണ്ട് ക്രിസ്ത്യാനികളുമുണ്ട് ..അതുകൊണ്ടു എന്റെ പണത്തിന്റെ ഒരോഹരി സർവമതസ്ഥർക്കായി ഞാൻ ചിലവഴിക്കുന്നു ..അതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു ” മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യർ തമ്മിതല്ലി ചാവുന്ന ഈ കാലഘട്ടത്തിൽ എന്റെ മകന്റെ മതേതര നിലപാട് എത്ര ശ്ലാഘനീയമാണ് …ഒരമ്മ എന്നനിലയിൽ ഞാൻ അതിൽ അഭിമാനിക്കുന്നു.
എന്നാൽ ഇന്ന് ഞാൻ അതീവ ദുഖിതയാണ് …പാഴ് ചെടികൾ എന്നെ വന്നു മൂടിയിരിക്കുന്നു …പൊടിപിടിച്ചു കിടക്കുന്ന എന്നെ കണ്ടാൽ ഒരു അപശകുന സ്തൂപമായേ തോന്നൂ ..പദ്മ ഭൂഷൺ അവാർഡ് നല്കി ആദരിച്ച രാജ്യവും ജനങ്ങളും സഹപ്രവർത്തകരും ഇന്ന് എന്റെ മകനെ മറന്നിരിക്കുന്നു …
എനിക്ക് നിങ്ങളോടു ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യം മാത്രം ..നിങ്ങൾ മറന്നത് പഞ്ചഭൂതകളാൽ നിർമിതമായ എന്റെ മകന്റെ ശരീരത്തെയോ അതോ അവൻ മുന്നോട്ടു വച്ച മാനുഷിക മതസൗഹാർദ മുല്യങ്ങളെയോ ?