അവൾ നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പായി പ്രിയപ്പെട്ടവൻ അന്തിയുറങ്ങുന്ന ഖബർ ഇടറിയ മനസോടെ കണ്ടു

180

Vaheed Saman

ഏകനായി രോഗത്തിലേക്കും അതിലുമേറെ എകാന്തമായി മരണത്തിലേക്കും നടന്നുപോകുന്ന മനുഷ്യരെ പറ്റിയല്ല, അവർക്ക് വേണ്ടി ബാക്കിയാകുന്ന സ്‌നേഹങ്ങളെ പറ്റിയാണ്.ഏതോ ഒരു ദിവസം ആശുപത്രിയിലേക്കെന്ന് യാത്ര പറഞ്ഞിറങ്ങിപ്പോയവർ, ഉടൻ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവർ.ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞാലും വീണ്ടും കാത്തിരിപ്പ് തുടരുന്നവർ.ഇന്ന് റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിലുള്ള ഖമറുന്നിസയെ ആലോചിക്കുകയായിരുന്നു. റിയാദിൽ കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ മലയാളി സഫ്‌വാന്റെ ഭാര്യയാണ് ഖമറുന്നിസ. പ്രിയപ്പെട്ടവന്റെ അടുത്തേക്ക് കഴിഞ്ഞ മാർച്ചിലെ ആദ്യവാരത്തിലാണ് ഇവരെത്തിയത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സഫ്‌വാന് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും കോവിഡ് രോഗം ബാധിച്ചു. അധികം വൈകാതെ മരണത്തിന് കീഴടങ്ങി. ഖമറുന്നിസക്കും കോവിഡ് ബാധിച്ചിരുന്നെങ്കിലും സുഖമായി.പ്രിയപ്പെട്ടവൻ മരിച്ചിട്ടില്ലെന്ന് തന്നെയായിരുന്നു ഖമറുന്നിസ വിശ്വസിച്ചത്. മയ്യിത്ത് കണ്ടവർ ആരെങ്കിലുമുണ്ടോ എന്ന തേങ്ങലിനെ തോൽപ്പിക്കാനുള്ള തെളിവ് നൽകാൻ ആർക്കുമായില്ല. അല്ലെങ്കിലും എന്ത് തെളിവ് നൽകാനാണ്. ഏറെ പണിപ്പെട്ടായിരിക്കണം പ്രിയപ്പെട്ടവന്റെ മരണം ആ പെൺകുട്ടി അംഗീകരിച്ചിട്ടുണ്ടാകുക. ഇന്ന് ഉച്ചയോടെയായിരുന്നു റിയാദിൽനിന്ന് കോഴിക്കോട്ടേക്കുളള എയർ ഇന്ത്യയുടെ വിമാനം. നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പായി, പ്രിയപ്പെട്ടവൻ അന്തിയുറങ്ങുന്ന ഖബറൊന്ന് കാണണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു. റിയാദിലെ മഖ്ബറതുശ്ശിമാലിൽ 43 ാം നിരയിൽ 23 ാമത്തെ ഖബറിലായിരുന്നു സഫ്‌വാൻ. ഒന്നൊന്നര മണിക്കൂറോളം അവിടെ ചെലവിട്ടു. പ്രാർത്ഥിച്ചു. കലങ്ങിയ കണ്ണും ഇടറിയ മനസും അവിടെ ഉപേക്ഷിച്ചാകും മടങ്ങിയിട്ടുണ്ടാകുക. ഒറ്റയ്ക്കായി പോകുന്ന മനുഷ്യരുടെ കാര്യം എത്ര സങ്കടമാണ്.