ഗൾഫിൽ മുന്നൂറു കിലോമീറ്റർ വണ്ടിയോടിച്ചു ‘സുകുമാരക്കുറുപ്പിനെ’ കണ്ട കഥ

715

Vaheed Saman എഴുതുന്നു

”നിനക്ക് സുകുമാരക്കുറുപ്പിനെ കാണണോ വേണ്ടേ..”
അവസാനത്തെ സിഗരറ്റും ഊരിയെടുത്ത് കൂട് വലിച്ചെറിയുന്നതിനിടെ അവൻ ചോദിച്ചു. അവന്റെ ദേഷ്യത്തിന്റെ ഊക്കേറ്റ് സിഗരറ്റ് കൂട് ചുക്കിച്ചുളിഞ്ഞു.
വെളിച്ചം നേരിയ സാന്നിധ്യം മാത്രമായി ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ രാത്രിയിൽ അവന്റെ മുഖത്തെ ഭാവം പിടിച്ചെടുക്കാൻ ശ്രമിച്ച് ഞാൻ പരാജയപ്പെട്ടു. സിഗരറ്റിലേക്ക് പകർന്ന തീ അവന്റെ എരിയുന്ന കണ്ണുകളെ കാണിച്ചുതന്നു.

Vaheed Saman
Vaheed Saman

”നീയൊന്ന് ഫെയ്മസായിക്കോട്ടെ എന്ന് വിചാരിച്ചാണ് പത്തെണ്ണൂറ് കിലോമീറ്റർ ഞാനീ ബമ്മാട ലോറിയും ഓടിച്ചുവന്നത്.” പുകയൂതുന്നതിനിടെ അവൻ അസ്വസ്ഥനായി ഞെരിപിരികൊണ്ടു.
ശരിയാണ്, ജിസാനിൽനിന്നാണ് കാലപ്പഴക്കം ഏറെയുള്ള മണൽ ലോറി ഓടിച്ച് അവൻ വരുന്നത്.
നിശബ്ദതയെ വെട്ടിക്കീറി അവൻ വീണ്ടും ചോദിച്ചു.
”നിനക്ക് സുകുമാരക്കുറുപ്പിനെ കാണണോ, വേണ്ടേ..”
”കാണണം..”
”എന്നാൽ കയറ്. സുകുമാരക്കുറുപ്പുള്ള സ്ഥലത്ത് പോയാലേ അയാളെ കാണൂ. അല്ലാതെ അയാൾ ഇങ്ങോട്ട് വരില്ല.”
പാതിരാത്രിയാണ്. എണ്ണൂറിലേറെ കിലോമീറ്റർ യാത്ര ചെയ്യണം. പോകാൻ പേടിയുണ്ടായിരുന്നു.
”പകൽ പോയാൽ പോരേ.” പേടി ഉഴറിച്ചുറ്റിയ വാക്കുകൾ കൊണ്ടു ഞാൻ ചോദിച്ചു.
”പോരാ, എനിക്ക് നാളെ ഉച്ചക്ക് പണിക്കിറങ്ങണം. രാവിലെ പോയാൽ അവിടെയെത്തില്ല.”
”എനിക്ക് പേടിയുണ്ട്.” ഞാൻ തുറന്നുപറഞ്ഞു.
”നിന്നെ ഞാൻ തമിഴ്‌നാട്ടിൽ പെരിയസാമിയുടെ അടുത്തേക്ക് കൊണ്ടുപോയില്ലേ. അതും എത്ര കിലോമീറ്ററാണ്. എന്തെങ്കിലും സംഭവിച്ചോ. ഇല്ലല്ലോ. എന്റെ ജീവൻ പോകുന്നത് വരെ നിനക്കൊന്നും പറ്റില്ല. മര്യാദക്ക് കയറ്.”
സൗദിയിൽ ഒന്നരപ്പതിറ്റാണ്ടിലേറെ അടിമജീവിതം നയിച്ച പെരിയസാമിയെ തേടി തമിഴ്‌നാട്ടിലേക്കുള്ള യാത്രയിൽ കൂട്ടുവന്നതും റഊഫായിരുന്നു. ചെറുപ്പം മുതലുള്ള കൂട്ടാണ്. എന്തൊക്കെ അലമ്പുണ്ടെങ്കിലും എന്റെയടുത്ത് വേറെയൊരാളാണ്.
ആ രാത്രി രണ്ടും കൽപ്പിച്ച് സുകുമാരക്കുറുപ്പിനെ കാണാനിറങ്ങി. ജിദ്ദ ടൗണിലെ തിരക്കൊഴിഞ്ഞതോടെ പാതകളെല്ലാം വിജനമായി. നീണ്ടുനിവർന്ന് അനന്തമായ റോഡും ഞങ്ങളുടെ വാഹനവും മാത്രമായി.

”നിന്നെ സുകുമാരക്കുറുപ്പിനെ കാണിക്കും. അതെന്റെ വാശിയാണ്. നീ എഴുതണം.” സുകുമാരക്കുറുപ്പ് സൗദിയിലുണ്ട്. ഭ്രാന്തമായ ആവേശത്തോടെ അവൻ പറഞ്ഞുകൊണ്ടേയിരുന്നു.
”നിനക്കുറപ്പുണ്ടോ അത് സുകുമാരക്കുറുപ്പാണെന്ന്.” ഞാൻ ചോദിച്ചു.
”അത്രയും ഉറപ്പില്ലാതെ ഞാൻ വരുമോ. അവിടെയുള്ള പലരോടും ഉറപ്പിച്ചാണ് ഞാൻ വന്നത്. അത് സുകുമാരക്കുറുപ്പ് തന്നെയാണ്.”
സുകുമാരക്കുറുപ്പാണെങ്കിൽ കിടിലൻ കഥയാണ്. കേരളം തിരയുന്ന ഒരു മനുഷ്യന്റെ സൗദി ഒളിവുജീവിതം ആദ്യമായി ലോകമറിയുകയാണ്. സന്തോഷം എന്റെയുറക്കത്തെ കൊണ്ടുപോയി. ഉണർന്നിരുന്നു സ്വപ്നം കണ്ടു.

ജിസാന് സമീപം സബിയയിൽ ഒരു പെട്രോൾ പമ്പിൽ സുകുമാരക്കുറുപ്പുണ്ട്. അയാളെ കാണാനാണ് യാത്ര. കുറുപ്പിനെ റഊഫ് കണ്ടിട്ടുണ്ട്. ചില കൂട്ടുകാരോടെല്ലാം പറഞ്ഞുറപ്പുവരുത്തിയാണ് എന്നെ കൂട്ടാൻ വന്നത്.
”സുകുമാരക്കുറുപ്പ് തന്നെ, എനിക്കുറപ്പുണ്ട്.” ലോറിയുടെ വേഗം മാറുന്നതിനനുസരിച്ച് അവൻ പറഞ്ഞുകൊണ്ടിരുന്നു.
നേരം പുലരും മുമ്പേ റഊഫിന്റെ താമസസ്ഥലത്തെത്തി. മേൽക്കൂര തകരം കൊണ്ടു മറച്ച ഒറ്റമുറി വീട്. ചുറ്റിലും അവൻ ഉണ്ടാക്കിയെടുത്ത തക്കാളിയും പച്ചമുളകും പയറും. സുകുമാരക്കുറുപ്പിനെ കാണാനുള്ള തിരക്കിൽ മറ്റൊരു കാഴ്ച്ചയിലേക്കും കണ്ണുപായിച്ചില്ല. ഭക്ഷണം കഴിച്ച് ലോറിയിൽ നേരെ സുകുമാരക്കുറുപ്പിനടുത്തേക്ക്.
”സുകുമാരക്കുറുപ്പിനോട് എന്തും ചോദിക്കാം.പക്ഷെ, നാട്ടിൽ പോകണ്ടേ എന്ന് മാത്രം ചോദിക്കരുത്.” ലോറി നിർത്തി ഇറങ്ങുന്നതിനിടെ റഊഫ് ഓർമ്മിപ്പിച്ചു.

കറുപ്പും ചുവപ്പും ഇടകലർന്ന മുണ്ടുടുത്ത്, മങ്ങി മങ്ങി ഏതാണ് നിറമെന്നറിയാത്ത കുപ്പായവും ധരിച്ച് കുറുപ്പ് മുന്നിലെത്തി. അപരിചിതഭാവം ജന്മനായുള്ളതാണെന്ന മുഖമായിരുന്നു കുറുപ്പിന് കൂട്ടുണ്ടായിരുന്നത്. ഏത് നിമിഷവും അപകടം പ്രതീക്ഷിച്ചിരിക്കുന്ന കണ്ണുകളിൽ ആകാംക്ഷയും കൂടിച്ചേർന്നാൽ അത് കുറുപ്പായി. അയാൾ ഞങ്ങളെ തന്നെ നോക്കിനിന്നു.
”സുഖമല്ലേ..”
കുറുപ്പ് ഒന്നിരുത്തി മൂളി
”ഇത് എന്റെ ചങ്ങാതിയാണ്. വെറുതെയൊന്ന് കാണാൻ വന്നതാണ്.” റഊഫ് പറഞ്ഞു.
കുറുപ്പ് ജോലിയെടുക്കുന്ന പെട്രോൾ പമ്പിൽനിന്ന് എണ്ണയടിക്കുന്ന പരിചയമുണ്ടായിരുന്നു അവർ തമ്മിൽ. ആ പരിചയത്തിന്റെ കൂട്ടുണ്ടായിട്ടും ചിരിക്കാൻ പോലും കുറുപ്പ് തയ്യാറായില്ല. ഞങ്ങളുടെ സാന്നിധ്യം പോലും അസ്വസ്ഥതയുണ്ടാക്കുന്നതിന്റെ ദേഹക്കാഴ്ച്ചകളാൽ ആ മനുഷ്യൻ എരിപിരികൊണ്ടു..
”ജിദ്ദയിൽനിന്ന് വന്നതാണ്. വെറുതെയൊന്നു കാണാൻ. വെറുതെ.” ഞാൻ ചുണ്ടനക്കി.

എന്റെ വാക്കുകൾ കുറുപ്പിന്റെ ചെവി പിടിച്ചെടുത്തത് ഏറെക്കഴിഞ്ഞായിരുന്നു. അല്ലെങ്കിൽ ചെവിയും കടന്ന് മനസുതൊടാൻ പിന്നെയും ഏറെ സമയമെടുത്തിരിക്കണം.
”വെറുതെയാകില്ല, നാട്ടിൽ പോകണ്ടേ എന്ന് ചോദിക്കാൻ വന്നതായിരിക്കും.” അടുത്തുള്ള പൈപ്പിൽനിന്ന് വെള്ളം തിരിക്കുന്നതിനിടെ നിർവികാരമായ ശബ്ദം.
”നാട്ടിൽ പോകണ്ടേ പിന്നെ. ഇവിടെ തന്നെ കൂടിയാ മതിയോ.”
നിയന്ത്രിക്കാനാകാതെയാണ് ആ വാക്ക് എന്നിൽനിന്നു പുറത്തുവന്നത്.
”തീർന്ന്.. എല്ലാം.” റഊഫ് ചുണ്ടനക്കി.
പൈപ്പ് പൂട്ടി കുറുപ്പ് നടന്നുപോയി.”

”സുകുമാരക്കുറുപ്പല്ലേ. ഇപ്പോഴെങ്ങിനെയുണ്ട്.” റഊഫ് എന്റെ തൊട്ടടുത്ത് വന്ന് ചോദിച്ചു. ”നാട്ടിൽ പോകുന്നില്ലേന്ന് ചോദിക്കേണ്ടായിരുന്നു. ഇനി അയാൾ സുകുമാരക്കുറുപ്പാണെന്ന് സമ്മതിക്കില്ല.”
ഞാൻ ഒന്നും മിണ്ടിയില്ല. എനിക്കാ മനുഷ്യനെ വീണ്ടും കാണണമായിരുന്നു. അവിടെ തന്നെ കാത്തിരുന്നു. പെട്രോൾ പമ്പിലേക്ക് വാഹനങ്ങൾ വന്നുകൊണ്ടിരുന്നു.
കുറെ നേരത്തിന് ശേഷം കുറുപ്പ് വീണ്ടുമെത്തി. പഴയ അപരിചിതത്വം അയാളുടെ മുഖത്തില്ല. ഞങ്ങൾ അവിടെ തന്നെ കാത്തുനിൽക്കുന്നത് കൊണ്ടായിരിക്കും. ഏറെ നേരം ഞങ്ങളെ തന്നെ നോക്കിനിന്ന അയാൾ ഞങ്ങളുടെ കൈകൾ ചേർത്തുപിടിച്ചു. എന്റെയുള്ളിലൂടെ ഇനിയും തിരിച്ചറിയാനാകാത്ത എന്തോ ഒരു വികാരം ഇരച്ചുകയറി.
എന്റെ ഞരമ്പുകളിൽ വേറെയൊരാൾക്കും മനസിലാകാത്ത ഒരു മനുഷ്യന്റെ ഏകാന്തത ചീറിപ്പാഞ്ഞു. ഏറെനേരം ചേർത്തുപിടിച്ചിട്ടും മതിവരാതെ ഞാനങ്ങിനെനിന്നു. പെട്രോളിന്റെയും വിയർപ്പിന്റെയും മണത്തിനൊപ്പം ഒറ്റപ്പെടലിന്റെ ദുഖത്താൽ ചീന്തിയൊലിക്കുന്ന ഒരു മനുഷ്യന്റെ കണ്ണീരും ചേർന്നിരുന്നു. അത് സുകുമാരക്കുറുപ്പല്ലെന്ന് രണ്ടോ മൂന്നോ മിനിറ്റു നേരത്തെ സംസാരത്തിൽ എനിക്കുറപ്പിക്കാനായി. കൊല്ലം തേവലക്കര സ്വദേശി കൃഷ്ണൻ കുട്ടി കുറുപ്പായിരുന്നു അത്. പലയിടത്തും പലപ്പോഴായി കാണുന്ന മറ്റൊരു സുകുമാരക്കുറുപ്പ് കഥ. അത്രേയുള്ളൂ..
ഞാൻ റഊഫിന്റെ കണ്ണുകളിലേക്ക് നോക്കി.
”സുകുമാരക്കുറുപ്പല്ലെന്ന് ഉറപ്പായില്ലേ. ഇത് സുകുമാരക്കുറുപ്പാണെന്ന് പറഞ്ഞുനടക്കുന്ന കുറെ ആളുകളുണ്ടിവിടെ. അവർക്കിട്ട് കൊടുക്കണം.”. അവൻ രോഷമഭിനയിച്ചു. കുറുപ്പുമായി പിന്നെയും കുറെ സംസാരിച്ചു. നാട്ടിലേക്ക് പോകാതിരിക്കാനുള്ള കാരണങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. നാടിനോടുള്ള മുഴുവൻ ഓർമ്മകളോടും ആ മനുഷ്യൻ പിന്തിരിഞ്ഞുനിന്നിരിക്കുന്നു. നാട്ടിലേക്ക് പൊയ്ക്കൂടേ എന്ന് ചോദിക്കുന്നവരിൽനിന്നും ആ മനുഷ്യൻ ഓടിയൊളിക്കുന്നു. വേട്ടയാടിപ്പിക്കാൻ ഒരു ചെന്നായ ഇല്ലെങ്കിൽ ഏതൊരു മനുഷ്യനും ഭൂതകാലത്തിലേക്കും ഓർമ്മകളിലേക്കും തിരിച്ചുപോകുക തന്നെ ചെയ്യും. കുറുപ്പിന്റെ കാരണങ്ങൾ പക്ഷെ അദ്ദേഹത്തിന്റെ ശരികളായിരുന്നു.
തിരിച്ചുപോരാൻ നേരം ഞാനൊരിക്കൽ കൂടി പെട്രോളും വിയർപ്പും കണ്ണീരും ചേർന്ന് ഒട്ടിനിൽക്കുന്ന ആ മനുഷ്യന്റെ മണമറിഞ്ഞു. ആ മനുഷ്യന്റെ സ്വപ്നമാണ് നാട്ടിലേക്ക് പോകാതിരിക്കുക എന്നത്. മനുഷ്യൻ അവന്റെ സ്വപ്നങ്ങളുടെയും തടവുകാരനാണ്. അയാളുടെ സ്വപ്നം നാട്ടിലേക്ക് പോകാതിരിക്കുക എന്നതാണ്. ആ സ്വപ്നത്തിന്റെ തടവറ തന്നെയാണ് അദ്ദേഹത്തിന്റെ സ്വർഗം. എഴുതാൻ കൂട്ടിവെച്ച വാചകങ്ങളെല്ലാം ഞാൻ കീറിയെറിഞ്ഞു. കൃഷ്ണൻ കുട്ടി കുറുപ്പിനെ അദ്ദേഹത്തിന്റെ സ്വപ്നത്തിന്റെ തടവറയിൽ തനിച്ചാക്കി. നമ്മൾ കാണാത്ത ആകാശത്തും എത്രയോ പറവകൾ പറക്കുന്നുവെന്ന് സമാധാനിച്ചു.

കുറെ മാസത്തിന് ശേഷം ചില മലയാള പത്രങ്ങളിൽ വാർത്ത വന്നു. മുസ്തഫ എന്ന പേരിൽ മതം മാറി പള്ളിയിൽ ഇമാമായി കഴിഞ്ഞുകൂടുന്നു. സുകുമാരക്കുറുപ്പിനെ പിടിക്കാൻ ഉടൻ കേരള പോലീസ് സൗദിയിലേക്ക് എന്നൊക്കെയായിരുന്നു വാർത്ത. ആ കഥയിലെ സുകുമാരക്കുറുപ്പ് കൃഷ്ണൻ കുട്ടി കുറുപ്പ് തന്നെയായിരിക്കുമോ. ഉറപ്പില്ല. ഏതായാലും ഇതെഴുതുന്ന നേരം വരെ സുകുമാരക്കുറുപ്പിനെ സൗദിയിൽനിന്ന് പോലീസ് കൊണ്ടുപോയിട്ടില്ല.

ഇപ്പോഴും ഏതെങ്കിലും പെട്രോൾ പമ്പുകളിൽ കയറുമ്പോൾ കൃഷ്ണൻ കുട്ടിക്കുറുപ്പിന്റെ മണം വരും. ഒറ്റയ്ക്കായി പോകുന്ന മനുഷ്യന്റെ കണ്ണുകളിലെല്ലാം കൃഷ്ണൻ കുട്ടി കുറുപ്പിന്റെ ഏകാന്തത കാണും. ചേർത്തുപിടിക്കുന്ന ഓരോ മനുഷ്യന്റെയും വിതുമ്പലിൽ കൃഷ്ണൻ കുട്ടി കുറുപ്പിന്റെ തേങ്ങൽ കേൾക്കും.

ഇതേവരെ എഴുതാനാകാത്ത കുറിപ്പ്
കൃഷ്ണൻ കുട്ടി കുറുപ്പിനെ പറ്റിയുള്ളതാണ്.

കുറുപ്പിന്റെ കഥ, അതൊരിക്കലും ഇനി എഴുതില്ല…

ഇക്കഴിഞ്ഞ അഞ്ചിന് കൃഷ്ണൻ കുട്ടി കുറുപ്പ് മരിച്ചു.

Previous articleമരണപ്പെട്ടവൻറെ ഒസ്യത്ത് (കവിത)
Next articleവ്യത്യസ്തനായ ഒരു കോൺട്രാക്ടർ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.