Vaheed Saman
മക്കളെ നഷ്ടപ്പെട്ടുപോയ അമ്മമാരുടെ വേദന കണ്ടിട്ടുണ്ടോ. മക്കളെ തിരികെ ലഭിക്കുമ്പോഴുള്ള അമ്മമാരുടെ സന്തോഷം കണ്ടിട്ടുണ്ടോ. ജോർദാനിലെ ദൃശ്യമാധ്യമ പ്രവർത്തകയായ അഹ്ലാം അൽ അജാരിമയുടെ കഥ കേൾക്കുക… ഇരുപത് ദിവസം മുമ്പാണ് അജാരിമയുടെ മകൻ വലീദിനെ തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്.തുർക്കിയിലെ ടി.ആർ.ടി ചാനലിൽ ജോലി ചെയ്യുകയായിരുന്നു അജാരിമ. ഈ സമയത്താണ് മകനെ തട്ടിപ്പുസംഘം കടത്തിയത്. സിറിയയിലെ ഇദ്ലിബിലേക്കാണ് വലീദിനെ സംഘം കടത്തിയത്.മകനെ കാണാത്ത ഇരുപത് ദിവസങ്ങൾ. സമഗ്രമായ അന്വേഷണങ്ങൾക്കൊടുവിൽ മകനെ തുർക്കി പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി അജാരിമക്ക് സമ്മാനിച്ചു. തുർക്കി-സിറിയ അതിർത്തിയിലെ ബാബു സലാമ ക്രോസിംഗിൽ വെച്ചാണ് അജാരിമക്ക് മകനെ തിരികെ ലഭിക്കുന്നത്. മകൻ അമ്മയുടെ അടുത്തേക്ക് ഓടിവരുന്നതിന്റെയും അജാരിമ മോനെ കെട്ടിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും കരച്ചിൽ. ഭൂമിയിൽ ഏറ്റവും നല്ല സംഗീതമുണ്ടാകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആലിംഗനങ്ങളിൽ നിന്നായിരിക്കണം..
**