ബഷീറിനെക്കുറിച്ചു പറഞ്ഞു കേട്ടത്

815

ബഷീറിനെക്കുറിച്ചു പറഞ്ഞു കേട്ടത്

ഷിബു ഗോപാലകൃഷ്ണന്റെ പോസ്റ്റ് (Shibu Gopalakrishnan)

മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് ചെന്നപ്പോഴും അദ്ദേഹം വൈദ്യർക്ക് മുന്നിൽ വച്ച ഒരേയൊരു പിടിവാശി തനിക്കു പൂന്തോട്ടം വച്ചുപിടിപ്പിക്കാൻ ഇത്തിരി മണ്ണുവേണം എന്നായിരുന്നു. ഇതേ ബഷീറിനെ നമുക്ക് മതിലുകളിലും കാണാം. ആകാശത്തിനു കീഴിലെ ഏതുമണ്ണും ഒരു പൂന്തോട്ടക്കാരന് സമമാണ്. ജയിലിനുള്ളിൽ ആവട്ടെ, ഭ്രാന്താശുപത്രിയിൽ ആവട്ടെ, ജീവിതത്തിന്റെ എല്ലാ പുറമ്പോക്കുകളിലും ചെടികൾ വച്ചുപിടിപ്പിക്കണമെന്നും, അവിടെയെല്ലാം പൂക്കൾ വിടരണമെന്നും വാശിപിടിക്കുന്ന മനുഷ്യർ വസന്തങ്ങളല്ലാത്ത മറ്റെന്താണ്?

ഉന്മാദത്തിന്റെ തടവിന് വിധിക്കപ്പെടുമ്പോഴും, വിലങ്ങുവീണു അഴിക്കുള്ളിലെ ഏകാന്തതയിൽ അടയ്ക്കപ്പെടുമ്പോഴും, ഉറക്കമില്ലാതെ ഒരു ഉദ്യാനപാലകൻ ഉണർന്നിരിക്കണമെങ്കിൽ, അവർക്ക് തീർച്ചയായും പൂക്കളുടെ ഭാഷ അറിയാമായിരിക്കണം. ചെടിത്തുമ്പുകളോട് മിണ്ടാനും പൂമൊട്ടുകളോട് പരിഭവിക്കാനും കഴിയണമെങ്കിൽ, അവർക്കു തീർച്ചയായും സൗരഭ്യത്തിന്റെ സാന്ദ്രത ഉണ്ടായിരിക്കണം.

ഞങ്ങൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ അകത്തളത്തിൽ ഒരു ചെറിയ പൂന്തോട്ടമുണ്ട്. അതു പരിപാലിക്കുന്ന പേരറിയാത്ത മെക്സിക്കൻകാരനായ ഒരു പൂന്തോട്ടക്കാരനുണ്ട്. പണിയില്ലാത്ത വീക്കെന്റുകളിലും അയാൾ അവയെ പരിപാലിക്കുന്നതുകാണാം. സ്പാനിഷിൽ എന്തൊക്കെയോ തമ്മിൽ സംസാരിക്കുന്നതു കേൾക്കാം. അയാളെ രാവിലെ സ്‌കൂളിൽ വച്ച് കണ്ടുമുട്ടാറുണ്ട്, മകനെ കൊണ്ടാക്കാൻ വരുമ്പോൾ. അപ്പോൾ പൂവിടുന്നതുപോലെ അയാൾ പുഞ്ചിരിക്കും.

തിരിച്ചുവരുമ്പോൾ സ്‌കൂളിനോട് ചേർന്നു മതിലിനപ്പുറത്തുള്ള ഇത്തിരിപ്പോന്ന മണ്ണിൽ അയാൾ ഒരു ചെറിയ കൊടിലുകൊണ്ടു പണിയെടുക്കുന്നതു കണ്ടിട്ടുണ്ട്. വല്ലവരുടെയും മണ്ണാണ്, അല്ലെങ്കിൽ അവകാശികളില്ലാത്ത തരിശാണ്. മറ്റെല്ലാവരും പോയി സ്‌കൂളിന്റെ ഗേറ്റ് അടഞ്ഞുകഴിഞ്ഞാലും അയാൾ മണ്ണിനോട് മിണ്ടിക്കൊണ്ടിരിക്കും.

പിന്നെ ഇന്നാണ് ശ്രദ്ധിച്ചത്, അവിടെ കൈക്കുടന്നനിറയെ പൂക്കളുമായി ഒരു ചെടി തലയുയർത്തി നിൽക്കുന്നു. അവിടെയെല്ലാം നോക്കി, അയാളെ കണ്ടില്ല.

പൂക്കൾ ചെടികളിൽ വിടരുന്നുവെന്നേ ഉള്ളൂ, അതു മൊട്ടിടുന്നത് ചില മനുഷ്യരുടെ ഉള്ളിലാണ്.