തെറ്റായി ആവർത്തിക്കപ്പെട്ട് പതിഞ്ഞുപോയ ചില പേരുകൾ

662
Vaisakhan Thampi എഴുതുന്നു

ചില പേരുകൾ തെറ്റായി ആവർത്തിക്കപ്പെട്ട് പതിഞ്ഞു പോയിട്ടുണ്ട് നമുക്ക്. പലർക്കും അതൊരു പ്രശ്നമായിട്ട് തോന്നാൻ സാധ്യതയില്ല. പക്ഷേ അതൊരു കല്ലുകടിയായി തോന്നുന്ന ആളുകളുടെ കൂട്ടത്തിലാണ് ഈയുള്ളവൻ. എല്ലാവർക്കും ഉണ്ടാവുമല്ലോ അവരവരുടേതായ ചില വീക്ക്നെസ്!

 Vaisakhan Thampi
Vaisakhan Thampi

ഉദാഹരണത്തിന് ‘ജാലിയൻ വാലാബാഗ്’ നമുക്ക് ചരിത്രപുസ്തകത്തിൽ നിന്ന് പരിചയമുള്ള വാക്കാണ്. ‘ജലിയാൻവാലാ ബാഗ്’ എന്ന പേര് നമ്മുടെ പുസ്തകത്തിൽ എങ്ങനെയോ ‘ജാലിയൻ-വാലാബാഗ്’ ആയി മാറി, പിന്നെ നമ്മളത് പറഞ്ഞുറപ്പിച്ചു. അതുപോലെയാണ് ‘രാജാറാം മോഹൻറോയ്’ എന്ന പരിചിതമായ പേര്. ‘റാം മോഹൻ റോയ്’ എന്ന വ്യക്തിയ്ക്ക് ‘രാജാ’ എന്ന വിശേഷണം കിട്ടി ‘രാജാ റാം മോഹൻ റോയ്’ ആയതാണ്. ‘രാജാറാം’ എന്നൊരു പേര് അവിടെയില്ല. ഇതുപോലെ ‘ആര്യഭട’ എന്ന പേര് ‘ആര്യഭട്ട’ ആയിട്ടുമുണ്ട്.

പേരുകളെ മലയാളവൽക്കരിക്കുന്നതിലും ചിലപ്പോൾ അഭംഗി തോന്നാറുണ്ട്. ‘ബാൽ ഗംഗാധർ തിലകി’നെ ‘ബാലഗംഗാധര തിലകൻ’ ആക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പണ്ട് എന്റെയൊരു ഹിന്ദിമാഷ് പൃഥ്വിരാജ് എന്ന പേരിനെ ‘പൃഥ്വിരാജാവ്’ എന്ന് തർജ്ജമ ചെയ്തിരുന്നതിന്റെ കല്ലുകടി ഇപ്പോഴും മനസിലുണ്ട്. (പഠിക്കലും പഠിപ്പിക്കലും വ്യാപകദുരന്തമായി കാണപ്പെടുന്ന വിഷയങ്ങളിൽ പെട്ടതാണല്ലോ ഹിന്ദിയും ജ്യോഗ്രഫിയും ഡ്രൈവിങ്ങും  )

വിദേശപേരുകളെ ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ സംഭവിക്കുന്ന ഉച്ചാരണപ്പിഴവ് പിന്നെ സ്വാഭാവികമാണ്. യഥാർത്ഥ ഉച്ചാരണം നമ്മൾ കേൾക്കാനോ, കേട്ടാൽ തന്നെ ഒരുപക്ഷേ നാവിൽ വഴങ്ങാനോ ബുദ്ധിമുട്ടാണ്. എന്നാലും ക്ലാസിൽ ശാസ്ത്രജ്ഞരുടെ പേര് പറയുമ്പോൾ ‘പിന്നിൽ നിന്ന് പേരുവിളിച്ചാൽ മൂപ്പർക്ക് തന്നെയാണോ വിളിച്ചതെന്ന് സംശയമെങ്കിലും തോന്നണ്ടേ?’ എന്നുപറഞ്ഞ് അറിയാവുന്ന ഒറിജിനൽ പേര് കൂടി പറയാൻ ശ്രമിക്കാറുണ്ട്. ‘ദിബ്രോയ്’- യെ ‘ഡീബ്രോഗ്ലീ’ എന്നും ‘ലപ്ലാസ്’-നെ ‘ലാപ്ലെയ്സ്’ എന്നും ‘ഓയ്ലർ’-നെ ‘യൂളർ’ എന്നുമൊക്കെ വിളിക്കുന്നത് പരിഗണിക്കുമ്പോൾ ഐൻസ്റ്റൈനെ ഐൻസ്റ്റീൻ എന്ന് വിളിക്കുന്നതൊന്നും ഒന്നുമല്ല.

എന്തിനധികം, ഷെർലക് ഹോംസിനെ വരെ ‘ശരകുല ഹംസൻ’ ആക്കിയ പാർട്ടീസാ നമ്മൾ!

Previous articleസ്ത്രീവിരുദ്ധത നിറഞ്ഞ 10 സിനിമകൾ !
Next articleകിഡ്നി ബീൻസ് (റാജ്മ) കറി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.