നിങ്ങൾ ഉത്തരവുകൾ കത്തിച്ചാൽ, നിങ്ങളുടെ വിദ്യാർത്ഥികൾ അവരുടെ കാശുകുടുക്ക നാടിന് കൊടുക്കും

46

നിങ്ങൾ ഉത്തരവുകൾ കത്തിച്ചാൽ, നിങ്ങൾ ക്ലാസ്സെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ കാശുകുടുക്ക നാടിന് കൊടുക്കും

Vaisakhan Thampi

അമിതപ്രാതിനിധ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായ സർക്കാർ ഉദ്യോഗസ്ഥർ, അമിതമഹത്വവൽക്കരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായ അധ്യാപകർ, ഇത് രണ്ടും ചേർന്നാൽ ചിലതൊക്കെ നമ്മൾ പ്രതീക്ഷിക്കണം.ജനസംഖ്യയുടെ രണ്ട് ശതമാനം പോലുമില്ല ആദ്യത്തെ കൂട്ടർ. പക്ഷേ അവരുടെ പ്രശ്നങ്ങൾക്ക് ഭയങ്കര ഒച്ചയാണ്. അടഞ്ഞുകിടന്ന കടകൾ, ഓടാതെ കിടന്ന ടാക്സികൾ, കയറിയിറങ്ങാത്ത തലച്ചുമടുകൾ, സ്വകാര്യമേഖലയിലെ പോകുമെന്നുറപ്പുള്ള തൊഴിലുകൾ, എന്നിങ്ങനെ മറ്റ് മേഖലകളിലെ ഗുരുതരമായ സാമ്പത്തിക തിരിച്ചടികൾക്കൊന്നും കിട്ടാത്ത ശ്രദ്ധയാണ് കടമായി സർക്കാരിന് പോകുന്ന ആറ് ദിവസത്തെ ശമ്പളത്തിന്.

മറ്റേത് ജോലിയും പോലെ ഒരു ജോലിയാണ് അധ്യാപനം. നൂറുകണക്കിന് ആളുകളുടെ (വിദ്യാർത്ഥികളുടെ) മുന്നിലാണ് തൊഴിൽനിർവഹണം എന്നതുകൊണ്ട് മഹത്വം ആർജിക്കാനുള്ള പൊട്ടൻഷ്യൽ ഉണ്ടെന്നേയുള്ളൂ. സ്വന്തം ജോലിയിൽ അസാമാന്യ പാടവം പുലർത്തുന്ന ഒരു സയന്റിസ്റ്റിനെ അറിയുന്ന ആളുകളുടെ എത്രയോ മടങ്ങ് ആളുകൾ അതുപോലെ ഒരു ടീച്ചറെ അറിയും. ആ മഹത്വം പക്ഷേ സ്വന്തം പ്രവൃത്തി കൊണ്ട് ആ വ്യക്തി നേടിയെടുക്കുന്നതാണ്. അധ്യാപകൻ എന്ന ഡെസിനേഷനിൽ ഡീഫോൾട്ട് ആയിട്ട് ഉള്ളതല്ല.

സാമാന്യം പ്രഗത്ഭനായ, അറിയപ്പെടുന്ന ഒരു പ്രൊഫസർ പറഞ്ഞ ഒരു സംഭവം ഓർക്കുന്നു. അദ്ദേഹത്തിന്റെ സ്കൂൾ കാലഘട്ടത്തിൽ സ്ഥിരമായി ക്ലാസിൽ ചെന്നിരുന്ന് ഉറങ്ങിയിരുന്ന ഒരു അധ്യാപകനുണ്ട്. ഇദ്ദേഹം പിന്നീടൊരു പ്രൊഫസറായ ശേഷം സ്കൂളിലെ ഒരു റീയൂണിയന് ചെന്നപ്പോൾ ടി കക്ഷിയും ഉണ്ടായിരുന്നു. ‘നീ ഇപ്പോ എന്ത് ചെയ്യുന്നു’ എന്ന ചോദ്യത്തിന് പ്രൊഫസറാണ് എന്ന ഉത്തരം പറഞ്ഞതും ടിയാൻ സ്വന്തം ഭാര്യയെ നോക്കി ഒരു ഡയലോഗ്: “കണ്ടോ, ഞാൻ പഠിപ്പിച്ച പയ്യനാ, ഇപ്പോ പ്രൊഫസറാണ്!”
ഈ റൂട്ടിൽ മഹത്വം ക്ലെയിം ചെയ്യുന്ന ഒരുപാട് അധ്യാപകരുണ്ട്. അതവരുടെ ഇഷ്ടം. പക്ഷേ അവരിൽ ഊളകളുണ്ടാവാൻ പാടില്ല എന്ന് പൊതുജനം ശഠിക്കുന്നതിന് പിന്നിലെ ലോജിക് മനസിലാവുന്നില്ല. പൊതുജനത്തിന്റെ മൊത്തം ഊളത്തരത്തിന്റെ ആനുപാതികമായ ഓഹരിയെങ്കിലും അവർക്കും അവകാശപ്പെട്ടതാണ്.


Kiran AR

തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്ത്, ഇടയ്ക്കിടെ പോകാറുള്ള ചെറിയൊരു പച്ചക്കറിക്കടയുണ്ട്. കട നടത്തുന്നത്‌ ചെറുപ്പക്കാരനാണ്, തമിഴ്‌നാട്ടുകാരനാണ്, താമസം നാഗര്‍കോവിലിനടുത്തെങ്ങോ ആണ്. രാവിലെ 8 മണിക്ക് വന്നു കട തുറന്ന് രാത്രി 8 മണിക്ക് തിരിച്ചുപോകുന്ന, പ്രായമായ അച്ഛനമ്മമാരുള്ള ഒറ്റമുറിവീട്ടിലെ ഏക വരുമാനമാര്‍ഗം അയാളാണ്. ഒന്നര മാസം മുമ്പ്, ലോക്ക് ഡൗണിനു തൊട്ടുമുമ്പ് അവസാനമായി കണ്ടപ്പോ അയാൾ നാട്ടില്‍ പോകുന്നുവെന്നും വീട്ടില്‍ അച്ഛന് സുഖമില്ലെന്നും, പെട്ടെന്ന് തിരിച്ചുവരുമെന്നും, ഇവിടെ കട തുറന്നാലേ അവിടെ ചികിത്സ നടക്കൂയെന്നും പറഞ്ഞു. യാത്രപറഞ്ഞുപോയതിന്റെ അന്നുരാത്രി അതിർത്തിയടഞ്ഞു, നാടടച്ചു. പിറ്റേന്ന് രാജ്യമടച്ചു. ആ കട പിന്നെ തുറന്നിട്ടില്ല. ഇനി തുറക്കുമോയെന്ന് നിശ്ചയവുമില്ല.

പ്രവാസി സുഹൃത്തുക്കൾ ജോലി ചെയ്യുന്ന കമ്പനികളില്‍ നിന്നും കൂട്ടത്തോടെ പിരിച്ചുവിടലുകൾ നടക്കുന്നതറിയുന്നുണ്ട്. പലരുടെയും ശമ്പളം പകുതിയായി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ശമ്പളമേയില്ലെന്ന് ചുരുക്കം ചിലര്‍ക്ക് ഇണ്ടാസ് കിട്ടി. നാട്ടില്‍ വരാനും വേണ്ടവരെ കാണാനും പറ്റുമോന്ന് ഉറപ്പില്ലാതെ അവരവിടെ മരിച്ചു ജീവിക്കുന്നുണ്ട്.
നാട്ടില്‍ വണ്ടിയോടിക്കുന്നവരും വീടു പണിയുന്നവരും മണ്ണിൽ കിളയ്ക്കുന്നവരും ചെരുപ്പ് നന്നാക്കുന്നവരും തെങ്ങു കയറുന്നവരും ഹോട്ടലിൽ എച്ചിൽപ്പാത്രം കഴുകുന്നവരും പാറ പൊട്ടിക്കുന്നവരും ജൂനിയർ ആർട്ടിസ്റ്റുകളും തെരുവിൽ തുണി വിൽക്കുന്നവരുമടക്കം സകലരും നശിപ്പിലാണ്. ഉണ്ണാനും ഉടുക്കാനും വാങ്ങുന്ന നേരത്ത് ബ്രാൻഡ് തിരഞ്ഞെടുക്കാൻ പാങ്ങില്ലാത്തവരൊക്കെയും നാളെ മുന്നോട്ടുപോകാനൊരു മാർഗം തെളിയാതെ മരവിപ്പിലാണ്.

മഹാമാരിയെ ചെറുക്കാനും, ആശുപത്രിയിലെ രോഗികള്‍ക്ക് ചികിത്സയും മരുന്നും വെള്ളവും അന്നവും കരുതലും കൊടുക്കാനും, കമ്മ്യൂണിറ്റി അടുക്കള നടത്താനും, മേല്‍പറഞ്ഞ കൂട്ടരെ പട്ടിണിക്കിടാതെ സംരക്ഷിച്ചു പിടിക്കാനും, നാളെ വരാൻ പോകുന്ന ഭീകരമായ പ്രതിസന്ധികളിൽ വീണു പോകാതിരിക്കാനും, തൊഴിൽ നഷ്ടം നികത്താനുമടക്കം സകലതിനും വേണ്ടത് പണമാണ്. പണം കണ്ടെത്താനുള്ള വഴികളിലൊന്ന് ചെലവ് കുറയ്ക്കലാണ്. തൊഴിൽ സുരക്ഷയുള്ള, പണിയെടുത്താലുമില്ലെങ്കിലും കൃത്യമായി ശമ്പളം കിട്ടുന്ന, ജോലി വിട്ടാലും പെൻഷൻ കിട്ടുന്ന കൂട്ടരിൽ പെട്ട സർക്കാർ ജീവനക്കാരുടെ മുപ്പത് ദിവസത്തെ ശമ്പളം മാറ്റിവെക്കുന്നത് താല്‍കാലികമായിട്ടാണ്.

ജീവൻ നിലനിർത്തുന്നത് തന്നെ പ്രിവിലേജാകുന്ന ആരോഗ്യ അടിയന്തരാവസ്ഥയുടെ കാലത്ത്, താരതമ്യേന മെച്ചപ്പെട്ട കൂട്ടരുടെ ശമ്പളം പിടിക്കുന്നതിന് അനുവാദം ചോദിക്കാനോ മനുഷ്യാവകാശം പ്രസംഗിക്കാനോ പോകണമെന്ന് പറയുന്ന വാദങ്ങള്‍ നിഷ്കളങ്കമായ അജ്ഞതയൊന്നുമല്ല, കറകളഞ്ഞ അജണ്ടയാണ്. സർക്കാരിന്റെ ഉത്തരവ് കത്തിച്ചുകളഞ്ഞത് അഭിമാനത്തോടെ സ്റ്റാറ്റസാക്കിയ കൂട്ടർ കൊടിപിടിക്കുന്നത് ആ അജണ്ട സംരക്ഷിക്കപ്പെടാനാണ്. അവരുടെ പക്ഷം നാളെ പണി പോകുന്നവന്റേതല്ല, പട്ടിണി കിടക്കുന്നവന്റേതല്ല, ദുരിതമനുഭവിക്കുന്നവന്റേതുമല്ല. അത് കൃത്യമായ വലതുപക്ഷരാഷ്ട്രീയമാണ്. അത് അധ്യാപകരെന്ന വിഭാഗത്തിൽ ഒതുങ്ങാത്തതാണ്, വാറ്റിയവന്റെയും കൂവിയവന്റെയും രക്തത്തിലുള്ളതാണ്. കൂടെയുള്ളവൻ പട്ടിണികിടന്നാലും പട്ടടയിൽ തീർന്നാലും നോവ് പടരാത്തവന്റെ സ്വാർത്ഥതയാണ്. മനുഷ്യത്വത്തിനേക്കാൾ പണത്തിന് മൂല്യം കൽപ്പിക്കുന്നവരുടെ മരിച്ചാലും തീരാത്ത ആർത്തിയാണ്. ദുരിതപർവ്വത്തിൽ ഭരണകൂടം നടത്തിയ അതിജീവനശ്രമങ്ങളുടെ കടയ്ക്കൽ, ഒന്നൊഴിയാതെ കഠാര കയറ്റിയ കൂട്ടരുടെ ശ്രമങ്ങളുടെ തുടർച്ചയാണ്. അധികാരക്കൊതിയോടുള്ള ഐക്യദാർഢ്യമാണ്.

ഇത് രണ്ടു പ്രളയം കണ്ട നാടാണ്. രണ്ട് പ്രളയത്തെ തോൽപ്പിച്ച നാടാണ്. പറ്റുന്നവർ പത്തും നൂറും കൊടുത്ത് കരകയറ്റിയ നാടാണ്. നിങ്ങൾ ഉത്തരവുകൾ കത്തിച്ചാൽ, നിങ്ങൾ ക്ലാസ്സെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ കാശുകുടുക്ക നാടിന് കൊടുക്കും. അതിഥി തൊഴിലാളികൾ ഒരായുസ്സിലെ സമ്പാദ്യം കൊടുക്കും. ചായക്കട നടത്തുന്ന സുബൈദമാർ ആടിനെ വിറ്റ പൈസ കൊടുക്കും. നിങ്ങൾ ബലിയാടുകളാക്കിയ ഓമനക്കുട്ടന്മാർ, അവര് നട്ടു നനച്ചുണ്ടാക്കിയ പച്ചക്കറി കൊടുക്കും. ഓല മേഞ്ഞ പുരയിലെ ഒരുപാടമ്മൂമ്മമാർ ക്ഷേമപെൻഷനിൽ നിന്ന് മിച്ചം വന്നതെടുത്ത് കൊടുക്കും. വയനാടിൽ നിന്നും പത്ത് ടൺ കപ്പയെത്തും. അവരുടെ കൂടെ കൊള്ളാവുന്നവരൊക്കെ കൂടും. നാട് തിരിച്ചുപിടിക്കും, കോവിഡിനെ ജയിക്കും.

എന്തായാലും നിങ്ങള് സ്വയം വെളിപ്പെടുത്തിയത് നല്ലതാണ്. നാളെയൊരു കണക്കെടുപ്പ് നടത്തുമ്പോൾ, പിന്നിൽനിന്ന് കുത്തിയവരെ തിരിച്ചറിയാൻ നിങ്ങള് പ്രയാസമില്ലാതാക്കിയിട്ടുണ്ടല്ലോ. നാടറിഞ്ഞ് നാറിയാലും ഒറ്റുകാർക്ക് അഭിമാനിക്കാൻ ഇതിലും നല്ല കാരണം ആവശ്യമില്ലല്ലോ. എന്നാ നടക്കട്ടെ ചങ്ങായിമാരേ..!!