സ്ത്രീ ദേവതയാണ്, കെടാവിളക്കാണ് എന്നൊക്കെ പറഞ്ഞ് കണ്ണിൽ പൊടിയിടാൻ നോക്കും, സ്ത്രീസ്വാതന്ത്ര്യം പറഞ്ഞാൽ പെണ്ണിനെ നശിച്ചവളായി ചിത്രീകരിക്കും, മാമനോടൊന്നും തോന്നല്ലേ മക്കളേ, ഗതികേടുകൊണ്ടാണ്

88

Vaisakhan Thampi

ഇണയെ നേടുക എന്നത് ലൈംഗികമായി പ്രത്യുൽപ്പാദനം ചെയ്യുന്ന ജീവികളെ സംബന്ധിച്ച് നിലനില്പിന് തന്നെ ആധാരമായ ഒരു അടിസ്ഥാന ആവശ്യമാണ്. അതുപോലെ മികച്ച തലമുറയ്ക്ക് ജന്മം നൽകുന്നതിന് ‘മികച്ച’ ഇണയെ കിട്ടണം എന്നതും പ്രധാനമായതിനാൽ, ‘ഇണയെ തെരെഞ്ഞെടുക്കൽ’ (mate selection) എന്നൊരു കടമ്പയും അവിടെയുണ്ട്. അപ്പോ സ്വാഭാവികമായും ആര് ആരെ തെരെഞ്ഞെടുക്കും എന്നൊരു ചോദ്യം ഉദിയ്ക്കുന്നു. ഒരു കുഞ്ഞിന്റെ ജനനത്തിലും പരിപാലനത്തിലും കൂടുതൽ ഭാരം വഹിക്കേണ്ടിവരുന്നത് (parental investment) ആർക്കാണോ അവർക്കാണല്ലോ സ്വാഭാവികമായും മികച്ച ഇണയെ തെരെഞ്ഞെടുക്കേണ്ടത് കൂടുതൽ പ്രധാനപ്പെട്ടതാകുന്നത്. അതാണ് പൊതുവേ പ്രകൃതിയിൽ കാണപ്പെടുന്നതും. പ്രകൃതിയിലെ മിക്ക സ്പീഷീസുകളിലും പെണ്ണ് ആണിനെയാണ് തെരെഞ്ഞെടുക്കുന്നത്. അങ്ങനെ തെരെഞ്ഞെടുക്കപ്പെടാൻ വേണ്ടി പരസ്പരം മത്സരിക്കുന്ന, കടിപിടി കൂടുന്ന, കഷ്ടപ്പെടുന്ന ആണുങ്ങൾ പ്രകൃതിയിലെ സ്ഥിരം കാഴ്ചയാണ്. ഉദാഹരണത്തിന്, ഒരു ആൺമയില് നേരെ ചൊവ്വേ പറക്കാൻപോലും തടസ്സമുണ്ടാക്കുന്ന, എടുത്താൽ പൊങ്ങാത്ത വാലും താങ്ങിനടക്കുന്നതും ആൺമാൻ അതിന്റെ എമണ്ടൻ കൊമ്പും പൊക്കിപ്പിടിച്ച് നടക്കുന്നതും ഒക്കെ തെരെഞ്ഞെടുക്കപ്പെടൽ ഒരു പ്രശ്നമായതിന്റെ പേരിലാണ്.

മനുഷ്യന്റെ കാര്യത്തിലും, ജീവശാസ്ത്രപരമായി മറ്റ് മിക്ക ജീവികളിലുമെന്നപോലെ കുഞ്ഞിന് ജന്മം നൽകുന്നതിൽ നല്ലൊരു പങ്ക് അധ്വാനവും പെണ്ണിനാണ്. ആണിന്റെ പത്ത് മിനിറ്റിന്റെ അധ്വാനത്തോട് താരതമ്യം ചെയ്യേണ്ടത് പത്ത് മാസത്തെ ശ്രമകരമായ ഗർഭധാരണത്തേയും പാലൂട്ടൽ ഉൾപ്പടെ ജനനശേഷമുള്ള അനേകം കഷ്ടപ്പാടുകളേയുമാണ്. അതുകൊണ്ട് തന്നെ തെരെഞ്ഞെടുക്കപ്പെടൽ ആണിന്റെ ആവശ്യവും, തെരെഞ്ഞെടുപ്പ് പെണ്ണിന്റെ തീരുമാനവും എന്നതാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷേ സ്വന്തം സാമൂഹികക്രമം കൊണ്ട് ജന്തുലോകത്ത് നിലനിൽക്കുന്ന പല സ്വാഭാവികതകളേയും മാറ്റിമറിച്ച ഒരു സ്പീഷീസാണ് മനുഷ്യർ. അതിന്റെ ഭാഗം തന്നെയാകണം, പെണ്ണ് ആണിനെ തെരെഞ്ഞെടുക്കും എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലെങ്കിലും വിചിത്രമായി തോന്നിയേക്കും. കാരണം നമ്മൾ കാണുന്നത് തിരിച്ചാണല്ലോ.

ജസ്റ്റ് ഫോർ ഹൊറർ, മറ്റ് സ്പീഷീസുകളിലൊക്കെ കാണുമ്പോലെ സ്വന്തം ഇണയെ തെരെഞ്ഞെടുക്കുന്നതിനുള്ള പൂർണമായ സ്വാതന്ത്ര്യം പെണ്ണിനാണ് എന്നൊന്ന് സങ്കല്പിക്കുക. അതായത്, ആണിന് ‘എന്തെങ്കിലും നടക്കണമെങ്കിൽ’ ഏതെങ്കിലുമൊരു പെണ്ണിനെ ഇംപ്രസ് ചെയ്യേണ്ടിവരും. ‘ഇവൻ കൊള്ളാം, ഇവനോടൊപ്പം ഒരു കുഞ്ഞിന് ജന്മം നൽകാം’ എന്ന് അവളെക്കൊണ്ട് തോന്നിപ്പിക്കേണ്ടിവരും. അതെത്ര ബുദ്ധിമുട്ടുള്ള പണിയാണെന്ന് ഊഹിക്കാമല്ലോ. ചാറ്റ് ബോക്സിൽ ചെന്ന് ‘ജാഡയാണോ മോളൂസേ’ എന്നുപറഞ്ഞ് വിരകിയാലോ, തിരക്കുള്ള ബസ്സിൽ പെൺകൂട്ടത്തിൽ നുഴഞ്ഞുകയറി ഹൈഡ്രോലിക് ട്രിക്ക് പ്രയോഗിച്ചാലോ സാധിച്ചെടുക്കാവുന്ന പണിയല്ല അത്. ഒരു പെണ്ണിനേയും ഇംപ്രസ് ചെയ്യാൻ കഴിയാത്തവനും പെണ്ണുകിട്ടും എന്നുറപ്പിക്കാനുള്ള ഒരു മികച്ച ഇൻഷുറൻസ് സ്കീമാണ് നമ്മൾ വെച്ചുപുലർത്തുന്ന പുരുഷമേധാവിത്വം. മറിച്ചായിരുന്നെങ്കിൽ പല വീരശൂരപരാക്രമികൾക്കും പെണ്ണിനെ മണത്തുനോക്കാൻ പോലും കിട്ടില്ലായിരുന്നു എന്ന് കരുതാൻ ജന്തുലോകത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. അതുകൊണ്ട് സ്ത്രീസ്വാതന്ത്ര്യത്തെ നമ്മുടെ ആണുങ്ങൾ പേടിക്കുന്നത് സ്വാഭാവികമാണ്. എന്തൊക്കെയായാലും സ്ത്രീയുടെ സ്ഥാനം ആണിന്റെ കാൽക്കീഴിലാണെന്ന് സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കും. സ്ത്രീ ദേവതയാണ്, വീടിന്റെ കെടാവിളക്കാണ് എന്നൊക്കെ പറഞ്ഞ് കണ്ണിൽ പൊടിയിടാൻ നോക്കും. സ്ത്രീസ്വാതന്ത്ര്യം എന്നൊക്കെ പറയുന്ന പെണ്ണിനെ നശിച്ചവളായി ചിത്രീകരിക്കാൻ നോക്കും. മാമനോടൊന്നും തോന്നല്ലേ മക്കളേ, ഗതികേടുകൊണ്ടാണ്!