ഹൈപ്പർ സെക്ഷ്വൽ രോഗിയും ദൈവവിശ്വാസിയും

258

Vaisakhan Thampi

ഒരിയ്ക്കൽ ഒരു സ്ത്രീ ഭർത്താവുമൊത്ത് സൈക്യാട്രിസ്റ്റിനെ കാണാൻ ചെന്നു. ഭർത്താവിന് എപ്പോഴും സെക്സിനെക്കുറിച്ചാണ് ചിന്ത എന്ന ഭാര്യയുടെ പരാതിയെ തുടർന്ന് സൈക്യാട്രിസ്റ്റ് ഭർത്താവിനോട്, താൻ ചില ചിത്രങ്ങൾ കാണിക്കുമ്പോൾ എന്താണ് മനസ്സിൽ തോന്നുന്നത് എന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. ഭർത്താവ് സമ്മതിച്ചു.അങ്ങനെ സൈക്യാട്രിസ്റ്റ് ഒരു കെട്ട് പേപ്പറുകൾ പുറത്തെടുത്തു. റാൻഡമായി മഷി കുടഞ്ഞ് വീഴ്ത്തി ക്രമമില്ലാതെ ഉണ്ടാക്കിയ ചില രൂപങ്ങളായിരുന്നു എല്ലാറ്റിലും. ഡോക്ടർ ഓരോന്നായി അയാളെ കാണിക്കാൻ തുടങ്ങി.ആദ്യത്തെ രൂപം കണ്ട് ഭർത്താവ് പറഞ്ഞു- “ഇത് കാമുകീ കാമുകൻമാര് കടൽത്തീരത്ത് സെക്സിലേർപ്പെടുന്നതല്ലേ?”

“ഓക്കേ”, സൈക്യാട്രിസ്റ്റ് അടുത്ത രൂപം കാണിച്ചു.“ഒരു ഭർത്താവും ഭാര്യയും മലമുകളിൽ നഗ്നരായി പ്രണയലീലകളിൽ ഏർപ്പെടുന്നു”, ഭർത്താവ് അധികം ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു.അടുത്ത ചിത്രം കണ്ടപ്പോൾ കാറിനുള്ളിൽ സെക്സിലേർപ്പെടുന്ന യുവമിഥുനങ്ങളാണ് ഭർത്താവിന്റെ മനസ്സിലേയ്ക്ക് വന്നത്. തുടർന്ന് വന്ന എല്ലാ ചിത്രങ്ങളിലും അയാൾ ഇത്തരത്തിൽ എന്തെങ്കിലും കണ്ടുകൊണ്ടിരുന്നു.ഒടുവിൽ സൈക്യാട്രിസ്റ്റ് പറഞ്ഞു, “സർ… താങ്കൾക്ക് ഹൈപ്പർസെക്ഷ്വൽ ഡിസോർഡർ എന്നൊരു മനോവൈകല്യമുണ്ട്. അതാണ് താങ്കൾ എല്ലാ മഷിപ്പാടിലും സെക്സ് കാണാൻ ശ്രമിക്കുന്നത്”. ദേഷ്യം വന്ന ഭർത്താവ് ചാടിയെണീറ്റു- “അതുശരി! ഓരോ അശ്ലീലചിത്രങ്ങൾ അടുക്കിവെച്ചിട്ട് എന്നെയെടുത്ത് കാണിച്ചത് നിങ്ങളാണ്. എന്നിട്ട് എനിയ്ക്കാണിപ്പോ കുഴപ്പം അല്ലേ?” ഈ കഥ അല്പം പഴയതാണ്. സൈബർ സ്പെയ്സിൽ വന്നശേഷം ഈ കഥ എനിയ്ക്ക് ഇടക്കിടെ ഓർമ്മ വരാറുണ്ട്. എങ്ങനെയെന്ന് വിശദീകരിക്കാൻ ഈ കഥയെ ഒരല്പം മോഡിഫൈ ചെയ്ത് പറയാം.

ഒരു കോസ്മോളജിസ്റ്റ് ബാംഗ് സിദ്ധാന്തത്തിന്റെ ചിത്രീകരണം കാണിക്കുന്നു. എന്നിട്ട് പ്രപഞ്ചഘടനയെക്കുറിച്ച് ഒരു മണിക്കൂർ ക്ലാസ്സെടുക്കുന്നു.

അത് കഴിയുമ്പോൾ വിശ്വാസി – “ഈ പ്രപഞ്ചം നിർമിക്കാൻ വേണ്ടി ഇത്രേം വലിയൊരു സ്ഫോടനം ഉണ്ടാക്കിയ ദൈവത്തെ സമ്മതിക്കണം!”ഒരു ജിയോളജിസ്റ്റ് ഭൂമിയുടെ ഘടനയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ച് നിലവിലുള്ള തെളിവുകളെക്കുറിച്ചും ഒരു മണിക്കൂർ ക്ലാസ്സെടുക്കുന്നു.അത് കഴിയുമ്പോൾ വിശ്വാസി – “ഹോ, നമുക്ക് ജീവിക്കാൻ വേണ്ടി ഭൂമിയെ ഇങ്ങനെ ഉരുട്ടിയെടുത്ത ദൈവം എത്ര കാരുണ്യവാനാണ്” ഒരു പ്ലാനറ്ററി സയന്റിസ്റ്റ് നക്ഷത്രങ്ങളുടെ ഹാബിറ്റബിൾ സോണിനെ (ജീവന് നിലനിൽക്കാൻ കഴിയുന്ന പ്രദേശം) കുറിച്ചും ജീവന്റെ ഉല്പത്തിയെ കുറിച്ചും രണ്ട് മണിക്കൂർ സംസാരിക്കുന്നു.

അത് കഴിയുമ്പോൾ വിശ്വാസി – “ഹോ, ഭൂമിയെ സൂര്യന്റെ ഹാബിറ്റബിൾ സോണിൽ തന്നെ വെച്ച ദൈവത്തിന് മനുഷ്യരോട് പ്രത്യേക സ്നേഹമുണ്ട് കേട്ടോ”ഒരു ബയോളജിസ്റ്റ് ഡി.എൻ.ഏ.യുടെ ഘടനയെക്കുറിച്ചും പരിണാമം വഴി ഏകകോശജീവികളിൽ നിന്ന് സങ്കീർണ ജീവികൾ ഉണ്ടായതിനെക്കുറിച്ചും ഒരു ഫുൾ ഡേ ക്ലാസ്സെടുക്കുന്നു.അത് കഴിയുമ്പോ വിശ്വാസി – “ഹോ! എന്നാലും ഇത്രേം സങ്കീർണമായ ഈ ഡീ.എൻ.ഏ. ഇങ്ങനെ കൃത്യമായിട്ട് ഉണ്ടാക്കിയ ദൈവത്തിന്റെ കരവിരുത് അത്ഭുതം തന്നെ.”ഒരു ഹൈ-എനർജി ഫിസിസിസ്റ്റ് ആറ്റം ഘടനയെക്കുറിച്ചും സബ്-അറ്റോമിക് കണങ്ങളെ കുറിച്ചും രണ്ട് ദിവസം പഠിപ്പിക്കുന്നു.അത് കഴിയുമ്പോ വിശ്വാസി- “ഹോ, ദൈവം എത്ര കൃത്യമായാണ് പ്രോട്ടോണിനേയും ഇലക്ട്രോണിനേയും തമ്മിൽ യോജിപ്പിച്ച് ഹൈഡ്രജനെ ഉണ്ടാക്കിയത്!”ഒരു തിയററ്റിക്കൽ ഫിസിസിസ്റ്റ് ജനറൽ റിലേറ്റിവിറ്റിയെ കുറിച്ചും തുടർന്ന് മൾട്ടി-ഡയമെൻഷണൽ യൂണിവേഴ്സിനെ കുറിച്ചും അഞ്ച് ദിവസം നീണ്ട കോഴ്സ് നടത്തുന്നു.
അത് കഴിയുമ്പോ വിശ്വാസി – “ഉം… അപ്പോ അഞ്ചാമത്തെ ഡയമെൻഷനിലാണ് ദൈവം. അതാണ് നമുക്ക് കാണാൻ സാധിക്കാത്തത്.”

ഇതിൽ ആദ്യത്തെ കഥ നിങ്ങൾക്ക് തമാശയായിട്ട് തോന്നിക്കാണും. രണ്ടാമത്തെ കഥ തമാശയായി തോന്നിയില്ലെങ്കിൽ, ഓർക്കുക, ആദ്യത്തെ കഥയിലെ ഭർത്താവിനും ആ കഥ തമാശയായി തോന്നിയില്ലായിരുന്നു.