കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം

0
220

Vaisakhan Thampi

മോർട്ടീൻ കൊതുകുതിരിയും, ഗോദ്റെജ് ഹെയർ ഡൈയും ചില ഭാഷാ വേവലാതികളും!

എന്നെ സംബന്ധിച്ച് ഏറ്റവും വലിയ നൊസ്റ്റാൾജിയകളിൽ ഒന്നാണ് ആ കോംബിനേഷൻ! കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം. ഇവ രണ്ടിലും, ഒപ്പം വന്നിരുന്ന യൂസർ മാന്വലുകളാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. അവയിൽ ഒരേ കാര്യം പല പല ഭാഷകളിൽ എഴുതിയിട്ടുണ്ടാകുമായിരുന്നു. പുതിയ ഭാഷകൾ പഠിക്കാൻ പണ്ടേ ഒരു കമ്പമുണ്ടായിരുന്നു. അത് ഇപ്പോഴുമുണ്ട്, അന്ന് സമയം കൂടി ഉണ്ടായിരുന്നു എന്നേയുള്ളൂ. ഒരു ഭാഷയിൽ സ്വന്തം പേരെഴുതാൻ കഴിയുമ്പോഴാണ് അതിൽ സാക്ഷരതയുള്ളതായി കണക്കാക്കുന്നത് എന്നെവിടെയോ കേട്ടതുകൊണ്ട്, പരമാവധി ഭാഷകളിൽ സാക്ഷരത നേടാനായി ഇറങ്ങിപ്പുറപ്പെട്ട സമയത്താണ് മോർട്ടീനും ഗോദ്റെജും തന്ന, കുനുകുനാ ഞെരുക്കി പ്രിന്റ് ചെയ്ത യൂസർ മാന്വലുകൾ രക്ഷയ്ക്കെത്തിയത്. അവയിൽ ഒരേ വാക്കുകൾ പല ഭാഷയിൽ എഴുതിയിരിക്കുന്നത് പരസ്പരം താരതമ്യം ചെയ്താണ് ആദ്യമായി തമിഴ് അക്ഷരങ്ങൾ മനസ്സിലാക്കിയെടുക്കുന്നത്. മലയാള വാക്കുകളോടും അക്ഷരങ്ങളോടും വരെ അവയ്ക്കുള്ള സാമ്യം അവിടെ സഹായകമായി. പിന്നെ അതും കൂടി ചേർത്ത് കന്നഡയും തെലുഗുവും നോക്കി കുറേ അക്ഷരങ്ങൾ മനസ്സിലാക്കി. അവയിലെ അക്ഷരങ്ങൾ തമ്മിലുള്ള പരസ്പരസാമ്യവും അവിടെ സഹായിച്ചു. പക്ഷേ എന്റെ നീണ്ട പേരിലെ ചില അക്ഷരങ്ങൾ പിടിതരാൻ മടിച്ചു. ഇതിനിടെ മലയാള മനോരമ അന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘കൈത്തിരി’ എന്ന സപ്ലിമെന്റിൽ, ക്രിസ് നിക്കേസ് എന്നൊരാൾ വിദേശഭാഷകൾ പഠിപ്പിക്കുന്ന ഒരു പംക്തി ഉണ്ടായിരുന്നു. സ്പാനിഷ്, ജർമൻ, ഫ്രെഞ്ച് ഭാഷകളുടെ ആൽഫാബെറ്റും വാക്കുകളും ഗ്രാമറുമൊക്കെ അതിൽ വന്നിരുന്നത് വിടാതെ പിൻതുടരുമായിരുന്നു. റഷ്യയിൽ നിന്നും വന്ന ഭൗതികകൗതുകം എന്ന പുസ്തകത്തിന്റെ ആമുഖപേജിൽ കണ്ട ചില അപരിചിതമായ അക്ഷരങ്ങളുടെ പിന്നാലെ ഒരു കൂട്ടുകാരന്റെ സഹായത്തോടെ പോയത് റഷ്യൻ ലിപിയിൽ എത്തിച്ചു. അപ്പോഴും അതെല്ലാം കൗതുകത്തിന്റെ പുറത്തുള്ള ഒരു പിൻതുടരൽ മാത്രമായിരുന്നു.

അവിടന്ന് കുറേ കാലം കഴിഞ്ഞ് കോളേജിൽ വന്നശേഷമാണ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്ന് അന്യഭാഷകളിലേയ്ക്കുള്ള ലോകം കുറച്ചുകൂടി തുറന്നുകിട്ടിയത്. തട്ടിയും മുട്ടിയും ഏതാണ്ട് പന്ത്രണ്ട് ഭാഷകളിൽ സാക്ഷരത (മേൽപ്പറഞ്ഞ നിർവചനപ്രകാരം മാത്രം) കൈവരിച്ചശേഷം കൂടുതൽ വലിയ മേച്ചിൽപ്പുറങ്ങളിലേയ്ക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് രസകരമായ ഒരു വൻ തിരിച്ചറിയലിൽ ഞാൻ ചെന്നിടിക്കുന്നത്. ലോകത്തെ പല ഭാഷകളിലും എന്റെ പേര് എഴുതാനേ കഴിയില്ല! കാരണം അതിന് പറ്റിയ ശബ്ദങ്ങൾ ആ ഭാഷകളിൽ ഇല്ല. എന്റെ ‘സാക്ഷരതായജ്ഞ’ത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. അതോടെ ആ ഫ്ലോ അങ്ങ് പോയി…

അതൊക്കെ ഒരു കാലത്തെ തമാശയെന്നോ ഹോബിയെന്നോ വിളിക്കാവുന്ന കാര്യമാണ്. തീരെ ഉപയോഗിക്കാതെ വളരെ കാലം കടന്നുപോയതുകൊണ്ട് പഠിച്ചെടുത്ത പല ലിപികളും ഇന്ന് മറന്നുപോയി. കന്നഡയും തെലുഗുവും കുറേ നേരം നോക്കിയിരുന്നാൽ ചില അക്ഷരങ്ങൾ പിടിച്ചെടുക്കാൻ പറ്റും. പഞ്ചാബിയും ബംഗാളിയുമൊക്കെ ഏതാണ്ട് മൊത്തം പിടിവിട്ടു. അപ്പോഴും ഭാഷകളും, പൊതുവിൽ ആശയവിനിമയവും എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ ഒരു താത്പര്യം ഉണ്ട്. ഒരു ഭാഷ പഠിക്കാൻ തുനിഞ്ഞിറങ്ങുന്നത് വണ്ടിയെടുത്ത് സിറ്റിയിലെ റോഡിലേയ്ക്ക് ഇറങ്ങുന്നതുപോലെയാണ്. പലയിടത്തും വളവും തിരിവും തടസ്സവും ഒക്കെ കാണും. പക്ഷേ നമ്മുടെ തൊട്ട് ചുറ്റിലുമുള്ള കാര്യങ്ങളേ നമുക്ക് കാണാനാകൂ. എന്നാൽ പല ഭാഷകളെ ഒരുമിച്ച് പിൻതുടരുമ്പോൾ അത് ഉയർന്നൊരു കെട്ടിടത്തിൽ നിന്ന് താഴത്തെ സിറ്റി ട്രാഫിക് കാണുന്നതുപോലെയാണ്. എവിടെയാണ് ബ്ലോക്ക്, എവിടെയാണ് വളവും തിരിവും വരാൻ പോകുന്നത് എന്നൊക്കെയുള്ള ഒരു ബിഗ് പിക്ചർ കിട്ടും. ഭാഷകൾ തമ്മിലുള്ള വ്യത്യാസങ്ങൾ, സാമ്യങ്ങൾ, അവ എങ്ങനെ അവ ഉപയോഗിക്കുന്ന ജനങ്ങളുടെ സംസ്കാരവും ജീവിതരീതിയും പ്രതിഫലിപ്പിക്കുന്നു, ഞാൻ സംസാരിക്കുന്ന ഭാഷ എങ്ങനെ എന്റെ ചിന്താഗതിയെ തന്നെ സ്വാധീനിക്കുന്നു ഇങ്ങനെ പല കാര്യങ്ങളും എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് സഹായിച്ചിട്ടുണ്ട്.

ഒരു ചെറിയ ഉദാഹരണം എടുത്താൽ, ഖരരൂപത്തിലുള്ള ജലത്തെ സൂചിപ്പിക്കുന്ന ice എന്ന ഇംഗ്ലീഷ് വാക്കിന് തുല്യമായി മഞ്ഞ് എന്ന വാക്ക് മലയാളത്തിലുണ്ട്. എന്നാൽ മഞ്ഞിനെ തിരിച്ച് ഇംഗ്ലീഷിലേയ്ത്ത് തർജമ ചെയ്യുമ്പോൾ നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ ആകെ തെറ്റും. ഹിമാലയത്തിൽ മഞ്ഞ് പെയ്യുന്നു എന്ന് പറഞ്ഞാൽ നമ്മൾ ഉദ്ദേശിക്കുന്നത് snow ആണ്. ഇനി, മലയാളത്തിൽ ‘മഞ്ഞു’തുള്ളി എന്ന് വിളിക്കുന്നത് സത്യത്തിൽ ദ്രാവകജലത്തെ തന്നെയാണ്. അതിൽ ice ഇല്ല. മൂടൽ’മഞ്ഞി’ലും ice ഇല്ല. മഞ്ഞുതുള്ളി dew drop ഉം മൂടൽ മഞ്ഞ് fog, mist തുടങ്ങിയവയുമാണ്. ഇംഗ്ലീഷ് ഭാഷയിൽ ഖരരൂപത്തിലുള്ള ജലത്തിന് snow, frost, graupel, rime, névé എന്നിങ്ങനെ ഒരുപാട് വാക്കുകൾ വെറെയുമുണ്ട്. നമുക്കോ? ഉള്ളത് തന്നെ വ്യക്തതയില്ലാത്തതാണ്. എന്താ കാരണമെന്ന് ചോദിച്ചാൽ സിമ്പിളാണ്. നമുക്ക് ഐസ് ക്രീം പാർലറിലും റഫ്രിജറേറ്ററിലെ ഫ്രീസറിനുള്ളിലും മീൻകച്ചവടക്കാരുടെ കുട്ടയിലുമൊക്കെയേ ഈ സാധനം കിട്ടൂ. പ്രകൃതിയിൽ സ്വാഭാവികമായി ഖരരൂപത്തിലുള്ള ജലം കണ്ടുകിട്ടാൻ മലയാളി കഷ്ടപ്പെടേണ്ടിവരും. അതുകൊണ്ട് ഇജ്ജാതി പല ഐറ്റങ്ങളെ ഒറ്റയടിയ്ക്ക് ‘മഞ്ഞ്’ എന്ന് വിളിച്ചാലും തട്ടുകേടില്ലാതെ നമ്മുടെ ആശയവിനിമയം നടക്കും.
ഇന്നത്തെ ഇഗ്ലീഷ് ഭാഷയിൽ ആരെയും അഭിസംബോധന ചെയ്യാൽ You എന്ന ഒരു വാക്ക് മതിയാകും. മലയാളത്തിൽ ആര് ആരെ വിളിക്കുന്നു എന്നതനുസരിച്ച് നീ, നിങ്ങൾ, താൻ, താങ്കൾ എന്ന് തുടങ്ങി അങ്ങുന്നും അവിടുന്നും വരെ ഒരു നിര വാക്കുകൾ നമുക്കുണ്ട്. ഇതിൽ നിന്ന് കൃത്യമായ വാക്ക് തെരെഞ്ഞെടുത്ത് പ്രയോഗിക്കുക എന്നത് മലയാളിയെ സംബന്ധിച്ച് പലയിടത്തും ഒരു വെല്ലുവിളിയാണ്. അതിലുള്ള പ്രാദേശികവ്യത്യാസങ്ങൾ കൂടി ചേർന്നാൽ അത് പിന്നേയും കുഴഞ്ഞതാകും. ഉദാഹരണത്തിന് നിങ്ങൾ എന്ന വിളി കേരളത്തിൽ ചിലയിടങ്ങളിൽ ബഹുമാനവും, മറ്റ് ചിലയിടങ്ങളിൽ ബഹുമാനക്കേടും ധ്വനിപ്പിക്കും.

ഭാഷ നമ്മുടെ ചിന്താഗതിയെയും പല ധാരണകളേയും വരെ സ്വാധീനിക്കുമെന്ന് ധാരാളം പഠനങ്ങളുണ്ട്. ഉദാഹരണത്തിന്, തെക്ക്-വടക്ക് എന്നിങ്ങനെ കേവല ദിക്കുകൾക്ക് പ്രാധാന്യമുള്ള ഭാഷകൾ സംസാരിക്കുന്നവർക്ക് ഭാഷയ്ക്ക് വെളിയിലും ദിക്കുകളെ കുറിച്ച് തിട്ടം കൂടുതലായിരിക്കും എന്ന് പഠനമുണ്ട്. അതുപോലെ ചില ഭാഷകൾ സംസാരിക്കുന്നവർക്ക് മറ്റ് ഭാഷാക്കാരെ അപേക്ഷിച്ച് കൂടുതൽ നിറങ്ങൾ തിരിച്ചറിയാൻ കഴിയും, കാരണം അവരുടെ ഭാഷയിൽ കാഴ്ചയിൽ ചെറിയ വ്യത്യാസം മാത്രമുള്ള നിറങ്ങൾക്കും വെവ്വേറെ വാക്കുകളുണ്ട്. ചില ഭാഷ സംസാരിക്കുന്നവർക്ക് ശബ്ദത്തിലെ ശ്രുതിവ്യത്യാസം (pitch) പെട്ടെന്ന് മനസ്സിലാവും. കാരണം അവരുടെ ഭാഷയിൽ പിച്ച് മാറുമ്പോൾ അർത്ഥം മാറും. ചൈനീസാണ് ഏറ്റവും നല്ല ഉദാഹരണം. മാ എന്ന ശബ്ദം ഏത് പിച്ചിൽ ഉച്ചരിക്കുന്നു എന്നതനുസരിച്ച് അമ്മയോ കുതിരയോ കഞ്ചാവോ വഴക്കുപറയലോ ഒക്കെയാവും.

പറഞ്ഞുവരുമ്പോൾ പുതിയൊരു ഭാഷ പഠിക്കുക എന്നാൽ സ്വയമറിയാതെ ഒപ്പം മറ്റൊരുപാട് കാര്യങ്ങൾ കൂടി നമ്മൾ മനസ്സിലാക്കുന്നുണ്ട്. പക്ഷേ നമ്മുടെ ഫോർമലായ ഭാഷാപഠനം അതിന്റെ ഏഴയലത്ത് പോലും എത്താൻ പ്രാപ്തമല്ലാത്ത വിധം ശോകമാണ്. കാരണം ഭാഷ എന്ന സങ്കല്പത്തിന്റെ അടിസ്ഥാന ധാരണയില്ലാതെയാണ് നമ്മുടെ പഠനരീതി അതിനെ സമീപിക്കുന്നത്. ഹിസ്റ്ററിയും ഫിസിക്സും ഒക്കെ പഠിക്കുന്ന അതേ ശൈലിയിൽ ‘just another subject’ ആയിട്ടാണ് നമ്മളതിനെ കൈകാര്യം ചെയ്യുന്നത്.
എഴുത്തുഭാഷയും സംസാരഭാഷയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പോലും നമ്മൾ ശ്രദ്ധിക്കാറില്ല. മനുഷ്യർ എഴുത്തുവിദ്യ വികസിപ്പിക്കുന്നതിനും എത്രയോ മുൻപേ തന്നെ ഭാഷ നിലവിലുണ്ട്.
എഴുത്തുവിദ്യയുടെ പഴക്കം ഏതാനം ആയിരം വർഷങ്ങളാണെങ്കിൽ, സംസാരഭാഷയ്ക്ക് ലക്ഷക്കണക്കിന് വർഷങ്ങളിലാണ്. എഴുത്ത് എന്നത് ഭാഷയുടെ റെക്കോർഡിങ്ങാണ്. ശബ്ദത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് അക്ഷരമാലയിൽ ഉള്ളത്. അതത് ഭാഷയിലുള്ള വാക്കുകളുടെ ആവശ്യമനുസരിച്ച് ഏതൊക്കെ ശബ്ദങ്ങളെയാണ് ചിത്രങ്ങളാക്കി സൂചിപ്പിക്കുന്നത് എന്നതും മാറും. എന്റെ പേരിലെ (അതും വാക്കാണല്ലോ) വൈ, ശാ, തുടങ്ങിയ ശബ്ദങ്ങൾ ചൈനീസ് ഭാഷയിൽ ആവശ്യമില്ലാത്തതുകൊണ്ട് അവർക്ക് അതിന് പറ്റിയ അക്ഷരങ്ങളുമില്ല എന്നതുകൊണ്ടാണ് ആദ്യം പറഞ്ഞ എന്റെ സാക്ഷരതാസ്വപ്നം പൊലിഞ്ഞത്. ഇവിടെ ഭാഷാശാസ്ത്രത്തിന്റെ കണ്ണിൽ phonogram, logogram, ideogram എന്നൊക്കെപ്പറഞ്ഞ് പല ഭാഷകളെ വ്യത്യസ്തമാക്കുന്ന ചില സാങ്കേതികവ്യത്യാസങ്ങൾ ഉണ്ടെന്നത് മറക്കുന്നില്ല എങ്കിലും ഭാഷയെ അതിന്റെ എഴുത്തിൽ നിന്ന് മാറ്റിനിർത്തിക്കൂടി മനസ്സിലാക്കേണ്ട ആവശ്യകതാണ് ചൂണ്ടിക്കാണിച്ചത്.

വാക്കുകളേയും (words) അവയെ എങ്ങനെ പരസ്പരം ബന്ധിപ്പിക്കണം എന്ന നിയമങ്ങളേയും (വ്യാകരണം അഥവാ grammar) അടിസ്ഥാനമാക്കിയാണ് നമ്മൾ സംസാരിക്കുന്നത്. അവയെ രേഖപ്പെടുത്തുക എന്ന ആവശ്യം അതിന് ശേഷമാണ് വരുന്നത്. കുഞ്ഞുങ്ങൾ ആദ്യമായി ഭാഷ സ്വായത്തമാക്കുന്നത് ശ്രദ്ധിച്ചാൽ അവർ ആദ്യം വാക്കുകൾ പിടിച്ചെടുക്കുന്നത് കാണാം. പലപ്പോഴും അവയെ വ്യാകരണപരമായി തെറ്റായ രീതിയിൽ അവർ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. ‘നാളെ വന്നു’ എന്നൊക്കെയുള്ള തെറ്റുകൾ കുഞ്ഞുങ്ങൾ സ്ഥിരം നടത്താറുണ്ട്. അനന്തസാധ്യതകളുള്ള സംഗീതത്തെ കുറേ പൊതുവായ സ്വരങ്ങളുടെ രൂപത്തിൽ വിഭജിക്കുന്നതുപോലെയാണ്, അനന്തമായ എണ്ണം വാക്കുകളെ ഒരു പൊതുവായ കൂട്ടം ശബ്ദങ്ങളുടെ രൂപത്തിൽ വിഘടിക്കുന്നത്. ആന എന്ന വാക്കിനെ ‘ആ’ എന്നും ‘ന’ എന്നുമുള്ള രണ്ട് ശബ്ദങ്ങളായി നമ്മൾ വേർപിരിക്കുന്നു. ഇവിടെ എടുത്ത് പറയട്ടെ, നിങ്ങൾ വായിക്കുന്നത് ഞാൻ എഴുതുന്നതിനെയാണ്. പക്ഷേ ചർച്ച സംസാരഭാഷയെ പറ്റിയാണ്. ആന എന്ന ശബ്ദത്തെ (morpheme എന്ന് ഭാഷാശാസ്ത്രത്തിൽ പറയും) ആ, ന എന്നീ ശബ്ദങ്ങളായി (phonemes) വിഘടിപ്പിക്കുന്ന കാര്യമാണ് പറഞ്ഞത്. ‘ആ’ എന്ന ചിത്രം ആ phoneme-നെ സൂചിപ്പിക്കുന്ന ചിഹ്നമാണ്. കന്നഡത്തിലെ ಆ യും ഹിന്ദിയിലെ आ യും ഒക്കെ അതേ ശബ്ദത്തെ സൂചിപ്പിക്കുന്നതാണ്. നമ്മൾ ആദ്യം പഠിക്കുന്ന ഭാഷയാണ് നമുക്ക് ഏറ്റവും വഴങ്ങുന്ന ഭാഷ. അതിൽ നമ്മൾ morphemes ആണ് ആദ്യം പിടിച്ചെടുക്കുന്നത്, കാരണം അതാണ് ഏറ്റവും സ്പഷ്ടമായത്. ‘ആന’യിലും ‘ആപ്പിളി’ലും ഒരേ phoneme ഉണ്ടെന്ന് നമ്മൾ പിന്നീടാണ് തിരിച്ചറിയുന്നത്. വാക്കുകളെ ഏത് രീതിയിൽ ബന്ധിപ്പിക്കണം എന്നതും അത്ര സ്പഷ്ടമായ ഒന്നല്ല, അതിന് കുറച്ചുകൂടി അധ്വാനം വേണം.

ഇനി ഇതിനെ നമ്മൾ അന്യഭാഷ പഠിക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന രീതിയോട് ഒന്ന് താരതമ്യം ചെയ്യണം. ഇംഗ്ലീഷ് തന്നെ എടുക്കാം. നമ്മൾ ആദ്യം a, b, c, d… എന്ന് എഴുതി, ഏബീസീഡീ… എന്ന് വായിച്ച് പഠിപ്പിക്കും! നോക്കിയാൽ, സംസാരഭാഷ എന്ന രീതിയിൽ നിത്യജീവിത വ്യവഹാരത്തിലെ അർത്ഥം വഹിക്കുന്ന ഒന്നും ഇതിലില്ല എന്ന് കാണാം. ഇതെല്ലാം എഴുതേണ്ടിവരുമ്പോൾ മാത്രം ആവശ്യം വരുന്ന ചിഹ്നങ്ങളാണ്. ഇംഗ്ലീഷിന്റെ കാര്യത്തിൽ മലയാളത്തിനില്ലാത്ത വലിയ പ്രശ്നം കൂടിയുള്ളത്, അതിന്റെ എഴുത്ത് nonphonemic ആണ് എന്നതാണ്. അതായത്, അത് പറയുന്നതുപോലല്ല എഴുതുന്നത്. മലയാളത്തിൽ പൂ-ച്ച എന്നെഴുതി പൂച്ച എന്ന് വായിക്കുമ്പോൾ, ഇംഗ്ലീഷിൽ c-a-t എന്നെഴുതി ‘ക്യാറ്റ്’ എന്ന് വായിക്കും, സീ-യേ-റ്റി എന്നല്ല. അതുകൊണ്ട് തന്നെ പൂച്ച എന്ന ജീവിയെ ക്യാറ്റ് എന്ന് പരിചയപ്പെട്ടാൽ പോലും അതിനെ c,a,t എന്നീ ചിഹ്നങ്ങളോട് ബന്ധിപ്പിക്കാൻ പാടാണ്. നമ്മൾ മലയാളത്തിൽ ‘കായിക്കഗായിക്ക ങാ’ എന്ന് പാടിപ്പഠിപ്പിക്കുന്നതും ഇതുപോലാണ്. പക്ഷേ കേട്ടുവളർന്ന ഭാഷയായതുകൊണ്ട് വാക്കുകൾ ആദ്യമേ കുറച്ചൊക്കെ മനസ്സിലാക്കിയതുകൊണ്ട് ഈ തലതിരിഞ്ഞ രീതിയിലെ കുഴപ്പം വലുതായി ബാധിക്കില്ല. അക്ഷരമാലപ്പുസ്തകത്തിൽ അ-അമ്മ, ആ-ആന എന്നിങ്ങനെ നമ്മൾ കണ്ട മിക്ക വാക്കുകളും നമുക്ക് അതിനകം പരിചയമുള്ളവയായിരുന്നു. എന്നാൽ ഝ-ഝഷം എന്ന് കണ്ടപ്പോൾ തോന്നിയ ഒരു അങ്കലാപ്പ് ഓർമ്മയുണ്ടോ? അതാണ് നമ്മളിവിടെ സംസാരിക്കുന്ന വിഷയം. ആചാരമര്യാദ കൊണ്ട് ഝ എന്നൊരു അക്ഷരം ആദ്യമേ പരിചയപ്പെടുകയും പിന്നെ മാത്രം അത് ഉപയോഗപ്പെടുന്ന വാക്ക് അന്വേഷിച്ച് പോകുകയും ചെയ്യുന്ന ആ പ്രശ്നം. എല്ലാ അന്യഭാഷാപഠനത്തിലും ഇതുണ്ടാകും. ഇംഗ്ലീഷിൽ പ്രത്യേകിച്ചും.
അടുത്ത പ്രശ്നം ഉച്ചാരണമാണ്. ഭാഷ എന്നാൽ എഴുത്താണ് എന്ന ചിന്തയിൽ കുടുങ്ങിയതുകൊണ്ട് father എന്ന വാക്കിനെ നമുക്ക് മലയാളത്തിൽ എഴുതാനാവില്ല എന്നുപോലും നമ്മളിൽ പലർക്കും അറിയില്ല. കാരണം father എന്ന ഇംഗ്ലീഷ് വാക്കിലെ ശബ്ദങ്ങളെ സൂചിപ്പിക്കുന്ന ശബ്ദം മലയാളഭാഷയിൽ ഇല്ല! ‘fa’ എന്നത് ഫാ എന്നല്ല വായിക്കുക, അതിന് മലയാളത്തിൽ ചിഹ്നമില്ല. ഇവിടത്തെ തമാശയെന്താന്ന് വച്ചാൽ, നമ്മൾ മലയാളവും ‘കായിക്കഗായിക്ക ങാ, ചായിച്ചജായിച്ച ഞാ…’ എന്ന് പഠിച്ചതുകൊണ്ട്, നമ്മൾ ഫ എന്ന അക്ഷരത്തെ father ലെ fa പോലെ ഉച്ചരിച്ചുകളയും!

എഴുത്ത് നീണ്ടുപോകുന്നതായി തോന്നുന്നത് കൊണ്ട് പെട്ടെന്ന് ചുരുക്കാം. ചില വേവലാതികളാണ് പറയാൻ ശ്രമിച്ചത്. ഭാഷ പ്രയോജനകരമായി പഠിച്ചെടുക്കുക എന്നാൽ അടിസ്ഥാനപരമായി അത് സംസാരിക്കാനും കേട്ടുമനസ്സിലാക്കാനും പഠിക്കുക എന്നതാണ്. അത് എഴുത്തിലൂടെ നടക്കില്ല. കേട്ടും പറഞ്ഞും തന്നെയേ പറ്റൂ. നിങ്ങൾക്ക് എഴുതാനും വായിക്കാനും അറിയാത്ത ഭാഷ കേൾക്കാനും പറയാനും സാധിച്ചേക്കുമെന്നിടത്ത് തന്നെ കാണാം ആ വ്യത്യാസം. സ്കൂളിൽ അത് നേരേ പഠിക്കണമെങ്കിൽ, നിങ്ങളോട് ഇംഗ്ലീഷിൽ സംസാരിക്കാനും, നിങ്ങളെക്കൊണ്ട് ശരിയ്ക്കും സംസാരിപ്പിക്കാനും കഴിയുന്നവർ തന്നെ പഠിപ്പിക്കണം. മൂല്യനിർണയവും എഴുത്തിന് പുറമേ സംസാരത്തിലൂടെയും നടക്കണം. അത് ഏത് മീഡിയമായാലും. നമ്മുടെ നിലവിലെ ഭാഷാവിദ്യാഭ്യാസം എഴുത്തും വായനയും മാത്രം അടിസ്ഥാനമാക്കിയാണ് എന്നതുകൊണ്ട് തന്നെ MA English എന്നൊരു ഡിഗ്രി പോലും ഇംഗ്ലീഷ് ഭാഷ വാചികമായി കൈകാര്യം ചെയ്യാനാകും എന്ന ഗ്യാരന്റീ നൽകുന്നില്ല. ഹിന്ദിയുടെ കാര്യവും തഥൈവ. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹിന്ദി ക്ലാസ്സുകളിൽ ഇന്നും ഹിന്ദിഭാഷയിലില്ലാത്ത ‘യഹ്ഹും’ (यह) ‘വഹ്ഹും’ (वह) ഒക്കെ മുഴങ്ങിക്കേൾക്കുന്നുണ്ടാകും.