കപ്പലുകൾ ഏറ്റവും സുരക്ഷിതമായിരിക്കുന്നത് തുറമുഖങ്ങളിലാണ്, പക്ഷേ അതിനല്ല കപ്പലുകൾ നിർമ്മിക്കപ്പെടുന്നത്

0
325

Vaisakhan Thampi യുടെ പോസ്റ്റ്

“കപ്പലുകൾ ഏറ്റവും സുരക്ഷിതമായിരിക്കുന്നത് തുറമുഖങ്ങളിലാണ്, പക്ഷേ അതിനല്ല കപ്പലുകൾ നിർമ്മിക്കപ്പെടുന്നത്.” എന്നൊരു ചൊല്ലുണ്ട്. നമ്മളെല്ലാവരും റിസ്ക്കെടുക്കുന്നവരാണ്. അതായത്, ജീവതത്തിൽ ശാരീരികമോ മാനസികമോ സാമ്പത്തികമോ ഒക്കെയായ അപകടങ്ങൾക്ക് സാധ്യതയുള്ള തീരുമാനങ്ങൾ ധാരാളം നമ്മളെടുക്കും. എത്രത്തോളം അപകടസാധ്യത കൂടിയ പ്രവൃത്തിയാണോ നമ്മൾ ചെയ്യുന്നത്, അത്രയും വലിയ റിസ്ക്കാണ് എടുക്കുന്നത് എന്ന് പറയാം.

വീട്ടിലെ കട്ടിലിലാണോ, പുറത്തെ റോഡിലാണോ നാം കൂടുതൽ സുരക്ഷിതരായിരിക്കുന്നത് എന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാം കട്ടിലിലാണെന്ന്. എന്നിട്ടും എന്തിനാണ് നാം പുറത്തിറങ്ങുക എന്ന റിസ്ക്കെടുക്കുന്നത്? ഒരു റിസ്ക്കെടുക്കുമ്പോൾ നമ്മൾ മനസ്സിൽ ഒരു ത്രാസ്സ് തൂക്കുന്നുണ്ട്. ചെയ്യാൻ പോകുന്ന പ്രവൃത്തിയുടെ ഗുണവും ദോഷവും രണ്ട് തട്ടിലായി വച്ച് അളന്നുനോക്കും. ഗുണങ്ങൾക്ക് ദോഷങ്ങളെക്കാൾ ഭാരം കൂടുതലുണ്ടെങ്കിലാകും നമ്മളാ റിസ്ക്കെടുക്കുന്നത്. നൂറ് ശതമാനം സുരക്ഷിതമായ ഒരു ചോയ്സ് ഇല്ല എന്നതാണ് സത്യം. Risk-benefit analysis എന്നൊരു പരിശോധന എപ്പോഴും മനസ്സിൽ നടക്കുന്നുണ്ട്. ഗുണദോഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ ദോഷത്തെക്കാൾ കൂടുതൽ ഗുണത്തിന് സാധ്യതയുള്ള തീരുമാനങ്ങളാണ് നമ്മൾ നടപ്പാക്കുന്നത്.

മനുഷ്യന്റെ ഏത് ബൗദ്ധിക പ്രവൃത്തിയിലുമെന്നപോലെ ഇതിലും പാകപ്പിഴകളുണ്ടാകും. കാരണം റിസ്ക്ക് എത്രത്തോളമുണ്ട് എന്നുള്ള കണക്കുകൂട്ടലിന് അതത് വിഷയങ്ങളിലുള്ള നമ്മുടെ അറിവ് ഒരു പരിമിതിയാണ്. നമുക്ക് തോന്നുന്ന റിസ്ക്കും ശരിയ്ക്കുള്ള റിസ്ക്കും തമ്മിൽ പലപ്പോഴും വലിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, കാറിൽ കയറുന്നതാണോ വിമാനത്തിൽ കയറുന്നതാണോ കൂടുതൽ റിസ്കുള്ള പ്രവൃത്തി എന്ന് ചോദിച്ചാൽ നമ്മുടെ മനസ്സ് വിമാനത്തിലേയ്ക്ക് ചായും. എന്നാൽ വിമാനാപകടത്തിൽ പെടുന്നതിനെക്കാൾ എത്രയോ മടങ്ങ് സാധ്യത കൂടുതലാണ് കാറപകടത്തിൽ പെടാൻ എന്ന് നമ്മൾ ശ്രദ്ധിച്ചേക്കില്ല. ഭൂമികുലുക്കത്തെയാണോ കുളിമുറിയിൽ തെന്നിവീഴുന്നതിനെയാണോ ഭയക്കേണ്ടത് എന്ന് ചോദിച്ചാൽ, ഭൂമികുലുക്കത്തിൽ മരിയ്ക്കുന്നതിന്റെ എത്രയോ മടങ്ങ് കൂടുതൽ ആളുകൾ കുളിമുറിയിൽ വീണ് മരിക്കുന്നു എന്ന കാര്യം നമ്മൾ ഓർത്തേക്കില്ല.

വ്യക്തിപരമായ റിസ്ക് പരിശോധനയ്ക്കപ്പുറം അതൊരു സാമൂഹിക പ്രവൃത്തിയായി മാറുമ്പോൾ മറ്റൊരു കാര്യം കൂടുതൽ പ്രധാനപ്പെട്ടതാകും. ഒരേ പ്രവൃത്തിയിൽ ഓരോരുത്തർക്കും ഗുണവും ദോഷവും വ്യത്യസ്തമായിരിക്കും. ശവപ്പെട്ടി വിൽക്കുന്നയാൾക്ക് മറ്റുള്ളവരുടെ മരണം അത്ര മോശമായ ഒരു കാര്യമായിരിക്കില്ലല്ലോ. ഇനി എല്ലാവർക്കും ഒരേ ദോഷമായാൽ പോലും, ഗുണങ്ങളുടെ അളവിൽ വ്യത്യാസമുള്ളതുകൊണ്ട്, ചിലർ മറ്റുള്ളവരെടുക്കാത്ത റിസ്ക്ക് ഏറ്റെടുത്തേയ്ക്കും. അപകടകരമായ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ചില ജോലികൾക്ക് ആളുകൾ എങ്ങനെയാണ് തയ്യാറാവുന്നത് എന്ന് ചോദിച്ചപ്പോൾ പണ്ടൊരു സുഹൃത്ത് ചോദിച്ച ചോദ്യം ഇവിടെ ഓർമ്മ വരുന്നു- “കുറേകാലം കഴിഞ്ഞ് വരാൻ സാധ്യതയുള്ള രോഗമാകുമോ, നാളെ ഉറപ്പായും വരാൻ പോകുന്ന പട്ടിണിയാകുമോ കൂടുതൽ പ്രധാനപ്പെട്ടത്?”

പറഞ്ഞുവന്ന വിഷയം ഈ ചോദ്യത്തോടെ വ്യക്തമായെന്ന് കരുതുന്നു. കോവിഡ് പടർന്നുപിടിക്കാതിരിക്കാൻ ലോക്ക്ഡൗൺ ഒരു നല്ല ഉപായമായിരിക്കാം. പക്ഷേ ലോക്ക്ഡൗൺ ഓരോരുത്തരേയും ഓരോ രീതിയിലാണ് ബാധിക്കാൻ പോകുന്നത് എന്ന അടിസ്ഥാനകാര്യം മറക്കാനും പാടില്ല. ലോക്ക്ഡൗൺ കൊണ്ട് ഇരട്ടിലാഭമുള്ള ആളുകളുണ്ടാകാം; രോഗം വരാനുള്ള സാധ്യത കുറയുകയും, വരുമാനത്തിൽ കുറവ് വരാതിരിക്കുകയും, ചെലവ് കാര്യമായി കുറയുകയും ചെയ്യുന്നവർ ഉദാഹരണം. സ്ഥിരവരുമാനക്കാർ, ശമ്പളവ്യത്യാസമില്ലാതെ വർക്ക്-ഫ്രം-ഹോം ഉപയോഗിക്കുന്നവർ തുടങ്ങിയവർക്ക് വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും കുട്ടികളേയും കൂട്ടി ബീച്ചിലും മാളിലുമൊക്കെ പോകുന്നതിന്റെ സാമ്പത്തിക റിസ്ക്ക് ഒഴിവായിക്കിട്ടുന്നത് ഉദാഹരണം. എന്നാൽ അക്കൂട്ടത്തിൽ, വീട്ടിനുള്ളിൽ തന്നെ ചടഞ്ഞുകൂടുമ്പോൾ വന്നേക്കാവുന്ന മാനസികപിരിമുറുക്കങ്ങൾ കൂടുതൽ പ്രധാനപ്പെട്ടതായി കാണുന്നവർ ഉണ്ടാകും. അവർ ചെലവ് കൂടിയാലും പുറത്തിറങ്ങാൻ പറ്റിയെങ്കിൽ എന്ന് ചിന്തിക്കും. ഇതുപോലെ ഇരട്ടി നഷ്ടമുള്ളവരും ഉണ്ടാകും, ടൂറിസ്റ്റുകളെ മുന്നിൽകണ്ട് ലോണെടുത്ത് ബസ്സോ ടാക്സിയോ വാങ്ങിയവർക്ക്, ടൂറിസ്റ്റുകളേയും അതുവഴി വരുമാനത്തേയും നഷ്ടപ്പെുടുന്നു എന്ന് മാത്രമല്ല, ലോണടവ് അധികബാധ്യതയായി മാറുകയും ചെയ്യുന്നു.

ഇങ്ങനെ ഓരോരുത്തർക്കും ഓരോ അളവിൽ risk-ഉം benefit-ഉം ആണെങ്കിലും, നമ്മുടെ നാടിന്റെ സ്വഭാവം വെച്ച് കൂടുതൽ പേർക്കും ലോക്ക്ഡൗൺ റിസ്ക്ക് മാത്രമേ സമ്മാനിക്കുന്നുള്ളൂ എന്ന കാര്യത്തിൽ തർക്കത്തിന് വകുപ്പുണ്ടെന്ന് തോന്നുന്നില്ല. നാളെ വരാൻ സാധ്യതയുള്ള രോഗത്തിനാണോ, ഇതിനകം തന്നെ ഉറപ്പിച്ചുകഴിഞ്ഞ പ്രതിസന്ധിക്കാണോ ഒരാൾ മുൻതൂക്കം കൊടുക്കാൻ സാധ്യത എന്ന് ചിന്തിക്കേണ്ടതുണ്ട്. ലോക്ക്ഡൗൺ പ്രതിസന്ധി സമ്മാനിക്കുന്ന ഭൂരിപക്ഷത്തിന് മേൽ അടിച്ചേൽപ്പിക്കേണ്ട നിയന്ത്രണങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിക്കുന്നവർ, ആ പ്രതിസന്ധി ബാധിക്കുന്നവരല്ലെങ്കിൽ പോലും അത് മനസ്സിലാവുന്നവരെങ്കിലും ആണോയെന്നും ചിന്തിക്കേണ്ടതുണ്ട്. പുറത്തിറങ്ങുന്നവരെല്ലാം മനഃപൂർവം കോവിഡ് പരത്താൻ വേണ്ടി ഇറങ്ങുന്നവരാണെന്ന് ഒരു ചെറിയ വിഭാഗം ആളുകൾക്ക് വേണമെങ്കിൽ വിചാരിക്കാം, പക്ഷേ ഒരു സർക്കാരിന് അത് തോന്നാൽ പാടില്ലാത്തതാണ്.
(പൂർണ ലോക്ക്ഡൗൺ നിലനിന്ന സമയത്ത് എഴുതിയതാണ്, ഇപ്പോഴേ പൂർത്തിയാക്കാൻ പറ്റിയുള്ളൂ.)