ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള ഈ സംസ്ഥാനത്ത് ആൾക്കൂട്ടമുണ്ടാക്കി പതിനായിരങ്ങളെ കൊലയ്ക്ക് കൊടുത്തിട്ട് ഭരണം പിടിച്ചു നിങ്ങൾ എന്ത് മാങ്ങാണ്ടി ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്?

38

 

മറ്റുള്ളവരുടെ ചില പ്രവൃത്തികളെ നമുക്ക് അഭിനന്ദിക്കാൻ തോന്നും. ചില പ്രവൃത്തികൾ കൊള്ളാം എന്ന് തോന്നും. ചില പ്രവൃത്തികളോട് പ്രത്യേകിച്ച് ഒരു വികാരവും തോന്നില്ല, മൈൻഡ് ചെയ്യാതിരിക്കും. ചില പ്രവൃത്തികളോട് നമുക്ക് ഇഷ്ടക്കേട് തോന്നും. ചിലതിനോട് നമുക്ക് വിയോജിപ്പ് തോന്നും. ചിലതിനോട് നമുക്ക് പുച്ഛം തോന്നും. ചിലതിനോട് നമുക്ക് കടുത്ത ദേഷ്യം തോന്നും. എന്നാൽ കടുത്ത ദേഷ്യം തോന്നുന്ന പ്രവൃത്തികളുടെ കാര്യത്തിൽ പോലും, ആ പ്രവൃത്തി ചെയ്യുന്നവരുടെ ചിന്താഗതി മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞേക്കും. ഇപ്പോ സ്വന്തം അച്ഛനെ തല്ലിയ കാര്യമായാൽ പോലും, അയാൾ ഇന്ന കാരണം കൊണ്ട് അത് ചെയ്തു എന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കും. വൈകാരികക്ഷോഭത്തിൽ അത് അവഗണിക്കപ്പെട്ടേക്കാമെങ്കിലും.

പക്ഷേ ഇപ്പോ കേരളത്തിലെ ചില മാധ്യമങ്ങൾ ഉൾപ്പടെയുള്ള കുത്തിത്തിരിപ്പ് സംഘത്തിന്റെ പ്രവൃത്തികൾ മനസ്സിലാവുന്നേ ഇല്ല. എന്താണ് സത്യത്തിൽ നിങ്ങൾ ഉദ്ദേശിക്കുന്നത്? അടുത്ത തെരെഞ്ഞെടുപ്പ് എന്നതല്ലാതെ, കോവിഡ് വൈറസുമായി ബന്ധപ്പെട്ട് ഈ ലോകത്ത് നടക്കുന്ന കാര്യങ്ങളൊന്നും നിങ്ങളുടെ കണ്ണിൽ പെടുന്നില്ലേ? ഇന്ന് ലോകത്തെ കൊറോണാബാധിതരുടെ എണ്ണത്തെക്കാൾ കുറഞ്ഞ മൊത്തം ജനസംഖ്യയുള്ള എഴുപത്തഞ്ച് രാജ്യങ്ങളുണ്ട്! മരണക്കണക്ക് പരിഗണിച്ചാൽ കഴിഞ്ഞ നവംബർ 17 മുതൽ ഇന്നുവരെ തുടർച്ചയായി ഓരോ ദിവസവും 2,375 പേർ എന്ന നിരക്കിലാണ് ഈ വൈറസ് ജീവനെടുത്തിരിക്കുന്നത്. നിങ്ങളിത് കാണാത്തതാണോ, അതോ കണ്ടിട്ടും ഇതൊരു വലിയ കാര്യമായി തോന്നാൻ മാത്രം ബുദ്ധിയുറച്ചിട്ടില്ലാത്തതാണോ?

ഏതൊരു സർക്കാരിന്റേയും പ്രവർത്തനത്തിന്റെ ആണിക്കല്ലായ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നതാണ് കോവിഡ് പ്രോട്ടോക്കോൾ. അത് ഒരു എന്റർടെയ്ൻമെന്റിന് വേണ്ടി സർക്കാരുകൾ നടപ്പിലാക്കി രസിക്കുകയാണ് എന്നാണോ നിങ്ങൾ കരുതുന്നത്? ഇൻഡ്യയിൽ ഏറ്റവും അടുത്തടുത്ത് ജനങ്ങൾ താമസിക്കുന്ന ഈ സംസ്ഥാനത്ത് ആൾക്കൂട്ടമുണ്ടാക്കി പതിനായിരങ്ങളെ കൊലയ്ക്ക് കൊടുത്തിട്ട് നിങ്ങൾ ഭരണം പിടിച്ചു എന്നിരിക്കട്ടെ, നട്ടെല്ലും വാരിയെല്ലുമൊടിഞ്ഞ് എഴുന്നേറ്റ് നിൽക്കാൻ ത്രാണിയില്ലാത്ത ഒരു നാട് കൈയിൽ കിട്ടിയിട്ട് നിങ്ങൾ എന്ത് മാങ്ങാണ്ടി ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്? മിനിമം കൈയിട്ട് വാരാനെങ്കിലും എന്തെങ്കിലും വേണ്ടേ? രാവും പകലുമില്ലാതെ, മാസങ്ങളായി നടുവ് നിവർത്താൻ കഴിയാതെ പണിയെടുക്കുന്ന പോലീസിലും ആരോഗ്യപ്രവത്തകരിലുമൊന്നും നിങ്ങളുടെ പ്രിയപ്പെട്ടവർ ആരുമില്ലേ? നിങ്ങളുടെയൊന്നും വീട്ടിൽ പ്രായമായവർ ഇല്ലേ? ഒരു സാധാരണക്കാരന്റെ ബുദ്ധിവെച്ച് പറഞ്ഞതാണ്. നിങ്ങളെ മനസ്സിലാവുന്നേ ഇല്ല.