ഭൂമിയിലെങ്ങനെയാണ് ഇക്കണ്ടയത്രയും വ്യത്യസ്ത ജീവിവർഗങ്ങൾ ഉണ്ടായത്?

0
811

Vaisakhan Thampi എഴുതുന്നു
Vaisakhan Thampi
Vaisakhan Thampi

ഭൂമിയിലെങ്ങനെയാണ് ഇക്കണ്ടയത്രയും വ്യത്യസ്ത ജീവിവർഗങ്ങൾ ഉണ്ടായത്? അല്പസ്വല്പം ശാസ്ത്രം പഠിച്ചവർക്ക് ഉത്തരമുണ്ടാവും- പരിണാമം. ഒരു പൊതുപൂർവിക ജീവിയിൽ നിന്ന്, തലമുറകൾ മാറവേ പടിപടിയായി മാറ്റങ്ങൾ വന്ന്, ആ മാറ്റങ്ങൾ കൂടിച്ചേർന്ന് വ്യത്യസ്തമായ ജീവിവർഗങ്ങളായി പതിയെ ഉരിത്തിരിയുകയായിരുന്നു. പക്ഷേ, സ്കൂളിൽ പഠിച്ചാലും, എവിടെയൊക്കെ, എത്രയൊക്കെ കേട്ടാലും ഇത് അവിശ്വസനീയമായി തോന്നുന്ന ഒരുപാട് പേരുണ്ട്. വിശ്വസിച്ചാൽ പോലും ‘എന്നാലും അതെങ്ങനെ സംഭവിക്കും!’ എന്നത്ഭുതപ്പെടുന്നവരുമുണ്ട്. ആരെങ്കിലും പിന്നിൽ പ്രവർത്തിക്കാതെ ഇത്രയധികം വൈവിധ്യം എങ്ങനെ ഉണ്ടാകും എന്ന ചോദ്യം മിക്കവരെയും അലട്ടുന്നതിന് പ്രധാന കാരണമായി തോന്നിയിട്ടുള്ളത് ആ പ്രക്രിയയിൽ ഉൾപ്പെട്ട കാലഘട്ടത്തിന്റെ ദൈർഘ്യമാണ്. ഉദാഹരണത്തിന്, ഡൈനോസറുകൾ വളരെ പണ്ടെങ്ങോ ജീവിച്ചിരുന്ന ജീവികളാണെന്ന് അറിയാവുന്നവർക്ക് പോലും, ആദ്യത്തെ ഡൈനോസർ മുതൽ അവസാനത്തെ ഡൈനോസർ വരെയുള്ള കാലഘട്ടം, അവസാനത്തെ ഡൈനോസർ മുതൽ ഇന്നത്തെ മനുഷ്യൻ വരെയുള്ള കാലഘട്ടത്തെക്കാൾ ഏതാണ്ട് മൂന്ന് മടങ്ങ് നീണ്ടതായിരുന്നു എന്നത് സങ്കല്പിക്കാൻ പ്രയാസമായിരിക്കും. വലിയ സംഖ്യകൾ തമ്മിലുള്ള വ്യത്യാസമോ അവയുടെ വലിപ്പമോ മനസിൽ കാണുന്നതിന് നമ്മുടെ മസ്തിഷ്കത്തിനുള്ള പരിമിതിയാണ് അവിടെ പ്രവർത്തിക്കുന്നത്.

പരിണാമത്തിലൂടെ ജീവിവൈവിധ്യം ഉണ്ടാകുന്നത് എന്തുകൊണ്ട് സ്വാഭാവികമാകാം എന്ന് മനസിലാക്കുന്നതിനായി നമ്മളൊരു ചെറിയ കണക്കുകൂട്ടൽ നടത്താൻ പോകുകയാണ്. ആദ്യമേ പറയട്ടെ, ഈ പ്രതിഭാസങ്ങൾ എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാനുള്ള ശ്രമമേയല്ല ഇത്. കാലഘട്ടത്തിന്റെ ദൈർഘ്യം ഇതിൽ വഹിച്ച പങ്ക് മനസിലാക്കുന്നതിനായി, അതിനായി മാത്രം, അമിതമായി ലളിതവൽക്കരിച്ച ഒരു മോഡലാണ് നമ്മളിവിടെ പറയുന്നത്. സാങ്കല്പികമായ കണക്കാണ്.

ഭൂമിയിൽ ജീവൻ ഉത്ഭവിച്ചിട്ട് എത്ര കാലമായി? 3.5 ബില്യൺ വർഷമായി എന്നാണ് തെളിവുകൾ പറയുന്നത്. അതിന് മുന്നേ ഉണ്ടായി എന്ന് വാദങ്ങളുണ്ടെങ്കിലും, ഫോസിൽ തെളിവുകൾ പ്രകാരം, കുറഞ്ഞത് 3.5 ബില്യൺ വർഷം മുൻപ് ജീവികളുണ്ട് എന്ന് ഉറപ്പിച്ച് പറയാം. നമുക്കും ആ സംഖ്യ തന്നെ എടുക്കാം. 3.5 ബില്യൺ എന്നാൽ 350,00,00,000 ആണ് (350 കോടി). അവിടെനിന്ന് ആദ്യത്തെ ജീവിവർഗത്തിൽ വന്ന മാറ്റങ്ങൾ പടിപടിയായി കൂടിച്ചേർന്ന് പുതിയ ജീവിവർഗങ്ങളായി വേർപിരിയുന്നു എന്നാണല്ലോ പരിണാമം പറയുന്നത്. നമ്മുടെ ഈ ലളിതമോഡലിൽ, ഈ ആദ്യജീവിയിൽ വന്ന കുഞ്ഞുകുഞ്ഞ് മാറ്റങ്ങൾ കൂടിച്ചേർന്ന് പുതിയൊരു ജീവി പോലെ ആകാൻ 50,00,000 (50 ലക്ഷം) വർഷം എടുത്തു എന്ന് വിചാരിക്കുക. ഭൂമിയിൽ നമ്മളെന്ന ഹോമോസാപിയൻസ് ഉരുത്തിരിഞ്ഞിട്ട് അതിന്റെ പത്തിലൊന്ന് സമയമേ ആയിട്ടുള്ളൂ എന്നോർക്കണം. നമ്മുടെ ആദ്യജീവിവർഗം, 50 ലക്ഷം വർഷം കഴിഞ്ഞപ്പോൾ സാഹചര്യങ്ങളോട് കൂടുതൽ അനുകൂലമായി ജീവിക്കാൻ പോന്ന രണ്ട് തരം മാറ്റങ്ങൾ കാരണം രണ്ട് തരം ജീവിവർഗങ്ങളായി മാറുന്നു. അവിടന്ന് ഇന്നുവരെ, ഓരോ അമ്പത് ലക്ഷം വർഷം കൂടുമ്പോഴും ഓരോ ജീവിവർഗവും ഇതുപോലെ രണ്ടായി വേർപിരിയുന്നു എന്ന് സങ്കല്പിച്ചാലോ? അതായത് ഒരു ജീവിവർഗത്തിൽ നിന്ന് അമ്പത് ലക്ഷം വർഷം കഴിയുമ്പോൾ രണ്ട്, അടുത്ത അമ്പത് ലക്ഷം കൊണ്ട് അവയിലോരോന്നും രണ്ടായി പിരിഞ്ഞ് മൊത്തം നാല്, എന്നിങ്ങനെ പോയാൽ ഇന്ന് ഭൂമിയിൽ എത്ര ജീവിവർഗങ്ങൾ ഉണ്ടാകുമായിരുന്നു?

കാൽക്കുലേറ്ററെടുക്കൂ, കൂട്ടൂ…

3.5 ബില്യൺ വർഷത്തെ 50 ലക്ഷം കൊണ്ട് ഹരിച്ചാൽ നമുക്ക് 700 കിട്ടും. അതായത് നമ്മുടെ സാങ്കല്പിക പരിണാമശ്രേണിയിൽ 700 ഘട്ടങ്ങളിലാണ് പരിണാമപ്രക്രിയ നടന്നിട്ടുള്ളത്. അതിലോരോ ഘട്ടത്തിലും ജീവിവർഗങ്ങളുടെ എണ്ണം തൊട്ടുമുന്നേ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാകുന്നു. അപ്പോ ഇന്നെത്ര ജീവിവർഗങ്ങളുണ്ടാകുമെന്നറിയാൻ 2x2x2… എന്നിങ്ങനെ 2-നെ എഴുന്നൂറ് തവണ എഴുതി ഗുണിക്കണം (2⁷⁰⁰). ആ സംഖ്യ ഒരു സാദാ കാൽക്കുലേറ്ററിൽ നിൽക്കില്ല. അതിൽ 5 കഴിഞ്ഞ് 210 പൂജ്യം ഉണ്ടാകും!

ഇനി, ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ ചില ഘട്ടങ്ങളിൽ, പല കാരണങ്ങളാൽ, ജീവികൾ കൂട്ടത്തോടെ ചത്തുപോയതായി തെളിവുകളുണ്ട്. കൂട്ടവംശനാശം (mass extinctions) എന്നാണതിനെ വിളിക്കുക. അതിലൊന്നാണ് ഡൈനോസറുകളുടെ വംശനാശത്തിന് കാരണമായ Cretaceous–Paleogene extinction event. നമ്മുടെ സാങ്കല്പിക പരിണാമപ്രക്രിയയിലും നമുക്ക് കൂട്ടവംശനാശങ്ങളെ കൂടി പരിഗണിക്കാം. അഞ്ച് മഹാവംശനാശങ്ങളാണ് നമ്മൾ ഇന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്. നമ്മുടെ മോഡലിൽ ഇങ്ങനെ ഓരോ വംശനാശത്തിന് ശേഷവും ഒരു ജീവിവർഗം മാത്രം അവശേഷിക്കുന്നു എന്നും, അവിടെ നിന്നും നമ്മളാദ്യം പറഞ്ഞപോലുള്ള പരിണാമപക്രിയ പിന്നേയും ആരംഭിക്കുന്നു എന്നും സങ്കല്പിക്കുക. അങ്ങനെയെങ്കിൽ 140 ഘട്ടങ്ങളിലെ (700/5) പരിണാമം മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. അപ്പോഴും അവസാനഘട്ടത്തിലെ ജീവിവർഗങ്ങളുടെ എണ്ണം 1 കഴിഞ്ഞ് 42 പൂജ്യങ്ങളുള്ള ഒരു സംഖ്യയായിരിക്കും.

ഇനി, ഭൂമിയിൽ ശരിയ്ക്കും ഇന്നെത്ര ജീവിവർഗങ്ങൾ ഉണ്ട്? ചുമ്മാതങ്ങ് എണ്ണിയെടുക്കാവുന്ന ഒരു കാര്യമല്ല എന്നൂഹിക്കാമല്ലോ. പല ഗവേഷണങ്ങളും പല സംഖ്യകളിലാണ് എത്തിച്ചേർന്നിട്ടുള്ളത്. 20 ലക്ഷം മുതൽ ഒരു ട്രില്യൺ വരെയുള്ള സംഖ്യകൾ പറയപ്പെടുന്നുണ്ട്. അതിൽ ഏറ്റവും വലിയ സംഖ്യയായ ഒരു ട്രില്യണിൽ പോലും 12 പൂജ്യങ്ങളേ ഉള്ളൂ! അമ്പത് ലക്ഷത്തിന് പകരം ഒരു കോടി വർഷം കൂടുമ്പോൾ മാത്രമേ പരിണാമം നടക്കുന്നുള്ളൂ എന്ന് കണക്കാക്കിയാൽ പോലും, നമ്മുടെ സാങ്കല്പിക പരിണാമപ്രകാരം ഇന്ന് ഭൂമിയിൽ 1 കഴിഞ്ഞ് 21 പൂജ്യങ്ങളുള്ള അത്രയും എണ്ണം ജീവിവർഗങ്ങൾ ഉണ്ടാകുമായിരുന്നു.

യഥാർത്ഥ പരിണാമം നമ്മുടെ കണക്കിലെപ്പോലെ കൃത്യമായ ഇടവേളകളിൽ കൃത്യമായ ഏണ്ണം വേർപിരിയലുകളായി നടക്കുന്ന ഒരു നിയന്ത്രിത പ്രതിഭാസമല്ല. അവിടെ ഒരു ജീവിവർഗത്തിൽ നിന്ന് രണ്ടിലധികം ജീവിവർഗങ്ങളുണ്ടാകാം, അതിന് വേണ്ട സമയം അമ്പത് ലക്ഷമോ അതിലധികമോ അതിൽ കുറവോ ആകാം, കൂട്ടവംശനാശങ്ങൾക്ക് ശേഷം ഒരു ജീവിവർഗം മാത്രമല്ല അവശേഷിക്കുക, എന്നിങ്ങനെ പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. എന്നാൽ നമ്മുടെ കണക്കിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, ഇക്കണ്ടയത്രയും വിവിധങ്ങളായ ജീവികളുണ്ടാകാൻ മാത്രം സമയം ഭൂമിയിൽ ലഭ്യമായിരുന്നു. അതിനൊരു മാസ് പ്രൊഡക്ഷന്റെ ആവശ്യമില്ല.