ഹോമിയോപ്പതി: അനുഭവങ്ങൾ, പാളിച്ചകൾ

294

ഹോമിയോപ്പതി വീണ്ടും അരങ്ങു തകർക്കുകയാണ് !’Arsenicum Album’ എന്ന ഹോമിയോ മെഡിസിൻ രണ്ടു നേരം കഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാൻ കഴിയും എന്നാണ് അവകാശ വാദം. കേരളത്തിൽ മരുന്നിനായി ഹോമിയോ സ്റ്റോറുകളിൽ ‘Q ‘ നിൽക്കുന്നതായി വാർത്ത. കഴിച്ചു പ്രതിരോധ ശേഷി കൈവരിച്ചവരുടെ കോരിത്തരിപ്പിക്കുന്ന അനുഭവ സാക്ഷ്യം വേറെ ! കോവിഡ് മാത്രമല്ല, മുഖക്കുരു മുതൽ മൂലക്കുരു വരെ സുഖപ്പെടുത്തുമെന്ന് ഹോമിയോ ഡോക്ടർമാർ !

ആളുകളെ വേഗം എല്ലാ അന്ധവിശ്വാസങ്ങൾക്കും കീഴ് പ്പെടുത്താൻ കഴിയുമെന്നുള്ളത് കൊണ്ട് ഇതും പൂർവാധികം ഭംഗിയായി ആഘോഷിക്കപ്പെടുന്നതിൽ അത്ഭുതമില്ല !. ഫലം, ആളുകൾ ഈ വിശ്വാസ്സങ്ങൾക്കു അടിപ്പെട്ട്, ഈ ഷുഗർ ഗുളിക വാങ്ങി കഴിച്ചു തനിക്കു കോവിഡ് വരില്ല എന്ന വിശ്വാസത്താൽ തലങ്ങും വിലങ്ങും അസുഖം പരത്തി നടക്കുന്നു. കേരളത്തിൽ ‘Social Transmission’ 53 % കടന്നതിൽ അത്ഭുതമില്ല !

ഹോമിയോയും ആയി ബന്ധപ്പെട്ടു അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസ്സു നടന്നത് 2009 ൽ ആസ്ട്രേലിയിൽ ആണ്. എക്സിമ ബാധിച്ച 9 മാസം പ്രായമുള്ള കുട്ടിക്ക് വിദേശികളായ മാതാപിതാക്കൾ, ശരിയായ Treatment നിഷേധിച്ച്, ഹോമിയോ മരുന്ന് നൽകി, കുട്ടി മരിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ഒന്ന്, ചിന്തിക്കാൻ പ്രായമാകാത്ത പ്രായത്തിൽ കുട്ടിയുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട് , അർഹിക്കുന്ന Treatment നല്കുന്നതിൽ മാതാപിതാക്കൾ പരാജയ പ്പെട്ടു ! രണ്ട്, സമൂഹത്തിനു തെറ്റായ സന്ദേശം നൽകി.

ഓസ്‌ട്രേലിയയിൽ ഇപ്പോഴും 1 Million ആളുകൾ ഹോമിയോ മെഡിസിൻ ഉപയോഗിക്കുന്നു എന്നാണ് കണക്ക് ! നിയമപരമായി ഹോമിയോ ഡോക്ടർസിന് ഇവിടെ പ്രാക്ടീസ് ചെയ്യാം.അമേരിക്കയിൽ ഹോമിയോ പ്രാക്ടീസ് അനുവദനീയണമാണെങ്കിലും, മരുന്നിനു പുറത്ത് ” There is no any scientific evidence backing ” എന്നെഴുതി വെക്കണമെന്നാണ് നിയമം! അതായത്, ശാസ്ത്രീയമായ യാതൊരു തെളിവുകളും ഹോമിയോക്ക് അനുകൂലമല്ല !

പിന്നെ എന്ത് കൊണ്ട് ഇപ്പോഴും ആളുകൾ ഇതിൻ്റെ പിന്നാലെ പോകുന്നു എന്ന് ചോദിച്ചാൽ ‘Cigarette Smoking is injurious to health ‘ എന്ന് എഴുതിയിട്ടും അത് വാങ്ങി വലിക്കുന്നില്ലേ എന്നാണ് ഉത്തരം! തെരഞ്ഞെടുക്കൽ മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിൻ്റെയും പ്രശ്നമാണ് എന്നേ പറയാൻ കഴിയൂ ! Choice is Yours !ഇതിലെ അപകടം എന്താണ് ? ” Giving people a false cure for real symptoms is dangerous, because it delays correct diagnosis and treatment ” !

വൈശാഖൻ തമ്പി എഴുതിയ ലേഖനങ്ങൾ വായിക്കാം

Vaisakhan Thampi എഴുതുന്നു

നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത് ഹോമിയോപ്പതി എന്ന ഫ്രോഡ് ചികിത്സാരീതിയെക്കുറിച്ചാണ്. സൂക്ഷിച്ച് നോക്കണ്ടാ, വാക്ക് മാറിപ്പോയതല്ല, ഫ്രോഡ് അഥവാ തട്ടിപ്പ് എന്ന വാക്ക് തന്നെയാണ് അതിന് ഏറ്റവും ചേരുന്നത്. അതിനുള്ള വ്യക്തമായ കാരണമാണ് ഇനി വിശദീകരിക്കാൻ പോകുന്നത്. ഇൻഡ്യയിൽ ഏറ്റവും പരക്കെ നിലനിൽക്കുന്ന അന്ധവിശ്വാസം ഏത് എന്ന ചോദ്യത്തിന് ഉത്തരം ജോതിഷമോ ത്രിമുഖീ രുദ്രാക്ഷമോ ഒന്നുമല്ല, മറിച്ച് ഹോമിയോപ്പതി തന്നെയാണ്. ഡിസ്പെൻസറികളും മെഡിക്കൽ കോളേജും വരെ സർക്കാർ തലത്തിൽ പോലും ഏറ്റെടുത്ത് വിജയകരമായി പ്രോത്സാഹിപ്പിക്കുന്ന നല്ല ഒന്നാന്തരമൊരു അന്ധവിശ്വാസമാണ് ഹോമിയോപ്പതി. അതിന്റെ പോപ്പുലാരിറ്റി എത്രത്തോളം എന്ന് ചോദിച്ചാൽ, ഇന്നും ഇത് വായിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ശാസ്ത്രഗവേഷകരിൽ പോലും ഭൂരിഭാഗവും ഹോമിയോപ്പതിയുടെ പൊള്ളത്തരം അറിയാത്തവരായിരിക്കും എന്നതാണ് അതിന് തെളിവ്.

ഒരു ചോദ്യത്തോടെ തുടങ്ങാം. പത്ത് ഉറക്കഗുളികൾ ഒരുമിച്ച് വിഴുങ്ങിയാൽ എന്ത് സംഭവിക്കും? പേടിയാവുന്നോ? സിനിമയിലൊക്കെ കഥാപാത്രങ്ങൾ ആത്മഹത്യയ്ക്ക് തെരെഞ്ഞെടുക്കുന്ന മാർഗമാണല്ലോ ഉറക്കഗുളികാ ഓവർഡോസ്. സംശയിക്കണ്ടാ, ഓവർഡോസ് സ്ലീപ്പിങ് പിൽസ് തീർച്ചയായും മരണകാരണമാകും. പക്ഷേ അത് മോഡേൺ മെഡിസിൻ അഥവാ നാട്ടുംപുറം ഭാഷയിലെ ഇംഗ്ലീഷ് മരുന്നിന്റെ കാര്യത്തിലേ ഉള്ളൂ. ഹോമിയോപ്പതിയിലെ ഉറക്കഗുളിക അമ്പതെണ്ണം കഴിച്ചാലും നിങ്ങൾക്ക് പയറ് പോലെ എണീറ്റ് നടക്കാനാകും. അത് വ്യക്തമാക്കുന്ന വീഡിയോകൾ യൂട്യൂബിൽ ഒരുപാടുണ്ട്. ഒരു ഉദാഹരണം ഇവിടെ: http://goo.gl/B9Yu8V ഇക്കാര്യം ആദ്യമായി കേൾക്കുന്നവരുടെ മനസ്സിൽ ഇപ്പോ തോന്നുന്ന ഇംപ്രഷൻ- “അപ്പോ, അലോപ്പതി മരുന്നിനെക്കാൾ എന്തുകൊണ്ടും സുരക്ഷിതമാണ് ഹോമിയോപ്പതി മരുന്ന്” എന്നായിരിക്കും. വളരെ ശരിയാണ്. ശരിയായ ഹോമിയോപ്പതി മരുന്ന് യാതൊരുവിധ അപകടവും ഉണ്ടാക്കുന്നതല്ല. അതിന്റെ കാരണം പക്ഷേ നിങ്ങൾ കരുതുന്നതല്ല, വെറെയാണ് എന്നേയുള്ളു. ഒരുകൂട്ടം വിഡ്ഢിത്തങ്ങളുടെ ഘോഷയാത്രയാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനം.

അത് പറയുന്നതിന് മുൻപേ ഒരു നുറുങ്ങ് കൂടി പറഞ്ഞേക്കാം. അലോപ്പതി എന്നത് ആധുനിക വൈദ്യശാസ്ത്രത്തിനുള്ള സ്റ്റാൻഡേഡ് വിളിപ്പേരല്ല. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ സാമുവൽ ഹാനിമാൻ അന്നത്തെ മോഡേൺ മെഡിസിനെ കളിയാക്കി വിളിക്കാൻ ഉപയോഗിച്ച ഒരു തെറിപ്പേരാണത്. അന്നത്തെ ചികിത്സകൾ സത്യത്തിൽ അത്രയും പ്രാകൃതമായിരുന്നു എന്നതും സമ്മതിച്ചേ പറ്റൂ. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കമാണ് കാലഘട്ടം. സൂക്ഷ്മരോഗാണുക്കൾ കാരണം മനുഷ്യർക്ക് രോഗം ഉണ്ടാകാം എന്ന കാര്യം പോലും അന്ന് ശാസ്ത്രലോകം അംഗീകരിച്ച് തുടങ്ങുന്നതേയുള്ളു. ഹാനിമാനാണെങ്കിൽ രോഗാണുക്കൾ എന്ന സങ്കല്പത്തെ തന്നെ പാടെ തള്ളിക്കളഞ്ഞ ആളുമാണ്. അതായത് ഹോമിയോപ്പതിയുടെ ഉത്ഭവത്തിന്റെ കാരണം തന്നെ, ശാസ്ത്രീയ ചികിത്സയോട് ഹാനിമാന് ഉണ്ടായിരുന്ന കലിപ്പും അതിനെത്തുടർന്ന് മൂപ്പരുടെ മനസ്സിൽ തോന്നിയ ചില മണ്ടൻ ആശയങ്ങളും ആണ്. മണ്ടൻ എന്ന വിശേഷണം വെറുതേ പറഞ്ഞതല്ല എന്ന് ഇനി പറയുന്ന കാര്യം കേൾക്കുമ്പോൾ ബോധ്യപ്പെടും.

സാമ്യം സാമ്യത്തെ സുഖപ്പെടുത്തുന്നുപോലും!

ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വമായി ഹാനിമാൻ അവതരിപ്പിക്കുന്നത്, സാമ്യം സാമ്യത്തെ സുഖപ്പെടുത്തുന്നു എന്നതാണ്. ആരോഗ്യമുള്ള ഒരാളിൽ ഒരു പ്രത്യേക ലക്ഷണം ഉണ്ടാക്കാൻ സാധിയ്ക്കുന്ന ഒരു മരുന്നിന്, അതേ രോഗലക്ഷങ്ങളുള്ള ഒരാളിൽ ആ രോഗത്തെ ഇല്ലാതാക്കാൻ സാധിയ്ക്കുമത്രേ. അതായത്, ഉദാഹരണത്തിന് പനിയുള്ളപ്പോൾ ഒരാൾക്കുള്ള പ്രധാന ലക്ഷണം ശരീര താപനില കൂടും എന്നതാണ്. എക്സ് എന്ന ഒരു പ്രത്യേക വസ്തുവിന് ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ താപനില കൂട്ടാനാവും എന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ എക്സിനെ പനിയുടെ മരുന്നായി ഉപയോഗിക്കാൻ കഴിയും! ഈ വിചിത്ര സിദ്ധാന്തത്തിൽ ഹാനിമാൻ എത്തിച്ചേർന്നതിന് ഒരു കാരണമുണ്ട്. അന്ന് മലേറിയ രോഗത്തിന് നിലവിലിരുന്ന ചികിത്സ സിങ്കോണ എന്ന മരത്തിന്റെ പട്ട അരച്ച് കലക്കി കുടിക്കലായിരുന്നു. ഹാനിമാൻ ചെയ്തത്, മലേറിയ ഇല്ലാതിരുന്നിട്ടും പുള്ളി ഈ സാധനം അങ്ങോട്ട് കഴിച്ചു. അപ്പോഴാകട്ടെ, മലേറിയ രോഗത്തിന് സമാനമായ ലക്ഷണങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിലും ഉണ്ടായി. ഇതോടെ ഹാനിമാൻ ചാടിക്കയറി ഒരു സിദ്ധാന്തം അങ്ങോട്ട് ഉണ്ടാക്കി. പക്ഷേ പിന്നീടുള്ള അനാലിസിസുകൾ കാണിക്കുന്നത്, ഹാനിമാണ് സത്യത്തിൽ സിങ്കോണ അലർജിയായിരുന്നു എന്നും. അലർജി ലക്ഷണങ്ങളെ മലേറിയ ലക്ഷണങ്ങളായി ഹാനിമാൻ തെറ്റിദ്ധരിച്ചതായിരുന്നു എന്നുമാണ്.
സംഗതി എന്തായാലും ഇന്നും ഹോമിയോപ്പതിക്കാർ ഘോരഘോരം ഈ സാമ്യം-സാമ്യം വാദമെടുത്ത് പ്രയോഗിക്കാറുണ്ട്. അതിനാകട്ടെ യാതൊരുവിധ ശാസ്ത്രീയ പിൻബലവും ഇല്ലാ താനും. ഡിങ്കൻ ഒരു സൂപ്പർ മൗസാണ് എന്ന് പറയുന്നതിന് ലഭ്യമായ തെളിവുകളേ സാമ്യം സാമ്യത്തെ സുഖപ്പെടുത്തും എന്ന വാദത്തിനും ലഭ്യമായിട്ടുള്ളു.

നേർപ്പിക്കും തോറും വീര്യം കൂടുന്ന മരുന്ന്!

ഹോമിയോപ്പതിയിലെ ഏറ്റവും പരിഹാസ്യമായ വാദം ഇതായിരിക്കും. അവിടെ മരുന്നിന്റെ വീര്യം പറയുന്നത് ഒരു പ്രത്യേക രീതിയിലാണ്. Potency എന്നതാണ് വീര്യത്തിന് അവരുപയോഗിക്കുന്ന വാക്ക്. പൊട്ടൻസി കൂടുതൽ എന്നാൽ മരുന്നിന് വീര്യം കൂടുതൽ എന്നർത്ഥം. ഹോമിയോ മരുന്നുകളുടെ വീര്യം പറയുന്നതിന് പല മാനകങ്ങൾ ഉപയോഗിക്കാറുണ്ട് എങ്കിലും Centesimal scale (C scale) എന്നൊരു സ്കെയിലാണ് ഹാനിമാൻ ഉപയോഗിച്ചത്. 1C, 2C, 6C, 100C എന്നിങ്ങനെയുള്ള സൂചകങ്ങൾ വഴിയാണ് ആ രീതിയിൽ വീര്യം സൂചിപ്പിക്കുന്നത്. C-യുടെ കൂടെയുള്ള സംഖ്യ കൂടുന്തോറും പൊട്ടൻസി കൂടും. മരുന്നിന്റെ പൊട്ടൻസി കൂട്ടുന്ന പ്രക്രിയയെ Potentisation എന്ന് പറയും. ഈ പൊട്ടന്റൈസേഷൻ നടത്തുന്ന രീതിയിലാണ് തമാശ കിടക്കുന്നത്.

മരുന്നിന്റെ ഒറിജിനൽ രൂപത്തെ Mother tincture (മാതൃസത്ത്) എന്ന് വിളിക്കും. ഇവിടന്നാണ് പടിപടിയായി വീര്യം കൂട്ടുന്നത്. അതിനായി മാതൃസത്തിനെ ആദ്യം വെള്ളത്തിലോ ആൽക്കഹോളിലോ ലയിപ്പിക്കും. ഇതാണ് dilution സ്റ്റെപ്പ്. ഇത് കഴിഞ്ഞ് ഈ ലായനിയെ (solution) അതിശക്തമായി കുലുക്കും. ഇതിനെ succussion പ്രക്രിയ എന്ന് വിളിക്കുന്നു. മാതൃസത്തിനെ അതിനെക്കാൾ നൂറിരട്ടി വെള്ളത്തിൽ (ആൽക്കഹോളുമാവാം) dilution-succussion പ്രക്രിയകൾ കഴിച്ച് എടുക്കുമ്പോൾ അത് 1C പൊട്ടൻസിയുള്ള ഹോമിയോ മരുന്നായി. ഇനിയീ 1C പൊട്ടൻസി മരുന്നിൽ നിന്ന് അല്പം എടുത്ത് അതിനെക്കാൾ 100 മടങ്ങ് വെള്ളത്തിൽ ലയിപ്പിച്ച് വീണ്ടുമൊരു dilution-succussion കഴിഞ്ഞുവരുമ്പോൾ കൈയിൽ വരുന്നത് 2C പൊട്ടൻസിയുള്ള ഹോമിയോ മരുന്നായി! അതായത് മാതൃസത്ത് 10,000 മടങ്ങ് വെള്ളത്തിൽ ലയിക്കുന്നതാണ് 2C മരുന്ന്. 2C മരുന്നിൽ നിന്ന് അല്പമെടുത്ത് വീണ്ടും നൂറിരട്ടി വെള്ളത്തിൽ കലക്കലും കുലുക്കലും കഴിച്ചെടുക്കുമ്പോൾ 3C മരുന്നായി! ചുരുക്കത്തിൽ, വീര്യത്തിൽ എത്ര ‘C’ ഉണ്ടോ അതിന്റെ ഇരട്ടി എണ്ണം പൂജ്യം ഒന്നിനോട് ചേർന്നാൽ കിട്ടുന്ന സംഖ്യയുടെ അത്ര മടങ്ങ് വെള്ളത്തിലാണ് മാതൃസത്ത് ലയിപ്പിച്ചിരിക്കുന്നത്. ഒരു മരുന്നിന്റെ പൊട്ടൻസി 10C ആണെങ്കിൽ, മാതൃസത്തിനെ 100,000,000,000,000,000,000 മടങ്ങ് (1 കഴിഞ്ഞ് 2 x 10 = 20 പൂജ്യങ്ങൾ) വെള്ളത്തിലോ ആൽക്കഹോളിലോ ലയിപ്പിച്ചാണ് അതുണ്ടാക്കിയിരിക്കുന്നത്.

ആദ്യമായി കേൾക്കുന്ന പലർക്കും ഇതാണ് ഹോമിയോപ്പതിയിൽ മരുന്ന് വീര്യം കൂട്ടുന്ന ടെക്നിക് എന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. പ്രത്യേകിച്ച് ഇത് വായിക്കുന്നവരിൽ കെമിസ്ട്രി പഠിച്ചവർക്ക് ഒറ്റനോട്ടത്തിൽ തന്നെ ഇതൊരു തമാശയായി തോന്നും. പക്ഷേ സത്യമാണ്. നേർപ്പിക്കും തോറും വീര്യം കൂടുന്ന മരുന്ന് എന്ന അതിവിചിത്ര സിദ്ധാന്തമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനങ്ങളിൽ ഒന്ന്. ഹോമിയോപ്പതി പഠിപ്പിക്കുന്ന ഏത് പുസ്തകമോ, വെബ് സൈറ്റോ നിങ്ങൾക്ക് പരിശോധിക്കാം. ഇത് ബോധ്യപ്പെടും. അതായത് ഒരു ‘ഹോമിയോപ്പതിക് മദ്യപാനി’യുടെ കണക്കിൽ, റമ്മിൽ എത്രത്തോളം വെള്ളം കൂടുതൽ ചേർത്ത് അടിക്കുന്നോ അത്രത്തോളം കിക്ക് കൂടുതലായിരിക്കും!!

ഒരു ഹോമിയോ വെബ്സൈറ്റിൽ നിന്നുള്ള വാചകം ഉദ്ധരിച്ചാൽ അത് ഇങ്ങനെയാണ്– “where an accident started off the symptoms and you might give the body a kick start with a high potency dose such as Arnica 200c first and then follow with a lower potency remedy.…”. ആർനിക്ക എന്ന ചെടിയിൽ നിന്നുള്ള സത്തിന് ചില രാസപ്രവർത്തനശേഷികളൊക്കെ ഉണ്ടെന്നതും വേദനയ്ക്കും പൊള്ളലിനുമൊക്കെ ചില പാരമ്പര്യചികിത്സകർ ഉപയോഗിക്കാറുണ്ടെന്നതും സത്യമാണ്. പക്ഷേ ഹോമിയോക്കാര് 200C അളവിൽ നേർപ്പിച്ച് ‘വീര്യം കൂട്ടി’യാണ് ഇത് പ്രയോഗിക്കാൻ പറയുന്നത്. ഒരു തുള്ളി മാതൃസത്തിനെ ഭൂമിയിൽ ലഭ്യമായ മുഴുവൻ ജലത്തിലും കൂടി ലയിപ്പിച്ചാൽ പോലും 13C പൊട്ടൻസി വരെയേ എത്തുള്ളൂ എന്നോർക്കണം. ഒരു തുള്ളി ആർനിക്കാ സത്തിനെ 14C ആക്കണമെങ്കിൽ ഇപ്പോ ഭൂമിയിൽ ഉള്ളതിന്റെ 100 ഇരട്ടി വെള്ളം കൂടി വേണ്ടി വരും. ഇപ്പോ മനസിലായില്ലേ എന്തുകൊണ്ടാണ് ഹോമിയോ മരുന്ന് വളരെ സുരക്ഷിതമാണെന്ന് നേരത്തെ തറപ്പിച്ച് പറഞ്ഞത് എന്ന്? ഹോമിയോപ്പതിക് സിദ്ധാന്തങ്ങൾ കൃത്യമായി അനുസരിച്ച് നിർമ്മിക്കുന്ന യഥാർത്ഥ ഹോമിയോ മരുന്നിൽ പറയാൻ മാത്രം മരുന്നൊന്നും ഉണ്ടാവില്ല എന്നതിനാൽ പ്രത്യേകിച്ച് ദോഷമോ ഗുണമോ ഉണ്ടാവില്ലല്ലോ. അതുകൊണ്ട് ധൈര്യമായി കഴിച്ചോളൂ, പഞ്ചാരമിട്ടായി നുണയാൻ നല്ല രസം തന്നെയാണ്.

സൈഡ് ഇഫക്റ്റ് അഥവാ പാർശ്വഫലം എന്ന വാക്കിനെ പൊതുവേ ഹോമിയോക്കാര് (അവര് മാത്രമല്ല, അലോപ്പതിക്കാര് ഒഴികേ ഏതാണ്ടെല്ലാവരും) ആക്രമിക്കുന്നത് കാണാം. തങ്ങളുടെ മരുന്നിന് സൈഡ് ഇഫക്റ്റേ ഇല്ല എന്നവർ അവകാശപ്പെടും. ശരിയായിരിക്കും, കാരണം ഇഫക്റ്റ് ഉള്ളതിനേ സൈഡ് ഇഫക്റ്റ് ഉണ്ടാകൂ. എല്ലാ മരുന്നുകളും ശരീരത്തിലേയ്ക്ക് കടത്തിവിടുന്ന രാസവസ്തുക്കളാണ്. അവ ശരീരത്തിൽ പല തരത്തിലുള്ള പ്രഭാവങ്ങളുണ്ടാകും. അവയിൽ ഒന്ന് മാത്രമായിരിക്കും രോഗം ഭേദമാക്കുക എന്നത്. ഉറക്കം വരിക, തലചുറ്റലുണ്ടാവുക തുടങ്ങിയ പാർശ്വഫലങ്ങൾ പല മരുന്നുകൾക്കും സാധാരണമാണ്. പക്ഷേ രോഗം ഭേദമാകുക എന്ന വലിയ ആവശ്യത്തിന് മുന്നിൽ ഇത്തരം ചെറിയ പാർശ്വഫലങ്ങളെ സഹിക്കുക എന്ന മാർഗമേയുള്ളു. ഗുരുതരമായ പാർശ്വഫലം ഉണ്ടാക്കുന്ന മരുന്നുകളെ ഒരിയ്ക്കലും ആരും മരുന്ന് വിപണിയിലെത്തിക്കില്ല എന്നോർക്കണം. വ്യക്തിപരമായി ചില ആളുകൾക്ക് അലർജി ഉണ്ടാക്കുന്ന മരുന്നുകളെ പ്രത്യേകം ശ്രദ്ധിക്കുന്ന പതിവും മോഡേൺ മെഡിസിനിലുണ്ട്. ഏത് മരുന്നിന്റേയും വിശദമായ വിവരങ്ങൾ ഇന്ന് ഇന്റർനെറ്റിലുണ്ട്- അവയുടെ കെമിക്കൽ ഫോർമുലയും പ്രവർത്തനരീതിയും സൈഡ് ഇഫക്റ്റ്സും ഉൾപ്പടെ. എന്നാൽ ഹോമിയോ മരുന്നുകൾക്ക് ഇതൊന്നും ബാധകമല്ല. ഡോക്ടർ പഞ്ചസാര കുപ്പിയിലേയ്ക്ക ഒഴിച്ച് തരുന്ന സാധനം കണ്ണുമടച്ച് നുണയുക എന്നതാണ് ആചാരം!

250 വർഷം മുൻപ് ഹാനിമാൻ എഴുതിയ ഓർഗനോൺ ഓഫ് മെഡിസിൻ എന്ന പുസ്തകമാണ് ഇന്നും നമ്മുടെ ഹോമിയോ വിദ്യാർത്ഥികൾ പഠിക്കുന്നത് എന്നോർക്കണം. ഈ കാലത്തിനിടെ മോഡേൺ മെഡിസിൻ എവിടന്ന് എവിടം വരെ വളർന്നു എന്ന് നോക്കൂ. പക്ഷേ മേൽപ്പറഞ്ഞ രണ്ട് പരമാബദ്ധ സിദ്ധാന്തങ്ങളും ഹോമിയോപ്പതിയുടെ നട്ടെല്ലായി ഇന്നും നിലനിൽക്കുമ്പോൾ രോഗങ്ങൾക്ക് അത് ഫലപ്രദമായ ഒരു ചികിത്സയാണ് എന്ന് വിശ്വസിക്കുന്നത് ശുദ്ധമായ ഒരുഅന്ധവിശ്വാസം മാത്രമാണ്. ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങളൊക്കെത്തന്നെ ഹോമിയോപ്പതി വിശ്വാസയോഗ്യമല്ല എന്നാണ് തെളിയിച്ചിട്ടുള്ളത്.

ഗുരുതരമായ രോഗങ്ങൾക്ക് ഹോമിയോപ്പതി ഉപയോഗിക്കാൻ പാടില്ല എന്നൊരു മുന്നറിയിപ്പ് ലോകാരോഗ്യസംഘടന തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിൽ ഹോമിയോപ്പതിയെ കുറിച്ച് സർക്കാർ ഏറ്റെടുത്ത് നടത്തിയ പഠനങ്ങളെ തുടർന്ന്, ഹോമിയോപ്പതിയ്ക്ക് യാതൊരു ഫലവും ഇല്ലാ എന്ന് തെളിഞ്ഞു. ഹോമിയോപ്പതിയിലെ ഗവേഷണത്തിന് ഇനി കൂടുതൽ ഫണ്ടിങ് അനുവദിക്കേണ്ടതില്ല എന്നാണ് ആ ഗവേഷകർ ശുപാർശ ചെയ്തത്. ഹോമിയോ മരുന്ന് കഴിച്ചിട്ട് രോഗം ഭേദമായി എന്ന് അവകാശപ്പെടുന്ന പല കേസുകളും, മരുന്നില്ലാതെ തന്നെ മാറുന്ന രോഗങ്ങളാണെന്ന് (self-limiting diseases) കാണാം. നമ്മുടെ നാട്ടിൽ ഹോമിയോ മരുന്നുകളിൽ അലോപ്പതി മരുന്നുകൾ കലർത്തപ്പെടുന്നുണ്ടോ എന്നും സംശയമുണ്ട്.
അടുത്ത തവണ ഹോമിയോ ഡോക്ടറുടെ അടുത്തേയ്ക്ക് ഓടുന്നതിന് മുൻപ് ആരെങ്കിലും ഒരാൾ രണ്ടാമതൊന്ന് ആലോചിക്കാൻ തയ്യാറായാൽ സമയം പാഴായില്ല എന്നോർത്ത് എനിയ്ക്ക് സന്തോഷിക്കാം.


Video (ബുള്ളറ്റ് പ്രൂഫ് ടിഷ്യൂ പേപ്പറും ഹോമിയോ പ്രതിരോധമരുന്നും)

ഹോമിയോപ്പതി: അനുഭവങ്ങൾ, പാളിച്ചകൾ.


എനിക്ക് സ്കൂൾ കാലത്ത് ആസ്ത്മ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ സ്ഥിരമായിട്ടുണ്ടായിരുന്നു. അസുഖം വരുമ്പോൾ അടുത്തുള്ള ആശുപത്രിയിൽ പോയി മരുന്ന് കഴിക്കും, മാറും. തിയോ അസ്താലിൻ എന്നൊരു സിറപ്പായിരുന്നു ആശ്രയം. അത് കഴിച്ചാൽ ശ്വാസം മുട്ട് നിൽക്കും. പക്ഷേ കുറേ നാൾ കഴിയുമ്പോൾ പിന്നേം വരും. അപ്പോഴാണ് നാട്ടിലെ ഏതോ ഒരു പണ്ഡിതവ്യക്തി അച്ഛന് ഉപദേശം നൽകിയത്, ഹോമിയോപ്പതിയിൽ ആസ്ത്മ പൂർണമായും മാറ്റുന്ന മരുന്ന് ഉണ്ടത്രേ. മാത്രമല്ല, അലോപ്പതി ലക്ഷണങ്ങളെ ചികിത്സിക്കുമ്പോൾ ഹോമിയോപ്പതി രോഗത്തെ വേരോടെ പിഴുതെറിയുമത്രേ.

കേട്ടപ്പോൾ അച്ഛനും, പിന്നെ എനിക്കും തോന്നിയ മതിപ്പ് ചില്ലറയല്ല. രോഗത്തെ വേരോടെ പിഴുതെടുക്കുമെങ്കിൽ പിന്നെ എന്തിന് രണ്ടാമതൊന്ന് ആലോചിക്കണം! ഉടൻ പോയി ഹോമിയോ ഡോക്ടറുടെ അടുത്ത്. അദ്ദേഹം വിശദമായി പരിശോധിച്ചു. പരിശോധന എന്നാൽ ചോദ്യം ചോദിക്കലാണ് പ്രധാന പരിപാടി. ഇഷ്ടപ്പെട്ട ആഹാരം, ദിനചര്യ, എന്നിങ്ങനെ എല്ലാം വിവരങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. തന്ന മരുന്ന് കണ്ടപ്പോൾ ബഹുസന്തോഷം. മറ്റ് ഡോക്ടർമാർ തന്നപോലത്തെ കയ്പ്പൻ ഗുളികയോ മണമടിച്ചാൽ മനംമറിക്കുന്ന ടോണിക്കോ ഒന്നുമല്ല, നല്ല മധുരമുള്ള മുട്ടായികളാണ്. ചാരായത്തിന്റെ മണവും. നീല, പച്ച, ചുവപ്പ് നിറമുള്ള അടപ്പുകളുള്ള ഭംഗിയുള്ള വെള്ളക്കുപ്പികളിൽ അവയങ്ങനെ അടുക്കിത്തരും. ആഹാരത്തിൽ എന്തൊക്കെയോ ഒഴിവാക്കണം എന്ന് അച്ഛനോട് പറഞ്ഞുകൊടുത്തു. ചായയും കാപ്പിയും ഒഴിവാക്കണമെന്ന് എന്നോടും പറഞ്ഞു. വീട്ടിലെത്തിയപ്പോൾ തന്നെ ആശ്വാസം തോന്നി. അന്ന് ആസ്ത്മ വന്നില്ല. ഒരാഴ്ച കൂടി വന്നില്ല. അത് കഴിഞ്ഞ് പിന്നേം തഥൈവ. അപ്പോ നാട്ടിലെ ഹോമിയോ അനുഭവസ്ഥരെല്ലാം പറഞ്ഞു, ഹോമിയോ മരുന്ന് പതിയെ മാത്രമേ ഫലിക്കൂ. കുറച്ചുകാലം കൂടി ക്ഷമിച്ചു. പക്ഷേ അന്ന് ശ്രദ്ധിക്കാത്ത ഒരു കാര്യം ഇന്നിത് എഴുതുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. പതിയേ ഫലിക്കുന്ന ഹോമിയോ മരുന്ന് തന്ന ഡോക്ടറെ കണ്ട് വീട്ടിലെത്തിയ അന്ന് മുതൽ ഒരാഴ്ചത്തേയ്ക്ക് എനിക്ക് ആസ്ത്മ വന്നില്ല എന്നത് വ്യക്തമായി ഓർമയുണ്ട്. ഫലം, സാവധാനത്തിലല്ല, നല്ല വേഗതയിലാണ് ഉണ്ടായത്. പക്ഷേ അധികനാൾ നീണ്ടില്ല എന്നേയുള്ളൂ. പിന്നേം പോയി അതേ ഡോക്ടറെ കണ്ടു. മരുന്ന് കുറച്ചുദിവസം കൂടി തുടരാൻ പറഞ്ഞു. തുടർന്നു. പക്ഷേ അസുഖം പോയില്ല. അതെന്റെ ഓർമ്മയിലെ ആദ്യത്തെ ഹോമിയോ അനുഭവമായിരുന്നു. അതിന് മുൻപ് കുഞ്ഞുപ്രായത്തിൽ പനിക്കോ മറ്റോ എന്നെ കൊണ്ടുപോയിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത്.
അതെന്തായാലും എന്റെ ആസ്ത്മയും കൊണ്ട് പല പല ചികിത്സകരുടെ അടുത്ത് പോയി ആധുനികവൈദ്യുവും ആയുർവേദവും ഹോമിയോയും നാട്ടുവൈദ്യവും ഒക്കെ മാറി മാറി പരീക്ഷിച്ചു. പലരുടേയും മുഖം പോലും ഓർക്കുന്നില്ല എങ്കിലും രണ്ട് പേരെ ഓർക്കുന്നുണ്ട്.

ഒന്ന്, ഞാൻ കാണുന്ന മൂന്നാമത്തെ ഹോമിയോ ഡോക്ടറാണ്. എന്റെ മൂക്കിന്റെ പാലത്തിന് വളവുണ്ടെന്നും അതിനുള്ളിൽ എന്തോ മാംസഭാഗം വളർന്ന് നില്പുണ്ടെന്നും എത്രയും വേഗം അത് മുറിച്ചുമാറ്റണമെന്നും പുള്ളി പറഞ്ഞു. അതിന് ഏതെങ്കിലും ENT സ്പെഷ്യലിസ്റ്റിനെ കാണണം എന്ന് ഉപദേശിച്ചു. അന്ന് തീരെ വിവരമില്ലാത്ത പ്രായമാണ്. ഹോമിയോയും ആധുനിക വൈദ്യവും ഒക്കെ ഒരേ പ്രോഡക്റ്റിന്റെ പല ബ്രാൻഡുകളാണെന്ന മണ്ടൻ ധാരണയുമായി നടക്കുന്ന കാലം. അങ്ങനെ ഒരു ഹോമിയോ ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിന്നും പത്തിരുപത് കിലോമീറ്റർ മാറി പട്ടണത്തിലെ ഒരു ENT ഡോക്ടറെ കാണാൻ ചെന്നു. മൂക്കിലെ മുഴ മുറിക്കണം എന്ന ആവശ്യവുമായിട്ടാണ് ഞങ്ങൾ പോകുന്നത്. മൂക്കിനുള്ളിൽ മുഴയുണ്ടെന്നും അത് മുറിക്കേണ്ടതാണെന്നും ഉറപ്പിച്ചിട്ടുള്ള പോക്കാണ്. ഡോക്ടർ ചിരിച്ചുകൊണ്ട് ശകാരഭാവത്തിൽ ‘ഇതൊക്കെ നിങ്ങളങ്ങ് ഉറപ്പിച്ചാലെങ്ങനാ?’ എന്നാണ് ആദ്യം ചോദിച്ചത്. വേറൊരു ഡോക്ടർ പറഞ്ഞുവിട്ടതാണ് എന്ന് പറഞ്ഞപ്പോൾ പുള്ളി ടോൺ മാറ്റി ഉപദേശസ്വരത്തിൽ കാര്യം പറഞ്ഞു. മൂക്കിന്റെ പാലത്തിന് വളവുള്ളവരിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒന്നാണ് ഞാൻ മുറിക്കണമെന്ന ആവശ്യവുമായി ചെന്ന ആ മുഴ പോലത്തെ സാധനം. സാധാരണ ഗതിയിൽ അത് നീക്കം ചെയ്യേണ്ട ആവശ്യമൊന്നും ഇല്ല. അതും ആസ്ത്മയുമായി ബന്ധമുണ്ടാകാനും സാധ്യതയില്ല. എന്റെ അന്നത്തെ പ്രായം പരിഗണിക്കുമ്പോൾ അത് മുറിക്കുന്നതിനെപ്പറ്റി ചിന്തിക്കുക പോലും വേണ്ട എന്നുപറഞ്ഞ് അദ്ദേഹം ഞങ്ങളെ മടക്കി അയച്ചു. ആ ഹോമിയോ ഡോക്ടറുടെ അടുത്ത് പിന്നെ പോയില്ല. ചായയും കാപ്പിയും ഒഴിവാക്കണമെന്ന് ആളും ഉപദേശിച്ചിരുന്നു. ഈ സംഭവത്തോടെ ഞാൻ പിന്നേം ചായകുടി തുടർന്നു.

കുറേ കാലം കൂടി ഇടക്കിടെ വന്നുപോയ്ക്കൊണ്ടിരുന്ന ആസ്തമ സഹിച്ചു. ഞാനൊരു നിത്യരോഗിയായിപ്പോകുമോ എന്ന ഭയം അച്ഛന് വന്നുതുടങ്ങിയപ്പോഴാണ് കൂടുതൽ വലിയ മേച്ചിൽപ്പുറങ്ങൾ തേടാൻ തുടങ്ങിയത്. അങ്ങനെ ഞങ്ങൾ പങ്കജകസ്തൂരി ഫെയിം പത്മശ്രീ ഡോക്ടറെ കാണാൻ തീരുമാനിച്ചു. വലിയ പ്രതീക്ഷയുമായി അദ്ദേഹത്തിന്റെ ആശുപത്രിയിൽ പോയി, അപ്പോയിൻമെന്റ് അനുസരിച്ച് കൺസൾട്ടേഷന് കേറി. ഡോക്ടറുടെ മുന്നിൽ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളുമിരുന്നു. ‘ഇവന് കുറേ നാളായി ശ്വാസം മുട്ടൽ മാറാതെ നിൽക്കുന്നു’ എന്ന് അച്ഛൻ പറഞ്ഞു. പുള്ളി ഒരു അര ചിരി ചിരിച്ച് കൈപ്പത്തിയുടെ പുറം കൊണ്ട് എന്റെ നെഞ്ചത്ത് ഒരു തട്ട് തട്ടിയിട്ട് പറഞ്ഞു, ‘അതൊക്കെ അങ്ങ് മാറിക്കോളം. ഒരു എട്ട് ബോട്ടിൽ വേണ്ടിവരും’. കൺസൾട്ടേഷൻ ഓവർ! അകത്ത് കയറിയതും ഇറങ്ങിയതും ഏതാണ്ട് ഒരു മിനിറ്റ് കൊണ്ട് കഴിഞ്ഞു. ഇത്രയം കുറച്ച് സമയം കൊണ്ട് രോഗം പരിശോധിച്ച് മരുന്ന് നിർദ്ദേശിക്കുന്ന ഒരു ഡോക്ടറെ ഞാൻ അതിന് മുൻപോ ശേഷമോ കണ്ടിട്ടില്ല. എന്തായും പങ്കജകസ്തൂരിയുടെ എട്ട് ബോട്ടിലുകൾ ഞാൻ മാസങ്ങളെടുത്ത് അകത്താക്കി. എന്റെ ആസ്ത്മ ഇക്കാര്യം അറിഞ്ഞ മട്ട് പോലും കാണിച്ചില്ല എന്നേയുള്ളൂ!

ഞാൻ പിന്നേം കുറേകാലം അസ്ത്മ കൊണ്ടുനടന്നു. ഇതിനിടെ അച്ഛൻ കടുത്ത യോഗാഫാൻ ആയി മാറി. പ്രാണായാമം ചെയ്താലേ ആസ്തമ പോകൂ എന്നുള്ള അച്ഛന്റെ ഉപദേശവും കുറേ ഫോളോ ചെയ്തു. കാര്യമായ ഒരു വ്യത്യാസവും ഉണ്ടായില്ല. ആസ്ത്മ ഇടക്കിടെ വന്നും പോയുമിരുന്നു. ശ്വാസതടസ്സം വരുമ്പോഴൊക്കെ തിയോ അസ്താലിൻ സിറപ്പിൽ അഭയം തേടി. ഈ രോഗത്തിന് ഞാൻ ആദ്യം കണ്ട ഡോക്ടർ കുറിച്ചുതന്ന മരുന്നാണ് അത്. പത്തിരുപത് പേരുടെ ചികിത്സയ്ക്ക് വിധേയനായശേഷവും എന്റെ ആശ്രയം അതായിരുന്നു എന്നത് ഇന്ന് ഞാൻ കൗതുകത്തോടെ ഓർക്കുന്നു.

ഒടുവിൽ എട്ടൊമ്പത് വർഷം മുൻപ് ആസ്ത്മ വല്ലാതങ്ങ് കലശലായി. ഞാനന്ന് ഗവേഷകവിദ്യാർത്ഥിയായി വീട്ടിൽ നിന്നും മാറി ഹോസ്റ്റൽവാസിയാണ്. അസുഖം കൊണ്ടുനടക്കാൻ കഴിയാത്ത അവസ്ഥ. ഒരു ദിവസം ഒരു ട്രെയിനിൽ ഓടിക്കേറാൻ ശ്രമിക്കവേ കിതപ്പ് കാരണം ഞാൻ സ്റ്റക്കായി നിന്നുപോയ അവസ്ഥ വന്നു. ഞാനാകെ പേടിച്ചുപോയി. വീട്ടിൽ പറഞ്ഞാൽ ഞാൻ പ്രാണായാമം കൃത്യമായി ചെയ്യത്തതാണ് കുഴപ്പം എന്ന് അച്ഛൻ പറയുമെന്ന് ഉറപ്പായിരുന്നത് കൊണ്ട് പറഞ്ഞില്ല. എന്റെ ഗവേഷണസ്ഥാപനത്തിന് അടുത്തുള്ള ഒരു തിരക്ക് കുറഞ്ഞ ഡോക്ടറെ പോയി കണ്ടു. ആള് വിശദമായി പരിശോധിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഒരു ഇൻഹേലർ ചികിത്സ വേണ്ടിവരും എന്ന് പറഞ്ഞു. ഞാൻ കേട്ടപാടെ എതിർത്തു. പണ്ട് പരിശോധിച്ച ഹോമിയോ ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു, ഇൻഹേലർ എടുത്താൽ പിന്നെ കഞ്ചാവ് പോലെ ജീവിതകാലം മുഴുവൻ എടുക്കേണ്ടിവരും എന്ന്. അതെന്റെ മനസിൽ പതിഞ്ഞ് കിടപ്പുണ്ട്. നാട്ടുകാരും പറയുന്നുണ്ട് ഇൻഹേലർ അവസാനത്തെ പ്രയോഗമാണ് എന്ന്. അതുകൊണ്ട് ഇൻഹേലർ വേണ്ട! ഗുളികയോ സിറപ്പോ മതി എന്ന് ഞാൻ കട്ടയ്ക്ക് പറഞ്ഞു. (ഓപ്പറേഷൻ വേണ്ട, എനിമ മതീന്ന് ജഗതി പറഞ്ഞതുപോലെ). ആ ഡോക്ടർ എന്നെ സാവധാനം പറഞ്ഞ് മനസിലാക്കി. സിറപ്പ്, ഗുളിക എന്നിവ ആമാശയത്തിൽ പോയി, അവിടന്ന് പതിയെ ആഗിരണം ചെയ്യപ്പെട്ട്, രക്തം വഴി ഹൃദയത്തിലെത്തി, അവിടന്ന് ശ്വാസവ്യൂഹത്തിലെത്തി വേണം പ്രവർത്തിക്കാൻ.

ഇൻഹേലറായാൽ മരുന്ന് നേരിട്ട് ശ്വാസവ്യൂഹത്തിലേക്കാണ് കൊടുക്കുന്നത്. സൈഡ് ഇഫക്റ്റിനുള്ള സാധ്യത അതിനനുസരിച്ച് കുറയും, പ്രവർത്തനത്തിന്റെ വേഗതയും കൂടും. ‘Inhaler is the safest treatment you can get!’ എന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഞാൻ സയൻസ് പഠിച്ചതുകൊണ്ട് ആള് പറഞ്ഞ ന്യായം കൃത്യമായി മനസിലായി. ഇൻഹേലർ ഉപയോഗിച്ചു. ഒരാഴ്ച കൊണ്ട് ശ്വാസതടസ്സം പോയി. ഇൻഹേലർ ഉപയോഗം പിന്നെ നിർത്താനും സാധിച്ചു. ആ ഡോക്ടറിൽ നിന്ന് മറ്റൊരു കാര്യം കൂടി മനസിലായി. മൂക്കിന്റെ വളവോ ചായയോ കാപ്പിയോ ഒന്നുമല്ല എന്റെ വില്ലൻ. പൊടിയോട് എനിക്കുള്ള അലർജിയാണ്. വീട്ടിലും ഹോസ്റ്റലിലും, പൊടിതട്ടാതെ അടുക്കിവെച്ച പുസ്തകങ്ങളുടേയും പേപ്പർ കെട്ടുകളുടേയും ഇടയിൽ ഇരിപ്പും കിടപ്പും ശീലമാക്കിയതാണ് പ്രധാനപ്രശ്നം. അത് ഒഴിവാക്കുന്നതിന് പരിമിതിയുണ്ടായിരുന്നു എങ്കിലും കുറച്ചൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തു. ഇന്നും അശ്രദ്ധ കൊണ്ടും over-confidence കൊണ്ടുമൊക്കെ മൂക്ക് മറയ്ക്കാതെ പൊടിതട്ടൽ പോലുള്ള താന്തോന്നിത്തരം കാണിക്കുന്ന സ്വഭാവമാണ് എന്റേത്. അതുകൊണ്ട് വല്ലപ്പോഴുമൊക്കെ, അപൂർവമായി ശ്വാസതടസ്സം വരാറുണ്ട്. പക്ഷേ ഇൻഹേലറിന്റെ ഒരു പഫിൽ കാര്യം തീരും. ഒരുകണക്കിന് നോക്കിയാൽ ആ കോൺഫിഡൻസ് കാരണമാണ് ഞാൻ careless ആകുന്നതും.

പൊതുവേ ഹോമിയോപ്പതിയെ ശാസ്ത്രീയമായി വമിർശിച്ചാൽ, ഉടൻ തന്നെ അരിമ്പാറ മാറിയതും കുട്ടികളുണ്ടായതുമൊക്കെയായി അനുഭവകഥകളും കൊണ്ട് അതിനെ ഡിഫൻഡ് ചെയ്യാൻ വരുന്നവർ നമ്മളോട് സത്യം ‘അനുഭവിച്ചറിയാൻ’ ഉപദേശിക്കാറുണ്ട്. അതുകൊണ്ടാണ് സ്വന്തം അനുഭവം തന്നെ നിരത്തിയെഴുതിയത്. ഇതിൽ അക്കാദമിക് ഇന്ററസ്റ്റ് കൊണ്ട് പിന്നീട് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ഹോമിയോമരുന്ന് കഴിച്ച് പണി കിട്ടിയ, ‘ഔട്ടോഫ് സിലബസ്’ അനുഭവങ്ങൾ ഒരുപാട് നേരിട്ടറിയാം. പക്ഷേ അത് സപ്പോർട്ട് ചെയ്യാനെന്നപോലെ, എതിർക്കാനും ഉപയോഗിക്കാവുന്ന തെളിവുകളല്ല. അതുകൊണ്ട് അനുഭവകഥ നിർത്തി ഞാൻ മനസിലാക്കിയ കാര്യത്തിലേയ്ക്ക് വരാം.

സിറപ്പ്, ഗുളിക, ഇൻഹേലർ എന്നിവയെ താരതമ്യം ചെയ്ത് ആ ഡോക്ടർ പറഞ്ഞുതന്ന കാര്യം എന്നെ സംബന്ധിച്ച് ഒരു പുതിയ വാതിൽ തുറക്കലായിരുന്നു. ഒരു മരുന്ന് എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നൊരു ചിന്ത അതിന് മുൻപ് എനിക്ക് വന്നിട്ടേയില്ല. ഇന്റർനെറ്റിൽ പരതി കിട്ടിയ വിവരങ്ങൾ പഠിച്ചു. കുറേ വായിച്ചു. പ്ലസ് ടൂവിന് പഠിച്ച ബയോളജിയും കെമിസ്ട്രിയുമൊക്കെ വെച്ച് ഒരുവിധം മനസിലാക്കാവുന്നതേയുണ്ടായിരുന്നു അതെല്ലാം. അക്കൂട്ടത്തിലാണ് ഞാൻ ഹോമിയോപ്പതിയെക്കുറിച്ച് വായിച്ചത്. ആദ്യമൊന്നും തീരെ വിശ്വാസം വന്നില്ല. ഇത്രയും വലിയൊരു മണ്ടത്തരത്തിനാണോ ഞാൻ പല തവണ കൊണ്ട് തല വെച്ചത് എന്നോർത്തപ്പോൾ അത്ഭുതം തോന്നി. ഹോമിയോപ്പതി പഠിപ്പിക്കുന്ന ഹോമിയോക്കാരുടെ വെബ്സൈറ്റുകളിൽ പോയി. ഹാനിമാൻ എഴുതിയ ഓർഗനോൺ പുസ്തകത്തെപ്പറ്റി വായിച്ചു. കുറേ ഹോമിയോ ഡിബേറ്റുകൾ കണ്ടു. സാമാന്യബോധമുള്ളവനെ കളിയാക്കുന്ന, മന്ത്രവാദത്തെ തോല്പിക്കുന്ന ഹോമിയോ സിദ്ധാന്തങ്ങൾ! മണ്ടത്തരത്തിന് മേൽ മണ്ടത്തരം വിളമ്പുന്ന ഹോമിയോ വാദങ്ങൾ! എന്നിട്ടും നമ്മുടെ നാട്ടിൽ ഹീറോ പരിവേഷത്തോടെ, പഞ്ചസാരമുട്ടായി കൊണ്ട് ജലദോഷം മുതൽ സ്വഭാവദൂഷ്യം വരെ ചികിത്സിക്കുന്ന ഹോമിയോപ്പതി വാണരുളുന്നു. ഇവിടെ തട്ടിപ്പുകൾക്കാണ് പൊതുവിൽ ഡിമാൻഡ് കൂടുതൽ എന്നതുകൊണ്ട് അതിൽ അത്ഭുതമൊന്നുമില്ല.


നിങ്ങൾ ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് ഒരു പുസ്തകം കടം വാങ്ങിയിട്ട് കുറച്ചുദിവസം കഴിഞ്ഞ് തിരിച്ചുകൊടുക്കുന്നു. പിന്നീടൊരു ദിവസം സുഹൃത്ത് പറയുന്നു അതിൽ കുറേ പേജ് മിസ്സിങ്ങാണെന്ന്. നിങ്ങൾക്ക് സ്വന്തം ഭാഗം സെയ്ഫാക്കാൻ എന്തൊക്കെ പറയാം?
1. പറ്റിപ്പോയെന്ന് പറഞ്ഞ് ക്ഷമ ചോദിക്കാം.
2. നിങ്ങൾക്ക് കിട്ടിയപ്പോഴേ പേജുകൾ ഇല്ലായിരുന്നു എന്ന് പറയാം.
3. നിങ്ങൾ തിരിച്ചുകൊടുക്കുമ്പോൾ അതിൽ ആ പേജുകൾ ഉണ്ടായിരുന്നു എന്ന് പറയാം.
ഇതിൽ ആദ്യത്തേത് കുറ്റസമ്മതമാണ്. നിങ്ങളതിന് തയ്യാറല്ലെങ്കിലുള്ള മറ്റ് രണ്ട് ഓപ്ഷനുകൾക്ക് ഒരു പ്രത്യേകതയുണ്ട്; ഇതിൽ ഏതെങ്കിലും ഒന്നേ പറയാനാകൂ. രണ്ടും കൂടി ഒരുമിച്ച് പറഞ്ഞാൽ നിങ്ങൾ പെടും. പരസ്പരവിരുദ്ധമാണ്. ഒന്ന് മറ്റേതിനെ റദ്ദ് ചെയ്തുകളയും.

ഇതൊരു ഉദാഹരണക്കഥയാണ്. പക്ഷേ പറഞ്ഞുവരുന്നത് മറ്റൊന്നാണ്.
ഹോമിയോപ്പതി ഇൻഡ്യയിൽ വളരെ സാധാരണമായ, സർക്കാർ അംഗീകാരത്തോടെ മെഡിക്കൽ കോളേജുകളും ആശുപത്രികളും ചികിത്സയും നിലവിലുള്ള ഒരു സിസ്റ്റമാണ്. പക്ഷേ ശാസ്ത്രലോകം കപടശാസ്ത്രമായും വിശ്വാസ ചികിത്സയായുമാണ് അതിനെ കണക്കാക്കുന്നത്. കാരണം, മരുന്നുകളുടെ വീര്യത്തെ പറ്റിയും പ്രവർത്തനത്തെ പറ്റിയുമുള്ള അതിന്റെ അസംബന്ധസിദ്ധാന്തങ്ങൾ തന്നെ:

 1. ”നേർപ്പിക്കുംതോറും മരുന്നിന് വീര്യം കൂടും.”
 2. “സാമ്യം സാമ്യത്തെ സുഖപ്പെടുത്തും.”
  ഇത് പകുതിയെങ്കിലും ശരിയാണെങ്കിൽ ഇന്ന് ശാസ്ത്രമെന്നും പറഞ്ഞ് സ്കൂളിലും കോളേജിലും പഠിക്കുന്ന ഏതാണ്ടെല്ലാ അറിവും തെറ്റാണെന്ന് വരും. പരസ്പരവിരുദ്ധമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഒന്ന് തെരെഞ്ഞെടുക്കാം. ഒന്നേ പറ്റൂ.
  ഇത്രമാത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു പത്തുമിനിറ്റുവീഡിയോ ഞാൻ ചെയ്തിരുന്നു. അതിന് കീഴിൽ പ്രതീക്ഷിച്ചതുപോലെ ഹോമിയോപ്പതി വക്താക്കൾ എതിർപ്പുമായി വരികയും ചെയ്തു. വ്യക്തമായ വാദങ്ങൾ വച്ച് ഒരു വിമർശനം ഉന്നയിക്കുമ്പോൾ, എന്താണ് എതിർക്കുന്നവർ ചെയ്യുക? ആ വാദങ്ങളുടെ മുനയൊടിക്കുക, അതിനുള്ള വാദങ്ങളും തെളിവുകളും അങ്ങോട്ട് നിരത്തുക. സിമ്പിൾ…

പക്ഷേ അത് മാത്രമേ അവിടെ സംഭവിക്കാത്തതുള്ളൂ!
വന്ന വാദങ്ങൾ പേജ് പോയ പുസ്തകത്തിന്റെ കഥ ഓർമ്മിപ്പിക്കും.
വാദം 1: ഹോമിയോപ്പതി ശാസ്ത്രീയമാണെന്നതിന് ശാസ്ത്രീയ തെളിവുകൾ ഉണ്ട്. [മേൽപ്പറഞ്ഞ പരിഹാസ്യമായ സിദ്ധാന്തങ്ങൾ പക്ഷേ നിരാകരിക്കുന്നില്ല. അതായത് ബക്കറ്റിൽ ഒരു കൈപ്പത്തിക്ക് കയറാനുള്ള ഓട്ടയുണ്ടെങ്കിലും അതിൽ വെള്ളമെടുത്ത് സൂക്ഷിക്കാവുന്നതേ ഉള്ളുവെന്ന്!]
വാദം 2: ഹോമിയോപ്പതി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാൻ മാത്രം ആധുനികശാസ്ത്രം ഇനിയും വളർന്നിട്ടില്ല. നാളെ അത് സംഭവിക്കുമെന്നുറപ്പ്.
വാദം 3: ആധുനികശാസ്ത്രം മൊത്തം തെറ്റാണ്, ഹോമിയോപ്പതിയാണ് ശരി. [സത്യമായും ഇങ്ങനെ കരുതുന്ന ഹോമിയോക്കാർ ഒരുപാടുണ്ട്]
വാദം 4: ‘താൻ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതരുത്!’ [പക്ഷേ ജീവൻ പോകുമെന്ന് വന്നാലും താൻ പറഞ്ഞതിലെ തെറ്റെന്താണെന്ന് ഞങ്ങൾ പറയില്ല, അല്ലാതെ തന്നെ താനത് തിരുത്തിക്കോണം!]
വാദം 5: ‘താൻ ഹോമിയോപ്പതി പഠിച്ചിട്ടുണ്ടോ? പിന്നെന്ത് ബലത്തിലാ വിമർശിക്കുന്നത്?’ [കേട്ടാൽ, ഹോമിയോപ്പതിയിലെ പുസ്തകങ്ങളും സിദ്ധാന്തങ്ങളും ഒക്കെ എന്തോ ‘ഡാർക്ക് സീക്രട്ടാ’ണ്, അത് വേറെയാർക്കും വായിക്കാൻ കിട്ടില്ല എന്നേ തോന്നൂ.
എന്തായാലും, ഹോമിയോപ്പതിയുടെ തത്വങ്ങൾ എന്നുപറഞ്ഞ് വിമർശകൻ അക്കമിട്ട് പറഞ്ഞത് തെറ്റാണെന്ന് മാത്രം വാദിക്കില്ല.]
മരുന്നുമാഫിയേടെ കാശും, അലോപ്പതിയുടെ സൈഡ് ഇഫക്റ്റും പോലുള്ള സ്ഥിരം തോരണങ്ങൾ ഇവിടെ പരിഗണിക്കുന്നതേയില്ല. പ്രസക്തമായ ചോദ്യം ഒന്ന് മാത്രമാണിവിടെ; ഇത്രയധികം സ്ഥാപനങ്ങളും പ്രാക്റ്റീഷനേഴ്സും ഉള്ള ഒരു സിസ്റ്റത്തിന് നാളിതുവരെ പരസ്പര വിരുദ്ധമല്ലാത്ത ഒരു പൊതുവായ മറുപടി പോലും രൂപീകരിക്കാൻ കഴിയാത്തതെന്തേ? ഓരോരുത്തരും അപ്പഴത്തെ സൗകര്യത്തിന് ഓരോ ന്യായീകരണങ്ങൾ പറയുന്നതെന്തേ? നിങ്ങൾക്ക് ശാസ്ത്രത്തോട് പ്രതിപത്തിയുണ്ടെങ്കിൽ അതിൽ ദുരൂഹത ഒന്നുമില്ല. കാരണം അങ്ങനെയൊരു മറുപടി ഇല്ല. അശാസ്ത്രീയമായ ഒന്നിനെ എങ്ങനൊക്കെ കുളിപ്പിച്ചാലും അത് അശാസ്ത്രീയമായിത്തന്നെ തുടരും. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ പറഞ്ഞതുകൊണ്ട് അത് മാറിമറിയില്ലല്ലോ.
ഇനി, ‘ഇതൊക്കെയാണെങ്കിലും ഹോമിയോമരുന്ന്‌ കഴിച്ചിട്ട് എന്റെ അസുഖം മാറിയല്ലോ’ എന്ന് ആത്മാർത്ഥമായി വാദിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, അതൊരു ന്യായമായ നിലപാടാണ്. പക്ഷേ നിലപാടുകൾ വസ്തുതകളുടെ അടിസ്ഥാനത്തിലാകണം എന്ന ആഗ്രഹമുള്ള ആളാണ് നിങ്ങളെങ്കിൽ മാത്രം ഇനി പറയുന്ന കാര്യങ്ങൾ പരിഗണിക്കുക [അല്ലാത്തവർ ഇതുവരെ വായിച്ചതുതന്നെ അധികപ്പറ്റാണ്, സമയം കളയാതെ സ്ഥലം വിടുമല്ലോ].

സംഗതി ശരീരം നിങ്ങളുടേത് തന്നെയാണ്. പക്ഷെ അതേപ്പറ്റി നിങ്ങൾക്ക് എന്തൊക്കെ അറിയാം? സ്വന്തം ശരീരമായതുകൊണ്ട്‌ അതേപ്പറ്റി മറ്റാരെക്കാളും നന്നായിട്ടറിയാം എന്നാണെങ്കിൽ പിന്നെ ശാസ്ത്രജ്ഞരുടേയും ഡോക്ടർമാരുടേയുമൊന്നും ആവശ്യമേ വരില്ലായിരുന്നല്ലോ. ‘മരുന്ന് കഴിച്ചശേഷം രോഗം മാറി’ എന്നതും ‘മരുന്നുകഴിച്ചതുകൊണ്ട് രോഗം മാറി’ എന്നതും തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ്. നിങ്ങളുടെ സാക്ഷ്യം സത്യത്തിൽ ആദ്യത്തേതിനാണ്. രണ്ടാമത്തെ കാര്യം ഉറപ്പിക്കാൻ നല്ല മെനക്കേടുണ്ട്. മാർക്കറ്റിലെത്തുന്ന ശാസ്ത്രീയവൈദ്യത്തിലെ മരുന്നുകളുടെ വിലയിൽ ഒരു ഭാഗം ആ മെനക്കേടുകൂലിയാണ്. മരുന്ന് കഴിക്കാതിരുന്നാൽ രോഗം മാറുമായിരുന്നോ, മരുന്ന് കഴിച്ച എല്ലാവരുടേയും അസുഖം മാറിയോ, കഴിച്ച മരുന്നിന്റെ ഉള്ളടക്കം എന്തായിരുന്നു, അതിന്റെ പ്രവർത്തനം എങ്ങനെയായിരുന്നു, എന്നിങ്ങനെ പ്രസക്തമായ എത്രയോ ചോദ്യങ്ങൾ അവിടുണ്ട്. ഉത്തരമുണ്ടോ എന്ന് സ്വയം പരിശോധിക്കുക.

വ്യക്തിപരമായ ഒരു ചിന്താഗതി കൂടി പങ്കുവെച്ചുകൊണ്ട് അവസാനിപ്പിക്കാം. ഒരു ഹോമിയോപ്പതി മരുന്ന് ശരിയ്ക്കും പ്രവർത്തിക്കുന്നു എന്നിരിക്കട്ടെ. ഞാനതിനെയാണ് കൂടുതൽ പേടിക്കുക. കാരണം മരുന്നിന്റെ ഒരു തന്മാത്രപോലും ഇല്ലാത്തവിധം നേർപ്പിച്ചതെന്ന് പറയപ്പെടുന്ന ഒരു സാധനം ശരീരത്തിൽ മാറ്റമുണ്ടാക്കുന്നുണ്ടെങ്കിൽ അതിൽ വലിയൊരു പ്രശ്നമുണ്ട്. നേർപ്പിച്ചതാണെങ്കിൽ ഫലിക്കില്ല, ഫലിക്കുന്നെങ്കിൽ നേർപ്പിച്ചിട്ടില്ല, നേർപ്പിച്ചിട്ടില്ലെങ്കിൽ അത് ഹോമിയോ മരുന്നല്ല! അതായത് എന്തെന്നും പറഞ്ഞാണോ അത് വരുന്നത്, അത് അതല്ല. ചുരുക്കിപ്പറഞ്ഞാൽ ഫലിക്കുന്ന ഹോമിയോമരുന്ന് വ്യാജമരുന്നാണ്. ഞാനതിനെ അടുപ്പിക്കാനേ പോകുന്നില്ല. അപ്പറഞ്ഞത് എന്റെ മാത്രം കാര്യം. നിങ്ങളുടെ കാര്യത്തിൽ ജഡ്ജ് നിങ്ങൾ തന്നെയാണ്. എനിക്കതിൽ ലാഭവുമില്ല നഷ്ടവുമില്ല.


ഹോമിയോ മരുന്നിൽ നാനോകണങ്ങൾ കണ്ടെത്തി എന്ന ഗുണ്ട് വാദത്തെ പൊളിച്ചടുക്കിയത്:

ഹോമിയോ മരുന്നുകളിൽ നാനോ കണങ്ങൾ കണ്ടെത്തി എന്ന വാർത്ത കാലങ്ങളായി കാണുന്നുണ്ട്. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രമാണങ്ങളിൽ നിലനിൽക്കുന്ന ഹോമിയോപ്പതിയെ രക്ഷിച്ചെടുക്കാനായി ഹോമിയോപ്പാത്തുകൾ വേണ്ടിടത്തും വേണ്ടാത്തിടത്തും ഇപ്പോ നാനോ കണങ്ങളെ ആനയിച്ചുകൊണ്ട് വരുന്നുണ്ട്. ഹോമിയോപ്പതിയുടെ അടിസ്ഥാനത്തിന് ശാസ്ത്രീയ തെളിവായി എന്നാണ് അവകാശവാദം. പല ആളുകളും ആത്മാർത്ഥമായി ഇത്തരം നാനോ അഭ്യാസങ്ങളിൽ വീഴുന്നുമുണ്ട്. പ്രസിദ്ധീകരിക്കപ്പെടുന്ന പഠനങ്ങളെ അവസാനവാക്കായി വ്യഖ്യാനിക്കാനുള്ള ഹോമിയോക്കാരുടെ വ്യഗ്രത മനസിലാക്കാവുന്നതേയുള്ളു. പക്ഷേ പഠനം കുറ്റമറ്റതാണോ, നിഗമനങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ അവരാരും ചർച്ച ചെയ്യാറില്ല.
ശരിയാണ്, നാനോ കണങ്ങളെ കണ്ടെത്തിയതായി നിരവധി പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയൊക്കെ വായിക്കുമ്പോൾ ഒരുവിധം ശാസ്ത്രഗവേഷണം കണ്ടിട്ടുള്ള ആർക്കും സംശയം തോന്നിക്കുന്ന പഠനരീതികളും നിഗമനങ്ങളുമൊക്കെയാണ്. ഈ എഴുതുന്നവൻ കുറേ കാലമായി ശാസ്ത്രഗവേഷണവുമായി നടക്കുന്നതിനാൽ അക്കാര്യത്തിൽ നേരിട്ട് അഭിപ്രായം പറയാനും കുറച്ചൊക്കെ കഴിയും. (ഇപ്പറഞ്ഞതിനെ ഹോമിയോക്കാർ ‘അഹംഭാവം’ എന്നാണ് വിളിക്കുക 😃 ) പക്ഷേ ഇവിടെ അത്തരം സാങ്കേതികകാര്യങ്ങളൊന്നും ചർച്ച ചെയ്യാൻ ഉദ്ദേശ്യമില്ല. മറിച്ച് നാനോ കണങ്ങളെ കണ്ടെത്തി എന്ന വാർത്തയും പഠനവും തീർത്തും കുറ്റമറ്റതാണ് എന്ന് തന്നെ കരുതിക്കൊണ്ടാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പറയാൻ പോകുന്നത് സ്കൂൾ ലെവൽ സയൻസാണ് താനും. ആർക്കും മനസിലാവുന്ന അടിസ്ഥാന ഗണിതവും രസതന്ത്രവും.

“Extreme homeopathic dilutions retain starting materials: A nanoparticulate perspective” എന്ന പേരിൽ Homeopathy journal-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തെയാണ് ഇവിടെ ആധാരമാക്കിയിരിക്കുന്നത്. പക്ഷേ സമാനമായ ഒട്ടുമിക്ക അവകാശവാദങ്ങൾക്കും ഇവ ബാധകമാണ് എന്നത് അവസാനം ബോധ്യമാകും.
ടി പേപ്പറിലെ ഡാറ്റാ അനുസരിച്ച് 200c potency ഉള്ള zincum met മരുന്നിലെ മാതൃസത്തിന്റെ അളവ് ഏതാണ്ട് 2000 pg/ml ആണ് (പഠനറിപ്പോർട്ടിലെ Figure 4-ൽ ഇത് കാണാം). അതായത് 1 ml മരുന്നിൽ 0.000000002 g. ഇത്രേം ചെറിയ അളവിൽ ആ മരുന്നിന് എന്തെങ്കിലും പ്രഭാവം ഉണ്ടാക്കാനാവുമോ എന്ന ചോദ്യം ഒഴിവാക്കുന്നു. (ചോദിക്കേണ്ട നിമിഷം ഇവിടെ അനുഭവകഥകളുടെ ചാകര ആയിരിക്കും!) പകരം ഒരു ചെറിയ കണക്കുകൂട്ടലിലേക്ക് പോകാം.
ടി മരുന്നിന്റെ പൊട്ടൻസി 200c ആണല്ലോ. അതായത് ഒരു ശരാശരി വെള്ളത്തുള്ളിയുടെ വലിപ്പത്തിൽ (0.05 ml) zinc മാതൃസത്ത് എടുത്താൽ അതിനെ 10^400 (ഒന്ന് കഴിഞ്ഞ് 400 പൂജ്യം) ഇരട്ടി solvent-ൽ ലയിപ്പിച്ചാലാണ് അത് കിട്ടുക. (ഈ കണക്ക് മറ്റൊരു പോസ്റ്റിൽ വിശദമാക്കിയിരുന്നു)
10^400 drops എന്നുപറയുമ്പോൾ, ഏതാണ്ട് 10^400 x 0.05 = 5 x 10^398 ml = 5 x 10^395 litre (5 കഴിഞ്ഞ് 395 പൂജ്യങ്ങൾ ഉള്ളത്ര ലിറ്റർ)
ഭൂമിയുടെ അത്ര വലിപ്പമുള്ള ഒരു പാത്രത്തിൽ കൊള്ളുന്ന വെള്ളം ~ 1 x 10^24 ലിറ്റർ (Earth data)
അതായത് 10^395 litre എന്നുപറയുമ്പോൾ (5 x 10^395)/(1 x 10^24) = 10^371 (ഒന്ന് കഴിഞ്ഞ് 371 പൂജ്യങ്ങളുള്ള അത്രയും എണ്ണം ഭൂമികൾക്ക് തുല്യമായ വ്യാപ്തം!!)
തത്കാലം ഈ കണക്ക് കണ്ട് ഞാൻ ഞെട്ടുന്നില്ല. പകരം,
zinc -ന്റെ സാന്ദ്രത = 7 g/cc (1 cm വശമുള്ള ക്യൂബ് കട്ടയായി zinc എടുത്താൽ അത് 7 g ഉണ്ടാവും. Ref: Zinc data)
അപ്പോ ഒരു തുള്ളി (0.05 ml) വ്യാപ്തത്തിൽ 7 x 0.05 = 0.35 g zinc കാണും. (1cc = 1 ml)
200c മരുന്നിൽ 0.35 g zinc, 10^395 litre ലായകത്തിലേയ്ക്ക് പോകുന്നു.
അതായത് ഒരു ലിറ്റർ മരുന്ന് എടുത്താൽ 0.35/10^395 = 3.5 x 10^-396 g zinc അതിലുണ്ടാവും.
അതായത് 1 ml മരുന്നിൽ 3.5 x 10^-399 g
അപ്പോ ഒരു തുള്ളി (0.05 ml) മരുന്നിൽ 1.75 x 10^-400 g ഉണ്ടാകും.
പക്ഷേ ഇവിടെ ഒരു ചിന്ന പ്രശ്നമുണ്ട്. ഒരു zinc ആറ്റത്തിന്റെ ഭാരം = 65 atomic mass unit ~ 10^-22 g ആണ്. അതായത് ഒരു തുള്ളി 200c zinc മരുന്നിൽ ഉണ്ടായിരിക്കേണ്ട zinc-ന്റെ കുറഞ്ഞത് 10^378 മടങ്ങ് ഭാരമുണ്ട് ഒരൊറ്റ സിങ്ക് ആറ്റത്തിന്!!!!
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരു തുള്ളി zinc സത്തിനെ ഓരോ തുള്ളി 200c മരുന്നിലേക്കും ‘തുല്യമായി ലയിപ്പിക്കണമെങ്കിൽ’ ഓരോ ആറ്റത്തിനേയും 10 കഴിഞ്ഞ് 378 പൂജ്യമുള്ളത്ര ഭാഗങ്ങളായി മുറിയ്ക്കണം.

ആറ്റത്തിനെ വിഭജിച്ചാൽ പിന്നെ സിങ്ക് സിങ്കായിരിക്കില്ല എന്നതങ്ങ് മറക്കാം, കണികാപരീക്ഷണശാലകളിൽ സബറ്റോമിക് കണങ്ങളെ കൈകാര്യം ചെയ്യാൻ വേണ്ടി കോടിക്കണക്കിന് ഡോളർ ചെലവാവുമ്പോൾ ഇവിടെ ഹോമിയോ മരുന്നുകമ്പനിക്കാർ പുല്ലുപോലെ ആറ്റങ്ങളെ ‘കുലുക്കിപ്പൊട്ടിക്കുന്നു’ എന്ന് മനസിലാക്കണം! എന്നിരിക്കിലും, ശരിയ്ക്കും ഇതവർക്ക് സാധിക്കുന്നുണ്ട് എന്ന assumption-ന്റെ പുറത്ത് മേൽപ്പറഞ്ഞ നാനോ കണങ്ങളെ കണ്ടെത്തിയ പഠനത്തിലേക്ക് മടങ്ങിവരാം:
അവിടെ 1 ml മരുന്നിൽ അവർ 2 x 10^-9 g മരുന്ന് നാനോ കണങ്ങൾ കണ്ടെത്തിയിരിക്കുന്നു.

നേരത്തേ പരാമർശിച്ച ‘തുല്യമായി ലയിപ്പിക്കൽ’ എന്ന ആശയം വ്യക്തമാക്കുമ്പോൾ ഇതിലെ തമാശ വ്യക്തമാവും. നാരങ്ങാവെള്ളത്തിൽ പഞ്ചസാര ഇട്ടുകുടിക്കുന്നവർ ചിലപ്പോൾ അത് തീരാറാവുമ്പോൾ അതിന് കൂടുതൽ മധുരം തോന്നുന്നത് ശ്രദ്ധിച്ചിട്ടുണ്ടല്ലോ. കാരണം എല്ലാവർക്കും അറിയാവുന്നതുപോലെ ഗ്ലാസിന്റെ അടിത്തട്ടിൽ പഞ്ചസാര കൂടുതൽ ഗാഢതയിൽ കാണപ്പെടുന്നതുകൊണ്ടാണ്. ഇവിടെ ആ ലായനി homogenous അല്ല എന്നാണ് സാങ്കേതികഭാഷയിൽ പറയുക. അതായത് അതിൽ എല്ലായിടത്തും പഞ്ചസാര ഒരുപോലെയല്ല ലയിച്ചിരിക്കുന്നത്. ഇത്തരം ഒരു inhomogenous solution നിങ്ങൾ തുല്യമായി വീതിച്ചാൽ എല്ലാ പങ്കിലും ഒരേ ഗുണമുള്ള solution ആയിരിക്കില്ല ലഭിക്കുന്നത്. പല മരുന്നുകളും കുലുക്കിയ ശേഷം കുടിക്കണം എന്ന് ഡോക്ടർമാർ ഉപദേശിക്കുന്നത് ഈ inhomogeneity പ്രശ്നം ഒഴിവാക്കാനാണ്. നിങ്ങൾ ഒരേ കുപ്പിയിൽ നിന്ന് പല തവണ മരുന്ന് കുടിക്കുമ്പോൾ ഓരോ തവണയും തുല്യഗാഢതയുള്ള മരുന്ന് അകത്തുചെല്ലുന്നു എന്നുറപ്പിക്കണമല്ലോ. ഒരു തുള്ളി സിങ്കിനെ 200c ആയി dilute ചെയ്യുമ്പോൾ ഓരോ തുള്ളിയിലും ഉണ്ടായിരിക്കേണ്ടതിന്റെ കുറഞ്ഞത് 10^389 മടങ്ങ് സിങ്ക് [(2 x 10-9)/(3.5 x 10^-399)] അവർ പരീക്ഷണവിധേയമാക്കിയ ഒരൊറ്റ തുള്ളി മരുന്നിൽ ഉണ്ട്!!

ഇവിടെ സംഭവിച്ചിരിക്കാവുന്ന സാധ്യതകൾ:

 1. പഠനത്തിൽ അവർ കണ്ടെത്തിയിരിക്കുന്നത് മരുന്നിന്റെ കണങ്ങളല്ല- അതിനർത്ഥം പഠനഫലം റിപ്പോർട്ട് ചെയ്തിരിക്കുന്നത് തെറ്റായിട്ടാണ്
 2. ഈ പഠനത്തിൽ ഉപയോഗിച്ചിരിക്കുന്നത് 200c മരുന്നല്ല. ഒന്നുകിൽ തെറ്റായ സാമ്പിൾ തെരെഞ്ഞെടുപ്പ്, അല്ലെങ്കിൽ തെറ്റായ മരുന്നുണ്ടാക്കൽ.
 3. അവർ ഉപയോഗിച്ചിരിക്കുന്നത് 200c മരുന്ന് തന്നെ ആണെങ്കിൽ വല്ലാതെ inhomogenous ആണ്. അതായത് ഒരേ മരുന്ന് രണ്ട് വ്യത്യസ്ത ബോട്ടിലിൽ നിന്ന് എടുത്താൽ രണ്ടിലും ഉള്ള മരുന്നുകൾ പല ഗാഢതയും അതുകൊണ്ട് തന്നെ പല potency യും ഉള്ളതായിരിക്കും. അപ്പോൾ സ്വാഭാവികമായും ഒരു മരുന്നിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാനഗുണം അതിനില്ല!
 4. ഇനി മേൽപ്പറഞ്ഞ പ്രശ്നങ്ങളൊന്നും ഇവിടെ ഇല്ലാ എങ്കിൽ, അതായത് 200c മരുന്നിന്റെ ഒരു മില്ലിലിറ്ററിൽ 2000pg കണങ്ങൾ ശരിയ്ക്കും കണ്ടെത്തി എങ്കിൽ, ഹോമിയോപ്പതിയുടെ അടിസ്ഥാനമായ potency scale ഇവിടെ പ്രയോഗിക്കപ്പെട്ടിട്ടേയില്ല എന്നാണ് മനസിലാക്കേണ്ടത്. Dilution തെറ്റിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ, ഈ പഠനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹോമിയോ മരുന്നല്ല!
  വാൽക്കഷണം: ദയവായി അനുഭവകഥകളുടെ ഭാണ്ഡങ്ങളുമായി ആരും ഇങ്ങോട്ട് വരരുത്. എനിയ്ക്ക് ഹോമിയോപ്പതിയോടും ചാത്തൻസേവയോടും ഒന്നും വിരോധമില്ല. ജനസംഖ്യാ വർദ്ധനവും ഇന്ന് ഇൻഡ്യ നേരിടുന്ന ഒരു പ്രധാന പ്രശ്നം ആയതിനാൽ രോഗചികിത്സയിൽ നിന്നും ഈ ചികിത്സാസമ്പദായങ്ങളെയൊന്നും മാറ്റിനിർത്തണമെന്നും എനിക്കാഗ്രഹമില്ല, യേത്? 😉 ഇവിടെ പറഞ്ഞിരിക്കുന്ന കണക്കുകളിൽ എന്തെങ്കിലും പിഴവുണ്ടെങ്കിൽ മാത്രം ഹോമിയോക്കാർ സഹായിക്കുമല്ലോ. അതിൽ നിന്ന് മാറിയുള്ള ഒരു ചർച്ചയ്ക്കും താത്പര്യമില്ല]

ചില ഹോമിയോ ആരോപണങ്ങളും മറുപടികളും

ഹോമിയോപ്പതിയ്ക്കെതിരേ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് കീഴെ വന്ന കമന്റുകളിൽ ആവർത്തിക്കപ്പെട്ട ചില ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്. ഹോമിയോപ്പാത്തുകൾക്കെതിരേ കമന്റ് ഡിബേറ്റിന് പോകുന്നത്, ലോജിക്കൽ ഫാലസികളെക്കുറിച്ച് വല്ല പ്രോജക്റ്റും ചെയ്യാനാണെങ്കിൽ മാത്രമേ പാടുള്ളു എന്ന് പണ്ടേ പഠിച്ചതായതിനാലാണ് അവിടെ അപ്പപ്പോൾ മറുപടിയ്ക്ക് മുതിരാത്തത്. പറയാനുള്ളത് ഒരുമിച്ച് ഒരിടത്ത് തന്നെ പറയുന്നതാണല്ലോ എല്ലാവർക്കും സൗകര്യം. ‘കള്ളന് ഏത് വഴിയേ വേണേലും ഓടാം, പോലീസിന് കള്ളന്റെ പിറകേ തന്നെ ഓടണം’ എന്ന പ്രശ്നമുള്ളതിനാൽ ഇത്തിരി നീളം കൂടിയ എഴുത്താണ്. അന്ധമായ ഹോമിയോഭക്തിയോ ശാസ്ത്രവിരോധമോ ഉള്ളവരോട് ഇവിടെ ഒന്നും തന്നെ പറയാനുദ്ദേശിച്ചിട്ടില്ല. എതിർത്തും അനുകൂലിച്ചുമുള്ള വാദങ്ങൾ കണ്ട് ആകെ കൺഫ്യൂഷനായിട്ടുള്ളവരെ മാത്രമേ മുന്നിൽ കണ്ടിട്ടുള്ളൂ. അങ്ങനെയുള്ളവർക്ക് ഒരു തീരുമാനമെടുക്കാൻ ഇത് സഹായിക്കും എന്ന് കരുതുന്നു. പ്രധാന ആരോപണങ്ങളെ ഓരോന്നായി പരിശോധിയ്ക്കാം.

ഹോമിയോപ്പതിയ്ക്കെതിരേ മനഃപൂർവം വ്യാജപ്രചരണം നടത്തുന്നു

‘വ്യാജം’ എന്നാൽ അടിസ്ഥാനരഹിതം എന്നാണല്ലോ അർത്ഥം. ഹോമിയോയ്ക്കെതിരേ ഞാൻ ഉയർത്തുന്ന വാദങ്ങൾ ആ ലേബലിൽ വരുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള മാർഗം, പറയുന്നതിന് തെളിവുണ്ടോ എന്ന് നോക്കലാണ്. ഹോമിയോപ്പതിയുടെ അടിസ്ഥാനം സാമ്യം സാമ്യത്തിനെ സുഖപ്പെടുത്തുന്നു, നേർപ്പിക്കും തോറും മരുന്നിന്റെ വീര്യം കൂടുന്നു എന്നീ രണ്ട് പരമാബദ്ധ സിദ്ധാന്തങ്ങളിലാണ് എന്നത് ബോധ്യപ്പെടാൻ ഏതെങ്കിലും ഹോമിയോപ്പതി പുസ്തകം എടുത്ത് വായിച്ചാൽ മതി. മാവോ സേ തൂങ് അമേരിക്കൻ പ്രസിഡന്റായിരുന്നു എന്നും പറഞ്ഞ് ഒരു ചരിത്രപുസ്തകം ചർച്ച തുടങ്ങിയാൽ അത് മണ്ടത്തരമാണോ അല്ലയോ എന്ന് തീരുമാനിയ്ക്കാൻ ആ പുസ്തകം മൊത്തം വായിക്കേണ്ട കാര്യമുണ്ടോ? ഹോമിയോപ്പതിയുടെ വീര്യംകൂട്ടൽ പ്രക്രിയ വഴി 100c വരെ പൊട്ടൻസി എത്തിയ മരുന്നിൽ മരുന്നിന്റെ ഒരു തന്മാത്ര പോലും ഉണ്ടാകാൻ സാധ്യതയില്ല. അത് അഞ്ചാം ക്ലാസ് സയൻസാണ്. ഓരോ ഘട്ടത്തിലും നൂറ് മടങ്ങ് ലയിപ്പിക്കുന്ന പൊട്ടൻറ്റൈസേഷൻ പ്രക്രിയയെ ഏതെങ്കിലും ഹോമിയോ ഡോക്ടർമാർ നിഷേധിയ്ക്കുന്നുണ്ടെങ്കിൽ അവർ മുന്നോട്ട് വരട്ടെ. അല്ലാതെയുള്ള ഒരു ആശയത്തർക്കത്തിനും വകുപ്പില്ല. കാരണം ഒന്നും ഒന്നും കൂട്ടിയാൽ മൂന്നേമുക്കാലാണെന്ന് പറയുന്നവരോട് കണക്ക് തർക്കിക്കാൻ പോകുന്നത് അതിലും വലിയ മണ്ടത്തരമാണ്. ഹോമിയോപ്പതി സിദ്ധാന്തങ്ങൾ ശരിയാണെങ്കിൽ, ഫിസിക്സിലേയും കെമിസ്ട്രിയിലേയും ബയോളജിയിലേയും ഒട്ടുമിക്ക അടിസ്ഥാനസിദ്ധാന്തങ്ങളും തെറ്റാണെന്നാണ് അർത്ഥം. ഇക്കണ്ട ശാസ്ത്രപുരോഗതികളൊക്കെ കൺമുന്നിൽ നിൽക്കുമ്പോൾ അങ്ങനെ വിചാരിയ്ക്കാൻ നിങ്ങൾക്ക് സാധിയ്ക്കുമോ? എന്തായാലും, ബിരുദാനന്തരതലം വരെ ശാസ്ത്രം പഠിപ്പിക്കുന്ന എനിയ്ക്കതിന് തീരെ നിർവാഹമില്ല.

സയൻസിന് മനസിലാകാത്തതെല്ലാം തെറ്റാണെന്ന അഹങ്കാരം വെച്ചാണ് ഹോമിയോയെ എതിർക്കുന്നത്.

അതിൽ അഹങ്കാരത്തിന്റെ അംശമൊന്നും ഇല്ല. മനസിലാവാത്ത കാര്യങ്ങളുണ്ടെന്ന് അംഗീകരിയ്ക്കുന്ന സ്വഭാവം സയൻസിന് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. അതുകൊണ്ടാണ് മോഡേൺ മെഡിസിൻ പുസ്തകങ്ങൾ കാലാകാലങ്ങളിൽ പരിഷ്കരിയ്ക്കപ്പെടുന്നതും, മറ്റ് ചികിത്സാരീതികൾ ഇന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പുസ്തകങ്ങൾ അതേപടി പിൻതുടരുന്നതും. അതെന്തായാലും, ഹോമിയോ ഫലപ്രദമായ ചികിത്സയല്ല എന്ന് പറയുന്നത് അതിന്റെ അടിസ്ഥാനസിദ്ധാന്തങ്ങൾ സയൻസിന് നിരക്കാത്തതായതുകൊണ്ട് മാത്രമല്ല. ഹോമിയോപ്പതിയുടെ പ്രയോഗക്ഷമതയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. അവയുടെയെല്ലാം ആകെത്തുകയായിട്ടാണ് ഹോമിയോപ്പതി മരുന്നുകൾ കാര്യമായ ഒരു ചികിത്സാഫലവും ഉളവാക്കുന്നില്ല എന്ന് തെളിഞ്ഞത്. മരുന്ന് കഴിയ്ക്കലും, രോഗം ഭേദമാകലും അടുത്തടുത്ത് സംഭവിച്ചതുകൊണ്ട് മാത്രം മരുന്ന് രോഗം മാറ്റി എന്ന നിഗമനത്തിൽ എത്താനാകില്ല. ഒരു മരുന്ന് രോഗം മാറ്റുന്നുണ്ടോ എന്ന് പരിശോധിയ്ക്കുന്നതിന് മറ്റ് പല സാധ്യതകളും പരിശോധിയ്ക്കണം.

ലളിതമായ ഒരു ഉദാഹരണം പറഞ്ഞാൽ ഒരേ രോഗമുള്ള നൂറ് പേരെ നാം പഠനവിധേയമാക്കുന്നു. അതിൽ അമ്പത് പേർക്ക് മരുന്ന് കൊടുക്കുന്നു, ബാക്കി അമ്പത് പേർക്ക് മരുന്ന് എന്ന പേരിൽ പ്രത്യേകിച്ച് ഫലമൊന്നും ഇല്ലാത്ത ഒരു വസ്തു-അതിനെ പ്ലാസിബോ എന്ന് വിളിയ്ക്കാം- കൊടുക്കുന്നു. നൂറ് പേരിൽ ആർക്കും തന്നെ താൻ കഴിച്ചത് മരുന്നാണോ പ്ലാസിബോ ആണോ എന്ന് അറിയില്ല. അതിന്റെ റോക്കോഡ് വേറെയാണ് സൂക്ഷിക്കുന്നത്. മരുന്നിന്റെ കോഴ്സ് കഴിയുമ്പോൾ താഴെ കാണുന്ന ചോദ്യങ്ങൾക്കാണ് നാം ഉത്തരം തേടുന്നത്

i. മരുന്ന് കഴിച്ചവരിൽ എത്ര പേർക്ക് രോഗം മാറി
ii. പ്ലാസിബോ കഴിച്ചവരിൽ എത്ര പേർക്ക് രോഗം മാറി
iii. മരുന്ന് കഴിച്ചവരിൽ രോഗം മാറാത്തവർ എത്ര
iv. പ്ലാസിബോ കഴിച്ചിട്ട് രോഗം മാറാത്തവർ എത്ര

ഈ കണക്കെടുപ്പിൽ മരുന്ന് കഴിച്ചിട്ട് രോഗം മാറിയവർ പ്ലാസിബോ കഴിച്ചിട്ട് രോഗം മാറിയവരെക്കാൾ ഗണ്യമായ തോതിൽ കൂടുതലാകുക, മരുന്ന് കഴിച്ചിട്ടും രോഗം മാറാത്തവർ വളരെ കുറച്ച് മാത്രം ഉണ്ടാകുക തുടങ്ങിയ കാര്യങ്ങൾ എല്ലാം കൂടി പരിഗണിച്ചാൽ മാത്രമേ പ്രസ്തുത മരുന്ന് ഫലപ്രദമാണെന്ന് കരുതാൻ കാരണമാകുന്നുള്ളു. വ്യക്തിപരമായ അനുഭവങ്ങൾ കൊണ്ട് ഈ വിധിനിർണയം സാധിയ്ക്കില്ല. അതിന് കൃത്യമായി നടത്തപ്പെട്ട പഠനങ്ങൾ തന്നെ വേണ്ടിവരും. ഞാൻ മരുന്ന് കഴിച്ചു രോഗം മാറി, എനിയ്ക്കറിയാവുന്ന കുറേ പേര് മരുന്ന് കഴിച്ചു രോഗം മാറി, അതുകൊണ്ട് ഹോമിയോ മരുന്ന് ഫലിയ്ക്കും എന്ന നിഗമനത്തിലേയ്ക്ക് നിങ്ങൾ എത്തിച്ചേർന്നു എങ്കിൽ, പെന്തെക്കോസ്ത് രോഗശാന്തി ശുശ്രൂഷ വഴി രോഗം മാറിയവർ എത്രപേരുണ്ട് എന്ന് നിങ്ങളൊന്ന് അന്വേഷിച്ച് നോക്കുക. അവരുടേയും നിങ്ങളുടേയും കൈയിലുള്ളത് ഒരേതരം തെളിവുകളാണ് എന്ന് മനസിലാവും. ഹോമിയോ മരുന്ന് കൊണ്ട് അരിമ്പാറ മാറിയവരേയും, മരുന്നൊന്നും ചെയ്യാതെ അരിമ്പാറ മാറിയവരേയും ഞാൻ ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ ഹോമിയോവിശ്വാസി, ആദ്യത്തെ കൂട്ടരെ മാത്രം ശ്രദ്ധിയ്ക്കുകയും ഹോമിയോയ്ക്ക് തെളിവായി ഇത്തരം അനുഭവസാക്ഷ്യങ്ങളെ കണക്കാക്കുകയും ചെയ്യും. മരുന്നൊന്നും ചെയ്യാതെ അത് മാറിയവരെ കൂടി പരിഗണിയ്ക്കാൻ ശാസ്ത്രീയമായ അന്വേഷണത്തിന് തയ്യാറുള്ളവർക്കേ സാധിയ്ക്കൂ. ഹോമിയോപ്പതി ഭൂരിഭാഗം ശാസ്ത്രീയപഠനങ്ങളിലും പരാജയപ്പെട്ടതായാണ് ചരിത്രം. ഓസ്ട്രേലിയ, ബ്രിട്ടൻ, സ്വിറ്റ്സർലാൻഡ് എന്നീ സർക്കാരുകളുടെ ഔദ്യോഗിക പഠനറിപ്പോർട്ട് തന്നെ ഹോമിയോപ്പതി ഫലപ്രദമല്ല എന്ന നിഗമനത്തിൽ എത്തിയിട്ടുണ്ട്. അതേ കാരണം കൊണ്ടാണ് മാരകമായ രോഗങ്ങൾക്ക് ഹോമിയോ ഉപയോഗിയ്ക്കരുത് എന്ന് ലോകാരോഗ്യസംഘടന തന്നെ മുന്നറിയിപ്പ് തന്നിരിക്കുന്നതും.

ഹോമിയോക്കാരുടെ കഞ്ഞികുടി മുട്ടിയ്ക്കാൻ മരുന്ന് മാഫിയ കാശുകൊടുത്ത് എഴുതിയ്ക്കുന്നു

ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നവരോടോ ഉപയോഗിക്കുന്നവരോടോ വ്യക്തിപരമായ യാതൊരു വിരോധവും എനിയ്ക്കില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി എനിയ്ക്ക് വേണ്ടപ്പെട്ട ഒരുപാട് പേർ ഈ രണ്ട് കൂട്ടത്തിലുമായിട്ട് ഉണ്ട് താനും. വ്യക്തികളെയല്ല, ആശയങ്ങളെയാണ് എതിർക്കുന്നത്. ഹോമിയോയിലെ പൊള്ളത്തരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ഹോമിയോവൈദ്യം പഠിയ്ക്കാൻ ചെല്ലുന്നവരാണ് മിക്ക ഹോമിയോ ഡോക്ടർമാരും. പഠനം കഴിഞ്ഞ്, പഠിച്ചതിലെ പൊള്ളത്തരം മനസിലായാലും ഇല്ലെങ്കിലും കൈയിലിരിക്കുന്ന പ്രൊഫഷണൽ ഡിഗ്രി വച്ച് ജീവിയ്ക്കാനേ അവർ നോക്കൂ. (പൊള്ളത്തരം മനസിലാവണമെങ്കിൽ പ്ലസ് ടൂ വരെയുള്ള സയൻസ് പാഠങ്ങൾ എൻട്രൻസ് ട്രിക്സിന്റെ രൂപത്തിലല്ലാതെ പഠിയ്ക്കേണ്ടി വരും എന്നത് വേറെ കാര്യം. എൻട്രൻസ് പരീക്ഷ കൂടുതൽ ബുദ്ധിമുട്ടാക്കാമെന്നല്ലാതെ ഫിസിക്സും കെമിസ്ട്രിയും കൊണ്ട് വേറെന്ത് പ്രയോജനമെന്ന് ചോദിച്ച ഹോമിയോ ഡോക്ടർ ഫെയ്സ്ബുക്കിലുണ്ട്!). അതിലവരെ കുറ്റം പറയാനുമാവില്ല. ജീവിതത്തിലെ ഏറ്റവും ഊർജസ്വലമായ നാലോ അഞ്ചോ വർഷങ്ങൾ ചെലവഴിച്ചാണ് അവരാ ഡിഗ്രി നേടിയത്. കൂട്ടത്തിൽ പാതിയ്ക്ക് പഠനം നിർത്തിയവരും, പഠനം കഴിഞ്ഞ് മറ്റ് ജോലികൾക്ക് പോയവരും ഉണ്ട്. (ഇതെന്റെ അനുഭവസാക്ഷ്യം ആണ്. വസ്തുനിഷ്ഠമായ തെളിവായി പരിഗണിയ്ക്കണമെന്നില്ല. കൂട്ടത്തിൽ പറഞ്ഞുവെന്നേ ഉള്ളൂ. ഇവിടെ വർഷാവർഷം BHMS പാസ്സാകുന്നവരുടെ എണ്ണവും, ഹോമിയോ ഡോക്ടർമാരായി പ്രാക്റ്റീസ് ചെയ്യുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എങ്ങോട്ട് പോകുന്നു എന്നൊന്ന് പരിശോധിയ്ക്കാവുന്നതാണ്) അതുകൊണ്ട് കെണിയിലേയ്ക്ക് എടുത്ത് ചാടുന്നതിന് മുൻപ് അവരെ ബോധ്യപ്പെടുത്താനായാൽ അതൊരു വലിയ കാര്യമാണെന്നേ ഞാൻ പറയൂ. അതിനായി എൻട്രൻസ് റാങ്ക് ഹോൾഡേഴ്സിന് ലഘുലേഘ വിതരണം ചെയ്യാനുള്ള ശ്രമം മരുന്ന് മാഫിയയുടെ കാശ് വാങ്ങിയുള്ളതാണെന്ന് വരുത്തിത്തീർക്കുന്ന ഹോമിയോപ്പാത്തുകളുടെ മാനസികാവസ്ഥയും എനിയ്ക്ക് മനസിലാവും.
ഇവിടെ ഹോമിയോ എന്നല്ല, സകല ഇതരചകിത്സകരുടേയും സ്ഥിരം പരിവേദനമാണ് മോഡേൺ മെഡിസിനിലെ മരുന്ന് മാഫിയ. മാഫിയ പോലെ പെരുമാറുന്ന മരുന്ന് കമ്പനികളേയും അവർ രോഗചികിത്സാരംഗത്ത് ചെയ്യാൻ സാധ്യതയുള്ള അപകടങ്ങളേയും ഞാനൊരിയ്ക്കലും നിഷേധിക്കില്ല. അതൊരു യാഥാർത്ഥ്യമാണ്. പക്ഷേ ഒന്ന് ചോദിച്ചോട്ടെ, എങ്ങനെയാണ് മോഡേൺ മെഡിസിനിൽ മാഫിയകൾ ഉണ്ടാകുന്നത്? മരുന്ന് വിറ്റ് കൊള്ളലാഭമുണ്ടാക്കാനുള്ള സാധ്യത മോഡേൺ മെഡിസിനിൽ മാത്രമേ ഉള്ളോ? MBBS പഠിച്ചിറങ്ങുന്ന കുട്ടികളെല്ലാം ഭീകരൻമാരും, BHMS, BAMS പഠിച്ചിറങ്ങുന്നവരെല്ലാം സ്വാഭാവികമായി സാത്വികരും ആകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്താണ് ഹോമിയോ, സിദ്ധ, ആയുർവേദ മരുന്നുകളിലൊന്നും പിടിമുറുക്കാൻ കുത്തകകൾ ശ്രമിക്കാത്തത്? എന്തുകൊണ്ടാണ് ഫലപ്രദവും അതേസമയം സുരക്ഷിതവുമെന്ന് അവകാശപ്പെടുന്ന ഇതരമരുന്നുകളിൽ മാഫിയകൾ ഉണ്ടാകാത്തത്? സിമ്പിൾ ലോജിക്കാണ് സുഹൃത്തേ, ഫലപ്രദമെന്ന് ഉറപ്പുള്ള മരുന്നുകളിലാണ് കുത്തകകൾ പിടിമുറുക്കാൻ ശ്രമിക്കുന്നത്. മാഫിയകൾ എന്ന ദുഃസാഹചര്യം ആ ഒരർത്ഥത്തിൽ മോഡേൺ മെഡിസിന്റെ കാര്യക്ഷമതയുടെ തെളിവാണ്. ഇവിടെ പ്രശ്നം സയന്റിഫിക്കല്ല, എത്തിക്കലാണ്. അവിടെ അധികാരവും നിയമനിർവഹണ സംവിധാനവും ഉപയോഗിക്കേണ്ടിവരും. അത് തടയേണ്ടതും മോണിറ്റർ ചെയ്യേണ്ടതുമൊക്കെ ഭരണകൂടങ്ങളുടെ ചുമതലയാണ്. അവരത് ചെയ്യുന്നില്ല എങ്കിൽ നിങ്ങളുടെ പ്രതിഷേധം അവിടെയാണ് ചെലവാക്കേണ്ടത്. അരിയിൽ കല്ലുണ്ടെങ്കിൽ കല്ല് നീക്കം ചെയ്യാനാണ് ശ്രമിയ്ക്കേണ്ടത്, അരി ഉപേക്ഷിച്ച് എന്തെന്നോ എതെന്നോ അറിയാത്ത വസ്തുക്കൾ വാരി ഭക്ഷിയ്ക്കാനല്ല.

ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിയ്ക്കണം. മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്നൊരു ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നിന് വ്യക്തമായ ഒരു പേര് കാണും. ഇന്നത്തെ കാലത്ത് ആ പേരൊന്ന് ഇന്റർനെറ്റിൽ പരതിയാൽ അതിൽ എന്തൊക്കെ രാസവസ്തുക്കൾ ഉണ്ട്, അതിന്റെയൊക്കെ കെമിക്കൽ ആക്ഷൻ എന്താണ്, അതിന്റെ ഡോസേജ്, പാർശ്വഫലങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ കിട്ടും. ഒരുപക്ഷേ ഡോക്ടർ എന്ന മനുഷ്യന് ഒരു തെറ്റുപറ്റിയാൽ ആ വഴിയ്ക്ക് അത് കണ്ടുപിടിയ്ക്കാനും തിരുത്താനും വരെ സാധ്യതകളുണ്ട്. ഹോമിയോയിലോ? പഞ്ചാരമുട്ടായിയിൽ ഡോക്ടർ ഒഴിച്ചുതരുന്ന സാധനം എന്താണെന്നറിയാൻ മാർഗമുണ്ടോ? ഡോക്ടർക്ക് മരുന്ന് മാറിപ്പോയാൽ നിങ്ങൾക്കോ ഡോക്ടർക്കോ പിന്നീടത് തിരിച്ചറിയാൻ സാധ്യതകളുണ്ടോ? ആ അവസ്ഥയിൽ ഇതിൽ
ഏത് മെഡിസിനെയാണ് സത്യത്തിൽ നിങ്ങൾ സൂക്ഷിക്കേണ്ടത്?

മോഡേൺ മെഡിസിൻ മനുഷ്യനെ കീറി മുറിയ്ക്കുന്നു, പ്രതിരോധശേഷി തകർക്കുന്നു
ഈ വാദവും ഇന്നൊരു ഫാഷനായി മാറിയിട്ടുണ്ട്. മാന്യമായി പറഞ്ഞാൽ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയതാണ് എന്ന് വിശേഷിപ്പിക്കാം അതിനെ. ഏതെങ്കിലും ഒരു സർക്കാർ മെഡിക്കൽ കോളേജിൽ പോയി അവിടെ ഒരു ദിവസം അഡ്മിറ്റ് ചെയ്യപ്പെടുകയും ഡിസ്ചാർജ് ചെയ്യപ്പെടുകയും ചെയ്യുന്ന ആളുകളുടെ കണക്കൊന്ന് എടുത്ത് നോക്കുക. വേണ്ട, മടിയുള്ളവർ, വെറുതേ ഒരു മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ ചെന്ന് അര മണിക്കൂർ നിൽക്കുക. അവിടെ ഏതൊക്കെ കോലത്തിൽ എത്ര പേർ ആ സമയം കൊണ്ട് ആമ്പുലൻസുകളിൽ വന്നിറങ്ങുന്നു എന്ന് നോക്കുക. ചതഞ്ഞും ഒടിഞ്ഞും വാരിക്കൂട്ടി എടുത്തുകൊണ്ട് വരപ്പെടുന്ന എത്ര ശരീരങ്ങൾ അവിടന്ന് മനുഷ്യരായി തിരിച്ച് പോകുന്നു എന്നൊന്ന് കാണുക. ഇനി ഇതേ നിൽപ്പ് ഒരു ഹോമിയോ

ആശുപത്രിയുടെ മുന്നിൽ നിൽക്കുന്നതായി സങ്കല്പിച്ചാലോ? പറയണ്ടല്ലോ അല്ലേ?

ഒരു അത്യാഹിതം വന്നാൽ ഏത് കൊമ്പത്തെ ഹോമിയോ ഡോക്ടറും ഓടുന്നത് മേഡേൺ മെഡിസിന്റെ അടുത്തോട്ടാണ്. റോഡിൽ വണ്ടിയിടിക്കുന്നവരും, മരത്തിൽ നിന്ന് വീഴുന്നവരും, ഹൃദയാഘാതം വരുന്നവരും, പല്ലുവേദന എടുക്കുന്നവരും ഒക്കെ അതേ ദിശയിലാണ് ഓടുക. മോഡേൺ മെഡിസിൻ വാർഡുകൾ ദൈന്യതയുടെ അസ്വസ്ഥമായ കാഴ്ചയും, ഹോമിയോ ആശുപത്രികൾ സ്വസ്ഥമായ കാഴ്ചയും ആകുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആദ്യത്തെ ഇടത്തെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തിലേയും അവരുടെ പ്രശ്നത്തിന്റെ ഗൗരവത്തിന്റേയും ബാഹുല്യമാണ് അത് കാണിയ്ക്കുന്നത്. ഇതിനെ ഇതരചികിത്സകർ വ്യാഖ്യാനിയ്ക്കുന്നത് വളരെ രസകരമായ രീതിയിലാണ്, “ഞങ്ങൾ രോഗത്തിന്റെ മൂലകാരണത്തെയാണ് ചികിത്സിക്കുന്നത്. അതുകൊണ്ട് അത് സമയമെടുത്തേ കുറയൂ”. ഹൃദയാഘാതം വന്ന് മരിയ്ക്കാൻ പോകുന്ന ആളിനും ഉണ്ടാകുമല്ലോ സർ ഒരു മൂലകാരണം, അതിനെയെന്തേ ചികിത്സിക്കാൻ പറ്റില്ല? അടിയന്തിരഘട്ടങ്ങളിൽ തങ്ങളുടെ മരുന്ന് ഫലിയ്ക്കാത്തത്, അതിന് ഫലമില്ലാത്തതുകൊണ്ടല്ല, പതുക്കെയായതുകൊണ്ടാണെന്ന് വിശ്വസിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. രോഗം സ്വാഭാവികമായോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ കുറയുമ്പോൾ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ അവർ മുന്നിൽ കാണുകയും ചെയ്യും.
മോഡേൺ മെഡിസിൻ വളർന്നശേഷം മനുഷ്യരാശിയ്ക്ക് വന്നിട്ടുള്ള മാറ്റം കൺമുന്നിലുണ്ട്. പോളിയോ ബാധിച്ചവരേയും വസൂരി ബാധിച്ചവരേയും ദിനംപ്രതി കണ്ടുകൊണ്ടിരുന്ന ഒരു തലമുറ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ശരാശരി ആയുർദൈർഘ്യത്തിൽ വന്ന വർദ്ധനവും, ശിശുമരണനിരക്കിൽ വന്ന കുറവും, ജനസംഖ്യയിൽ വന്ന വർദ്ധനവും വ്യക്തമായ കണക്കുകളായി മുന്നിൽ കിടപ്പുണ്ട്. മോഡേൺ മെഡിസിൻ ഇല്ലായിരുന്നെങ്കിൽ ജനിയ്ക്കുകയേ ചെയ്യുമായിരുന്നില്ലാത്ത ആളുകളാണ്, ഇന്ന് മോഡേൺ മെഡിസിനെ കുറ്റം പറഞ്ഞ് രസിയ്ക്കുന്നതിൽ പലരും എന്നതാണ് രസം. സയൻസ് വളർന്ന്, മേലനങ്ങാതെ പണിയെടുക്കാനും മുട്ടില്ലാതെ വേണ്ടതിലധികം തിന്നാനും സാഹചര്യമൊരുങ്ങിയപ്പോൾ ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ വാരിക്കൂട്ടി അതിന്റെ പഴി കൂടി സയൻസിന്റെ തലയിൽ തന്നെ കെട്ടിവെക്കുന്നതാണ് ഇന്നത്തെ കാഴ്ച. തിന്നത് എല്ലിന്റെ ഇടയിൽ കയറുന്നു എന്ന് പറഞ്ഞതും അതുകൊണ്ടാണ്.

മോഡേൺ മെഡിസിൻ കൈവിട്ട കേസുകളാ ഹോമിയോക്കാര് ചീള് പോലെ ശരിയാക്കുന്നത്

കേൾക്കാൻ ഗുമ്മുള്ള അവകാശവാദമാണ്. ഒറ്റനോട്ടത്തിൽ ചിലപ്പോൾ ശരിയാണെന്ന് തോന്നുകയും ചെയ്യും. പക്ഷേ ആ വാദത്തിലേയ്ക്ക് (‘മോഡേൺ മെഡിസിൻ കൈവിട്ട കേസുകൾ’) ഒന്ന് സൂക്ഷിച്ച് നോക്കിയാൽ തന്നെ ഒരു കാര്യം വ്യക്തമാകും – ഇവരൊക്കെ ആദ്യം പോയത് മോഡേൺ മെഡിസിന്റെ സഹായം തേടിയാണ്. അവിടന്ന് ഫലം കിട്ടാതെ വന്നപ്പോഴാണ് ഇവർ ഹോമിയോയിലോ മറ്റോ എത്തുന്നത്. ആദ്യം മോഡേൺ മെഡിസിൻ തേടി എത്ര പേർ പോകുന്നു എന്നറിയാൻ നേരത്തേ പറഞ്ഞ മോഡേൺ മെഡിസിൻ സർക്കാരാശുപത്രിയുടെ മുന്നിൽ ചെന്ന് വെറുതേ വായിനോക്കി നിൽക്കുന്ന പരീക്ഷണം ചെയ്യാമല്ലോ. അവിടെ പലപ്പോഴും ശ്വാസം കിട്ടാത്ത തിരക്കായിരിക്കും. ഇതിൽ കുറേ പേർ ‘മോഡേൺ മെഡിസിൻ കൈവിട്ട കേസു’കളായി** ഹോമിയോ തേടി പോകന്നു എന്നിരിക്കട്ടെ. (ഡോക്ടർക്ക് രോഗം തിരിച്ചറിയാൻ പറ്റിയില്ല, വേറെ രോഗമാണെന്ന് തെറ്റിദ്ധരിച്ചു…എന്നിങ്ങനെ പല വിധ സാധ്യതകൾ അവിടുണ്ട്) ഇനി ഹോമിയോ ആശുപത്രികളിലെ തിരക്ക് നോക്കിയാൽ അതിനെക്കുറിച്ചൊരു ധാരണ കിട്ടും. അങ്ങനെ വരുന്ന നൂറ് പേരിൽ അഞ്ച് പേരുടെ രോഗം ഭേദമായാൽ മതി, ഈ അഞ്ച് പേരും ചേർന്ന് അഞ്ഞൂറ് പേരോട് ഇക്കാര്യം പറയും. രോഗം എങ്ങനെ ഭേദമായി എന്നറിയാൻ ഓരോ കേസിലും വളരെ സൂക്ഷ്മാംശങ്ങളിലേയ്ക്ക് ചെന്ന് പരിശോധിയ്ക്കേണ്ടിവരും. പക്ഷേ രോഗം ഭേദമായിക്കഴിഞ്ഞാൽ പിന്നെ അതൊന്നും ചികഞ്ഞ് പോകാൻ ആരും മെനക്കെടില്ല. എല്ലാം അവസാനമായി കഴിച്ച മരുന്നിന്റെ ഫലമാണെന്ന് അങ്ങ് അനുമാനിയ്ക്കും, അത്രേയുള്ളൂ. ഭേദമാകാത്ത ബാക്കി തൊണ്ണൂറ്റഞ്ച് പേർക്കും യാതൊരുവിധ റെക്കോഡും ഉണ്ടാകില്ല. അവർ ഹോമിയോ ഡോക്ടർക്ക് പരസ്യം കൊടുക്കാനോ അയാളെ കുറ്റപ്പെടുത്താനോ നിൽക്കില്ല. കാരണം ഇനിയും രോഗം മാറാത്ത അവർ അടുത്ത ചികിത്സാ ഓപ്ഷൻ തേടി പരക്കം പായുകയാവും. ഇതിന്റെ ആകെത്തുക മനസ്സിൽ ചിത്രീകരിച്ച് നോക്കൂ. നിങ്ങൾ കൂടുതൽ കേൾക്കുന്നത് രോഗം മാറിയ കഥകളായിരിക്കും. അപ്പോൾ സ്വാഭാവികമായും നിങ്ങൾ ചിന്തിക്കുക, “ഇതിൽ എന്തോ ഉണ്ട്” എന്നായിരിക്കും. അതിൽ ആരെയും കുറ്റപ്പെടുത്താനാവില്ല. ഒരുപക്ഷേ നിസ്സാരമായ പനി, ജലദോഷം, ദഹനക്കേട് തുടങ്ങി മിക്കവാറും ശരീരം താനേ ഭേദമാക്കുന്ന രോഗങ്ങൾക്ക് ഹോമിയോ ഗുളികകൾ കഴിയ്ക്കുന്നത് നല്ലതായേക്കാം. കാരണം എന്തിനും ഏതിനും മരുന്ന് വാങ്ങി കഴിയ്ക്കുക എന്നൊരു ദുശ്ശീലം പലർക്കുമുണ്ട്. ഹോമിയോ മരുന്നാകുമ്പോൾ പ്രവർത്തനമൊന്നും ഉണ്ടാകാൻ സാധ്യത ഇല്ലാത്തതുകൊണ്ട് അക്കാര്യത്തിൽ സുരക്ഷിതവുമാണ്. പക്ഷേ ക്യാൻസർ, പ്രമേഹം പോലുള്ള ഗൗരവകരമായ രോഗങ്ങൾ ഉള്ളവർ ഇത്തരം പരസ്യങ്ങളിൽ വീണ്, മോഡേൺ മെഡിസിൻ ഉപേക്ഷിച്ച് മുള്ളാത്തയെന്നും പഞ്ചസാരമുട്ടായിയെന്നും പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ട് മരണപ്പെടുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. എന്റെ വ്യക്തിപരമായ സർക്കിളിൽ തന്നെ അങ്ങനെ കുറേ പേരുണ്ട്. (വീണ്ടും അനുഭവസാക്ഷ്യമാണ്. സ്വയം അന്വേഷിച്ച് നോക്കിയിട്ട് മുഖവിലയ്ക്കെടുത്താൽ മതിയാകും). ദൗർഭാഗ്യവശാൽ അതിനൊന്നും പ്രചാരം കിട്ടാറില്ല. അന്തരിച്ച നടൻ ജിഷ്ണു രാഘവനെപ്പോലെ പ്രശസ്തനായ ഒരാൾ മുള്ളാത്ത കഴിച്ച് ക്യാൻസർ രോഗം വഷളായ കാര്യം പ്രസിദ്ധപ്പെടുത്തിയിട്ട് പോലും അതിന് വേണ്ടത്ര പ്രചാരം
കിട്ടിയില്ല. ബാക്കിയുള്ളവരുടെ കാര്യം പിന്നെ പറയണോ?

(**ഇവിടെ വേറൊന്നുകൂടി ഉണ്ട്. ‘ഒരുപാട് ഡോക്ടർമാരെ കാണിച്ചു, ഒരു കുറവുമില്ല’ എന്നതാണ് പരിചയക്കാരുടെ ഇടയിലെ ചർച്ചാവിഷയമാകുന്നത്, ‘അസുഖം വന്നു, ഡോക്ടറെ പോയി കണ്ടു, രോഗം മാറി’ എന്നത് ചർച്ചാ വിഷയമാകാൻ സാധ്യതയില്ല. അതായത്, മോഡേൺ മെഡിസിൻ ഡോക്ടറെ പോയി കണ്ട്, കുഴപ്പങ്ങളൊന്നുമില്ലാതെ ചികിത്സിച്ച് ഭേദമാക്കുന്ന കേസുകൾക്കൊന്നും സാധാരണഗതിയിൽ പ്രചാരം കിട്ടാറില്ല. ഡോക്ടർക്ക് പറ്റുന്ന അബദ്ധങ്ങൾക്ക് പ്രചാരം കിട്ടും. അതുകൊണ്ട് കൂടുതൽ കേൾക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും അതാകും. മോഡേൺ മെഡിസിൻ മൊത്തം കുഴപ്പമാണെന്നൊരു തോന്നൽ അങ്ങനെ നാമറിയാതെ ഉള്ളിൽ കടന്നുകൂടും. ഇതിന്റെ കൂടെ ഡോക്ടർമാരുടെ അബദ്ധം കാരണം രക്ഷപെടാതെപോയ നൂറുപേരിൽ അഞ്ച് പേരുടെ രോഗം വേറെയാരെയെങ്കിലും കണ്ട ശേഷം ഭേദമായാലോ? അത് അതിലും വലിയ വാർത്തയാകും. അതോടെ “മോഡേൺ മെഡിസിൻ അയ്യോ! മറ്റേ മെഡിസിൻ അയ്യാ!” എന്നൊരു ഇംപ്രഷന് ആക്കം കൂടും.)

ഈ സാഹചര്യത്തിലാണ് ഹോമിയോ പോലുള്ള പൊള്ളവൈദ്യങ്ങൾക്കെതിരേ ശബ്ദമുയർത്തേണ്ടി വരുന്നത്. ഞാൻ ഈ പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാനല്ല നിങ്ങളോട് ആവശ്യപ്പെടുന്നത്, ഇതിൽ സത്യമുണ്ടോ എന്ന് സ്വയം അന്വേഷിയ്ക്കാനാണ്. ഒരിയ്ക്കൽ ഹോമിയോയും ഒരു നല്ല ചികിത്സാരീതിയാണ് എന്ന് കരുതിയിരുന്ന ഞാൻ, ഇന്ന് ഇത്രയൊക്കെ അതിനെതിരേ എഴുതുന്ന സാഹചര്യത്തിൽ എത്തിയിട്ടുണ്ടെങ്കിൽ, അതിന് വേണ്ടി കുറേ ഏറെ വായിയ്ക്കുകയും അന്വേഷിയ്ക്കുകയും ചെയ്തിട്ടാണ്. അതിന് വേണ്ടി കുറേ മെനക്കെട്ടിട്ടുമുണ്ട്. അതല്ലാ, ഇതൊക്കെ മരുന്ന് മാഫിയക്കാര് പൈസ തന്ന് എഴുതിക്കുന്നതാണെന്ന് കണ്ണുമടച്ച് വിശ്വസിച്ച് തള്ളിക്കളയാനാണ് നിങ്ങൾക്ക് തോന്നുന്നത് എങ്കിൽ അതുമാകാം. ചോയ്സ് നിങ്ങളുടേതാണ്. ജനസംഖ്യാവർദ്ധനവും ഇൻഡ്യ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് എന്നതാണ് ഞാനവിടെ പോസിറ്റീവായി കാണുന്നത്.

ഒരു ഹോമിയോ ഡോക്ടർക്ക് കോവിഡ് വരുന്നതിനെ കുറ്റപ്പെടുത്താൻ പറ്റില്ല. വൈറസ്സാണ്, എത്ര ശ്രദ്ധിച്ചാലും അത് നമ്മളെ ബാധിക്കാനുള്ള സാധ്യത പൂർണമായും ഇല്ലാതാകുന്നില്ല.
പിന്നെ ഇവിടെ ഈ വാർത്ത ഷെയർ ചെയ്യാനുള്ള കാരണം?

 1. മനുഷ്യരാശി ആദ്യമായിട്ട് ഒരു രോഗം തിരിച്ചറിഞ്ഞാൽ പിറ്റേന്ന് അതിന് പ്രതിരോധ മരുന്ന് വികസിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന, മന്ത്രിതലത്തിൽ അത് പരസ്യപ്പെടുത്തുന്ന കൂട്ടരാണ് ഹോമിയോപ്പതിക്കാർ. അപ്പോപ്പിന്നെ ഹോമിയോ ചികിത്സ തേടിയവരേയും ഡോക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരേയും തപ്പിപ്പിടിക്കേണ്ട ഗതികേട് വരാൻ പാടില്ലാത്തതാണ്. പക്ഷേ വന്നു!
 2. ഹോമിയോപ്പതിക്കാർ പരസ്യം മാത്രമല്ല, ആ മരുന്ന് തന്നെ നേരിട്ടും വീടുവീടാന്തരം വിതരണം ചെയ്തിട്ടുണ്ട്. അവരിലാരെങ്കിലും കോവിഡ് ബാധിതരാണെങ്കിൽ, അത് ഫലത്തിൽ ‘കൊറോണവിതരണം’ ആയിത്തീരും. അതിന്റെ പണിയും വരുന്നത് ആധുനികവൈദ്യത്തിലെ മെഡിക്കൽ സ്റ്റാഫിനാണ്. ‘ആറ് മാസമായിട്ടും വാക്സിൻ വരാത്തതെന്താ? ചികിത്സിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാത്തതെന്താ?’ എന്നൊന്നും ഹോമിയോക്കാരോട് ആരും ചോദിക്കാറില്ലല്ലോ! അത്രയേ ഉള്ളൂ അക്കൗണ്ടബിലിറ്റി.
  ലോകം മുഴുവൻ ആരോഗ്യപ്രവർത്തകരെയും മെഡിക്കൽ ഗവേഷകരേയും ഉറ്റുനോക്കുന്ന സാഹചര്യത്തിൽ, ‘രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റീഷനേഴ്സ്’ എന്ന ബോർഡും വെച്ച് ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്ന മാനസികാവസ്ഥ അല്പം ബുദ്ധിമുട്ടുള്ളത് തന്നെയാണ്.

തീരെ ചെറിയ പ്രായത്തിൽ പൊള്ളത്തരമാണെന്നറിയാതെ നാല് വർഷത്തിലധികം നീണ്ട പ്രൊഫണൽ കോഴ്സിന് തലവെച്ച ആളുകളാണ്, അവരുടെ തൊഴിലാണത്. അതിനെ തള്ളിപ്പറയുക എന്നത് എളുപ്പമല്ല. അതുകൊണ്ട് ഹോമിയോപ്പതിക്കാർ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാനായി പ്രതിരോധമരുന്ന് പരസ്യം ചെയ്യുന്നതും, വിതരണം ചെയ്യുന്നതും കാണുമ്പോൾ “അവർക്കും ജീവിക്കണമല്ലോ” എന്നുവേണം മനസ്സിലാക്കാൻ. പക്ഷേ അതൊക്കെ വിശ്വസിച്ച് അഞ്ചാം ക്ലാസ്സിലെ സയൻസും കണക്കും എടുത്ത് തോട്ടിൽ കളയുമ്പോൾ, ‘നിങ്ങൾക്കും ജീവിക്കണമല്ലോ’ എന്ന കാര്യം മറക്കാതിരിക്കുക.