പ്രശ്നങ്ങൾ തിരിച്ചറിയുന്നത്ര ലളിതമല്ല അവയ്ക്ക് പരിഹാരം കണ്ടെത്തുന്നത്

430

Vaisakhan Thampi എഴുതുന്നു 

പല പ്രഭാഷണവേദികളിലും സദസ്യരിൽ നിന്നും ഏതെങ്കിലും സാമൂഹ്യ പ്രശ്നം എങ്ങനെ പരിഹരിയ്ക്കാം എന്നൊരു ചോദ്യം കേൾക്കാറുണ്ട്. അഴിമതി എങ്ങനെ ഇല്ലാതാക്കാം, കപടവൈദ്യങ്ങളെ എങ്ങനെ തടയാം, ജനങ്ങളിൽ ശാസ്ത്രബോധം എങ്ങനെ ഉണ്ടാക്കാം… ഇതിനൊക്കെ പത്ത് മിനിറ്റിൽ പറയാവുന്ന ഒരു പരിഹാരമാർഗം ശരിയ്ക്കും അവർ പ്രതീക്ഷിക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ, അവരെ നിരാശപ്പെടുത്തിക്കൊണ്ട് ഒഴിഞ്ഞു മാറുകയാണ് സ്ഥിരം രീതി. കാരണം, പ്രശ്നങ്ങൾ തിരിച്ചറിയുന്നത്ര ലളിതമല്ല അവയ്ക്ക് പരിഹാരം കണ്ടെത്തുന്നത്.

വില്ലവൽക്കരണം എന്ന പോപ്പുലർ അടവുനയത്തെ പറ്റി മുൻപും എഴുതിയിട്ടുണ്ട്. ഒരു പ്രശ്നത്തിന് ഉത്തരവാദിയായി ഒരു വില്ലനെ കണ്ടെത്തി അവരോധിക്കുന്നതോടെ പരിഹാരമായി എന്ന പൊതു മിഥ്യാധാരണയാണത്. ‘ചെർനോബിൽ’ എന്ന സീരീസ് കണ്ടവർ അതിലെ ഒരു സീൻ ഓർക്കുന്നുണ്ടാകും; ന്യൂക്ലിയർ സയന്റിസ്റ്റായ ലെഗസോവും മന്ത്രിമാരുടെ പ്രതിനിധി ഷെർബീനയും ആദ്യമായി ദുരന്തസ്ഥലം സന്ദർശിക്കുമ്പോൾ, അവിടെ സൂപ്പർവൈസറും ചീഫ് എഞ്ജിനീയറും അവരെ സ്വാഗതം ചെയ്തുകൊണ്ട് അഭിമാനപൂർവം ഒരു പേപ്പർ കഷണം കൈമാറും- ”Here’s a list of individuals who we think are accountable”. ഉത്തരവാദികളെ കിട്ടീട്ടുണ്ട്, ഇനി അധികമൊന്നും ചെയ്യാനില്ല എന്നാണ് ഭാവം. ഇത് തന്നെയാണ് പൊതുരീതി. ഒരാളെയോ ഒരു വിഭാഗത്തെയോ അടർത്തിമാറ്റി ഒരു പ്രശ്നത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കുമ്പോൾ ഒരു ആശ്വാസമുണ്ടാകും.

എന്തിനെയെങ്കിലും അല്ലെങ്കിൽ ആരെയെങ്കിലും ഒരു പ്രശ്നത്തിന് ഉത്തരവാദിയായി തിരിച്ചറിയാൻ പറ്റിയാൽ പരിഹാരം എളുപ്പമാകും എന്നത് ശരിയാണ്. പക്ഷേ എന്റെ വീക്ഷണത്തിൽ, മിക്ക സാമൂഹ്യപ്രശ്നങ്ങളുടേയും വില്ലനെ അന്വേഷിച്ച് പോയാൽ ചെന്നെത്തുന്നത് അംഗീകരിക്കാൻ അത്ര സുഖകരമല്ലാത്ത, തിരുത്തൽ തീരെ എളുപ്പമല്ലാത്ത ഒരു വില്ലനിലാണ്- ഞാനും നിങ്ങളും ഉൾപ്പെടുന്ന പൊതുജനം! അതിൽ രാഷ്ട്രീയക്കാർ, പോലീസുകാർ, കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർ, പി.ഡബ്ള്യൂ.ഡി. എഞ്ജിനിയർമാർ എന്നിങ്ങനെ അതിരിട്ട് ലേബലടിക്കാൻ പറ്റിയ മാനദണ്ഡങ്ങളൊന്നും കാണാനില്ല.

കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ ‘കൊലപാതക ഡ്രൈവിങ്ങി’നെ പറ്റിയുള്ള അപലപനത്തിന്റെ ട്രെൻഡ് പരിഗണിക്കാം. മട്ട് കണ്ടാൽ സാധാരണ മനുഷ്യർ സ്വച്ഛന്ദം സമഭാവനയോടും അച്ചടക്കത്തോടും കൂടി വാഹനമോടിക്കുന്ന ഒരു നാട്ടിലേയ്ക്ക് ഏതോ അന്യഗ്രഹത്തിൽ നിന്ന് ‘ബാർബേറിയൻമാരായ’ കുറേ ഡ്രൈവർമാരെ കൊണ്ടുവന്നാണ് കെ.എസ്.ആർ.ടി.സി. വണ്ടിയോടിപ്പിക്കുന്നത് എന്നേ തോന്നൂ! ബൈക്ക് മുതൽ കണ്ടെയ്നർ ലോറി വരെ ഏകോദര സഹോദരങ്ങളെപ്പോലെ തോന്ന്യാസം കാണിക്കുന്ന നാടാണ് നമ്മുടേത്. പ്രത്യക്ഷത്തിൽ തോന്ന്യാസവിഷയത്തിൽ ഒരു ‘ഡിവിഷൻ ഓഫ് ലേബർ’ ഉണ്ടെന്ന് തോന്നിയേക്കാം. ഉദാഹരണത്തിന്, നിന്ന നിൽപ്പിൽ വെട്ടിത്തിരിയൽ ഓട്ടോക്കാരുടെ മാത്രം പ്രശ്നമാണെന്നും ലോറിക്കാർ അക്കാര്യത്തിൽ ഡീസന്റാണെന്നും തോന്നിയേക്കാം. എന്നാൽ ഓട്ടോ തിരിയുന്നത് പോലെ തിരിയാൻ കഴിയുന്ന വണ്ടിയല്ല ലോറി എന്നത് മാത്രമാണ് അതിന് കാരണം. കണ്ട ഗ്യാപ്പിലേക്കെല്ലാം തിരുകിക്കയറി ബ്ലോക്ക് വഷളാക്കുന്നതിന്റെ പഴി ബൈക്കുകാർക്ക് കിട്ടുകയും കാറുകാർ ഡീസന്റായിരിക്കുകയും ചെയ്യുന്നത്, കാറിനെ ബൈക്കിനെപ്പോലെ തിരുകിക്കയറ്റാൻ ഫിസിക്കലി സാധ്യമല്ലാത്തതുകൊണ്ടാണ്. ബൈക്കുകാർ മരിയ്ക്കുന്നതിനും ബസ്സുകാർ കൊല്ലുന്നതിനും പഴി കേൾക്കും, കാരണം ഒരേ മനോഭാവത്തോടെ റോഡിലിറങ്ങിയാൽ ബൈക്കുകാർ മരിയ്ക്കാനും ബസ്സുകാർ കൊല്ലാനുമാണ് സാധ്യത കൂടുതൽ. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. ചുരുക്കത്തിൽ, ഒരു വിഭാഗത്തെ മാത്രം അടർത്തിമാറ്റി മര്യാദ പഠിപ്പിക്കുന്നതിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല അത്.

ഒരു സ്പെസിഫിക് ആയ സംഭവത്തിൽ ഒരു സ്പെസിഫിക്കായ കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കുന്നതും സമൂഹത്തിൽ നിന്ന് ആ സാധ്യത ഇല്ലാതാക്കുന്നതും തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ്. അഴിമതിയിലും അന്ധവിശ്വാസത്തിലും എന്നിങ്ങനെ മിക്ക പ്രശ്നങ്ങളിലും നാമെന്ന പൊതുജനത്തിന്റെ പൊതുബോധത്തിലും സംസ്കാരത്തിലുമൊക്കെയായി ആഴത്തിൽ വേരോടിയിരിക്കുന്ന വൈകല്യങ്ങളാണ് പ്രവർത്തിക്കുന്നത്. അതാണ് മാറേണ്ടത് എന്ന് പറയുമ്പോഴും അതെങ്ങനെ മാറ്റാം എന്ന് പറയാൻ ഇതെഴുതുന്നയാൾക്ക് അറിയില്ല.