എഴുതിയത് : Vaisakhan Thampi

കോലാഹലം കേട്ടാൽ ‘റോഡിൽക്കൂടി വണ്ടിയോടിക്കുന്നതിനുള്ള കൂലി’യായി പണമടയ്ക്കേണ്ടതിനെ പറ്റിയാണ് വാർത്ത എന്നേ തോന്നൂ. ട്രാഫിക് ‘നിയമലംഘന’ങ്ങൾക്കുള്ള പിഴയെ പറ്റിയാണ് എന്ന് തോന്നുകയേ ഇല്ല. എന്തൊക്കെയാണാ നിയമങ്ങൾ? തലകുത്തി നിന്ന് വണ്ടിയോടിക്കണം എന്നൊന്നുമല്ല. സീറ്റ് ബെൽറ്റിടണം, ഹെൽമറ്റ് വെക്കണം, വേഗപരിധി മറികടക്കരുത്, മദ്യപിച്ച് വണ്ടിയോടിക്കരുത്, എന്നിങ്ങനെ അവരവരുടേയും മറ്റുള്ളവരുടേയും ജീവൻ രക്ഷിക്കുന്നതിനുള്ള ചട്ടങ്ങളാണ് മിക്കതും. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യാവുന്നവ. പക്ഷേ ജീവൻ പോയാലും ഇതൊന്നും ചെയ്യില്ല (വേണേൽ തലകുത്തി നിന്ന് വണ്ടിയോടിക്കും!). സീറ്റ് ബെൽറ്റിട്ടാൽ ഷർട്ട് ഉടയും, ഹെൽമറ്റ് വച്ചാൽ മുടി കൊഴിയും എന്നിങ്ങനെ മുട്ടുന്യായങ്ങളുടെ ഘോഷയാത്രയാണ്. അതിലെ ഏറ്റവും വലിയ കോമഡി, ‘റോഡ് മോശമായതുകൊണ്ട് ഇതൊന്നും ചെയ്യില്ല’ എന്ന വാദമാണ്. എന്റളിയാ, റോഡ് മോശമാണെങ്കിലാണ് സെയ്ഫ്റ്റി കൂടുതൽ പ്രധാനപ്പെട്ട വിഷയമാകുന്നത് എന്നൊക്കെ സ്വയം പറയാമെന്നേ ഉള്ളൂ. ആര് കേൾക്കാൻ!

പിന്നെ വികസിതരാജ്യങ്ങളിൽ ഭീമൻ പിഴ നിലവിലുള്ളതുകൊണ്ടാണ് എല്ലാവരും നിയമം അനുസരിക്കുന്നതെന്നും, ഇവിടെയും പിഴ കൂട്ടിയാൽ ആളുകൾ നിയമം അനുസരിക്കുമെന്നും കരുതുന്നതും വെറും തോന്നലാണ്. നിയമവാഴ്ചയോടുള്ള ബഹുമാനം ഒരു ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിൽ വേറെയും നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നടക്കാൻ സാധ്യത, ‘രസീതടിച്ചാൽ ആയിരം, രസീതില്ലാതെയാണെങ്കിൽ എനിക്കൊരു അഞ്ഞൂറ് തന്നിട്ട് പോ’ എന്ന ലൈനാണ്. കാരണം നിയമപാലകരും നമ്മളിൽ പെട്ടവർ തന്നെയാകുന്നു, അന്യഗ്രഹത്തിൽ നിന്ന് വന്നവരല്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.