നിങ്ങൾ കാണുന്നത് ഒരു പൊട്ടാണ്, അത് വീടാണ്, അത് നമ്മളാണ്

505

Vaisakhan Thampi എഴുതുന്നു

1977-ൽ വിക്ഷേപിക്കപ്പെട്ട വോയേജർ-1 എന്ന ബഹിരാകാശപേടകം, സൗരയൂഥത്തെ കുറിച്ച് നിർണായകമായ അറിവുകൾ നമുക്ക് പറഞ്ഞുതന്ന ശേഷം പുറത്തേയ്ക്ക് പായുകയായിരുന്നു. അപ്പോഴാണ് പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന കാൾ സെയ്ഗൻ ഒരാശയം മുന്നോട്ട് വെക്കുന്നത്; എന്തായാലും വോയേജർ സൗരയൂഥം വിടുകയാണല്ലോ, അതിന്റെ ക്യാമറ ഉപയോഗിച്ച് ഭൂമിയുടെ ഒരു അവസാന ചിത്രം എടുക്കുകയാണെങ്കിലോ?

Vaisakhan Thampi
Vaisakhan Thampi

ശാസ്ത്രദൃഷ്ടിയിൽ ഒരു പ്രാധാന്യവുമുണ്ടാകാൻ സാധ്യതയില്ലാത്ത ഒരു ചിത്രമായിരിക്കും അതെന്ന് സെയ്ഗന് അറിയാമായിരുന്നു. കാരണം അവിടെനിന്ന് വോയേജറിന്റെ കണ്ണുകൾക്ക് വിശദാംശങ്ങളൊന്നും തിരിച്ചറിയാനാകാത്ത അത്രയും ചെറുതായി മാത്രമേ ഭൂമിയെ കാണാനാകുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെയാകണം, സെയ്ഗന്റെ ആ നിർദ്ദേശം അത്ര പെട്ടെന്നൊന്നും നടപ്പായില്ല. അദ്ദേഹമത് പറഞ്ഞ് ഏതാണ്ട് പത്ത് വർഷം കഴിഞ്ഞാണ് അത്തരമൊരു ഫോട്ടോ എടുക്കാൻ നാസ തയ്യാറായത്. ‘തയ്യാറായത്’ എന്നുപറഞ്ഞാൽ ഔദ്യോഗിക തീരുമാനങ്ങളെടുത്ത്, പേടകത്തിനെ ചിത്രമെടുക്കാൻ സജ്ജമാക്കുന്ന റേഡിയോ കമാൻഡുകൾ തയ്യാറാക്കി, പേടകത്തിലേയ്ക്ക് അയച്ച് അതിനെ ‘തയ്യാറെടുപ്പിക്കുന്ന’ ജോലി പൂർത്തിയായ കാര്യമാണ്. നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു ആ ജോലിയ്ക്ക്; അത്രയും ദൂരെ നിന്ന് നോക്കുമ്പോൾ ഭൂമി സൂര്യനോട് തൊട്ടടുത്തായിരിക്കും, വോയേജറിന്റെ സെൻസർ കേടുവരാൻ സാധ്യതയുണ്ട്. സൗരയൂഥത്തിന്റെ അതിർത്തിയോളം പോന്ന ദൂരത്തിൽ, അതിവേഗതയിൽ പായുന്ന പേടകവുമായി സന്ദേശവിനിമയം നടത്തുന്നതും ശ്രമകരമായിരുന്നു. പക്ഷേ ഒടുവിൽ ആ ചിത്രം എടുക്കുക തന്നെ ചെയ്തു.1990 ഫെബ്രുവരി 14-ന്, ഭൂമിയിൽ നിന്ന് ഏതാണ്ട് 600 കോടി കിലോമീറ്റർ ദൂരെ വച്ച്, മണിക്കൂറിൽ 64,000 കിലോമീറ്റർ വേഗതയിൽ പാഞ്ഞുകൊണ്ടിരിക്കേ വോയേജർ ഭൂമിയുടെ ഒരു ഫോട്ടോ എടുത്തു. ആ ഫോട്ടോയാണ് ചിത്രത്തിൽ.

‘എവിടെ? ഭൂമിയെവിടെ?’ എന്നാണോ തിരയുന്നത്. കഷ്ടപ്പാടുണ്ട് കണ്ടുപിടിക്കാൻ. ഈ ചിത്രത്തിൽ ഭൂമിയ്ക്ക് കഷ്ടിച്ചൊരു പിക്സലിന്റെ (pixel) വലിപ്പമേയുള്ളൂ. ആ വലത്തേയറ്റത്തെ ഇളംചുവപ്പ് നിറത്തിൽ കാണുന്ന ബാൻഡിൽ സൂക്ഷിച്ച് നോക്കിയാൽ, മങ്ങിയ ഒരു നീല കുത്ത് (A pale blue dot) കാണാം. അതാണ് ഭൂമി! ആ വർണബാൻഡുകൾ, ഭൂമിയ്ക്ക് തൊട്ടടുത്തായിരുന്ന സൂര്യന്റെ പ്രകാശം ക്യാമറയിൽ തട്ടി ഉണ്ടായ കൃത്രിമദൃശ്യം മാത്രമാണ്.

ഈ ഫോട്ടോഗ്രാഫിന് ശാസ്ത്രീയ അറിവിലേയ്ക്ക് ഒന്നും സംഭാവന ചെയ്യാനാകില്ല എന്ന് വ്യക്തമാണ്. പക്ഷേ ശാസ്ത്രജ്ഞാനത്തിൽ നിന്ന് നാം ആർജിക്കേണ്ട ഒരു വലിയ തിരിച്ചറിവ് ഈ ചിത്രത്തിലുണ്ട്. അത് സെയ്ഗനെക്കാൾ നന്നായി ഒരുപക്ഷേ ആർക്കും പറയാനാകില്ല. അദ്ദേഹത്തിന്റെ തന്നെ വാചകങ്ങൾ ഉദ്ധരിച്ചാൽ:

“അതിവിദൂര ബാഹ്യാകാശത്തുനിന്ന് ആ ചിത്രം പകർത്തുന്നതിൽ നാം വിജയിച്ചു. അതിലേയ്ക്ക് നോക്കിയാൽ നിങ്ങൾ കാണുന്നത് ഒരു പൊട്ടാണ്. നോക്കൂ, അതവിടുണ്ട്. അത് വീടാണ്. അത് നമ്മളാണ്. അവിടെയാണ്, നിങ്ങൾ കേട്ടിട്ടെങ്കിലുമുള്ള എല്ലാവരും, ഓരോ മനുഷ്യജീവിയും, ജീവിച്ചിരുന്നത്. മനുഷ്യവർഗത്തിന്റെ ചരിത്രത്തിലെ, നമ്മുടെ സന്തോഷങ്ങളുടേയും യാതനകളുടേയും കൂമ്പാരവും, കെട്ടുറപ്പുള്ള ആയിരക്കണക്കിന് മതങ്ങളും, പ്രത്യയശാസ്ത്രങ്ങളും സാമ്പത്തികപ്രമാണങ്ങളും, എല്ലാ വേട്ടക്കാരും കൊള്ളക്കാരും, എല്ലാ വീരരും ഭീരുക്കളും, എല്ലാ സംസ്കാരസംരക്ഷകരും സംസ്കാരഭഞ്ജകരും, എല്ലാ രാജാക്കൻമാരും കർഷകരും, അനുരക്തരായ എല്ലാ യുവ പ്രണയജോഡികളും, പ്രതീക്ഷാലുക്കളായ എല്ലാ കുട്ടികളും, എല്ലാ അച്ഛൻമാരും അമ്മമാരും, എല്ലാ ആവിഷ്കർത്താക്കളും പര്യവേഷകരും, എല്ലാ ആത്മീയാചാര്യൻമാരും, അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരും, എല്ലാ സൂപ്പർസ്റ്റാറുമാരും, എല്ലാ പരമാധികാരികളും, എല്ലാ സന്യാസിമാരും പാപികളും, സൂര്യപ്രകാശത്തിൽ പൊന്തിക്കിടക്കുന്ന ആ ഒരു തരിയിലായിരുന്നു…”

 

Advertisements
Previous articleസെലിബ്രിറ്റികൾ വേട്ടയാടപ്പെടുമ്പോൾ
Next articleസ്ത്രീവിരുദ്ധത നിറഞ്ഞ 10 സിനിമകൾ !
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.