“നിങ്ങടെ അവിടൊക്കെ ഭയങ്കര പ്രശ്നമാ അല്ലേ?”

0
75

Vaisakhan Thampi

“നിങ്ങടെ അവിടൊക്കെ ഭയങ്കര പ്രശ്നമാ അല്ലേ?”

ഈ സമയത്തും ഇങ്ങനെ ചോദിക്കാൻ പോന്ന അവബോധമേ കോവിഡിനെ പറ്റി പലർക്കും ഉള്ളൂ. പൂന്തുറയെന്നോ പുലാമന്തോളെന്നോ, കൊല്ലമെന്നോ കോഴിക്കോടെന്നോ, ഇൻഡ്യയെന്നോ ഇന്തോനേഷ്യയെന്നോ പോലുമുള്ള അതിര് തിരിക്കൽ വെറുമൊരു മായയാണ്. ഭരണസൗകര്യത്തിനുള്ള ഒരു പേപ്പർ വർക്ക്. സമുദ്രവും പർവതവും പോലുള്ള ഭീമൻ ഭൂമിശാസ്‌ത്ര തടസ്സങ്ങൾക്ക് പോലും മനുഷ്യരെ വേർതിരിച്ച് നിർത്താൻ കഴിയാത്ത കാലത്താണ് നാം ജീവിക്കുന്നത്.

‘നിങ്ങടെ അവിടെ’യും ‘ഞങ്ങടെ ഇവിടെ’യും ഒന്നും വൈറസിനില്ല എന്ന് മനസിലാക്കിയേ പറ്റൂ. ഡിസംബറിൽ അങ്ങകലെ വൂഹാൻ എന്ന ചൈനീസ് സംസ്ഥാനത്ത് ഇത് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അത് കാരണം ഒരു ദിവസം തങ്ങൾ ട്രിപ്പിൾ ലോക്ഡൗണിലാകും എന്ന് കരുതിയ കേരളീയർ ആരെങ്കിലും ഉണ്ടായിരുന്നോ? കേരളത്തെ പേടിച്ച് അതിർത്തിയിൽ മണ്ണിട്ടടച്ച കർണ്ണാടകക്കാർ എന്താകും കരുതിയിട്ടുണ്ടാവുക? അത് തന്നെയാണ്, ഈ അവസ്ഥയിലും ഒരു പഞ്ചായത്തിലിരുന്ന് അടുത്ത് പഞ്ചായത്തിനെ കുറിച്ച് വിചാരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ കഷ്ടം. ഒരുമിച്ച് ജോലി ചെയ്യുന്ന ആളെ നോക്കി, ‘നിങ്ങളുടെ അവിടെയാണല്ലോ കേസ് കൂടുതൽ, നിങ്ങളെയപ്പോ സൂക്ഷിക്കണമല്ലോ’ എന്ന് കോമഡിയടിച്ച ചീല ടീംസ് പിറ്റേ ആഴ്ച കണ്ടെയ്ൻമെന്റ് സോണിലായ സംഭവങ്ങൾ തന്നെ കുറേയുണ്ട്. പൊന്ന് സാറേ, കോവിഡ് ലങ്ങ് ലവിടത്തെ വാർത്തയല്ല, ദേ ദിങ്ങ് ദിവടെയുണ്ട് സാധനം!

പലർക്കും വാർത്ത മാത്രമായിരുന്ന കോവിഡ് -19 വൈറസ്, ഇപ്പോൾ തൊട്ടടുത്ത വീട്ടിലോ പടിവാതിൽക്കലോ വരെ എത്തിക്കഴിഞ്ഞു. എന്നാൽ ഏത് ടെൻഷനും കൂടുതൽ കാലം നിൽക്കുന്തോറും മയപ്പെടുമെന്നപോലെ, നാല് മാസത്തോളമായപ്പോൾ ഇനിയിപ്പോ എന്ത് വേണേൽ വരട്ടെ എന്ന അപകടകരമായ ലാഘവബുദ്ധിയിലേയ്ക്കും വന്നിട്ടുണ്ട് കാര്യങ്ങൾ. ഇനിയും നമ്മൾ പേടിക്കുന്നില്ല എങ്കിൽ അത് തന്നെയാണ് പേടിക്കാനുള്ള ആദ്യത്തെ കാരണം. ഓർക്കുക, നമ്മൾ മലയാളികളിനിയും ഒരു ഔട്ട്ബ്രേക്കിന്റെ ‘തനിക്കൊണം’ കണ്ടിട്ടില്ല, ഇതൊന്നുമല്ല അത്.

(ഇതിനിടെ ‘പിണറായി എല്ലാവരേയും രക്ഷിക്കുമെന്നല്ലേ പറഞ്ഞത്, വന്ന് രക്ഷിക്കട്ട്’ എന്നൊക്കെ ഡയലോഗടിച്ച് ഇറങ്ങി വിരകുന്ന വീരൻമാരേയും കണ്ടു. അണ്ണൻ കട്ടക്കാങ്ക്രസ്സാണെന്ന് വൈറസിന് അറിയാമെന്നാണ് അണ്ണൻ കരുതുന്നത്. Hopeless!)