ഇറ്റ്സ് വെരി സിമ്പിൾ!

318

വൈശാഖൻ തമ്പി എഴുതുന്നു

ഇറ്റ്സ് വെരി സിമ്പിൾ!

ചില കാര്യങ്ങൾ വളരെ സിമ്പിളാണ് എന്ന് നമ്മൾ പറയാറുണ്ട്. പക്ഷേ, സത്യത്തിൽ ഈ ലളിതം അഥവാ സിമ്പിൾ എന്ന വാക്കുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ലാളിത്യത്തിന്റെ അർത്ഥമന്വേഷിച്ച് ഡിക്ഷനറിയെടുത്താൽ ‘ബൗദ്ധികമായ അധ്വാനമില്ലാതെ, എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന (easily understood without difficulty)’ എന്ന അർത്ഥമാണ് നമുക്ക് കിട്ടുക. കേൾക്കുമ്പോൾ അതിൽ ദുരൂഹമായി ഒന്നുമില്ലെങ്കിലും, ഇത്തിരി കുഴഞ്ഞുമറിഞ്ഞതാണ് അക്കാര്യം. പ്രത്യേകിച്ച് അതിലെ ‘മനസിലാക്കുക’ എന്ന ഭാഗം.

നമ്മൾ പലപ്പോഴും മനസിലായി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു കാര്യത്തിന്റെ വിശദീകരണം നമുക്ക് പരിചയമുള്ള വസ്തുക്കളുടേയോ സാഹചര്യങ്ങളുടേയോ ഒക്കെ രൂപത്തിൽ വിഘടിക്കപ്പെട്ട് കാണുമ്പോഴാണ്. അത് എത്രത്തോളം പെട്ടെന്ന് സാധിക്കുന്നുവോ അത്രത്തോളം ഒരു കാര്യം ലളിതമാണ് എന്ന് നമുക്ക് തോന്നും. പക്ഷേ ഒരു ശാസ്ത്രവിദ്യാർത്ഥിയെ സംബന്ധിച്ച് കാര്യം അത്ര എളുപ്പമല്ല. ചിരപരിചയം എന്നത് ലാളിത്യത്തിന്റെ മാനണ്ഡമല്ല അവിടെ.

ഉദാഹരണത്തിന്, പണ്ട് വിദ്യാർത്ഥികളുമായി ശാസ്ത്രം സംസാരിക്കവേ, ചുറ്റും നോക്കി അവിടെ കാണുന്ന എന്തിനെയെങ്കിലും കുറിച്ച് ഒരു ചോദ്യം ചോദിയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കുട്ടി ചോദിച്ച ചോദ്യം പരിഗണിക്കാം. മേശപ്പുറത്തിരിക്കുന്ന ഒരു തടിച്ച പുസ്തകം ചൂണ്ടിക്കാണിച്ച് അയാൾ ചോദിച്ചു- “എന്തുകൊണ്ടാണ് ആ പുസ്തകം അനങ്ങാത്തത്?”

ഓർത്തുനോക്കൂ, നിങ്ങളാ ചോദ്യത്തിന് എന്തുത്തരമാണ് പറയാൻ സാധ്യത? ഇതൊരു വളരെ ‘ലളിതമായ’ ചോദ്യമല്ലേ? ചിരപരിചിതമായ ആ സാഹചര്യത്തിന്റെ ലാളിത്യം കാരണം ആ ചോദ്യം തന്നെ പ്രസക്തമാണോ എന്ന സംശയം ഉണ്ടാകാൻ സാധ്യതയുണ്ട്. പക്ഷേ സാഹചര്യം വല്ലാതെ സ്വാഭാവികവും പരിചിതവും ആണെന്നതുകൊണ്ട് മാത്രം ചോദ്യം അസാധുവാകുന്നില്ല. അതിന് ഉത്തരമുണ്ട്. ഒരുപക്ഷേ അത്ര ലളിതമായിരിക്കണമെന്നില്ല എന്നേയുള്ളൂ.

ചോദ്യത്തിന് ഉത്തരം പറയാൻ കുട്ടികളോട് തന്നെ ആവശ്യപ്പെട്ടപ്പോൾ മിക്കവരും കുഴങ്ങി. ഒരുപക്ഷേ അവർ കരുതിയത് ചോദ്യം ചോദിക്കുന്നതോടെ അവരുടെ പണി കഴിഞ്ഞെന്നാണ്. എങ്കിലും ചില മിടുക്കർ ‘പുസ്തകത്തിന് ജീവനില്ലാത്തതുകൊണ്ട്’ എന്ന ഉത്തരവുമായി വരിക തന്നെ ചെയ്തു. ലളിതമായ ഉത്തരം, അല്ലേ? ജീവനുള്ളതൊക്കെ താനേ അനങ്ങും എന്ന ചിരപരിചിതമായ കാര്യത്തിൽ നിന്നാണ് ആ ലളിതമായ ഉത്തരം വരുന്നത്. ലാളിത്യം പരിചയവുമായി വല്ലാതെ ബന്ധപ്പെട്ടിരിക്കുന്നു.

പക്ഷേ വരട്ടെ. മേശപ്പുറത്ത് തടിച്ച ബുക്കിന് പകരം ഒരു ചെടിച്ചട്ടിയിലെ ചെടിയായിരുന്നു എങ്കിലോ? ചെടിയും അനങ്ങാതെ നിന്നേക്കും. ചെടിയ്ക്ക് പക്ഷേ ജീവനുണ്ട്! അതേസമയം മേശപ്പുറത്ത് ഒരു ടിഷ്യൂ പേപ്പർ വച്ചിരുന്നാൽ നമുക്ക് അനുഭവവേദ്യമല്ലാത്ത ഒരു ചെറിയ കാറ്റടിച്ചാൽ അത് താനേ അനങ്ങുന്നതായി കാണാനും സാധിയ്ക്കും. അതിനർത്ഥം ടിഷ്യൂ പേപ്പറിന് ജീവൻ വെച്ചു എന്നല്ലാ താനും! അപ്പോൾ ആ ചോദ്യത്തിന് ജീവന്റെ സാന്നിദ്ധ്യവുമായി ബന്ധമില്ല.

അനങ്ങുക എന്നതുകൊണ്ട് നമ്മൾ ചലനത്തെയാണല്ലോ ഉദ്ദേശിക്കുന്നത്. ചലനത്തെ സംബന്ധിച്ച് സംസാരിക്കുന്ന പ്രകൃതിനിയമങ്ങൾ നമ്മൾ ഭൗതികശാസ്ത്രത്തിലാണ് പഠിയ്ക്കുന്നത്. ഇവിടെ നമുക്കവയെ വേണം പ്രയോജനപ്പെടുത്താൻ.

‘അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഒരു വസ്തു അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും’ എന്നൊരു കണ്ടെത്തലുണ്ട്. ന്യൂട്ടന്റെ ഒന്നാം ചലനനിയമം എന്നാണ് അത് അറിയപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ബലം (force) എന്ന അളവ് തന്നെ നിർവചിക്കപ്പെടുന്നത്. നിശ്ചലാവസ്ഥയ്ക്കോ നേർരേഖയിലൂടെയുള്ള സമാനമായ ചലനത്തിനോ മാറ്റം വരുത്താൻ കഴിയുന്ന അളവേതോ അതാണ് ബലം.

ഇത് നമുക്ക് നമ്മുടെ പുസ്തകത്തിന്റെ കാര്യത്തിലും പ്രയോഗിക്കാവുന്നതേയുള്ളൂ. നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഒരു വസ്തുവിന് അങ്ങനെ തന്നെ ഇരിക്കാൻ കഴിയുന്നത്, അതിന് മാറ്റം വരുത്താൻ പോന്ന ഒരു ബലം അവിടെ പ്രവർത്തിക്കുന്നില്ല എന്നതിനാലാണ്.

തീർന്നില്ല. പ്രശ്നം കൂടുതൽ വഷളാകാൻ പോകുകയാണ്. ഭൂമിയോളം പോന്നൊരു വസ്തുവിന്റെ പരിസരത്ത് ഒരു വസ്തുവിനും ഒളിയ്ക്കാൻ കഴിയാത്ത ഒരു ബലപ്രയോഗം നടക്കുന്നുണ്ട്. നമ്മളെയുൾപ്പടെ സകലവസ്തുക്കളേയും ഭൂമിയോട് ചേർത്ത് നിർത്തുന്ന ഗുരുത്വാകർഷണം (gravitational force) എന്ന ബലം. അത് പുസ്തകത്തിലും പ്രവർത്തിക്കുന്നുണ്ടാകും. അങ്ങനെയെങ്കിൽ പിന്നെങ്ങനെ പുസ്തകം നിശ്ചലാവസ്ഥയിൽ തുടരും?

ഒന്നാം ചലനനിയമത്തിലേയ്ക്ക് ഒന്നുകൂടി സൂക്ഷിച്ച് നോക്കൂ. വെറും ബലത്തെ പറ്റിയല്ല, അസന്തുലിതമായ ബാഹ്യബലത്തെ (unbalanced external force) കുറിച്ചാണ് അവിടെ പറയുന്നത്. പുസ്തകത്തെ സംബന്ധിച്ച് ഗ്രാവിറ്റി ബാഹ്യബലമാണ്. പക്ഷേ അത് അസന്തുലിതമാണോ എന്നതാണ് ഇനിയുള്ള ചോദ്യം. ആയിരുന്നെങ്കിൽ ഉറപ്പായും പുസ്തകം അനങ്ങിയേനെ. അപ്പോൾ ഗുരുത്വാകർഷണത്തെ സന്തുലനം ചെയ്യുന്ന (balance) മറ്റെന്തോ അവിടെ പ്രവർത്തിക്കുന്നുണ്ട്. ഗുരുത്വാകർഷണം താഴേയ്ക്ക് പ്രവർത്തിക്കുമ്പോൾ നേരേ മുകളിലേയ്ക്ക് പ്രവർത്തിക്കുന്ന എന്തോ ഒരു ബലം. എന്താണത്?

ആ മേശ അവിടെനിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നതായി സങ്കല്പിച്ചാൽ അത് മനസിലാകും. മേശ ഇല്ലാതാകുന്ന നിമിഷം പുസ്തകം താഴേയ്ക്ക് ചലിയ്ക്കാൻ തുടങ്ങും, അല്ലേ? അതിനർത്ഥം മേശയാണ് ആ എതിർബലം പ്രയോഗിക്കുന്നത്. ആ ബലം നമുക്കും അനുഭവിക്കാനാകും. കൈപ്പത്തി കൊണ്ട് മേശപ്പുറത്ത് അമർത്താൻ ശ്രമിച്ചാൽ മേശ അതിനെ ചെറുക്കാൻ ശ്രമിക്കുന്നതായി അറിയാമല്ലോ. നിങ്ങൾ എത്ര ബലത്തിലാണോ മേശയിൽ അമർത്തുന്നത് അത്ര തന്നെ ബലത്തിൽ മേശ നിങ്ങളുടെ കൈയേയും അമർത്തും. ന്യൂട്ടന്റെ മൂന്നാം ചലനനിയമം ആണവിടെ പ്രവർത്തിക്കുന്നത്- ‘ഏത് ബലത്തിനും തുല്യവും വിപരീതവുമായ ഒരു എതിർബലം ഉണ്ടാകും’.

ഇത്രയുമാകുമ്പോൾ, ന്യൂട്ടന്റെ ചലനനിയമങ്ങൾ പഠിച്ചിട്ടുള്ള ഒരാൾക്ക് ‘കാര്യം മനസിലായി, ലളിതമാണ്’ എന്ന് തോന്നിയേക്കും. എന്നാൽ അതും പരിചയം കാരണം തോന്നുന്ന ലാളിത്യമാണ്. തീർന്നില്ല, നിങ്ങൾ മേശപ്പുറത്ത് കൈവെക്കുമ്പോൾ എന്തുകൊണ്ടാണ് മേശ അതിനെ ചെറുക്കുന്നത്? എന്തുകൊണ്ട് കൈ മേശയിലൂടെ കടന്നുപോകുന്നില്ല എന്ന കാര്യം ഇനിയും വ്യക്തമാകാനുണ്ട്.

ഇനി ന്യൂട്ടന്റെ നിയമങ്ങൾക്കപ്പുറം വൈദ്യുതചാർജുകളെ സംബന്ധിച്ച ഇലക്ട്രോമാഗ്നെറ്റിക് പ്രതിഭാസങ്ങളിലേയ്ക്ക് കടക്കേണ്ടിവരും. കൈയേയും മേശയേയും ആറ്റങ്ങളാലാണ് നിർമിച്ചിരിക്കുന്നത്. എല്ലാ ആറ്റങ്ങളുടേയും പുറം ഭാഗം നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളുടെ ഒരു പടലമാണ്. സമാനചാർജുകൾ തമ്മിൽ വികർഷിക്കും (repel) എന്നതാണ് വൈദ്യുതകാന്തികതയുടെ അടിസ്ഥാനം തന്നെ. അതുകാരണം ആറ്റങ്ങളെ നിങ്ങൾക്ക് ഒരു പരിധിയ്ക്കപ്പുറം അടുത്തേയ്ക്ക് കൊണ്ടുവരാൻ കഴിയില്ല. കൈയിലേയും മേശയിലേയും ആറ്റങ്ങളിലെ ഇലക്ട്രോൺ പടലങ്ങൾ തമ്മിലുള്ള വികർഷണ ബലമാണ് ഇടയിലെ ഞെരുക്കമായി നിങ്ങൾക്ക് അനുഭവപ്പെടുന്നത്. You’re experiencing an electromagnetic force!

എന്തുകൊണ്ട് സമാനചാർജുകൾ വികർഷിക്കുന്നു എന്നതുൾപ്പടെയുള്ള നിരവധി ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഇനിയും കിടപ്പുണ്ട്. പക്ഷേ നിത്യജീവിതത്തിൽ പരിചയമുള്ള, അനുഭവിച്ചറിഞ്ഞിട്ടള്ള ഒന്നുമായും താരതമ്യം ചെയ്ത് പറയാവുന്നതല്ല അവയിൽ പലതും. അതുകൊണ്ട് തന്നെ അവയൊന്നും ലളിതമായി തോന്നാനും തീരെ സാധ്യതയില്ല.

ചുരുക്കിപ്പറഞ്ഞാൽ, ലളിതമെന്നോ അപ്രസക്തമെന്നോ തോന്നുന്ന മിക്ക കാര്യങ്ങളും സത്യത്തിൽ പരിചിതം എന്ന വിശേഷണത്തിന് മാത്രം അർഹമായവയാണ്. അതിനെ ലളിതമെന്ന് കരുതി അവഗണിക്കുന്നതിന് പകരം, അതിലപ്പുറമുള്ള ചോദ്യങ്ങൾക്ക് പിന്നാലെയുള്ള അന്വേഷണത്തിനിറങ്ങുമ്പോഴാണ് നമ്മൾ ശാസ്ത്രം പഠിച്ചുതുടങ്ങുന്നത്. അത്തരം അന്വേഷണങ്ങളാണ് രണ്ടോ മൂന്നോ നൂറ്റാണ്ടുകൾ കൊണ്ട് മനുഷ്യരാശിയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയത്.

Advertisements