Vaisakhan Thampi യുടെ സോഷ്യൽ മീഡിയ കുറിപ്പ്
ഫിസിക്സ് ക്ലാസിലൊക്കെ പഠിക്കുന്ന നെടുങ്കൻ സമവാക്യങ്ങൾ കൊണ്ട് ജീവിതത്തിൽ ആർക്കെങ്കിലും പ്രയോജനമുണ്ടോ? ഇതൊക്കെ എന്തിനാണ് പഠിക്കുന്നത്? അല്ലെങ്കിൽ ‘നമ്മുടെ വിദ്യാഭ്യാസത്തിൽ’ എന്തുകൊണ്ടാണ് ഇതൊക്കെ പഠിക്കേണ്ടിവരുന്നത്?
വളരെ സാധാരണമായ ഒരു ആവലാതിയാണിത്. ജീവിതത്തിൽ പ്രയോജനമൊന്നുമില്ലാത്ത എന്തൊക്കെയോ പഠിച്ചുകൂട്ടി ചടങ്ങ് തീർക്കുന്ന പരിപാടിയാണ് വിദ്യാഭ്യാസം എന്ന് പലരും പറയാറുണ്ട്. കോളജിൽ നിന്നും ഡ്രോപ്പൗട്ടായി ജീവിതവിജയം നേടിയ സക്കർബർഗ്, ബിൽ ഗേറ്റ്സ്, തുടങ്ങിയവരുടെ അപദാനം* കൂടി കൂട്ടിച്ചേർക്കുന്നതോടെ അത് സമ്പൂർണ്ണമാവും.
ശരിയാണ്, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിമർശിക്കപ്പെടേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. പക്ഷേ ഇപ്പറഞ്ഞത് അതിൽ പെടില്ല. ‘ജീവിതത്തിൽ പ്രയോജനമില്ലാത്ത’ മേൽപ്പറഞ്ഞതു പോലുള്ള സമവാക്യങ്ങൾ പഠിപ്പിക്കുന്ന ഒരു ടീച്ചർ എന്ന നിലയിലാണ് ഇതെഴുതുന്നത്. ഉത്തരത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ട്.
ഒന്ന് വളരെ കോംപ്ലക്സായ ഇത്തരം സമവാക്യങ്ങൾക്ക് സ്പെസിഫിക്കായി ബാധകമായ ഉത്തരമാണ്. അവയെ പത്താം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസത്തിൽ നിങ്ങൾ പഠിക്കില്ല. ഉന്നതവിദ്യാഭ്യാസത്തിന് പോയാൽ പോലും, നിങ്ങൾ ഹിസ്റ്ററിയോ സാഹിത്യമോ പോലുള്ള വിഷയങ്ങളൊക്കെയാണ് തെരെഞ്ഞെടുക്കുന്നത് എങ്കിൽ, അപ്പോഴും പഠിക്കില്ല. ഭൗതികശാസ്ത്രമോ ഗണിതശാസ്ത്രമോ പോലുള്ള വിഷയങ്ങളിലെ ഉന്നതവിദ്യാഭ്യാസം തെരെഞ്ഞെടുത്താലാണ് ഇവയെ നേരിടേണ്ടിവരിക. ഉപയോഗിച്ച വാക്ക് ശ്രദ്ധിക്കുമല്ലോ; തെരെഞ്ഞെടുപ്പ്! പൊതുവിദ്യാഭ്യാസത്തിൽ മാത്രമേ നിങ്ങൾക്ക് ചോയ്സ് ഇല്ലാതുള്ളൂ. അത് കഴിഞ്ഞുള്ളതെല്ലാം നിങ്ങളുടെ തന്നെ ചോയ്സാണ്.
ഉന്നതപഠനം ഒരു വിഷയത്തിൽ അക്കാദമികമായ താത്പര്യം ഉള്ളവർ ചെയ്യാൻ ശ്രമിക്കുന്ന പ്രവൃത്തിയാണ്. അതായത് ഉദാഹരണത്തിന് നിങ്ങൾ ഫിസിക്സിൽ ഉന്നതപഠനത്തിന് ഇറങ്ങിപ്പുറപ്പെട്ടാൽ നിങ്ങൾക്ക് ആ വിഷയം ഗൗരവമായി ആഴത്തിൽ പഠിക്കാൻ താത്പര്യമുണ്ട് എന്നാണർത്ഥം. ഒരു വിഷയം ബിരുദ-ബിരുദാനന്തര തലത്തിൽ ഉന്നതപഠനത്തിന് തെരെഞ്ഞെടുത്തിട്ട്, അതിന്റെ സങ്കീർണതകളും സാങ്കേതികതകളും അംഗീകരിക്കാൻ പറ്റില്ല എന്ന് പറയരുത്. ടി സമവാക്യങ്ങൾ നിത്യജീവിതത്തിൽ പ്രയോജനമില്ലാത്തതാകാം, പക്ഷേ ഫിസിക്സിൽ അക്കാദമിക താത്പര്യമുള്ളവർക്ക് അത് വേണ്ടതാണ്. അക്കാദമിക താത്പര്യമില്ലാതെ ഉന്നത പഠനത്തിന് വന്നിട്ട്, അത് വിഷയത്തിന്റെ കുഴപ്പമാണെന്ന് വിചാരിച്ചിട്ട് എന്തുകാര്യം! താത്പര്യമില്ലാതെ എന്തെങ്കിലും പഠിക്കേണ്ടിവരുന്നെങ്കിൽ അത് പഠിക്കുന്നവരുടെ ഗതികേട്** മാത്രമാണ്.
ഇനി ഉന്നതപഠനത്തിന് മുന്നേ തന്നെ പ്രയോജനമില്ലാത്ത പലതും പഠിക്കുന്നുണ്ടല്ലോ എന്ന് തോന്നാം. ഉദാഹരണത്തിന് പോളിനോമിയൽ, റാഡിക്കൽ, തുടങ്ങിയ പല ഗണിതപാഠങ്ങളും അത്തരത്തിലുള്ളതാണെന്ന് തോന്നിയേക്കാം. പക്ഷേ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തി ‘പഠനം’ ആണെന്ന് പഠിക്കുന്ന കുട്ടിയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ആവലാതി പറയുന്ന മുതിർന്നവർ തിരിച്ചറിയണം. ഡ്രൈവിങ്ങ് പഠിക്കുമ്പോൾ ഒരേ റൂട്ടിൽ തേരാപ്പാരാ വണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് എന്തിനാണ്? ലൈസൻസ് എടുക്കാൻ ‘H’ എടുക്കുന്നത് എന്തിനാണ്? രണ്ട് ജംഗ്ഷനുകൾക്കിടയിൽ ഷട്ടിലടിയ്ക്കാനോ ‘H’ ആകൃതിയിൽ ഓടിക്കാനോ അല്ലല്ലോ നാം ഡ്രൈവ് ചെയ്യുന്നത്! പഠനം മസ്തിഷ്കത്തിനുള്ളിൽ നടക്കുന്ന പ്രക്രിയയാണ്. നമ്മൾ വൈദഗ്ദ്ധ്യം നേടാൻ ഉദ്ദേശിക്കുന്ന പ്രവൃത്തിയ്ക്ക് അനുകൂലമായി തലച്ചോറിനെ പരുവപ്പെടുത്തുന്ന ധർമ്മമാണ് ഇത്തരം ‘അനാവശ്യ’കാര്യങ്ങൾക്കുള്ളത്.
പോളിനോമിയലും ഫങ്ങ്ഷനും ട്രിഗണോമെട്രിയും ഡിഫറൻഷ്യൽ ഇക്വേഷനും ഒക്കെ ഒരു പരിശീലനത്തിന്റെ ഭാഗമാണ്. പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള ബൗദ്ധിക ഉപകരണങ്ങളും (tools) രീതികളും (methods) അതിലൂടെ സ്വായത്തമാക്കാനാവും. ഈ രീതികൾ പ്രയോഗിച്ച് പരിശീലിക്കാനാണ് പുസ്തകത്തിൽ പരിശീലനപ്രശ്നങ്ങൾ (practice problems) ഉള്ളത്. കംപ്യൂട്ടർ പ്രോഗ്രാമിങ് പഠിക്കുമ്പോൾ രണ്ട് നംബർ കൂട്ടാനും, കൂട്ടത്തിലെ വലിയ സംഖ്യ കണ്ടുപിടിക്കാനും ഒക്കെയുള്ള കാര്യങ്ങളാണ് പരിശീലനപ്രശ്നങ്ങളായി ചെയ്യാറ്. എന്നാൽ ഇപ്പറഞ്ഞ കുഞ്ഞുകുഞ്ഞ് കാര്യങ്ങൾ സാധിക്കാനല്ല പ്രോഗ്രാമിങ് പഠിക്കുന്നത്. വലിയ വലിയ കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള വിവിധ ടൂളുകൾ ഉപയോഗിച്ച് പരിശീലിക്കാനായി മാത്രമാണ് ഇത്തരം ലളിതമായ പ്രശ്നങ്ങൾ ഉപയോഗിക്കുന്നത്. അതായത്, ഇത്തരം സ്കൂൾ പാഠങ്ങൾ മസ്തിഷ്ക്കത്തിലേയ്ക്ക് ചില പുതിയ നൈപുണ്യങ്ങൾ കൂട്ടിച്ചേർക്കുകയാണ്. അവ സ്വായത്തമാക്കിയാൽ നിത്യജീവിതത്തിലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കാൻ അവ ഉപയോഗിക്കാനാവും.
നമുക്ക് സ്വാഭാവികമായി ഉണ്ടാകാൻ സാധ്യതയില്ലാത്ത, പരിശീലനത്തിലൂടെ കൈവരിക്കേണ്ട ചില നൈപുണ്യങ്ങൾ കൊണ്ട് മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന ചില വിഷയങ്ങൾ ഉണ്ട്. ഫിസിക്സ് അതിന് നല്ല ഒരുദാഹരണമാണ്. നമ്മൾ അനുഭവിക്കുന്ന പ്രപഞ്ചത്തെ പറ്റിയാണ് പഠിക്കുന്നത് എന്ന് പറഞ്ഞാലും, മനുഷ്യന്റെ വലിപ്പത്തിനോട് താരതമ്യം ചെയ്യാവുന്ന ദൂരങ്ങളിലും, മനുഷ്യൻ കൈകാര്യം ചെയ്യുന്ന റെയിഞ്ചിലെ വേഗങ്ങളിലും മാത്രമേ നമ്മുടെ അനുഭവസമ്പത്ത് പ്രായോഗികമാകൂ. ജ്യോതിശാസ്ത്രപരമായ ദൂരങ്ങളിലും, അതിസൂക്ഷ്മ വലിപ്പങ്ങളിലും, പ്രകാശസമാനമായ വേഗങ്ങളിലുമൊന്നും നമ്മുടെ അനുഭവജ്ഞാനം പ്രായോഗികമല്ല. പക്ഷേ പ്രപഞ്ചം എന്നത് അതുകൂടി ഉൾപ്പെടുന്നതായതുകൊണ്ട് ഫിസിക്സ് അതിനെക്കൂടി ചേർത്താണ് സിദ്ധാന്തങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് നിരവധി അമൂർത്ത (abstract) ആശയങ്ങളും ബൗദ്ധിക ഉപകരണങ്ങളും ഒക്കെ ഉപയോഗിച്ചാലേ അവയെ കൈകാര്യം ചെയ്യാനും ആവൂ. ഈ നെടുങ്കൻ സമവാക്യങ്ങൾ അതിന്റെ ഭാഗമാണ്.
വിദ്യാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. മനുഷ്യന് സാധാരണഗതിയിൽ തീർത്തും അപരിചിതമായ ബ്ലാക് ഹോൾ പോലുള്ള കാര്യങ്ങളെ പോപ്പുലർ സയൻസും അക്കാദമിക ഫിസിക്സും കൈകാര്യം ചെയ്യുന്നത് തീർത്തും വ്യത്യസ്തമായ രീതികളിലാണ് എന്നത് എടുത്തുപറയേണ്ടതാണ്. പോപ്പുലർ സയൻസിലെപ്പോലെ വാചികമായ വർണനകളോ, കളർഫുളായ ചിത്രങ്ങളോ അല്ല ഫിസിക്സിലെ ബ്ലാക് ഹോൾ പഠനം. ഇത് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ബ്ലാക് ഹോളിൽ വീണാൽ എന്ത് സംഭവിക്കും, ബ്ലാക് ഹോൾ മറ്റൊരു പ്രപഞ്ചത്തിലേക്കുള്ള വാതിലാണോ എന്നൊക്കെയുള്ള കൗതുകമുണർത്തുന്ന ചോദ്യങ്ങളൊക്കെ പോപ്പുലർ സയൻസിൽ കാണാം. അതെല്ലാം, ബ്ലാക് ഹോൾ എന്ന അസാധാരണവസ്തുവിനെ ‘പരിചയ’പ്പെടുത്താനുള്ള വിവരണങ്ങൾ മാത്രമാണ്. അതല്ല ബ്ലാക് ഹോളുകളെ കുറിച്ചുള്ള ‘പഠനം’. ഡിഫറൻഷ്യൽ ഇക്വേഷനും ട്രിഗണോമെട്രിയും പ്രയോജനമില്ലാത്ത കാര്യങ്ങളാണ് എന്ന ധാരണയും കൊണ്ട് ബ്ലാക് ഹോളിനെക്കുറിച്ച് പഠിക്കാൻ ഫിസിക്സ് തെരെഞ്ഞെടുത്താൽ അതൊരു കനത്ത അക്കാദമികദുരന്തം മാത്രമായിരിക്കും.
NB:
* സക്കർബർഗ്, ബിൽ ഗേറ്റ്സ് എന്നിവരൊക്കെ ഡ്രോപ്പൗട്ടായത്, പഠിക്കാനുള്ളത് മനസ്സിലാവാതെ സപ്ലി അടിച്ചിട്ടല്ല.
“ഐൻസ്റ്റൈൻ ഇത് കണ്ടുപിടിച്ചതുകൊണ്ടാണല്ലോ ഈ നാശം പഠിക്കേണ്ടിവന്നത്” എന്ന് പറയുമ്പോൾ ഐൻസ്റ്റൈൻ നിർബന്ധിച്ച് നിങ്ങളെ ഫിസിക്സ് എടുപ്പിച്ചതുപോലെയേ തോന്നൂ